Skip to main content
Srishti-2022   >>  Poem - Malayalam   >>  കൺകെട്ട്

Dileep Perumpidi

TCS

കൺകെട്ട്

 

നെറുകിൽ തലോടി കണ്ണെഴുതിച്ച് ആയിരം കഥകൾ ചൊല്ലിയെൻ മുത്തശ്ശി

ഏതേതോ ദൈവത്തിൻ വീരഗാഥകൾ ഉദ്‌വേഗം ജനിപ്പിക്കും മഹാകഥകൾ

പുളിക്കുന്ന കണ്ണുകൾ ചിമ്മി ഞാൻ ചോദിച്ചു മനസ്സിൽ മൊട്ടിട്ട ഒരുപിടി ചോദ്യങ്ങൾ

 വാത്സല്യം തൂവുന്ന കവിൾ കുളിർക്കുന്ന മുത്തങ്ങൾ മാത്രമോ ഇതിനെല്ലാം ഉത്തരം

 

ആണായി പിറന്നോനെന്തിനീ കണ്മഷി യെന്നലറികൊണ്ട് കൺകൾ തുടച്ചച്ഛൻ

പഴയൊരു കണ്ണട അണിഞ്ഞിതോ യെൻകണ്ണിൽ കൂട്ടത്തെ തിരിച്ചറിയും മാന്ത്രിക കണ്ണട

ഈ കൂട്ടം എങ്ങിനെ നല്ലതെന്നൊരു ചോദ്യം കേട്ടതും കോപത്തിൽ പാഞ്ഞടുത്തച്ഛൻ  

മങ്ങിയ കണ്ണട തെന്നി വീഴാതെ മിന്നൽ വേഗത്തിൽ ഓടിമറഞ്ഞു ഞാൻ  

 

കീശയിൽ സൂക്ഷിച്ച മിനുക്ക് കണ്ണാടി എറിഞ്ഞുടച്ചു ശ്രേഷ്ഠനാം ഗുരുനാഥൻ

ഒരു യന്ത്രം കൺകളിൽ കുത്തിയിറക്കി മിടുക്കനെ നിരീക്ഷിക്കും ഭൂതക്കണ്ണാടി  

എന്നെഞാൻ എങ്ങനെ കാണുമെന്നെൻ ചോദ്യം കേട്ടതും അദ്ദേഹം ഊറിച്ചിരിച്ചു

നോക്കുവാൻ എന്തുണ്ടെന്നപഹസിച്ചു മരവിച്ചൊരെൻ നാവ് അനങ്ങാതെ കിടന്നു

 

കുട്ടുകാർ എന്നെയൊരു ജാഥയിൽ കേറ്റി എരിയുന്ന തീപ്പന്തം കൈകളിൽ നൽകി  

പൂർവികപെരുമകൾ ആർത്തു വിളിച്ചു രക്തം തിളക്കുന്ന ഗാനങ്ങൾ പാടി

പുകച്ചുരുൾ കണ്ണിന്റെ കാഴ്ച മറച്ചു പലതരം ചോദ്യങ്ങൾ വീണ്ടും ഉയർന്നു

ഒന്നും തുളുമ്പാതെ കാത്ത ഞാനോ കണ്ഠത്തിൽ ഒതുക്കാൻ പഠിച്ചു പണ്ടേ

 

ഏതോ സന്ധ്യയിൽ കണ്ണുകൾ ചതിച്ചു ഇരുട്ടിൽ തടഞ്ഞ് പടുകുഴിയിൽ വീണു

തണുത്തുറയുന്നു ദേഹമാകവെ തളർന്നു പോയിതോ പാദഹസ്തങ്ങൾ  

മാഞ്ഞിരുന്നു മഷിയും പുകയും കാൺവതില്ല കണ്ണാടിയും കണ്ണടയും

വീഴ്ചയിൽ എങ്ങോ തെറിച്ചപോയതോ മറ്റാർക്കോ അണിയിക്കാൻ തിരിച്ചെടുത്തതോ

 

തെളിഞ്ഞു കാണാം വാനവും ഭൂമിയും അറിഞ്ഞിടുന്നു സത്യവും മിഥ്യയും

 കണ്ണുകൾ നിശ്ചലം ആകുന്നിടത്തോളം ഈ കുളിർകാഴ്ചകൾ കണ്ടിരുന്നോളാം