Skip to main content
Srishti-2022   >>  Short Story - Malayalam   >>  ആമി

Sooraj Jose

EY Trivandrum

ആമി

 

‘എനിക്ക് കൊതി ആയിരുന്നു നിന്നോട് സംസാരിക്കുവാൻ. എന്നിൽ നിന്നും ഇറങ്ങി തിടുക്കത്തിൽ എങ്ങോട്ടോ പോകുന്ന വാക്കുകൾ. കൂടെ ഓടി എത്താൻ പണിപ്പെടുന്ന നീയും. ഇടയിൽ ഒന്ന് നിന്ന്, നിന്നെയും കൂട്ടി ഇത് വരെ അറിയാത്ത വഴികളിലൂടെ അവ നടന്നു. ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച്, തമാശകളായി ചിരിപ്പിച്ച്, ഇല്ലാ കഥകൾ പറഞ്ഞ് അത്ഭുതപ്പെടുത്തി, അങ്ങനെ ആ യാത്ര തുടർന്നു. ഇടയിൽ എപ്പോഴെങ്കിലും നിന്റെ വാക്കുകൾ കൂട്ട് വരാതായാൽ, എന്റെ വാക്കുകൾ തനിച്ചായാൽ, അവ ചിന്തകളുടെ ഇരുട്ടിൽ ശ്വാസം മുട്ടി മരിക്കും. നീ പിണങ്ങി പോയാൽ ഞാൻ വീണ്ടും ഊമ ആകും എന്ന ഭയത്തിനാൽ പറയാതെ ഒളിപ്പിച്ചു വച്ച വാക്കുകൾ, അതിൽ നിന്നോടുള്ള എന്റെ പ്രണയവും ഉണ്ടായിരുന്നു.’ 

 

അവൾ പതിയെ ആ വാക്കുകളിലൂടെ വിരൽ ഓടിച്ചു.        

 

“ആമി, എടീ ആമിയെ”     

 

വായിച്ചുകൊണ്ടിരുന്ന ഡയറി മടക്കി ടേബിളിൽ വച്ച് അവൾ ബെഡ്റൂമിലേക്ക് തിടുക്കത്തിൽ നടന്നു. തൂവെള്ള നിറത്തിലുള്ള കർട്ടനുകൾ മൂടിയ ജാലകത്തിന് അഭിമുഖമായി വീൽ ചെയറിൽ മധ്യവയസ്കനായ ഒരാൾ ഇരിക്കുന്നു. കാൽ മുട്ടിന് തൊട്ട് താഴെ ആയി നിൽക്കുന്ന ചാര നിറമുള്ള ട്രൗസറും ഇളം പച്ച ടീ ഷർട്ടും വേഷം. അയാളുടെ ശ്വാസോച്ഛ്വാസത്തിന്റെ പതിഞ്ഞ ശബ്ദത്തെ ഭഞ്ജിച്ചുകൊണ്ട് അവളുടെ കാലൊച്ച കേട്ടു. പിൻതിരിഞ്ഞ് നോക്കാതെ തന്നെ അയാൾ ആജ്ഞ കലർന്ന ശബ്ദത്തിൽ പറഞ്ഞു 

 

“ആമി, ആ കർട്ടൻ മാറ്റ്”

 

ഇളം തവിട്ട് നിറമുള്ള നെയിൽ പോളിഷ് ഇട്ട അവളുടെ വിരലുകൾ കർട്ടൻ വിരിപ്പ് വലത്തെ അരികിലേക്ക് മാറ്റി. അയാൾ കൗതുകത്തോടെ പുറത്തെ കാഴ്‌ചകൾ കാണുന്നു. ആകാശം മറച്ചുകൊണ്ട് ചുറ്റും ഉയർന്ന് നിൽക്കുന്ന ഫ്ളാറ്റുകൾ. അയാൾ തിരിഞ്ഞ് നോക്കിയതും കാര്യം മനസ്സിലായ അവൾ വീൽ ചെയർ ജനലിനോട് അടുപ്പിച്ചു. തല എത്തിച്ച് താഴേക്ക് നോക്കിയ അയാളുടെ കാഴ്‌ചയിൽ ഭൂമിയിൽ പൊട്ട് പോലെ മനുഷ്യർ. എതിർ ഫ്ലാറ്റിൽ നിന്നും പൊടുന്നനെ കേട്ട ഡ്രില്ലിങ് മെഷിന്റെ ശബ്ദത്തിൽ അയാൾ ഞെട്ടി പിന്നിലേക്ക് മാറി. ആശ്വസിപ്പിക്കുവാൻ എന്നവണ്ണം അയാളുടെ നര കയറി തുടങ്ങിയ തല മുടിയിൽ ആർദ്രമായി തലോടിക്കൊണ്ട് അവൾ പറഞ്ഞു.    

 

“അവര് ബാൽക്കണിയിൽ ഇരുമ്പിന്റെ നെറ്റ് അടിക്കുന്നതാ, പ്രാവ് കേറാതിരിക്കാൻ”

 

“പ്രാവ് വന്നാൽ എന്താ ?”  

 

അയാൾ ഒരു കൊച്ച് കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ചോദിച്ചു. 

 

“തൂറി മെനക്കേടാക്കും”

 

ആ ഉത്തരത്തിൽ തൃപ്തനല്ലായിരുന്നിട്ടും അയാൾ പതിയെ തല കുലുക്കി. ഒരു നെടുവീർപ്പോടെ ബെഡിൽ ഇരുന്ന് പിന്നിലേക്ക് കുത്തിയ അവളുടെ കൈ വിരലുകൾ നനവ് അറിഞ്ഞു. ഈർഷ്യയോടെ കൈ പിൻവലിച്ച അവൾ അൽപ്പനേരം കൂടി അയാളെ നോക്കി ഇരുന്ന ശേഷം എഴുന്നേറ്റ്, മൂത്രം മണക്കുന്ന ആ വിരിപ്പ് മാറ്റി, അതുമായി പുറത്തേക്ക് പോകുന്നു. അയാൾ അപ്പോഴും ജനാലക്ക് അപ്പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കുന്നു.      

 

 

അയാളുടെ അഴുക്കുകൾ പേറുന്ന തുണികൾ നിറഞ്ഞ ബാസ്‌ക്കറ്റിൽ നിന്നും അവയെല്ലാം പെറുക്കി ഇട്ട്, കൊഴുത്ത ഡിറ്റര്ജന്റ് ഉം ഒഴിച്ച് അവൾ വാഷിങ് മെഷീൻ ഓൺ ചെയ്തു. ഓവർ ലോഡ് ആയതിന്റെ ദേഷ്യത്തിൽ എന്ന വണ്ണം ആദ്യം ഒന്ന് മുരണ്ടെങ്കിലും ചെറിയൊരു വിറയലോടെ ആ യന്ത്രം ജോലി തുടങ്ങി. ടേബിളിൽ നിന്നും അയാളുടെ ഡയറി എടുത്തുകൊണ്ട് വന്ന അവൾ സോഫയിൽ കാല് നീട്ടി ഇരുന്ന് വായന തുടർന്നു.                      

 

‘എല്ലാ പ്രണയങ്ങളും ആകസ്മികമായ കണ്ട് മുട്ടലുകൾ ആണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ തണൽ മരങ്ങളുടെ കീഴിലായി ബർത്ത് ഡേ ആഘോഷിക്കുന്ന സുഹൃത്തുക്കൾക്കിടയിൽ, വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടിയുടെ പിൻ സീറ്റിൽ വച്ച് കേക്ക് കട്ട്‌ ചെയ്യുന്ന പെൺകുട്ടി. ആ വഴി വന്ന പരിചിതർക്കും അപരിചരക്കുമെല്ലാം അവൾ നിറഞ്ഞ ചിരിയോടെ കേക്ക് നൽകുന്നു. അസ്തമയ സൂര്യന്റെ ചുവപ്പിന് പതിവിലും ഏറെ അഴകുണ്ടായിരുന്ന ആ സായാഹ്നത്തിൽ എന്റെ കണ്ണിലും ഹൃദയത്തിലും ആഴത്തിൽ പതിഞ്ഞ മുഖം, അത് നീ ആയിരുന്നു ആമി. 

 

തരണം ചെയ്യാൻ ബുദ്ധിമുട്ടികൊണ്ടിരുന്ന വിഷാദ രോഗത്തിന്റെ ലക്ഷണം എന്ന പോലെ പ്രതീക്ഷകളൊക്കെ അസ്തമിച്ച്, ആരോടും സംവദിക്കാൻ താല്പര്യമില്ലാതെ ഏകാകി ആയിരുന്ന ഞാനാണ് റോഡ് മുറിച്ച് കടന്ന് വന്ന് ‘ഹാപ്പി ബിർത്ത് ഡേ’ എന്നും പറഞ്ഞ് നിനക്ക് നേരെ കൈ നീട്ടിയത് എന്നത് ഇന്നും അവിശ്വസനീയമായി തോനുന്നു. ഒരു അപരിചിതന്റെ ആശംസ കേട്ടപ്പോൾ നിന്റെ കണ്ണിൽ വിരിഞ്ഞ അത്ഭുതം, കവിളിലേക്ക് വീണ് കിടന്ന ചുരുണ്ട മുടിയിഴകൾ പിന്നിലേക്ക് മാറ്റി ഇടത് കൈ കൊണ്ട് ഒരു കഷ്ണം കേക്ക് എനിക്ക് സമ്മാനിക്കുമ്പോഴും മായാതെ നിൽപ്പുണ്ടായിരുന്നു. ‘ഇതല്ല, ആ പൂ വച്ച പീസ്’ എന്ന് തമാശയായി പറഞ്ഞ് ഞാൻ വീണ്ടും കൈ നീട്ടിയപ്പോൾ ആ കൗതുകം മാറി ഒരു പുഞ്ചിരി ആയതും പിന്നീട് അതൊരു പൊട്ടിച്ചിരി ആയി മാറിയതും…’

 

വാഷിങ് മെഷിൻ അതിന്റെ ജോലി പൂർത്തീകരിച്ചു എന്നതിന്റെ സൂചകമായി അലാറം മുഴക്കുന്നു. കണ്ണ് നീരിന്റെ നനവുള്ള ചെറു ചിരിയോടെ അവൾ ഡയറി മടക്കി വച്ച് എഴുന്നേറ്റു. ബാൽക്കണിയിൽ ഡ്രെസ്സുകൾ വിരിച്ചിടുന്നതിന് ഇടയിൽ ബെഡ്‌റൂമിൽ നിന്നും വീണ്ടും ഉച്ചത്തിലുള്ള വിളി കേട്ടു 

“ആമീ”

 

താൻ വന്നത് അറിയാതെ, അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്ന അയാളോടായി അവൾ ചോദിച്ചു   

 

“എന്താ ?”

 

മറുപടി ഒന്നും ഉണ്ടാകാതിരുന്നപ്പോൾ അവൾ ഒരൽപ്പം ഉച്ചത്തിൽ സംസാരിക്കുന്നു 

 

“ബോർ അടിക്കുന്നുണ്ടോ. വായിക്കാൻ ബുക്ക് ഏതേലും തരട്ടെ ?”

 

അയാൾ ‘വേണ്ട’ എന്ന രീതിയിൽ തല ആട്ടി. ശേഷം പതിയെ തല തിരിച്ച് അവളോടായി പറഞ്ഞു.   

 

“ആമി, നമുക്ക് വീട്ടിൽ പോകാം”

 

അവൾ സഹാനുഭൂതിയോടെ അയാൾക്ക്‌ അരികിലേക്ക് ചേർന്ന് നിന്നു. 

 

“ഇതല്ലേ വീട് ?”

 

അയാൾ ആ മുറി മുഴുവൻ കണ്ണോടിച്ച് ‘അത് ശെരിയാണ്’ എന്ന രീതിയിൽ തലയാട്ടി എങ്കിലും നിരാശയോടെ പിറുപിറുത്തു 

 

“ചെറുതായി പോയി”

 

അവൾ അയാളുടെ മുടിയിഴകളിൽ തലോടികൊണ്ട് ചോദിച്ചു  

 

“കിടക്കണോ ?”

 

ക്ഷീണിച്ച കണ്ണുകൾ ആയാസപ്പെട്ട് തുറന്ന് കൊണ്ട് അയാൾ പറഞ്ഞു 

 

“വേണ്ട”       

 

“എന്നാൽ ഞാൻ പോയ്കോട്ടെ ?”

 

അൽപനേരം കാത്ത് നിന്നിട്ടും ഇനി അയാളിൽ നിന്നും മറുപടി ഒന്നും വരില്ല എന്ന് മനസ്സിലാക്കിയ അവൾ ചുരിദാറിന്റെ കാൽ തെറുത്ത്‌ കയറ്റി വച്ച്, കുനിഞ്ഞ്, കട്ടിലിന് അടിയിലെ അറയിൽ നിന്നും വാക്വം ക്ളീനർ പുറത്തെടുത്തു. മുറിയിൽ അവിടവിടായി കിടന്നിരുന്ന കടലാസ് കഷ്ണങ്ങളും മേശയുടെ കീഴിലായി കിടന്ന ഒരുകഷ്ണം ബ്രെഡും, അതിൽ പൊതിഞ്ഞിരുന്ന ഒരു പറ്റം ഉറുമ്പുകളെയും അത് വിഴുങ്ങി. ഭക്ഷണം കഴിച്ച പ്ളേറ്റുകൾ എടുത്ത് മുറിയിൽ നിന്നും പുറത്തേക്ക് പോകുന്ന അവളെ നോക്കി അയാൾ ഇരിക്കുന്നു. 

 

അടുക്കളയിൽ വാഷ് ബെയ്‌സണിൽ കൂട്ടി ഇട്ടിരുന്ന പാത്രങ്ങളോടൊപ്പം അവൾ കൊണ്ടുവന്ന പ്ലേറ്റുകളും ഡിഷ് വാഷറിൽ വച്ച് അത് ഓൺ ചെയ്ത ശേഷം ഹാളിലേക്ക് വന്ന അവൾ വീണ്ടും അയാളുടെ ഡയറി എടുത്ത് വായന തുടർന്നു. 

 

ആക്‌സമികമായി സംഭവിച്ച ആദ്യ കാഴ്‌ചയ്‌ക്ക്‌ ശേഷം അവർ പരസ്പരം അറിഞ്ഞും അറിയാതെയും പലവട്ടം കണ്ടു, ഒരുമിച്ച് ഒരുപാട് ദൂരങ്ങൾ സഞ്ചരിച്ചു. ഒരു മടക്കയാത്രയിൽ, പിരിയുന്നതിന് തൊട്ട് മുൻപ് ഹൃദയത്തിൽ നിന്നും നാവിലേക്ക് വന്ന വാക്കുകളെ പൂർണ്ണമായും വിഴുങ്ങാൻ അയാൾക്കായില്ല, അയാൾ ആമിയെ പ്രൊപ്പോസ് ചെയ്തു. ‘നമ്മൾ പരിചയപെട്ടിട്ട് കുറച്ചല്ലേ ആയുള്ളൂ, ഇപ്പഴേ എങ്ങനാ ഒരു തീരുമാനം പറയാ’ എന്നതായിരുന്നു അയാളുടെ പ്രണയാഭ്യർഥനയ്ക്ക് ഉള്ള അവളുടെ ആദ്യ മറുപടി. എന്നാൽ അധികം വൈകാതെ തന്നെ ഒരു ചുംബനത്തിലൂടെ അവൾ തന്റെ തീരുമാനം വെളിപ്പെടുത്തി. 

 

മെട്രോ റെയിലും കോഫീ ഷോപ്പും സിനിമാ തീയേറ്ററുകളുമെല്ലാം അവരുടെ ഇഷ്ടം അറിഞ്ഞു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഇരുവരും ഒന്നായി. നിറയെ സ്വപ്നങ്ങളുമായി അവർ ഒരുമിച്ച് ജീവിച്ച് തുടങ്ങി.

 

വായിച്ചു തീർക്കുന്ന ഓർമ്മകളോടൊപ്പം അവളുടെ കവിളിൽ ചിരിയും കണ്ണീരും പടർന്നു. മുന്നോട്ടേക്ക് പോകും തോറും എഴുത്തിന് വ്യക്തത കുറഞ്ഞ് വരുന്നു.  

 

“ആമി”

 

മുറിയിൽ നിന്നും അയാൾ വീണ്ടും വിളിക്കുന്നു. അകത്തേക്ക് കയറി വരുന്ന അവളെ നോക്കി അയാൾ ഒരു പരാതി എന്നവണ്ണം പറഞ്ഞു. 

 

“ആമി, എനിക്ക് വിശക്കുന്നു”

 

അവൾ ഒരു കുട്ടിയോട് എന്ന പോലെ എടുത്ത് ചോദിച്ചു 

 

 

“ശെരിക്കും ? നമ്മള് കുറച്ച് മുന്നേ അല്ലെ ബ്രെക് ഫാസ്റ്റ് കഴിച്ചേ ?”

 

 

അയാൾ ദയനീയമായി അവളെ നോക്കി 

 

 

“ആണോ ? ഞാൻ മറന്ന് പോയി”

 

പൂർണ്ണമായും അവളിൽ ദൃഷ്ടി ഉറപ്പിച്ചിരുന്ന അയാളുടെ കാഴ്‌ചയെ മറച്ചുകൊണ്ട് കണ്ണുനീർ പൊടിഞ്ഞു.  

 

“ആമി, എന്നെ ഒന്ന് കെട്ടി പിടിക്കാവോ ?”

 

അയാൾക്ക് അരികിലായി മുട്ട് കുത്തി നിന്ന അവൾ അയാളെ പ്രണയാർദ്രമായി ആലിംഗനം ചെയ്തു. അയാൾ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു     

 

“ഞാൻ നിന്നെയും മറന്ന് പോകുമോ ആമി ?”

 

കണ്ണുനീരാൽ നനഞ്ഞ അയാളുടെ കവിളിൽ അവൾ ഗാഡമായി ചുംബിച്ചു. 

 

ഏതാനും മണിക്കൂറുകളോ ഒരു രാത്രിയോ കൂടെ കിടക്കാൻ വിളിക്കുന്നവരുടെ സ്നേഹമേ അവൾ മുന്നേ അറിഞ്ഞിരുന്നുള്ളു. എനിക്ക് നിന്നെ ഇഷ്ടമാണെന്നും ഞാൻ നിന്നെ കല്ല്യാണം കഴിക്കട്ടെ എന്നുമെല്ലാം അതിൽ പലരും ചോദിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വലിയ സന്തോഷമായിരുന്നു. ആ വാക്കുകളെ വിശ്വസിച്ച് പുതിയൊരു ജീവിതം വരെ അവൾ സ്വപ്നം കണ്ടിട്ടുണ്ട്. രതി അവസാനിക്കുന്നിടത്ത് തീരുന്ന പ്രണയമേ ഏത് പുരുഷനും തന്നോടുളളു എന്ന് മനസ്സിലാക്കി തുടങ്ങിയപ്പോൾ മുതൽ പ്രണയം എന്ന വാക്കിനോട് തന്നെ പുച്ഛം ആയി. എന്നാൽ ഇപ്പോൾ ഇയാളെയും പ്രണയത്തെയും അവൾ ഇഷ്ടപെടുന്നു. മറവി മൂടിയ ഒരാളുടെ മനസ്സിലെ അവസാനത്തെ ഓർമ്മ ആയി, ആമി ആയി എന്നും ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് കൊതിക്കുന്നു.                 

 

അയാളുടെ ഓർമ്മകൾ സൂക്ഷിച്ചിരിക്കുന്ന പുസ്തകം ഹാളിലെ സോഫയിൽ തുറന്ന് വച്ചിരിക്കുന്നു. എത്ര പരതിയാലും അതിൽ അയാൾക്ക് ആമിയെ നഷ്‌ടമായ കഥ ഉണ്ടാവില്ല. കാരണം അത് എഴുതുന്നതിന് മുൻപേ അയാളുടെ ഓർമ്മകൾ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.