Skip to main content

മാസ്ക്കിട്ട മാവേലി..

onakkurippu14

Entry No:014

സിബിൻ കോശി [ IBS ]------------------------------------------------------------

എന്നത്തെയും പോലെ രാവിലെ പള്ളിയുറക്കം കഴിഞ്ഞു മഹാബലി കണ്ണുതിരുമ്മിയെഴുന്നേറ്റു..മഹാബലി ഉണരുന്നതും കാത്തു സന്തതസഹചാരി രമണൻ നിൽക്കുന്നുണ്ടായിരുന്നു..

മഹാബലി : എന്തു പറ്റി രമണാ.. പതിവില്ലാതെ...

രമണൻ : പ്രഭോ.. ഇന്നല്ലേ തിരുവോണം..ഞാൻ കേരളത്തിൽ നിന്നുള്ള തിരുവോണ വാട്സ്ആപ്പ് മെസ്സേജുകൾ അങ്ങയെ അറിയിക്കാൻ വേണ്ടി വന്നതാ..

മഹാബലി : ആ വായിക്ക്..

രമണൻ : 'ഏതു യന്ത്രവൽകൃത ലോകത്തിൽ വളർന്നാലും.. ഏതു ദൂസരസങ്കൽപ്പത്തിൽ..'

മഹാബലി ഇടയ്ക്കു കയറി.. "ആഹ് നിർത്തു..കേട്ട് കേട്ട് ഞാൻ മടുത്തു..ഇത് തന്നെയല്ലേ കഴിഞ്ഞ വിഷുവിനു ഞാൻ എല്ലാവർക്കും ഫോർവേഡ് ചെയ്തത്....അല്ലാ... എന്താ ഈ ദൂസര.. ??

രമണൻ : ആവോ...തമ്പുരാനറിയാം..

മഹാബലി : സത്യമായിട്ടും നമുക്കറിയില്ലെന്നേ..

രമണൻ : ഓഹ് ഡാർക്ക്.. ഞാനൊരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാ..

മഹാബലി : ആഹാ ഡാർക്കിന്റെ കാര്യം പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തെ.. എന്നെക്കുറിച്ചൊരു വെബ്‌സീരിസ്‌ ഈയിടെ ഇറങ്ങിയാരുന്നല്ലൊ...അതെന്തുവാരുന്നു?

രമണൻ : 'പാതാൾലോക്' ആണ് ഉദ്ദേശിച്ചതെങ്കിൽ അതു അങ്ങുന്നിനെ ഉദ്ദേശിച്ചുള്ളതല്ല..

മഹാബലി : അല്ലല്ലേ..അത് പറഞ്ഞപ്പോഴാ ഓർത്തെ..പടമൊന്നുമില്ലാത്ത സ്ഥിതിക്ക് ഏട്ടനും ഇക്കയുമൊക്കെ എന്താണ് പരിപാടി ഈ ഓണത്തിന്..

രമണൻ : ഏട്ടൻ പതിവ് പോലെ ഒരു പരിപാടിയും കൊണ്ട് വന്നിട്ടുണ്ട്..'ഏട്ടനോണം നല്ലോണം'.. ഇക്കയുടേതായിട്ട് ഒരു കിടിലൻ ഓണച്ചിത്രമുണ്ടല്ലോ ടീവിയിൽ ?

മഹാബലി : ഏതാ അത് ?

രമണൻ : വല്യേട്ടൻ.. അല്ലാതേത്..

മഹാബലി : ഇത്തവണ ഓണമൊക്കെ ഒരുമാതിരി കൊറോണം ആയ സ്ഥിതിക്ക് ഞാനിനി പോണോ കേരളത്തിലേക്ക്?

രമണൻ : അതെന്താ ഒരു ചെറിയ പേടി പോലെ..?

മഹാബലി : മാസ്ക് വെക്കണം..പിന്നെ ആളു കൂടുന്നിടത്തു ചെല്ലാൻ പാടില്ല... പോരാത്തതിന് ക്വാറന്റൈനും..അതൊക്കെ ആലോചിക്കുമ്പോൾ ഇവിടെ തന്നെയിരുന്നു രണ്ടെണ്ണം വീശി പള്ളിവാളും വച്ചിരുന്നാൽ പോരെ..

രമണൻ : അതും ശരിയാണ്..പക്ഷെ...ശരിക്കും അതു തന്നെയാണോ കാരണം..??

മഹാബലി : അല്ല

മഹാബലി പെട്ടെന്ന് സീരിയസ് മോഡിലേക്ക് മാറി..എന്നിട്ടു തുടർന്നു..

"ഞാനും സാന്റാക്ലോസുമൊക്കെ ഇല്ലെങ്കിലും ഇപ്പോൾ ഓണവും ക്രിസ്മസുമൊക്കെ നടക്കുമെടോ..തനിക്ക് ഓർമയില്ലേ ഒരു പത്തിരുപത്തഞ്ചു വർഷം മുമ്പ് വരെയുള്ള ഓണക്കാലം..ഈ മൊബൈൽ ഫോണും കേബിൾ ടീവിയുമൊക്കെ വരുന്നതിനു മുമ്പുള്ള കാലം..

അന്ന് കുടുംബവീടുകളിൽ എല്ലാരും ഒത്തു കൂടും..പിള്ളേരും മുതിർന്നവരുമെന്നു വേണ്ട സകലരും പുത്തനുടുപ്പൊക്കെയിട്ട് അടുത്തുള്ള പറമ്പിലും കാട്ടിലുമൊക്കെ നടന്നു പൂവൊക്കെ പറിച്ചു, ബാക്കി ഇലയൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്തൊരു പൂക്കളമിടും. ഉച്ചക്ക് ഓണസദ്യയും കഴിച്ചു വൈകുന്നേരം ഓരോരോ ക്ലബുകാർ നടത്തുന്ന ഉറിയടി, പുലികളി, റൊട്ടികടി തുടങ്ങിയ ഓണക്കളികളിൽ പങ്കെടുക്കും....ആകെയുള്ള ചാനലായ ദൂരദർശനിൽ വരുന്ന ഓണപ്പാട്ടുകളും ഓണച്ചിത്രവുമൊക്കെ വീട്ടുകാർ ഒരുമിച്ചിരുന്നു കാണും..

അന്നൊക്കെ ഞാനും കാത്തിരിക്കുമായിരുന്നു ഒന്ന് ഓണക്കാലമാകാൻ..അവിടേക്കു പോയി എല്ലാമൊന്ന് കണ്ടു മടങ്ങി വരാൻ..ഇപ്പൊ പക്ഷെ കൂടുതലും ഓരോ കാട്ടിക്കൂട്ടലുകളായി മാറിയെന്നു തോന്നുന്നു..തിരുവോണത്തിന് ആരെങ്കിലും വീടിനു പുറത്തിറങ്ങിയാൽ തന്നെ ഭാഗ്യം..ഇന്നാളിൽ ഞാൻ റോഡിൽക്കൂടി നടന്നു പോയപ്പോ ഒരു ചെക്കൻ ചോദിക്കുവാ.. 'തുണിക്കടെടെ ഫ്രണ്ടിൽ നിക്കണ മാമൻ അല്ലേ'ന്നു.. ഞാൻ അങ്ങ് അയ്യടാന്നായിപ്പോയി..മൊത്തം അപരന്മാരൊക്കയുള്ള ഈ സമയത്തു എന്നെയെങ്ങാനും തിരിച്ചറിഞ്ഞില്ലെങ്കിൽ എനിക്കതു കുറച്ചിലാ..അതു കൊണ്ട് ഇത്തവണ ഭൂമിയിലേക്ക് പോകുന്നില്ലെന്ന് വെച്ചു..

രമണൻ : എങ്കിൽ ഞാനൊരു സത്യം പറയാം..ഞാൻ രമണനല്ല..ഇത്തവണ അങ്ങുന്ന് അവിടേക്കു പോകുന്നില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടു വന്ന വാമനനാണ്..

മഹാബലി : ഓഹ്.. വീണ്ടും ഡാർക്ക്..

വാമനൻ : അപ്പൊ എങ്ങനാ..പോവല്ലേ ?? അതോ എന്നെക്കൊണ്ട് പാതാളം അളപ്പിക്കണോ??

മഹാബലി : വോ വേണ്ട.. നമുക്ക് പോകാം..

ഹാപ്പി ഓണം ഇൻ അഡ്വാൻസ്..