Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഉറുമ്പുകളെ തിന്നുന്ന ലാപ്ടോപ്

Rohith K.A

TCS

ഉറുമ്പുകളെ തിന്നുന്ന ലാപ്ടോപ്

 

"നിനക്കറിയാമോ, ഉറുമ്പുകൾക്ക് സ്വന്തം ഭാരത്തിന്റെ ഇരുപത് ഇരട്ടി ചുമ്മക്കാൻ കഴിയുംന്ന്!" ബസ്സിറങ്ങി ഇൻഫോപാർക്കിന്റെ ഗേറ്റ് കടന്ന് ഓഫീസിലേക്ക് നടക്കുമ്പോൾ ആന്റപ്പൻ പറഞ്ഞു.

 

"അപ്പോ.. 80 കിലോ ഉള്ള ഒരു മനുഷ്യൻ 800 X 2 = 1600 കിലോ ചുമടെടുക്കുന്ന പോലെ. അമ്പോ!" ജോർജ്‌ അമ്പരപ്പോടെ ഒന്നു ചിരിച്ചു. "ലീഡ് കേൾക്കണ്ട. പിടിച്ച് നമ്മടെ ടീമിലിട്ട് അതുങ്ങളെ പണിയെടുപ്പിച്ച് കൊന്നു കളയും!" ജോർജ് പറഞ്ഞത് സത്യമാണെന്ന് ആന്റപ്പനും തോന്നി.

 

ചുമലിൽ ലാപ്ടോപ് ബാഗിന്റെ ഭാരം താങ്ങി അവർ വേഗത്തിൽ നടന്നു.

 

ആന്റപ്പനേയും ജോർജിനേയും പോലെ ഒരുപാട് പേർ ആ ഇടനാഴിയിലൂടെ വരിവരിയായി ബാഗും തൂക്കി നടന്നു. ചുവപ്പും ചാരനിറവും ഇടവിട്ടുള്ള ഇന്റർലോക്കുകൾ ഒരറ്റത്തത്തു നിന്നും മറ്റേയറ്റത്തേക്ക് മുറിച്ചു കടക്കുകയായിരുന്ന ഉറുമ്പുകൾ, അവരുടെ ഫോർമൽ ഷൂസിന്റെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞു ചത്തു.

 

****

 

-ഫെയർവെൽ പാർട്ടി-

 

ഇന്ന് പ്രത്യാശയുടെ ഈ ഓഫീസിലെ അവസാനത്തെ പ്രവൃത്തി ദിവസമാണ്. അവൾക്ക് കാനഡയിൽ നിന്നും ഒരു നല്ല ജോബ് ഓഫർ ലഭിച്ചിരിക്കുന്നു. പോവട്ടെ. പോയി രക്ഷപ്പെടട്ടെ. ഒരു ടീം ലഞ്ചിനും ടീം ഔട്ടിങ്ങിനും വരെ സ്കോപുണ്ടായിരുന്ന ഫെയർവൽ പാർട്ടി ഒരു കേക്ക് കട്ടിങ്ങിലും ലഡു വിതരണത്തിലും ഒതുങ്ങിപ്പോയത് മാത്രമാണ് സങ്കടം.

അതിനെക്കുറിച്ച് ചോദിച്ചാൽ അവൾ പറയും: "ഞാനേയ്, ഇവിടുത്തെ ജോലിക്കാരിയാ, മഹാറാണിയല്ല! പോവാനുള്ള ടിക്കറ്റ് വരെ കടം വാങ്ങി എടുത്തേക്കുവാ. പുതിയ കമ്പനിയിലെ ആദ്യത്തെ സാലറി കിട്ടിക്കോട്ടെ, എല്ലാം സെറ്റാക്കാം." 

 

ആന്റപ്പനപ്പോൾ നാല് കൊല്ലമായി പണിയെടുത്തിട്ടും മുപ്പതിനായിരം കടക്കാത്ത തന്റെ മാസശമ്പളത്തെക്കുറിച്ചോർക്കും. അത് കണ്ട് ഒഴിഞ്ഞുമാറിപ്പോവുന്ന മാട്രിമോണി പ്രൊപോസലുകളെക്കുറിച്ചോർക്കും. ഹോം ലോണിനെക്കുറിച്ചും വീട്ടുകാരുടെ കടങ്ങളെക്കുറിച്ചും ഓർക്കും. മറുപടി കിട്ടാത്ത പ്രമോഷൻ മെയിലുകളെക്കുറിച്ചോർക്കും.

 

 

പരിപാടിയെല്ലാം കഴിഞ്ഞ് എല്ലാവരും ആറു മണിക്കത്തെ ക്ലയന്റ് മീറ്റിങ്ങിന് തയ്യാറായി ലാപ്ടോപിനു മുന്നിലേക്ക് തിരിച്ചു പോയപ്പോഴാണ് നിലത്ത് വീണു കിടക്കുന്ന ലഡുവിന്റെ കുഞ്ഞു കഷ്ണത്തിൽ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നത് പ്രത്യാശ ശ്രദ്ധിച്ചത്.

"എന്നാലും ഇവറ്റകൾ എങ്ങനെ ഈ പതിനഞ്ചാം നിലയിലെത്തി?"

" ഒരിത്തിരി മധുരത്തിന് വേണ്ടി പാടുപെട്ട് ഇത്രേം മേലെ കേറി വന്നതാവും."

"എന്നാലും..!" അവൾ അവ പോകുന്ന വഴി പിന്തുടർന്നു. അതവസാനിച്ചത് ആന്റപ്പന്റെ ലാപ്ടോപിലാണ്. ചെകിളകൾ പോലുള്ള വിടവുകളിലൂടെ ഉറുമ്പുകൾ ലാപ്ടോപിനുള്ളിലേക്ക് കയറിപ്പോയി.

 

****

 

- ലാപ്ടോപിനുള്ളിലെ ഉറുമ്പുകൾ-

 

ഉറുമ്പുകൾ ആന്റപ്പനൊരു തലവേദനയായി മാറി. ഇന്നലെ ചെയ്ത വർക്കിന്റെ റിസൽട്ട് ഡെലിവറി മാനേജരെ കാണിക്കാൻ ലാപ് തുറന്നപ്പോൾ അതാ കീ ബോർഡിന്റെ വിടവുകൾക്കിടയിലൂടെ ഉറുമ്പുകൾ ഇറങ്ങി വരുന്നു.

 

"Antony, you shouldn't be irresponsible like this. It's client laptop. You have to take care of it."

 

പതിയെ പതിയെ ലാപ്ടോപ്, ബൂട്ടാവാൻ കൂടുതൽ സമയമെടുക്കുക, ഇടയ്ക്ക് പ്രതികരിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളും കാണിച്ചു തുടങ്ങിയിരുന്നു. എന്ത് ചെയ്യും? മൂന്ന് അപ്രൂവൽ മെയിലുകൾക്ക് ശേഷം സർവീസ് സെന്ററുമായി ബന്ധപ്പെട്ട് നോക്കി. 

"Sorry Sir. ഉറുമ്പുകൾ കാരണമുണ്ടാകുന്ന തകരാറുകൾ ഞങ്ങളുടെ സർവീസ് പോളിസിയുടെ പരിധിയിൽ വരുന്നില്ല. മാത്രമല്ല, ഇത് വാരന്റിയെ ബാധിക്കുകയും ചെയ്യും."

 

 

ഉറുമ്പുകൾ കുഞ്ഞുകുഞ്ഞു ഉണ്ടകൾ തലയിൽ ചുമന്ന് ലാപ്ടോപിൽ നിന്നും ഇറങ്ങി വന്നു.

"നമ്മക്കേയ്, കൊറച്ച് ഉറുമ്പുപൊടി മേണിച്ച് അകത്തേക്ക് ഇട്ടു കൊടുത്താലോ?!" ഐഡിയ പറഞ്ഞ ജോർജിനെ പരുഷമായി നോക്കി ആന്റപ്പൻ ആവുന്നത്ര പണിയെടുപ്പിച്ച് ലാപ്ടോപിനെ ചൂടുപിടിപ്പിച്ചു.

 

 ഹെഡ്ഫോൺ ജാക്കിലൂടെ ഇറങ്ങി വരുന്ന ഉറുമ്പുകളെ ഹെഡ്സെറ്റ് കുത്തി കൊന്നു. 

 

ഇടവേളകളിൽ ചായ കുടിക്കാൻ പോകുമ്പോൾ ആന്റപ്പന്റെ ഷർട്ടിൽ ഉറുമ്പുകൾ തൂങ്ങി നിന്നു. പാൻട്രിയിലെത്തിയതും പഞ്ചാരപ്പാത്രത്തിലേക്ക് എടുത്തു ചാടി.

 

ഒരിക്കൽ, ചായ കുടിക്കാൻ പൂതി തോന്നിയ ഒരുറുമ്പ് വർക്ക് ഡസ്കിൽ കൊണ്ടു വച്ചിരുന്ന ചായക്കപ്പിൽ വലിഞ്ഞു കയറി. വക്കിലിരുന്ന് കപ്പിലേക്ക് തലനീട്ടി നക്കിക്കുടിക്കുന്നതിനിടയിൽ മൂക്കും കുത്തി ചായയിൽ വീണു പോയി. അതു കണ്ട ആന്റപ്പൻ ദേഷ്യത്തോടെ അതിനെ വിരലിലെടുത്ത് ദൂരേക്ക് തെറിപ്പിച്ചു. 

 

"അവിടിരുന്നോട്ടെടാ. ഉറുമ്പിനെ തിന്നാൽ കണ്ണിന്റെ കാഴ്ച കൂടും." മുഖത്ത് നിന്നും കണ്ണടയെടുത്തു മാറ്റി ജോർജ് പറഞ്ഞു.

" അതെങ്ങനെയാ കാഴ്ച കൂടുന്നെ?"

"ആവോ..! ചെലപ്പോ ഉറുമ്പിന് ഭയങ്കര കാഴ്ചശക്തിയായതു കൊണ്ട് പറയുന്നതാവും "

" അതിനു ഉറുമ്പിന് കണ്ണുണ്ടോ?"

" ഇല്ലേ?!"

 

****

 

- ഉറുമ്പിന്റെ കണ്ണ് - 

 

യു എസ് ബി പോർട്ടിലൂടെ വലിഞ്ഞു കയറി അകത്തു ചെന്ന ഒറ്റക്കൊമ്പനുറുമ്പിനെ കുറുമ്പി പരിഭവത്തോടെ നോക്കി. "എന്നാ പറ്റിയതാ?"

" ഒന്നും പറയണ്ടെന്റുവ്വേ! ആ ചായ പാത്രത്തിൽ വീണതാ" എന്നും പറഞ്ഞ് ഒറ്റക്കൊമ്പൻ പ്രൊസസർ ഫാനിന്റെ മുകളിൽ പോയി മുറുകെ പിടിച്ചിരുന്നു. ചൂടുകാറ്റിൽ ചായ പെട്ടന്നുണങ്ങി. 

 

പിന്നെയവർ വിശേഷങ്ങൾ പറഞ്ഞ് കൊമ്പ് കോർത്തു നടന്നു. ഹീറ്റ് സിങ്കിന് അരികിലൂടെ, മദർ ബോർഡിൽ അടുക്കിവച്ച നീളൻ വരകളിലൂടെ, മുരണ്ടു കൊണ്ടിരിക്കുന്ന ഹാർഡ് ഡിസ്കിന് മുകളിലൂടെ.. 

 

ഹെഡ്സെറ്റ് ജാക്കിനടുത്തെത്തിയപ്പോൾ അവർ ഒരു നിമിഷം നിന്നു. കഴിഞ്ഞ ചൂടുകാറ്റടിച്ച ദിവസം, തങ്ങളുടെ മുന്നിൽ വച്ചാണ് എട്ടു കൂട്ടുകാർ ഇവിടെ ചതഞ്ഞരഞ്ഞു മരിച്ചു വീണത്. ധീരരക്തസാക്ഷികളേ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ. പെട്ടെന്നുണ്ടായ ചോരത്തിളപ്പിൽ ഒറ്റക്കൊമ്പൻ റാമിലേക്ക് വലിഞ്ഞ് കയറി ഒരു നീളൻ വര കടിച്ചു മുറിച്ചു. പിറകേ വന്ന കുറുമ്പി തന്റെ ആറു കൈകാലുകളും കൊണ്ട് അവനെ കെട്ടിപ്പിടിച്ചു. ഒറ്റക്കൊമ്പൻ തണുത്തു.

 

"വാ.. നമുക്ക് കുറച്ച് പഞ്ചാര തിന്നിട്ട് വരാം." ആന്റപ്പൻ കസേരയിൽ നിന്നുമിറങ്ങുന്ന ശബദം കേട്ട് ഉറുമ്പുകൾ ധൃതിയിൽ പുറത്തേക്കിറങ്ങി. അള്ളിപ്പിടിച്ച് കഫറ്റേരിയയിലേക്ക് പോയി. ഷർട്ടിന്റെ തുഞ്ചത്ത് നിന്നും പാത്രത്തിലേക്ക് പതിയെ ഊർന്നിറങ്ങി. 

 

"നമുക്ക് ഇവിടെത്തന്നെ താമസിച്ചാൽ പോരേ?" 

"കുറുമ്പീ! ഉറുമ്പുദോഷം പറയരുത്... നമ്മൾ ഇത്രയും കഷ്ടപ്പാട് സഹിച്ച് ഇവിടെ വരെ വന്നത് എന്തിനാണെന്ന് നീ മറന്നോ?"

 

ആന്റപ്പന്റെ ചുമലിലിരുന്ന് തിരികെ ലാപ്ടോപ്പിലേക്ക് പോവുമ്പോൾ ഒറ്റക്കൊമ്പൻ പാതിയൊടിഞ്ഞ തന്റെ ഇടത്തേ ആന്റിന പയ്യെ ഒന്നനക്കി. ഒരായിരം തലമുറ ഉറുമ്പുകൾ വരിവരിയായി തന്റെ പിന്നിലുണ്ടെന്ന് അവന് തോന്നി. ഓരോന്നോർത്ത് അവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. ഉറുമ്പുകൾക്കും കണ്ണുകളുണ്ട്. നൂറുകണക്കിന് കുഞ്ഞുകുഞ്ഞു കണ്ണുകൾ ചേർന്നുണ്ടായ വലിയ കണ്ണുകൾ...

 

****

 

- വെൽഫെയർ പാർട്ടി -

 

ഇന്റർലോക്കിനു മുകളിൽ മരിച്ചു കിടന്നവരെ ഒരു കൂട്ടം ഉറുമ്പുകൾ ചുമന്നുകൊണ്ടുവന്നു. 

"നോക്ക്... ഇത് ഇന്ന് മാത്രം മരിച്ചു വീണവർ."

ചോണനുറുമ്പിന് കാര്യഗൗരവം മനസ്സിലായി. " ഇന്നു തന്നെ സമ്മളനം വിളിക്കണം."

 

ഇടവഴിക്കരികിലെ ചെമ്പരത്തിച്ചെടിയുടെ കൊമ്പിൽ, പുളിയുറുമ്പിന്റെ കൂടിനു മുന്നിൽ അവർ ഒത്തു ചേർന്നു. അഖില കേരള ഉറുമ്പ് വെൽഫെയർ പാർട്ടി നേതാവ് സംസാരിച്ചു തുടങ്ങി: "മനുഷ്യന്മാർ.. തൂഫ്... അവർക്ക് നമ്മളെക്കുറിച്ച് ഒരു ചുക്കുമറിയില്ല.." കൂടിനിന്നവർ കൈയും കാലുമടിച്ചു. " ഇതിനെതിരെ നമ്മൾ തിരിച്ചടിക്കും. ശക്തമായി തിരിച്ചടിക്കും. മനുഷ്യന്മാരെ തോൽപ്പിക്കാൻ എളുപ്പമാണ്. പ്രത്യേകിച്ചും വയറും ചാടി ബാഗും തൂക്കി ഇതിലേ നടന്ന് കൂടുകയറുന്ന ഇവറ്റകളെ. അവർക്ക് ഇല്ലാത്തതും നമ്മൾക്ക് ഉള്ളതുമായ ഒരു സാധനമുണ്ട് - യൂണിയൻ! അതാണ് നമ്മുടെ ശക്തി. അത് മാത്രമാണ് നമ്മുടെ ശക്തി. 

 

ഇനി നമ്മുടെ കൂട്ടത്തിലെ ഒരുത്തനെ തൊടാൻ ധൈര്യപ്പെടുന്നവൻ ആരാണോ, അവനാണ് നമ്മുടെ ആദ്യത്തെ ഇര. അവന്റെ ജീവിതം മൊത്തമിരിക്കുന്നത് പുറത്തു തൂക്കിയ ബാഗിനകത്തെ പെട്ടിക്കുള്ളിലാണ്. അതിന്റെ ഉള്ളിൽ കേറിപ്പറ്റി അവന്റെ ആപ്പീസ് നമ്മൾ പൂട്ടിക്കണം.

ഈ വിപ്ലവം നയിക്കാൻ പോവേണ്ടത് കട്ടുറുമ്പോ പുളിയുറുമ്പോ അല്ല. കൂട്ടത്തിലെ കുഞ്ഞന്മാർ ഇറങ്ങട്ടെ. കണ്ണിൽപ്പെടാതെ കയറിപ്പറ്റാൻ അവർക്കാണ് മിടുക്ക്. അപ്പോ എങ്ങനാ, നമ്മളിറങ്ങുവല്ലേ?"

 

ഉറുമ്പുകൾ ഒന്നടങ്കം മുദ്രാവാക്യങ്ങൾ മുഴക്കി.

"ഉറുമ്പോൾടെ ഐക്യം സിന്ദാബാദ്.. "

"പുളിയുറുമ്പ് വിജയൻ സിന്ദാബാദ്."

 

****

 

- വല നെയ്യുന്നവർ -

 

ഡിപ്ലോയ്മെന്റ് തീയ്യതി അടുക്കുംതോറും ചെയ്യേണ്ടുന്ന പണിയും കേൾക്കേണ്ട ചീത്തയും കൂടിക്കൂടിവന്നു. അന്നന്നത്തെ പണി ചെയ്തു തീർക്കാതെ ലോഗ് ഓഫ് ചെയ്യാൻ ആവാതെ കറങ്ങുന്ന കസേരയിലെ ഇരിപ്പ് നീണ്ടുനീണ്ടുപോയി. ഇവിടെ സൂര്യനസ്തമിക്കുമ്പോൾ യു.എസ് ലെ ക്ലയന്റ് ഉണരുന്നു. ഭൂമിയുടെ മറ്റേയറ്റത്തു നിന്നുമിട്ട ഒരു ചൂണ്ടയുടെ കൊളുത്താണ് തന്റെ മുന്നിലിരിക്കുന്ന ലാപ്ടോപ്പെന്ന് ആന്റപ്പനു തോന്നി. 

 

ചുറ്റുമുള്ളവരെല്ലാം പോയിട്ടും മിക്ക ദിവസങ്ങളിലും ആന്റപ്പന് ഓഫീസിൽ ഇരിക്കേണ്ടി വന്നു. കീബോർഡിൽ അമർത്തിയമർത്തി വിരലുകൾ വേദനിച്ചു. പതിവ് നേരം കഴിഞ്ഞിട്ടും ലാപ്ടോപ് ഓഫാകാത്തതു കൊണ്ട് ഉറുമ്പുകൾ പുറത്തുവന്ന് അയാളെ നോക്കി. അയാളും നിസ്സംഗതയോടെ ഉറുമ്പുകളെ നോക്കി. അവറ്റകളെപ്പോലെ ആറു കൈയുകളുണ്ടായിരുന്നെങ്കിൽ എടുത്താൽ പൊങ്ങാത്ത ഈ ഭാരം താങ്ങാൻ തനിക്കായേന്നേ എന്നയാൾക്ക് തോന്നി. രാത്രി വൈകി എപ്പോഴോ അവിടെയിരുന്നു മയങ്ങിപ്പോയി. ലാപ്ടോപ് പെട്ടെന്ന് അയാളുടെ കൈകൾക്കു മീതേ "ഠപ്പേ"ന്ന് അടഞ്ഞു. ഞെട്ടിയുണർന്ന് ആന്റപ്പൻ വേദനിക്കുന്ന കൈകൾ വലിച്ചെടുത്തു. ബാക്കി ഇനി നാളെ നേരത്തേ വന്ന് ചെയ്ത് തീർക്കാം എന്നു തീരുമാനിച്ച് ബാഗുമെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ, ആ കെട്ടിടം വലിയൊരു ലാപ്ടോപാണെന്ന് ആന്റപ്പന് തോന്നി. താനൊരു ഇരുകാലിയുറുമ്പും..

 

പിന്നെയും പല രാത്രികളിൽ പലവട്ടം ലാപ്ടോപ് വിരലുകൾക്ക് മീതേ പിന്നേയുമടഞ്ഞു. തലപ്പത്ത് നിന്നുള്ള യാചിച്ചു കിട്ടിയ അപ്രൂവൽ മെയിലുകൾക്ക് ശേഷം ഒരു ശനിയാഴ്ച സർവീസ് സെന്ററിലേക്ക് പുറപ്പെട്ടു. താൻ പകൽ വെളിച്ചത്തിൽ പുറലോകം കാണുന്നത് ദശാബ്ദങ്ങൾക്കു ശേഷമാണെന്ന് ആന്റപ്പനു തോന്നി. 

 

"Hinge ന് കുഴപ്പമൊന്നുമില്ലല്ലോ സർ. അങ്ങനെ പെട്ടെന്ന് അടയുന്നുമില്ലല്ലോ.. നോക്ക്.."

 

കുഴപ്പമില്ലെങ്കിൽ നല്ലത്. അയാൾക്ക് കടലുകാണാൻ തോന്നി പുതുവൈപ്പ് ബീച്ചിലേക്ക് പോയി. തീരത്ത് കൂടി വെറുതേ കുറേ നേരം നടന്നു. ആകാശവും കടലും മണലും മനുഷ്യരും ആയി താൻ ഒരുപാട് അകന്നുപോയിരിക്കുന്നു. 

 

അവിടെക്കണ്ട കുടിലിനു പുറത്തിരുന്ന് വലനെയ്യുന്ന അപരിചിതയായ ഒരു വൃദ്ധയോട് വെറുതേ കുശലം ചോദിച്ചു. പിരിയാൻ നേരം അവരു പറഞ്ഞു : "എനിക്കറിയാവുന്നതിൽ കാശു കിട്ടുന്ന ഒരേയൊരു പണി ഈ വല നെയ്യലാ.. ആട്ടെ.. മോന് എന്താ ജോലി?" 

വിയർത്ത് കുതിർന്ന ചേറു പുരണ്ട വെള്ള കോളറ നേരെയാക്കി ആന്റപ്പൻ പറഞ്ഞു: "ഞാനൊരു വെബ് ഡവലപ്പറാണ് അമ്മച്ചീ.. ഈ കമ്പ്യൂട്ടറിന്റെ ഒക്കെ പണി..."

തിരിച്ചു നടക്കുമ്പോൾ അയാളോർത്തു, തനിക്കറിയാവുന്നതിൽ കാശുകിട്ടുന്ന ഒരേയൊരു ജോലിയും ഇതു മാത്രമല്ലേ..

 

****

 

- ഉറുമ്പുകളെ തിന്നുന്ന ലാപ്ടോപ് -

 

"പ്രത്യാശയുടെ കാര്യമറിഞ്ഞോ?" പതിനഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്ന് ചായ കുടിക്കുമ്പോൾ ജോർജ് ചോദിച്ചു.

" ഇല്ല.. എന്ത് പറ്റി?"

"കാനഡയിലെത്തി ജോയിൻ ചെയ്ത് മൂന്നാം ദിവസം 'മെറ്റ' അവളെയടക്കം ആ ബാച്ചിലെ എല്ലാവരെയും പിരിച്ച് വിട്ടത്രേ..."

"അതെവിടുത്തെ പരിപാടിയാ.."

"ഇവിടുത്തെ പരിപാടി.. സാമ്പത്തിക മാന്ദ്യം വരുന്നുണ്ടെന്നാ കേട്ടെ.. വല്യ വല്യ കമ്പനികളെല്ലാം ആൾക്കാരെ കൂട്ടമായി പിരിച്ച് വിടുന്നുണ്ട്.. ഇറങ്ങിപ്പോവാൻ പറഞ്ഞാൽ പൊക്കോണം.. നമുക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ.." 

 

ഇല്ല.. ആരുമില്ല.. ആന്റപ്പന് ഭയം തോന്നി. വലിയ വലിയ ശീതീകരിച്ച ചില്ലു കൂടുകൾക്കുള്ളിൽ തമ്മിലറിയാതെ ഒറ്റപ്പെട്ടുപോയ ജന്മങ്ങൾ...

ബാൽക്കണിയുടെ അറ്റത്ത് പിടിപ്പിച്ച കട്ടിയുള്ള ചില്ലിന്റെ മേലെയിരുന്ന് ഒരു ഉറുമ്പ് ആന്റപ്പനെ നോക്കി. ആയാൾ വിരലുകൾ കൊണ്ട് അതിനെ കെട്ടിട്ടത്തിന്റെ പുറത്തേക്ക് തട്ടിത്തെറിപ്പിച്ചു. പതിനഞ്ചാം നിലയിൽ നിന്നും താഴെ വീണാൽ ഉറുമ്പ് മരിക്കുമോ?

 

അന്ന് ക്ലയന്റ് കോളിന് മുന്നേ തന്നെ ധൃതിപ്പെട്ട് എല്ലാ പണിയും ചെയ്തു തീർത്തു. ഇന്നെങ്കിലും നേരുത്ത പോയി സമാധാനത്തിൽ കിടന്നുറങ്ങണം. എന്നിട്ടും പക്ഷേ ഒരു കാര്യവുമില്ലാതെ ചീത്ത കേൾക്കേണ്ടി വന്നു. "Plese complete this by today EOD" എന്നും പറഞ്ഞ് സന്ധ്യക്ക് പുതിയൊരു പണിയും തന്നു. ആന്റപ്പന് വല്ലാത്ത സങ്കടം വന്നു. എല്ലാവരോടും ദേഷ്യവും വെറുപ്പും തോന്നി. ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത പണി. രാത്രി ഒറ്റയ്ക്ക് ലാപ്ടോപിന് മുന്നിൽ കുമ്പിട്ടിരുന്നു കരഞ്ഞു. ലാപ്ടോപിലെ വെളിച്ചം പതിയെ മങ്ങുന്നത് കണ്ണീരിനിടയിലൂടെ അവ്യക്തമായി കാണാം. കണ്ണു തുറന്നപ്പോഴേക്കും അത് പൂർണമായും കെട്ടിരുന്നു. എന്തൊക്കെ ചെയ്തിട്ടും സ്ക്രീനിൽ പിന്നെ വെളിച്ചം വന്നില്ല. ആന്റപ്പൻ കീബോർഡിനു മുകളിലേക്ക് മോഹാലസ്യപ്പെട്ട് വീണു.

 

"Mission Success!" ഉറുമ്പുകൾ മദർബോർഡിനുമുകളിൽ ആനന്ദനൃത്തം ചവിട്ടി.

"ഇനി നമുക്ക് അഭിമാനത്തോടെ തിരിച്ച് പോകാം."

 

വരിവരിയായി അവർ നിന്നു. കീബോർഡിന്റെ വിടവിലൂടെ പുറത്തു കടക്കാൻ തുനിഞ്ഞപ്പോൾ അതെല്ലാം അടഞ്ഞുകിടക്കുന്നു. വക്കുകളിലെ ചെകിളകളും അടിവശത്തെ വിടവുകളും സകല പോർട്ടുകളും അടഞ്ഞു കിടക്കുന്നു. പുറത്തു നിന്നും ഒരു തുള്ളി വെളിച്ചം പോലും അകത്തു കടക്കുന്നില്ല. പ്രൊസസർ ഫാൻ അതിന്റെ പരമാവധി വേഗത്തിൽ നിർത്താതെ തിരിയുന്നു. ഹീറ്റ് സിങ്കുകൾ ചുട്ടുപഴുത്തു. ഉറുമ്പുകൾ എന്തു ചെയ്യണമെന്നറിയാതെ ഒന്നിച്ചു നിന്നു. ഒറ്റക്കൊമ്പൻ കുറുമ്പിയെ തിരഞ്ഞു. ഇല്ല. ഇതിനകത്ത് അവളില്ല. സഹിക്കാൻ പറ്റാത്ത ചൂടിൽ ചുറ്റുമുള്ളവർ കുഴഞ്ഞുവീഴുന്നു. തന്റെ ശേഷിക്കുന്ന കൊമ്പ് ഒരറ്റത്തു നിന്നും ഉരുകിയൊലിക്കുന്നത് വേദനയേക്കാളും കഠിനമായ നിസ്സഹായതയോടെ അവൻ നോക്കി നിന്നു.

 

അവസാനത്തെ ഉറുമ്പും മരിച്ചു കഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം ലാപ്ടോപ് ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്തു. മുഖത്ത് മെല്ലെ ഒരു നീല വെളിച്ചം തെളിച്ചു. പിന്നെ, ഒരു ഞൊടിയിടയിൽ തന്റെ പിളർന്ന വായ അതിശക്തമായി അടച്ചു. അതിന്റെ പ്രകമ്പനത്തിൽ ആ വലിയ കെട്ടിടമാകെ വിറച്ചു.

 

പതിനഞ്ചാം നിലയുടെ മുകളിൽ നിന്നും തോഴോട്ട് വീണ കുറുമ്പിക്ക് പാതി വഴിക്ക് വച്ച് പെട്ടെന്ന് രണ്ട് ചിറകുകൾ മുളച്ചുവന്നു. കാലങ്ങൾക്ക് ശേഷം പുതിയൊരു ഭൂമിയിലേക്ക് അവൾ പതുക്കെ പറന്നിറങ്ങി. അരികിലെ ഇടനാഴിയിലൂടെ പുതിയ ഒരു കൂട്ടം മനുഷ്യർ ചുമലിൽ ബാഗും തൂക്കി കടന്നു പോയി. അതിൽ ഒരു ബാഗ് പാതി തുറന്നു കിടക്കുന്നു. ആ വിടവിലൂടെ അതേ പഴയ ലാപ്ടോപ് നീലപ്പലുകൾ കാട്ടി അതിതീക്ഷ്ണമായി പുറത്തേക്ക് നോക്കി പതുക്കെ ഒരു ചിരി ചിരിച്ചു.. കുറുമ്പിയുടെ നൂറു കുഞ്ഞു കണ്ണുകളും ഒന്നിച്ച് നിറഞ്ഞുപോയി.