Skip to main content

ഒരു ഓൺലൈൻ ഓണാശംസകൾ..

onakkurippu18

Entry No:018

Sudheep [DXC]

 

‌മച്ചിന്റെ മുകളിൽ എലികൾ ചറ പറ ഓടിയപ്പോൾ അതിലൊന്ന് കാലുതെറ്റി താഴെ വീണു. "അയ്യോ രക്ഷിക്കന്നെ", ഞെട്ടി എഴുനെൽറ്റ തമ്പുരാൻ ചുറ്റുമൊന്നു കണ്ണോടിച്ചു. മാസ്ക്കും, സാനിറ്റൈസറും, കൈയുറയും, മൊബൈലും അതാതു സ്ഥാനത്തുതന്നെ ഉണ്ട്. ഡ്യുപ്പ് പറഞ്ഞതനുസരിച്ചു നേരത്തെ ഇതെല്ലാം റെഡിയാക്കി വച്ചത് നന്നായി. ടേബിളിൽ അലാറം ഒന്നുംമിണ്ടാതെ തന്നെയും നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. കൃത്യം ആറ് മണിക്കായിരുന്നു ഭൂമിയില്ലൊട്ടുള്ള ഫസ്റ്റ് ബസ്സ്, അതേതായാലും മിസ്സ്‌ ആയി. ഇനിയുള്ളത് എട്ടുമണിക്കുള്ള പുഷ്പകവിമാനമാണ്, അതെങ്കിലും പിടിക്കണം, തമ്പുരാൻ മനസ്സിലുറപ്പിച്ചു. പെട്ടന്ന് കുളിച്ചു റെഡിയായി ഓലക്കുടയുമെടുത്തു പുറത്തിറങ്ങി. ചുറ്റും തിരക്കിയപ്പോൾ ഡ്യൂപ്പിനെ എങ്ങും കാണ്മാനില്ല. ഇത്തവണ മൂപ്പർ മുങ്ങിയതാന്നെന്നു മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും പ്രയോഗിക്കേണ്ടി വന്നില്ല. വാട്സാപ്പ് ഗ്രൂപ്പിൽനിന്നും പുള്ളി സ്കൂട്ടായിരിക്കുന്നു. തമ്പുരാൻ ഡ്യൂപ്പിന്റെ ലാസ്റ്റ് മെസ്സേജ് വായിച്ചു, "ഒന്നെങ്കിൽ ഞാൻ അല്ലെങ്കിൽ കൊറോണ, രണ്ടുപേരും ഒരുസ്ഥലത്തു പറ്റില്ല". ഡ്യൂപ്പ് ലെഫ്റ്റ്.

അപ്പോളാണ് ഇടിവെട്ടിയതു പോലെ ആ വിവരം അറിയുന്നത്. പുഷ്പകവിമാനത്തിന്റെ ഗിയർ ജാമായിരിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല ഡ്യൂപ്പിന്റെ പഴയ സൈക്കിളുമെടുത്തു കേരളം ലക്ഷ്യം വച്ച് ആഞ്ഞു ചവിട്ടി.

മാസ്കിനുള്ളിൽ ശ്വാസംകിട്ടാതെ ചവിട്ടിയതു കാരണം വളരെ താമസിച്ചാന്ന് ഭൂമിയെത്തിയത്...

ലാപ്ടോപ്പിൽ വച്ചിരുന്ന റൂട്ട് മാപ് എടുക്കാൻ മറന്നതുകാരണം കുറെ വഴികൾ അവിടെയും ഇവിടെയുമെല്ലാം തെറ്റുകയും ചെയ്തു. ഒടുവിൽ എത്തിപ്പെട്ടതു സെക്രട്ടറിയേറ്റിനു മുമ്പിൽ. അവിടെയുണ്ടായിരുന്ന സമരക്കാരുടെ ഇടയിൽപെട്ടു ഊരിപോകാൻ തമ്പുരാൻ നന്നെ വിഷമിച്ചു. ചുറ്റും ആംബുലെൻസുകളുടെ നിർത്താത്ത നിലവിളി ശബ്ദങ്ങൾ മാത്രം. പുറത്തൊന്നും വേറെ ആരുമില്ല. "അല്ലേയോ, ഇന്ന് ഓണമ്മല്ലേ? അധികമാരുമില്ലലോ പുറത്തെവിടെയും". ബീവറേജ്സിന്റെ ടോക്കനുമായി പോകുന്ന ഒരാളെ തടഞ്ഞു നിർത്തി തമ്പുരാൻ കാര്യം തിരക്കി.

"അല്ല, നിങ്ങളറിഞ്ഞില്ലേ? ഇപ്പോള്ളെല്ലാം ഓൺലൈൻ ആയില്ലേ. ഓണവും ഓൺലൈൻ ആയി, ഫുൾ ഓൺലൈൻ"...

ഇതു കേട്ട് അന്തംവിട്ടുനിന്ന തമ്പുരാൻ ഉടനെ മനസാനിധ്യം തിരിച്ചെടുത്തു എന്നിട്ട് പാതാള അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു,"റീചഡ് കേരള നൗ, ബട്ട്‌ ഫുൾ ഓൺലൈൻ".

കേരളത്തിലെത്തിന്നറിയിക്കാൻ ഉടനടി ഒരു ഫോട്ടോടുത്തു ഫേസ്ബുക്കിലിട്ടു ടാഗും ചെയ്തു. "ഇൻ ഗോഡ്സ് ഔൺ കൺട്രി വിത്ത്‌ ഡ്യൂപ്പ് ആൻഡ് 20 അതെര്സ്".

എന്നിട്ട് വന്ന അതെ സ്പീഡിൽ തിരിച്ചു സൈക്കിൾ ചവിട്ടി തമ്പുരാൻ വൈകാതെ പാതളം പിടിച്ചു. ഉടൻ തന്നെ തന്റെ മുറിയിൽ കയറി ലാപ്ടോപ്പ് തുറന്നുവച്ചു ഇൻസ്റ്റാഗ്രാം ലൈവിൽ കയറി.

അത്ഭുതമെന്നു പറയട്ടെ കേരളത്തിലെ 4 കൊടി ജനങ്ങളും ലൈവിൽ ഉണ്ടായിരുന്നു. അവർ മാവേലിയെ കണ്ട സന്തോഷത്തിൽ മതിമറന്നു പിംഗ് ചെയ്യാൻ തുടങ്ങി. ഓരോരുത്തരായി ചോദ്യങ്ങളും വിശേഷങ്ങളും ചോദിച്ചറിഞ്ഞു. പിന്നീടവർ ഫോട്ടോസും, ഫോർവേടുകളും കൈമാറി, അങ്ങനെ വീണ്ടും കേരളം ഒന്നുപോലെ ഒരുമിച്ചു കുറച്ചു നേരം ലൈവിൽ കളിച്ചും ചിരിച്ചുമിരുന്നു. അപ്പോളാണ് ഇതിനിടയിൽ വന്ന ഒരു മെസ്സേജ് തമ്പുരാന്റെ ശ്രദ്ധയിൽ പെടുന്നത്. അതിങ്ങനെയായിരുന്നു "ഞാൻ അപ്പോളേ പറഞ്ഞില്ലേ ഇത്തവണ ഓണത്തിന്നു കേരളത്തിൽ പോകണ്ടാന്നു, ഇത്തവണ ഓണം ഫുൾ ഓൺലൈനാന്നു തമ്പുരാനെ...ഫുൾ ഓൺലൈൻ... എന്ന് സ്വന്തം ഡ്യൂപ്പ്".

--