Skip to main content

തിരുവോണം-നിറമെഴും ഓർമ്മകൾ

onakkurippu13

Entry No:013

Lintu Paul (Baker Hughes)

 

------------------------------------------------------------

"ചിങ്ങമാസത്തിലെ ഓണപ്പുലരിക് കസവിന്റെയും പുഷ്പങ്ങളുടേം ഗന്ധമാണ് "

ഓണപരീക്ഷ കഴിഞ്ഞു ഓണാഘോഷത്തിന് ഞാനും കൂട്ടുകാരും ശേഖരിച്ചു കൊണ്ടുവരുന്ന പൂക്കളിൽ തീർത്ത അത്തപൂക്കളവും , സ്കൂൾ വരാന്തയിലിരുന്നു നുണഞ്ഞ പായസവും,ഓണക്കളികളും, പട്ടുപാവാടയും, മുല്ലപ്പൂവും നിഷ്കളങ്കതയുടെ ആ പഴയ ബാല്യകാലത്തിന്റെ ഓര്മപെടുത്തലത്രേ !

ഓണാവധിക്ക്‌ വീട്ടിലെത്തിയാൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരേയൊരു ചിന്ത വരും ദിനങ്ങളിൽ വീട്ടുമുറ്റത്തു മെഴുകിയ തറയിൽ ഒരുങ്ങുന്ന പൂക്കളത്തിനെ ചുറ്റിപ്പറ്റിയുള്ളതാണ്, ആ ചിന്താധ്വനികൾ അതിരാവിലെ ആരും ഉണർത്താതെ തന്നെ എഴുന്നേക്കാനും, ഇടവഴിയും, വഴിവക്കിലും ഓടിനടന്നു പൂവിറുക്കാനുള്ള മാസ്മരിക ശക്തികളായിരുന്നു.എന്റെ അത്തപൂക്കളത്തിൽ തുമ്പയും, മുക്കുറ്റിയും, തൊട്ടാവാടിപ്പൂവും, തെങ്ങിൻപ്പൂവും, തേക്കിൻക്കൂമ്പും, ഇലകൾ അരിഞ്ഞതും മാത്രമല്ല അമ്മ അറിയാണ്ട് അടുക്കളയിൽ നിന്ന് മോഷ്ടിക്കുന്ന ചായപൊടികൾക്കു വരെ സ്ഥാനം ഉണ്ടായിരുന്നു. വിളിക്കാത്ത അതിഥിയായി കടന്നുവരുന്ന കാറ്റിൽനിന്നും മഴയിൽനിന്നും പൂക്കളത്തെ കുടചൂടി സംരക്ഷിക്കുന്ന ഒരു ആത്മബന്ധം.

വായനശാലയുടെ ഉച്ചഭാഷണിയിൽ നിന്നുയർന്നുകേൾകുന്ന ഓണാഘോഷത്തിന്റെ വിളിചോതലുകളും, വിപണി തകർക്കുവാൻ വമ്പിച്ച ഓഫറുകൾ പ്രഖ്യാപിക്കുന്ന കടക്കമ്പോളങ്ങളും ഓണനാളിലെ ലഹരിതന്നെ, നാട്ടിലെ മഹിളാരത്‌നങ്ങളെ ആകർഷിക്കാനുള്ള പ്രേത്യേക ഓഫറുകൾ പ്രഖ്യാപിക്കുവാൻ അവരെയാരും ഓർമ്മപ്പെടുത്തേണ്ടതില്ല.

മുറ്റത്തെ മണ്ണിൽക്കുഴച്ചു നിർമിക്കുന്ന ഓണത്തപ്പനെ കാണുമ്പോൾ ഉയർന്നുവരുന്ന അമ്മയുടെ ശകാരങ്ങൾക്കു കടിഞ്ഞാണിടാൻ അച്ഛന്റെ പ്രോത്സാഹനങ്ങൾക്കാകും.

വീട്ടിലെ ജീവജാലങ്ങൾക്കെല്ലാം ഓണം കൊടുക്കുന്ന പതിവ് പണ്ടുതലമുറകൾക്കു മുൻപേ തുടങ്ങി വച്ചതാണന്നാ അമ്മയും അമ്മൂമ്മയും പറയാറ്, ഓണരാവിൽ തൊഴുത്തിലെ കന്നുകാലികൾക്ക് ഒരു മൂത്തതേങ്ങയുടെ വെള്ളവും തേങ്ങാകൊത്തും, വീട്ടിലെ അന്യം നിന്ന് പോകാത്ത ഉറുമ്പുകൾക്കു അരിമാവിൽ കുഴച്ച പഞ്ചസാരവരെ വീടിന്റെ കോലായിൽ ഒരുക്കി വയ്ക്കുന്നതിൽ തുടങ്ങുകയായി ഓണാഘോഷം.

ഓണനാളിൽ വീട്ടുമുറ്റത്തു തുമ്പക്കുടം വിതറിയാണ് ഞങ്ങടെ നാട്ടുമ്പ്രദേശങ്ങളിൽ മാവേലിതമ്പുരാനെ വരവേൽക്കുക , ഇടക്കിടക്കു മുറ്റത്തു പൊയ്‌നോക്കി, മാവേലി വന്നോ, വന്നതിന്റെ കാൽപാട് പതിഞ്ഞിട്ടുണ്ടോ,തുമ്പക്കുടം അനങ്ങിയിട്ടുണ്ടോ അതുമില്ലങ്കിൽ എന്റെ വീട്ടിൽവരാൻ മാവേലി മറന്നിട്ടുണ്ടാകുമോ അങ്ങയുള്ള കുഞ്ഞു ചിന്താഗതികളിൽ തുടങ്ങി പിന്നീട് യാഥാർഥ്യങ്ങളിലേക്കു പിച്ചവച്ച ഒരു പിടി ഓർമക്കൂട്ടുകൾ.

വീട്ടിലെ ഓണത്തിന്റെ ഒരുക്കങ്ങളിലേക്കു ഒന്ന് കണ്ണോടിക്കുമ്പോൾ അമ്മയുടെ ചില സംഭാഷണങ്ങൾ മനസിന്റെ ഏടുകളിൽ നിറഞ്ഞു നില്കുന്നു.

"കേശവേട്ടാ..... തെക്കോർത്തുള്ള വാഴക്കുല ഒന്നും ചന്തക്കു കൊണ്ടുപോകണ്ടാട്ടോ, കുല മൂക്കാറായിട്ടുണ്ട്, ഓണം അങ്ങ് അടുക്കുവല്ലേ"

"പറമ്പില് ഇത്തവണ വെള്ളരിയും, കുമ്പളവും മൂത്തുവിളഞ്ഞിട്ടുണ്ട്"

വീട്ടിൽ ഓണം ഉണ്ണുന്നതിനു മുൻപ് മുടക്കമുള്ള അയല്പക്കത്തെ വീടുകളിലേക്ക് ഉപ്പേരിയും,പായസവും,മറ്റുവിഭവങ്ങളും അമ്മ പൊതിഞ്ഞു എന്റെ കയ്യിൽ തന്നിട്ട് പറയും ഓടിച്ചാടിപ്പോകേണ്ട നടന്നുപോയി കൊണ്ടുക്കോടുത്താൽ മതിയെന്ന്‌, ഒരു ചെറുപുഞ്ചിരിയോടെ ഒരു അനക്കവും തട്ടാണ്ട് ആ വിഭവങ്ങൾ സമ്മാനിക്കുമ്പോൾ മനസിന്‌ ഉണ്ടാകുന്ന സന്തോഷവും, അമ്മയുടെ കരുതലിലുള്ള സംതൃപ്‌തിയും, അയൽപക്ക ബന്ധങ്ങളും ഊട്ടി ഉറപ്പിക്കപ്പെടുന്നു.

ഓണനാളിൽ ഉച്ചതിരിഞ്ഞാൽ അമ്മ സ്വന്തം വീട്ടിൽപ്പോകാൻ ഉള്ള തിരക്കിലായി, ഉണ്ടാക്കിയ വിഭവങ്ങൾ എല്ലാം പൊതിഞ്ഞു അപ്പൂപ്പനും അമ്മൂമ്മക്കും കാലേകൂട്ടി വാങ്ങിയ ഓണക്കോടിയുംകൊണ്ട് അങ്ങുച്ചെല്ലുമ്പോൾ രാവിലെ മുതലേയുള്ള കണ്ണുംനട്ടുള്ള കാത്തിരിപ്പിന്റെ അസ്തമനവും മക്കളെയും പേരക്കുകുട്ടികളേം കണ്ട ജിജ്ഞാസവും സന്തോഷവും ഇന്നും ഓര്മകളിൽനിറയുന്നു.

പിന്നീടങ്ങോട്ട് അമ്മൂമ്മയുടെ പ്രതാപം നിറഞ്ഞ പഴയകാല ഓർമ്മകൾ അയവിറക്കി, ഓണപ്പാട്ടുകളും പാടി, തൃക്കാക്കരപ്പനേം മാടിവിളിച്

"തൃക്കാക്കരപ്പോ പടിക്കല് വായോ

ഞാനിട്ട പൂക്കളം കാണാൻ വായോ"

വിശേഷങ്ങൾ എല്ലാം നർമം കലർത്തി അമ്മൂമ്മ വിളമ്പും.

കഴിഞ്ഞ മൂന്നുവർഷം ആയിട്ട് ഓണം തിരുവനന്തപുരത്താണ് , ബോളിയും പായസവും കൂട്ടിക്കുഴച്ചുള്ള തകർപ്പൻ സദ്യ, ഓഫീസിലെ നവ രസങ്ങൾ കലർന്ന ആഘോഷം, പിന്നെ കൂടുതൽ ദിവസം വീട്ടിൽ നിൽക്കാൻ വേണ്ടി ചോദിച്ചുമേടിക്കുന്ന വർക്ക്‌ ഫ്രം ഹോം

അങ്ങനെ പാട്ടുപാവാടയിൽ നിന്നും ദാവണിയിലേക്കും പിന്നീട് സാരിയിലേക്കും ചേക്കേറിയതുപോലെ പഴയകാല ഓണാഘോഷ സമ്പ്രദായങ്ങളുടെ നിറംമങ്ങി ആധുനികതയുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്നുനാം.

ലോകം മുഴുവനും മഹാമാരിയുടെ പിടിയിലമരുമ്പോഴും മാസ്ക്കുംധരിച്ച് മലയാളികളിന്ന് ഉത്രാടപാച്ചിച്ചിൽ തന്നെ.

ബന്ധുമിത്രാദികൾ ഒത്തൊരുമിച്ചുള്ള ഓണം ഇത്തരുണത്തിൽ സാധ്യമാവില്ലങ്കിലും, "ഉള്ളത് കൊണ്ട് ഓണം പോലെ"എന്ന പഴമൊഴിയെ അക്ഷരാർത്ഥത്തിൽ അന്യര്ത്ഥമാക്കും വിധം സ്വന്തം കുടുംബത്തിൽ ഓണം ഉണ്ണാനുള്ള തിടുക്കത്തിലാണ് മലയാളി സമൂഹം മുഴുവൻ.

ലോകത്തിന്റെ ഏതു കോണിൽ ഇരുന്നാ യാലും മലയാളിത്തനിമയിൽ ജാതിമതഭേദ്യമന്യേ ആഘോഷിക്കുന്ന ഇ ദേശീയഉത്സവം കേട്ട്കേൾവി ഇല്ലാത്ത രീതിയിലേക്ക് ചെന്നെത്തിനിൽക്കുന്നു.

മറുനാടൻ പൂക്കളുടെ ഗന്ധമില്ലാത്ത, കസവു നയ്ത്തുകാരുടെ പ്രീതീക്ഷകൾക്കു വിള്ളലേൽ പ്പിച്ച , ഓണാഘോഷപരിപാടികളുടെ മാറ്റൊലിയുയരാത്ത, ഒത്തുചേരലുകൾക്കുപകരം അകലംപാലിച് മാസ്കിനെയും സാനിറ്റേറിസേർനെയും കൂട്ടുപിടിച്ച ആദ്യത്തെപോന്നോണം

ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചേ വരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്

മാലോകരെല്ലാം ഓൺലൈൻ ഓണാഘോഷങ്ങളിലൊതുങ്ങിക്കൂടിയ വർഷം

"പഴുത്ത കാഞ്ഞിരപ്പഴം പോലെ പഴത്തിന്റെ ഭംഗി നമ്മളെ ആകർഷിക്കുമെങ്കിലും അകം വല്ലാത്ത കയ്പ് തന്നെ"

സോഷ്യൽ മീഡിയകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാംശംസകൾ മനുഷ്യ സ്നേഹം ഊട്ടി ഉറപ്പിക്കാൻ പര്യാപ്തമാകട്ടെ.

എല്ലാവർക്കും സ്നേഹത്തിന്റെം സമൃദ്ധിയുടേം ഐശ്വര്യത്തിന്റെയും ഒരായിരം ഓണാശംകൾ നേരുന്നു

സ്നേഹപൂർവ്വം