Skip to main content

ഒരു കോർപ്പറേറ്റ് ഗൂഡാലോചന

onakkuripu 8

Entry No:008

Sarath Sasi [ARS Traffic and transport technology]

 

ഓണം ഒരു കോർപ്പറേറ്റ് ഗൂഢാലോചനയാണ്,

അതാണ് ചെലരുടേത് മാത്രം ഒരിക്കലും റെഡ്യാവാത്തത്.

പിള്ളേർ പെട്ടന്ന് വലുതാകുന്നു, എന്ന തത്വം പറഞ്ഞാണ് ചെറുതിലെ അമ്മ ചേരാത്ത ഓണക്കോടി നിക്കർ വാങ്ങി തന്നത്,

അതോണ്ട് ഓണക്കാലം മുഴുവൻ ഒരു കൈ നിക്കറിന്റെ തുമ്പത്തായിരുന്നു.

ഇഹലോകവാസം വെടിഞ്ഞ പശൂന്റെ കയറാണ് ഊഞ്ഞാലായി രൂപാന്തരം പ്രാപിച്ചത്,

അതോണ്ട് പേരക്കൊമ്പിൽ ആട്ടത്തിനൊരു കാടി വെള്ളത്തിന്റെ മണം ഉണ്ടായിരുന്നു.

പഞ്ചായത്ത് മുഴുവൻ വർണപ്പട്ടം കണ്ടു സഹിക്കാഞ്ഞിട്ടാണ് ദൈവകോപം മറന്ന് കുടുക്ക പൊട്ടിച്ചത്,

അതോണ്ട് എന്റെ പട്ടം മാത്രം വീട്ടുമുറ്റത്ത് നിന്ന് പൊങ്ങിയില്ല.

കോളേജ് കാലത്ത് ഓണം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയാണ് സമരം ചെയ്യേണ്ടി വന്നത്,

അതോണ്ട് ഓണാഘോഷം ബഹിഷ്കരിക്കേണ്ടി വന്നു.

കലാബോധം ഇല്ലെന്ന് പറഞ്ഞാണ് പൂക്കളത്തിന്റെ പരിസരത്ത് അടുപ്പിക്കാഞ്ഞത്,

അതോണ്ട് പൂക്കളത്തോടൊപ്പം ഓണപ്പുടവയുടുത്ത സുന്ദരിമാരുടെ ചങ്ങാത്തം കൂടി നഷ്ടപ്പെട്ടു.

ജോലിക്കാരനായി തിരുവാതിരകളി ആസ്വദിക്കാൻ ചെന്നപ്പോൾ വായിൽനോക്കി എന്നാണ് ചാപ്പ കുത്തിയത്,

അതോണ്ട് മറന്നു തുടങ്ങിയ ഷാപ്പിലേക്കുള്ള വഴി വീണ്ടും ഓർത്തെടുത്തു.

സെറ്റുസാരിയും മുല്ലപ്പൂവും കസവ് മുണ്ടിനും ഷർട്ടിനോടുമായിരുന്നു കൂട്ടുകൂടിയത്,

അതോണ്ട് അലക്കാത്ത ജീൻസും ടീഷർട്ടും ഫ്രയിമിന് പുറത്തായി.

പിന്നെ കുടുംബസ്ഥനായപ്പോൾ വസ്ത്രശാലയിലും സൂപ്പര്മാര്ക്കറ്റിലും വെയിറ്റിങ് ചെയറിലാണ് പ്രതിഷ്ഠിക്കപ്പെട്ടത്,

അതോണ്ട് ബില്ല് അടയ്ക്കുന്ന നേരമൊഴികെയുള്ള പരാക്രമം ഫോണിൽ ഒതുങ്ങി.

ഒടുവിൽ ഇതെങ്കിലും റെഡ്യാവും എന്ന് കരുതി, ഫോണിലെ നോട്‌സിൽ അയാൾ ഇപ്രകാരം കുത്തിക്കുറിച്ചു.

'ഓണം ഒരു കോർപ്പറേറ്റ് ഗൂഡാലോചനയാണ്.'