Skip to main content
Srishti-2022   >>  Poem - Malayalam   >>  അവർ... ഇന്നിൻറെ ആവശ്യം

Priya S Krishnan

UST Trivandrum

അവർ... ഇന്നിൻറെ ആവശ്യം

അനുഭവങ്ങളുടെ നീരുറവകൾ അവർ

അറിവിൻറെ ചിത്രജാലകങ്ങൾ അവർ

പോയ കാലത്തിൻറെ രസമറിയുവാൻ

നമുക്കായ് തുറന്നിട്ട കിളിവാതിലുകൾ

 

സ്‌നേഹത്തിൻറെ നിറകുടങ്ങൾ അവർ

കരുതലോടെന്നും…. തണലായവർ

പുതിയ കാലത്തിൻറെ കാഴ്‌ച കാണാൻ

എന്നോ തയ്യാറായ ദൂരദർശിനികൾ

 

ഏറാത്ത കൊടുമുടികൾ കീഴടക്കാൻ

ശബ്ദവേഗതയിലോ പായുന്നു നാം

ഇതിനിടക്കെന്നോ മറന്നു പോയ് നാം

അവരെ – തണലും മധുരവും നല്കിയൊരെ..

 

അവർ വൃദ്ധരെന്നും, വ്യർത്ഥരെന്നും പറഞ്ഞു നാം

പക്ഷേ നമ്മളിൽ പലരും മറന്നു പോയോ

അവർ – കാലചക്രം ചവിട്ടി ക്ഷീണിച്ചവർ

പക്ഷേ നമുക്കിന്നും തണലേകും വൻമരങ്ങൾ

 

വേഗവിമാനങ്ങളിൽ നിന്ന് നാം തെല്ലിറങ്ങണം

ഒരു കൈസഹായം അവർക്കു നൽകാൻ

ഒരു നുള്ളു മധുരം അവർക്കു നൽകാൻ

ചിറകു വിരിക്കട്ടെ അവരും നമുക്കൊപ്പം

എത്തിപ്പിടിക്കട്ടെ ഒരു പിടി സ്വപ്‌നങ്ങൾ

എന്നോ നമുക്കായ് ഉപേക്ഷിച്ച മണിമുത്തുകൾ…

 

നല്ലൊരു നാളേക്കായി കൈകോർക്കണം നാം

എന്നോ നമ്മളെ പിച്ചനടത്തിച്ച കൈകളോട്

അരങ്ങൊഴിഞ്ഞവർ പോകുവാൻ നേരമാവുമ്പോൾ

താപഭാരങ്ങൾ ഇല്ലാതിരിക്കട്ടെ നമുക്ക്

അറിവുകൾ പകർന്ന പാത്രങ്ങൾ നിറയുമ്പോൾ

എന്നും.. നിറമനസ്സായ് ചിരിക്കട്ടെ അവർ….