Skip to main content

ചാണകം ഫ്രീ പൂക്കാലം

onakkurippu16

Entry No:016

Rugma M [ EY ]

 

മഞ്ഞത്തെച്ചി പൂങ്കുല പോലേ

മഞ്ജിമ വിടരും പുലർകാലേ

വന്നൂ ലളിതേ നീയെൻ മുന്നിൽ

നിർവൃതി തൻ പൊൻകതിർ പോലേ………………………………….”

ഇങ്ങനെ ചങ്ങമ്പുഴ പാടിയത് ഒരു ഓണക്കാലത്തു ആകാൻ ആണ് സാധ്യത.ഓണസമയത്തെ സന്ധ്യകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. ജനാലകളും, അവ മറച്ചിരിക്കുന്ന കർട്ടനുകളും വകവെയ്ക്കാതെ വീടിനുള്ളിലേക്ക് കടക്കുന്ന തങ്കനിറമുള്ള ഭംഗി.

ഒരു നഗരമദ്ധ്യത്തിൽ ജനിച്ചു വളർന്ന എനിക്ക് ,അവകാശപ്പെടുവാൻ, പൂവിളിയും, കൊട്ടും കുരവയുമുള്ള ഓണമൊന്നും ഉണ്ടായിട്ടില്ല കുട്ടിക്കാലത്തു. 10 ദിവസം വരുന്ന ഓണം വെക്കേഷനും, വീട്ടുമുറ്റത്തുള്ള പൂക്കൾ ഇറുത്തു ഉള്ളത് പോലൊരു പൂക്കളവും, ഓണക്കോടി ഉടുത്തു എല്ലാരുമായ് ഇരുന്ന് ഉച്ചയ്ക്ക് ഇലയിൽ ഊണും; ഇതായിരുന്നു വളരെ ചുരുക്കത്തിൽ എന്റെ ഓണം.

പക്ഷെ, അന്നും, ഇന്നും, എനിക്കേറെ പ്രിയം ഈ ഓണസന്ധ്യകളോടാണ്.

അങ്ങനെ പണ്ടൊരു തിരുവോണദിനം, എന്റെ ചേട്ടൻ, എവിടുന്നോ കിട്ടിയ പച്ചചാണകവുമായ് പൂക്കളം ഒരുക്കാൻ ഉള്ള ഐഡിയയുമായ് എത്തി. ചാണകം നിറച്ച ബാഗ് കണ്ടപ്പോഴേ "ഇത് വല്ലോം അറിയാമായിരുന്നിട്ടാന്നോ" എന്ന ഭാവത്തിൽ അച്ഛനും, "ഇനി ഇതിന്റെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നുള്ളൂ" എന്ന ഭാവത്തിൽ അമ്മയും നിന്നു. നല്ലൊരോണം ആയിട്ട് വഴക്കുണ്ടാക്കണ്ടാന്നോർത്തു 'അമ്മ അടുക്കളയിലേക്ക് പോയി.

ചാണകം കലക്കാനും മെഴുകാനും ഒന്നും ഞാൻ കൂടെകൂടില്ലാന്ന് ആദ്യമേ പ്രഖ്യാപിച്ചു; എന്നാൽ പൂവിടാനും കൂടരുതെന്നായി ചേട്ടൻ.അതൊരു അനുഗ്രഹമായി കണ്ട് ഞാൻ ഗാലറിയിൽ മുൻ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു, തൊട്ടു പിന്നിൽ ആയി അമ്മുമ്മയും ഇരിപ്പുറപ്പിച്ചു ചാണകം കൊണ്ടുള്ള പൂക്കളം കാണാൻ.

ചേട്ടൻ വളരെ ഗൗരവത്തോടു കൂടി പണി തുടങ്ങി. ചെടി നനയ്ക്കാൻ വെച്ചിരുന്ന ബക്കറ്റിൽ ചാണകം കുറച്ചു തട്ടി, അതിലേക്ക്‌ വെള്ളം ഒഴിച്ച്, കലക്കോട് കലക്ക്. അത് പരുവമായപ്പോൾ, രണ്ടു കൈകളിലുമായ് കോരി, വീടിന്റെ നേരെ മുൻമ്പേ, കതക് തുറന്നാൽ കാണുന്ന പോലെ, ഒരു വലിയ വട്ടം മെഴുകാൻ തുടങ്ങി."ഇതിങ്ങനെ തന്നെ ആണോ ചെയ്യേണ്ടേ!!?, അറിയുവോ" എന്ന എന്റെ ചോദ്യം ചേട്ടൻ കേട്ട ഭാവം നടിച്ചില്ല.ഒടുവിൽ ചാണകം കൊണ്ട് ഒരു വലിയ വട്ടം തീർത്തു, മൊണാലിസയെ പൂർത്തിയാക്കിയ ഡാ വിഞ്ചിയുടെ മട്ടിൽ, ചേട്ടൻ നിവർന്നു നിന്ന് ആ വട്ടത്തെ നോക്കി ആനന്ദം കൊണ്ടു.

നാറ്റം സഹിക്കവയ്യാതെ, ഞാൻ അന്നേരത്തേക്ക് അമ്മുമ്മ ഒഴിഞ്ഞു വെച്ച പിൻസീറ്റിൽ കടന്നുകൂടി. ചേട്ടന്റെ ആ അഹങ്കാരത്തോടു കൂടിയുള്ള നിൽപ്പ് തീരെ രസിക്കാത്തത് കാരണം മൂക്കും പൊത്തി ഞാൻ ചോദിച്ചു "ഇതിൽ ഇനി പൂവിടണ്ടേ, ഇല്ലേൽ നാറ്റം കാരണം മാവേലി ഈ ഏരിയ വരൂല്ല"; ഒരു ചാണക ഉണ്ട എന്റെ നേരെ പാഞ്ഞു വന്നതും ഞാൻ അകത്തേക്ക് ഓടി.

കുറച്ചുനേരം അമ്മയുടെ കൂടെ അടുക്കളയിൽ കറങ്ങി, അവിടുന്ന് ഓടിച്ചു വിട്ടപ്പോ, അമ്മുമ്മയെക്കൊണ്ട് നൂറാമത്തെ തവണ മഹാബലിയുടെ കഥയും പറയിപ്പിച്, അത് കേട്ട് പതുക്കെ ഉറക്കം തൂങ്ങിയപ്പോൾ, അമ്മുമ്മ തട്ടി എണ്ണീപ്പിച്ചു "അയ്യോ കുഞ്ഞേ ഉറങ്ങല്ലേ , മാവേലി വന്ന് നോക്കുമ്പോൾ ഉറങ്ങണത് കണ്ടാൽ പിന്നിവിടെ കേറൂല" ആ പറഞ്ഞതിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. വിഷുദിവസം കൃഷ്ണനും, വിജയദശമിക്ക് സരസ്വതിദേവിയും എല്ലാവരും ഇതേ സ്വഭാവക്കാരാണ്. ഉറങ്ങുന്നത് കണ്ടാൽ കേറില്ലത്രേ. എന്നാൽ മുന്നേകൂട്ടി ഒരു സമയം പറഞ്ഞു വരരുതോ ഇവർക്കൊക്കെ.

ഇത്രയും ആയപ്പോൾ ദാ വരുന്നു നമ്മുടെ ഹീറോ, ഒരു ചമ്മിയ മുഖവുമായ്. എന്നെയും അമ്മുമ്മേയും കണ്ട ഭാവം നടിക്കാതെ നേരെ ബാത്‌റൂമിൽ കയറി, കയ്യും കാലുമൊക്കെ നല്ലോണം കഴുകി അടുക്കളയില്ലേക്ക് ഒരു പോക്ക് "അമ്മെ തേങ്ങാ വല്ലോം തിരുമ്മാൻ ഉണ്ടോ"ന്ന് നീട്ടിയൊരു ചോദ്യവും.

അത് കൂടി കേട്ടപ്പോൾ എന്റെ സംശയം ഏതാണ്ടുറച്ചു. മുറ്റത്തേക്കോടിയ ഞാൻ കണ്ടതോ! ഈച്ചയും മറ്റും അരിക്കുന്ന ഒരു വല്യ ചാണക വൃത്തം. അതിൽ, ഹെലികോപ്റ്ററിൽ പുഷ്‌പവൃഷ്‌ടി നടത്തിയത് പോലെ, അവിടിവിടായി കുറച്ചു പൂക്കൾ. കൂടാതെ, ഞാൻ കഷ്ടി രക്ഷപെട്ട ചാണക ഉണ്ട, പടിയിൽ, ചിന്നി ചിതറി കിടക്കണൂ.

ഈ കഥയുടെ അവസാനം എനിക്കോർമ്മയില്ല, പക്ഷെ ചേട്ടന് അംഗവൈകല്യം ഒന്നും സംഭവിച്ചിട്ടില്ല, അത് കൊണ്ട് തന്നെ "പെർമനന്റ് ഡാമേജ്" ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വേണം കരുതാൻ. എന്നിരുന്നാലും, ഞങ്ങളുടെ പൂക്കളങ്ങളെലാം തന്നെ പിന്നീട് "ചാണകം ഫ്രീ" ആയിരുന്നു...