Entry No : 021
Mahesh U [Trenser Technology Solutions]
പ്രായത്തിനനുസരിച്ച്, കാലത്തിനനുസരിച്ച്, പലപ്പോഴും പലതായിരുന്നു ഓണം.
ഭാഗ്യമുണ്ടെങ്കിൽ ഒത്തുകിട്ടുന്ന ഓണക്കോടിയുടെ പുതുമണമായിരുന്നു കുഞ്ഞുന്നാളിലെ ഓണങ്ങൾ.
അവധിക്കാലത്തെ ചെമ്മാപ്പിള്ളിയിലേക്കുള്ള യാത്രകളും വാവച്ചേട്ടൻ നൽകുന്ന അതിശയങ്ങളുമായിരുന്നു പിന്നെ കുറെ നാളത്തെ ഓണം.
കളരിപ്പാടത്തെ ടൂർണ്ണമെന്റുകൾ നൽകുന്ന ആവേശമായിരുന്നു കുറച്ചുകൂടി മുതിർന്നപ്പോൾ ഓണം.
"ഹരികൃഷ്ണൻസ്" ആദ്യദിവസം ഏഴ് മണിക്കുള്ള ആദ്യത്തെ ഷോ കാണാൻ വേണ്ടി മുപ്പത് കിലോമീറ്റർ അകലെയുള്ള തീയേറ്ററിലേക്ക് പുലർച്ചെ നാലരക്കെണീറ്റ് പോയി ക്യൂ നിന്നതും, ടിക്കറ്റ് കിട്ടാഞ്ഞിട്ട് ഭക്ഷണം പോലും കഴിക്കാതെ അവിടെ തന്നെ നിന്ന് അടുത്ത ഷോ കണ്ടതും ഓണമാണ്.
ആനേശ്വരം ക്ഷേത്രത്തിൻ്റെ മുന്നിലെ റോഡിൽ നിന്ന്, ഉത്രാടരാത്രി പന്ത്രണ്ട് മണിക്ക് ഓണക്കളികളുടെ ഒച്ചയും ബഹളവും സഹിക്കാതെ ആരോ പരാതി പറഞ്ഞതിൻ്റെ ഫലമായി അന്തിക്കാട് സ്റ്റേഷനിൽ നിന്ന് പോലീസുകാര് വന്ന് ജീപ്പിൽ കേറ്റിക്കൊണ്ട് പോയതും ഓണമാണ്.
ജോലി കിട്ടിയതിനുശേഷം പലപ്പോഴും തിരുവനന്തപുരത്തുനിന്നും വീട്ടിലേക്കുള്ള ട്രെയിൻ യാത്രകളായിരുന്നു ഓണം.
അന്യനാട്ടിൽ സദ്യക്കായി വാഴയില അന്വേഷിച്ച് അവസാനനിമിഷം നടത്തിയ ഓട്ടവും ഓണമായിരുന്നു.
ആവേശത്തിൻ്റെ മൂർദ്ധന്യത്തിൽ എല്ലാം മറന്ന് വടം വലിച്ചതിൻ്റെ പിറ്റേന്ന് മുട്ടിൻ്റെ ചിരട്ട തെറ്റി കിടപ്പിലാക്കിയതും ഓണമാണ്.
അമ്മുവിന് പിറ്റേന്ന് സ്‌കൂളിലേക്ക് പൂ കൊണ്ടുപോകണമെന്ന രാത്രി വൈകിയുള്ള തിരിച്ചറിവിൽ പൂ വാങ്ങാൻ ഓടിച്ചതും ഓണമാണ്.
ഒത്തൊരുമയായിരുന്നു, ഒത്തുകൂടലായിരുന്നു എന്നും ഓണം. ഈ വർഷം പക്ഷേ, ഒത്തുകൂടാതിരിക്കലാണ് ഓണം.
സുരക്ഷിതമായിരിക്കലാണ്, അസുഖം വരാതെയും വരുത്താതെയും ഇരിക്കലാണ് ഈ വർഷത്തെ ഓണം.