Skip to main content
Srishti-2022   >>  Poem - Malayalam   >>  ധരണി സുന്ദരി

ധരണി സുന്ദരി

പുലർകാല ഭൂവിൻ ഭംഗിയെ 

സ്വാഗതമരുളുംപോൽ മഞ്ഞണി- 

ഞ്ഞണി നിരന്നു നിൽപ്പൂ മലനിരകൾ. 

 

ഇളംവെയിലിൻ സുവർണ്ണകിരണങ്ങളാം 

ചമയംപൂശി പുഞ്ചിരി തൂകി, 

പുതുപുലരിയെ വരവേൽപ്പൂ ഭൂമി. 

 

പവിഴംകണക്കെ തിളങ്ങുമാറ്‌  

മഞ്ഞിൻമുത്തുക്കൾ ചൂടി, 

പുഞ്ചിരി തൂകി നിൽപ്പൂ സുന്ദരപുഷ്പങ്ങൾ. 

 

പുതുപുലരി തൻ സൗന്ദര്യം കണി- 

കാണ്മതിന്നായി മധുരഗാനങ്ങളാൽ പാടി- 

യുണർത്തും കോകിലങ്ങൾ. 

 

പച്ചവിരിച്ചാരണ്യത്തിൻ ഭംഗി നുകർന്ന് 

കാറ്റിൽ പാറിപ്പറക്കുമൊരു തൂവെള്ള- 

പ്പുടവപോൽ ഒഴുകിപോം കാട്ടരുവികൾ. 

 

ശാന്തമാം നിദ്രയെ ഭഞ്ജിച്ചുദിച്ചുയർന്ന 

പ്രഭാതകിരണങ്ങളേറ്റ് ഉന്മേഷവതിയായി 

ആനന്ദനൃത്തമാടിക്കളിപ്പൂ സാഗരത്തിരമാലകൾ. 

 

ഹരിതാഭയാൽ വിളങ്ങിയിരുന്നൊരാ- 

രണ്യത്തിൻ പച്ചപ്പെൻ ഭൂവിൽ നിന്നകലവേ, 

ആ ഭംഗിയിനിയെന്നുമുണ്ടാമോ.