Entry No:005
Bipin B S [Idynamics Software Pvt Ltd]
മനസ്സിനെ കുറേകാലം പുറകിലേക്കു ചീന്തിയെറിയുന്ന വിളിയാണിത്
നല്ല പൊക്കമുള്ള വയസ്സായ ഒരു മനുഷ്യൻ, കുറച്ചു കൂനി, തലയിൽ ഒരു വലിയ ഭാണ്ഡക്കെട്ടുമായി ദൂരെ റോഡിൻറെ അരികിൽ കൂടി നടന്നു വരും. നാല്പത്തിരണ്ടു വീടുകൾ നിര നിരയായി ഇരിക്കുന്ന കോളനി പ്രവിശ്യ..
നടുവിൽ ആരോ വെട്ടിയത് പോലെ ഒരു പാർക്ക്. ദൂരെ നിന്ന് ആരേലും കണ്ടാൽ മതി.. അതിങ്ങു കെട്ടിയിട്ട മാലപ്പടക്കങ്ങൾ വരി വരിയായ് പൊട്ടുന്ന പോലെ നീങ്ങി നീങ്ങി എത്തും..
ഉത്രാടക്കാരൻ വന്നേ...
അച്ഛനും അപ്പൂപ്പൻ മാരുമായി നാല് കുടുംബങ്ങൾ ഒത്തു താമസിക്കുന്ന ഇങ്ങേ അറ്റത്തെ വാർത്താവിതരണത്തിന്റെ ഉത്തരവാദിത്വം എനിക്കാണ്.. കുടുംബ വീടിന്റെ ഉമ്മറത്തു തയ്യൽ
മെഷീനെ കരയിച്ചു കൊണ്ട് അപ്പൂപ്പൻ ഇരിപ്പുണ്ട്...
ഉത്രാടക്കാരൻ വന്നേ..
ചതുര കണ്ണാടി താഴ്പ്പോട്ടു നീക്കി അപ്പൂപ്പൻ എന്നെ ഒന്ന് നോക്കും.. പിന്നെ അകത്തോട്ട് ആരേലും ഇത് കേട്ടോ എന്ന് നോക്കും..
അതിനിടയിൽ കാട്ടുതീ പോലെ ഞാൻ പാടി പറന്നിരിക്കും.. നാലു വീടുകളും കടന്നു അമ്മയുടെ അടുത്തെത്തിക്കഴിയും
ഉത്രാടക്കാരൻ വന്നമ്മാ..
വരട്ടു.. ഇങ്ങോട്ടു തന്നല്ല വരണത്..
ഒഴുക്കൻ മട്ടിൽ മറുപടിയും കിട്ടും.
പക്ഷെ അടുക്കളയിൽ പിന്നെ ഒരു വല്ലാത്ത ധൃതി അനുഭവപ്പെടും ..എല്ലാം പെട്ടന്ന് തീർക്കുകയാണ്..
പാത്രങ്ങൾ പൊടുന്നനെ അങ്ങോട്ടും ഇങ്ങോട്ടും തല്ലു പിടിക്കും.. ജീവനുള്ളവയും ഇല്ലാത്തവയും ഒന്നായി വേഗത കൈവരിക്കുന്ന പോലെ..
ഞാനും അങ്ങോട്ടും ഇങ്ങോട്ടും നടക്കും..
പെട്ടന്ന് തീരമ്മാ .. അങ്ങേരു ഇപ്പൊ വരും ..
ടാ പോചെറുക്കാ.. പിന്നയും മറുപടി വരും.
ഏറെ താമസിയാതെ ആളെത്തും..
കുമാരി കൊച്ചെ...
ആ വന്നാ.. 'അമ്മ ഒരു ചിരിയും ചിരിച്ചു അകത്തേക്ക് വരാൻ പറയും..
വലിയ ഭാണ്ഡകെട്ട് അഴിയാൻ തുടങ്ങും.. തുണികൾ ആണ്.. പുത്തൻ ഉടുപ്പുകൾ, സാരികൾ, എല്ലാത്തരം ഫാഷനും ഉണ്ടാകും
എല്ലാരും ചുറ്റും വരും.. പിന്നെ അങ്ങോട്ട് തിരക്ക് പിടിച്ച തെരഞ്ഞെടുപ്പാണ്...
അധികം താമസിയാതെ അത് രണ്ടാം ഘട്ടത്തിലേക്ക് പോകും..
വിലപറച്ചിൽ ...
ആ സ്ഥലത്തു ഉദ്ദേശിക്കുന്ന വിലയിൽ തുണിത്തരങ്ങൾ ഈ ഉത്രാടക്കാരൻ മാത്രേ കൊണ്ടുവരാറുണ്ടായിരുന്നുള്ളു.. അതിലും വിലപേശൽ..
കൊച്ചെ.. ആ പൈസക്ക് എനിക്ക് മുതലാകില്ല കൊച്ചെ..
സ്ഥിരം വാക്കുകൾ ഒരുപാടു തവണ കേൾക്കേണ്ടി വരുന്ന ഒരു സമയമാണ് വിലപേശൽ.. അയാൾ ചുമക്കുന്ന കഷ്ടപ്പാടും മറ്റും പറയുകയൂം ബാക്കി ഉള്ളവർ ജോലി ഇല്ലാത്തതിനെയും കൂലി കുറവിന്റെയും ദരിദ്രതാ ചരിതം ആടുകയൂം ചെയ്യും. ചെണ്ടമേളം കൊഴുക്കുമ്പോൾ തുള്ളുന്ന കഥകളി കോലങ്ങളാണ് എനിക്ക് അപ്പോൾ ഓർമ വരിക.
പോകാൻ നേരം ഒരു മൊന്ത നിറയെ കഞ്ഞി വെള്ളവും കുടിച്ചു മൂപ്പർ എഴുന്നേൽക്കും..
സൂര്യൻ ഉച്ചിയിൽ നോക്കി ചിരിക്കുന്ന സമയം ആ തുണികെട്ടുമായി അങ്ങേര് നടന്നു നീങ്ങും..
ചിങ്ങം മുതൽ ഉത്രാടം വരെ ദിവസവും ഉച്ച സമയത്താണ് നമ്മുടെ സ്ഥലത്തു മൂപ്പർ എത്തുന്നേ..
ഒരാൾക്കു ഇഷ്ടപെട്ട തുണി ഉത്രാടക്കാരൻ വേറെ ഒരാൾക്ക് കൊടുക്കാറില്ല.. വില ഒത്തില്ല എങ്കിൽ പോലും.. ഉത്രാടത്തിനു പൈസയും വാങ്ങി പോകാൻ നേരം എങ്കിലും ആ തുണി അവർ പറഞ്ഞ വിലക്ക് അവർക്കു തന്നെ കൊടുക്കും..
ഉത്രാടത്തിനു പൈസയും കൊണ്ട് തിരികെ പോണ കൊണ്ടാണത്രേ ഉത്രാടക്കാരൻ എന്ന് വിളിക്കുന്നേ..
അങ്ങേരു ഇവിടെ തമ്പാനൂർ റൂം എടുത്തു താമസിച്ചാണ് കച്ചോടം നടത്തണത് .. ആലപ്പുഴ എന്തൊരോ ആണ് വീട്..
അമ്മയാണ് പറഞ്ഞു തന്നത്..
ഒരുപക്ഷെ എല്ലാ ഓണത്തിനും.. നമ്മുടെ ആ കൊച്ചു സ്ഥലത്തു ആണായും പെണ്ണായും കുട്ടികളായും ഉള്ള സുന്ദര ജീവികൾക്ക് ഓണക്കോടി കൊണ്ട് കൊടുത്തിരുന്ന ഒരു മനുഷ്യൻ ആയിരുന്നു ഉത്രാടക്കാരൻ.. ചിലർ പൈസ കൊടുക്കാൻ കഴിയാതെയും ഉണ്ടാകും.. എന്നാലും മൂപ്പർ പോകും.. ഉത്രാടത്തിനു.. തിരിച്ചു നാട്ടിലേക്ക്.. ഒരു നാട്ടിലെ ജനങ്ങൾക് മുഴുവൻ ഓണക്കോടിയും കൊടുത്തിട്ടു..
ഞാൻ ഏഴിലോ മറ്റോ പഠിക്കുവാണ്
വീണ്ടും.. ദൂരെ ഉത്രാടക്കാരൻ..
വാർത്താ വിതരണം മുറ പോലെ നടത്തി വീട്ടിൽ കാത്തിരുന്നു..
പക്ഷെ കുമാരി കൊച്ചെ എന്ന വിളിക്കു പകരം ചേച്ചി എന്നുള്ള വിളി ആണ് കേട്ടത്..
വേറെ ഒരാൾ... അതെ പൊക്കം..
വേറെ ആള് വരും.. ഉത്രാടക്കാരൻ.. അങ്ങേരുടെ കൈയിൽ നിന്നാ നമ്മൾ വാങ്ങിക്കുന്നെ...
അമ്മ പറഞ്ഞു
ചേച്ചി അത് എന്റെ അച്ഛനാണ്..
പെട്ടന്ന് ഒന്ന് അമ്പരന്നു... ചുറ്റുവട്ടം ഉള്ളവരും എത്തി..
അണ്ണന് വയ്യേ, വന്നില്ലേ ഇത്തവണ...
ആരോ ചോദിച്ചു.
അച്ഛൻ നാലു മാസം മുൻപേ മരിച്ചു. കുറച്ചു ദിവസം വയ്യാതെ കിടന്നു.. എന്നോട് പറഞ്ഞിരുന്നു.. ഓണത്തിന് നിങ്ങൾ ആരും വേറെ തുണി എടുക്കില്ല.. ഒരു തവണ അവിടെ പോണം എന്ന്..
എനിക്ക് വേറെ ജോലി ആണ്.. ഇപ്പൊ അച്ഛൻ അന്ന് പറഞ്ഞ കൊണ്ട് മാത്രം വന്നത് ആണ്..
അടുത്ത തവണ നിങ്ങൾ വേറെ എവിടന്നേലും തുണികൾ എടുക്കുക
ഒരു നിശബ്ദത ഉണ്ടായിരുന്നു കുറച്ചു നേരം..
അയാൾ ആ തുണികൾ എല്ലാം കിട്ടിയ കാശിന് തന്നെ ആൾകാർക്കു കൊടുത്തു..
ജീവിതത്തിന്റെ ഇങ്ങേപ്പുറത്തു.. ഈ ലോക്കഡോൺ സമയത്തു ഓണം എന്ന് കേൾക്കുമ്പോൾ ഞാൻ ഓർക്കുന്നത് ആ മനുഷ്യനെ ആണ്.. എത്രയോ കൊല്ലം അദ്ദേഹം ഓണക്കോടിയും ചുമന്നു അവിടെ എത്തിയിട്ടുണ്ട്.. കാലം എല്ലാം മായ്ച്ചു കളയും.. അല്ലേൽ അവയെ വെറും ഓർമകളായി മാത്രം മാറ്റും..
നാളെ ഞാനും ഒരു ഓർമ മാത്രം ആകുമ്പോൾ എന്നിലൂടെ ഈ ഉത്രാടക്കാരനും ഇല്ലാതാകും..
അതുവരെ എന്റെ ഓർമ്മകളുടെ സിനിമ കൊട്ടകയിൽ ഉത്രാടക്കാരന്റെ പടം ഓടട്ടെ..