Skip to main content
Srishti-2022   >>  Short Story - Malayalam   >>  അന്ധകാരത്തിന്റെ ആഴങ്ങളിൽ

Anoop Pappully

Wipro

അന്ധകാരത്തിന്റെ ആഴങ്ങളിൽ

 

ഇരുമ്പഴികളിൽ തകരപ്പാട്ട കൊണ്ടടിച്ചാലുണ്ടാവുന്ന പതിവ് ശബ്ദം അയാളെ ഉണർത്തി . കനത്ത കരിങ്കൽ ഭിത്തികൾക്കുള്ളിലാണ് താനെന്ന ബോധം അയാളെ അലോസരപ്പെടുത്തിയെങ്കിലും, അതിനുള്ളിലെ സുരക്ഷിതത്വം അയാൾക്ക്‌ ആശ്വാസമായി.ചിന്തയോയുടെ പ്രകാശങ്ങൾക്കു നടുവിൽ നട്ടം തിരിയുന്ന നിമിഷങ്ങൾ . അവക്ക് പുറകെ ഓടിത്തളരുമ്പോൾ ഉണ്ടാവുന്ന മടുപ്പ് ......

 

മലഞ്ചെരിവിലൂടെയുള്ള ചെമ്മൺ പാത അവസാനിക്കുന്നത് ഒരു കുഗ്രാമത്തിലാണ്. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പാട ശേഖരം . അതിനിടയിൽ വയൽ വരമ്പിലൂടെ നടന്നു നീങ്ങുന്ന ഒരമ്മയും മകനും. ചുറ്റും പറന്നു നടക്കുന്ന തുമ്പികളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞു നടക്കുന്ന അവന്ടെ കയ്യിൽ പിഞ്ഞിത്തുടങ്ങിയ പുസ്തകങ്ങൾ നിറച്ച ഒരു കൊച്ചു സഞ്ചിയുണ്ട്.

 

ആത്മാവിന്റെ അകത്തളങ്ങളിൽ ചിറകു കൊഴിഞ്ഞ മോഹപ്പക്ഷികളുമായി അമ്മയുടെ ചിതക്ക് മുമ്പിൽ ഏകനായി ആ യൂവാവ് നിന്നു .

 

 

 

കയ്‌പേറിയ ജീവിതാനുഭവങ്ങളുടെ തേര് തെളിച്ചു കൊണ്ട്, ഒരു കയ്യിൽ ഇച്ഛാശക്തിയുടെ ചാട്ടയും മറുകയ്യിൽ മറുകയ്യിൽ സർട്ടിഫിക്കറ്റുകൾ ഭംഗിയായി അടുക്കും വെച്ച ഫയലുമായി അയാൾ പട്ടണത്തിലേക്കു തിരിച്ചു.

 

വിശപ്പ് മാറ്റാൻ പല വിധ ജോലികൾ ചെയ്‌തെങ്കിലും, പ്രതീക്ഷ വിടാതെ പല കെട്ടിടങ്ങളും, ആ ഫയലും പിടിച്ചു അയാൾ വൃഥാ കയറിയിറങ്ങി. ഏതോ വിലാസം തേടിയുള്ള അങ്ങനത്തെ ഒരു ബസ് യാത്രയിൽ, തന്ടെ കയ്യിലുള്ള നോട്ടുകെട്ടുകൾ കൊണ്ട് നക്ഷത്രങ്ങളും സിംഹാസനങ്ങളും വിലക്ക് വാങ്ങു ന്നതായ് അയ്യാൾ ദിവാസ്വപ്നം കണ്ടു .

 

ആരോ തോളത്തു തട്ടിയപ്പോൾ അയാൾ ഞെട്ടി ഉണർന്നu . , ബസ്സിൽ മയക്കു മരുന്ന് കടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തുന്നത്രെ. അയാളുടെ ഊഴവും എത്തി . തന്റെതല്ലാത്ത ഒരു പാക്കറ്റ് തന്ടെ ബാഗിൽ നിന്നും എടുക്കുന്നത് കണ്ടു അയാൾ സ്തബ്ധനായി. ചുറ്റും ആശ്വാസത്തിന്റെയും അമർഷത്തിന്ടെയും സ്വരങ്ങൾ . അഴികൾക്കുള്ളിലേക്കു എടുത്തെറിയപ്പെട്ടപ്പോഴും വേദനയുടെ മുള്മുനകൾ മൂടിയപ്പോഴും അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല (ആവുമായിരുന്നില്ല).

 

ജയിലിൽ വെച്ചാണ് അയാൾ വെളുത്തു സുന്ദരനായ സുഗുണനെ പരിചയപ്പെടുന്നത് . സംഭാഷണ ചതുരനായ സുഗുണനുമായുള്ള കൂട്ടുകെട്ട് അയാൾക്ക്‌ പ്രകാശമാർന്ന ജീവിതത്തിന്റെ പ്രതീക്ഷകൾ നൽകി. സുഗുണന്ടെയും അയാളുടെയും തടവുകൾ ഒപ്പമായിരുന്നു അവസാനിച്ചത്.

 

സാമൂഹ്യാസമത്വങ്ങളും വർഗീയ കോമരങ്ങളുടെ പേക്കൂത്തുകൾ കൊണ്ട് ഉടഞ്ഞു പോയ കൗമാരവും, ദാരിദ്രവും എല്ലാം കണ്ടു മടുത്ത അയാൾ സുഗുണനിൽ ഒരു രക്ഷകനെ കണ്ടെത്തുകയായിരുന്നു.

 

 

ധനാഗമനത്തിന്ടെ എല്ലാ അസന്മാര്ഗങ്ങളും മനഃ പാഠമായിരുന്ന സുഗുണനുമൊത്തുള്ള ജീവിതം അപരിമിതമായ സുഖസൗകര്യങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും, വിയർപ്പു ചിന്തി വേലയെടുക്കുന്നവരെയും, വിദ്യാർത്ഥികളെപ്പോലും , തന്ടെ ചിലന്തി വലയിൽ കുടുക്ക് നീരൂറ്റിക്കുടിക്കുന്ന നിർദാക്ഷിണ്യ മനസ്ഥിതിയോട് , തന്ടെ ഗതകാല ജീവിതത്തിന്ടെ കയ്പുരസം മറന്നിട്ടില്ലാത്ത അയാൾക്ക് യോജിച്ചു പോവാനായില്ല .

 

 

മോഹങ്ങളുടെയും പ്രതീക്ഷകളുടെയും ശവപ്പെട്ടി ചുമന്നു കൊണ്ട് വീണ്ടും പഴയതു പോലെ ആരുടെയൊക്കെയോ സൗമനസ്യത്താൽ അയാൾ അരിഷ്ടിച് കഴിഞ്ഞു കൂടി .

 

 

 

ഒരു രാത്രിയിൽ ഏതോ കടത്തിണ്ണയിൽ കൊതുകളുമായി മല്ലിട്ടു കിടക്കുകയായിരുന്ന അയാൾ പൊടുന്നനെ ഒരു തീരുമാനത്തിൽ എത്തി . ഇരുട്ടിന്റെ മറപറ്റി ആ ബാങ്ക് കെട്ടിടത്തിന്റെ പുറകിലൂടെ മുകളിലേക്ക് കയറുമ്പോൾ അയാൾ പതിവില്ലാതെ കിതച്ചു. ജന്നൽ ചില്ലുകൾ ഒന്നൊന്നായി ഇളക്കി മാറ്റുമ്പോൾ കൈകൾ തളരുകയായിരുന്നു. തളർച്ച ക്രമേണ കൈകളിൽ നിന്നും ശരീരമാസകലം വ്യാപിച്ചു. തന്ടെ ശരീരത്തിന്റെ ഭാരം കൂടിവരുന്നതായും , ചുറ്റും ഒരു സമുദ്രം ഉണ്ടാവുന്നതും , കണ്ണുകളിൽ ഇരുട്ട് പരക്കുന്നതും അയാൾ അറിഞ്ഞു.

 

അയാൾ സാവധാനം താഴുകയായിരുന്നു .. ആഴങ്ങളിലേക്ക് ....