Skip to main content

ഓണം - കൊല്ലവർഷം 1195(പൂക്കളം - കൊല്ലവർഷം 1170)

onakkurippu24

Entry No:024

Neethu K J [ MPT ]------------------------------------------------------------

"ഓണവും പോയി എല്ലാം പോയി. നശിച്ച കൊറോണ". അമ്മ നെടുവീർപ്പിട്ടു. "ഇപ്പ്രാവശ്യത്തെ ഓണമല്ലേ ഓണം. എല്ലാ വീടുകളിലും കുട്ടികൾ എത്തിയിട്ടുണ്ട്. അപ്പൊ പിന്നെ നന്നായി ആഘോഷിക്കാലോ". അടിച്ചു വാരി കൊണ്ടിരുന്ന ചേച്ചി മുഖം ഉയർത്താതെ പറഞ്ഞു. അമ്മയും അത് ശരിവെച്ചു. സാധാരണ ജോലി തിരക്ക് കാരണം മക്കൾ ഓണ തലേന്ന് വരും. ഓണത്തിന് സദ്യേം കഴിച്ചു മടങ്ങും ജോലി സ്ഥലത്തേക്ക്. ഇപ്പ്രാവശ്യം അങ്ങനെയല്ല, 10 ദിവസോം കുട്ടികളുണ്ട് വീട്ടിൽ. വർക്ക്‌ ഫ്രം ഹോം ഒരു അനുഗ്രഹമായതു ഇപ്പോഴാണ്. അത്തം മുതൽ എല്ലാരും വീട്ടിൽ തന്നെ.

പൂക്കളം ഇടണം. പക്ഷെ പൂക്കളം ഇടാൻ പൂവെവിടെ. എന്നും പൂവ് വാങ്ങൽ നടക്കില്ല. "ആ പറമ്പിൽ കുറച്ചു പൂക്കൾ ഒക്കെ കാണും. അഡ്ജസ്റ്റ് ചെയ്തു ഇടാം" അച്ഛൻ പറഞ്ഞു. ശരിയാണ്. പൂക്കൾ ഒന്നും വാങ്ങാതെ നാടായ നാടെല്ലാം നടന്നു കുട്ടികാലത്തു ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് ഒരു ഒന്നൊന്നര പൂക്കളം. അതിനു സമ്മാനോം വാങ്ങിട്ടുണ്ട്.

പണ്ട് പണ്ട് ഒരു ഓണകാലത്ത്...

"ഈ പൂക്കളത്തിന് 1st കിട്ടൂല". ബില്ല കുട്ടൻ മുഖം വീർപ്പിച്ചു കരച്ചിലിന്റെ വക്കിലെത്തി നിൽക്കുകയാണ്. ഞങ്ങളുടെ ആസ്‌ഥാന കലാകാരനും കൂട്ടത്തിൽ മൂത്തതുമായ കൊച്ചച്ചൻ അത് വരെ ആവേശത്തോടെ വരച്ചിരുന്നത് നിർത്തി. "ഇതിനെന്താ ഒരു കുഴപ്പം" കൊച്ചച്ചൻ ചോദിച്ചു. "ഇത് കൊള്ളില്ല. പൊട്ട. ഇങ്ങനെ തന്നെയാ എല്ലാരും വരക്കണേ". ഗ്രാമത്തിലെ ക്ലബ്ബിന്റെ പൂക്കള മത്സരത്തിന്റെ പേരും പറഞ്ഞു ബില്ലകുട്ടൻ കരച്ചിൽ തുടങ്ങി. പിണക്കം മാറ്റാനായി അച്ഛൻ ഇടപെട്ടു. "എന്നാ ഇപ്പൊ നമുക്ക് പൂപറിക്കാൻ പോയാലോ. വന്നിട്ട് ഡിസൈൻ വരക്കാം".

അങ്ങനെ ഞങ്ങടെ കുട്ടി പട്ടാളം ഇറങ്ങി. കൂടെ അച്ഛനും. "ഡാ കണ്ണാ, നീയും പോരെ". തേങ്ങ പൊതിച്ചോണ്ടിരുന്ന കണ്ണേട്ടനേം കൂട്ടി.

തറവാട്ടിനടുത്തുള്ള മല. താഴെ റബ്ബർ കാട്, മുകളിലോട്ട് കൊച്ചു കാട്, അതിനു മുകളിൽ ഗവണ്മെന്റ് 'ഫോറെസ്റ്റ് ഏരിയ' തിരിച്ച കൊടും കാട്. കൊച്ചു കാടാണ് ഞങ്ങളുടെ ലക്ഷ്യം.

റബ്ബർ കാട് കേറി, കൊച്ചു ഉറവയിൽ കാലും ഇട്ട്, മലയിലുള്ള വെള്ളം നിറഞ്ഞ കൊച്ചു കുഴികളിൽ വാൽ മാക്രീകളെ നോക്കി, അവിടുന്ന് കിട്ടാവുന്ന പൂവൊക്കെ പറിച്ചു. തുമ്പ, വാടാമല്ലി, കോഴിച്ചൂട്ട്, കുരങ്ങൻവാൽ, ശംഖ്‌പുഷ്പം, ..പിന്നെ പേരറിയാത്ത കുറെ പൂക്കളും. ചേമ്പിന്റെ ഇല കുമ്പിളാക്കി പൂക്കളും നിറച്ചു മലയിറങ്ങി.

തിരിച്ചു വരുന്ന വഴിയിൽ പൊന്നേട്ടന്റെ കടയിൽ കേറി ഒരു സർബത്തും കുടിച്ച്, അമ്പലത്തിന്റെ അടുത്തുള്ള വീടുകളിൽ നിന്ന് തെച്ചിയും ചെമ്പരത്തിയും ഒപ്പിച്ചു, കിച്ചൂട്ടനെ (ബില്ലകുട്ടന്റെ ആത്മാർത്ഥ സുഹൃത്ത്. ആ വഴിയിൽ തന്നെയാ അവന്റെ വീട്) പൂക്കളത്തിന്റെ പേരിൽ വെല്ലുവിളിച്ചു ഞങ്ങൾ നടന്നു. എത്താൻ വൈകിയതിൽ ദേഷ്യപ്പെട്ട് അമ്മാമ്മ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. വഴക്ക് പറഞ്ഞെങ്കിലും ചാണകം മെഴുകിയ ഒരു കളം മുറ്റത്തുണ്ടായിരുന്നു. അന്ന് രാത്രി വീണ്ടും കൊച്ചച്ചൻ വരച്ചു. പീലി വിടർത്തിയ മയിലിന്റെ പൂക്കളം.

"രാവിലെ തന്നെ മഴക്കോള് ആണ് കുട്ട്യോളെ. അകത്തെവിടേലും പൂക്കളം ഇട്ടോളൂ". അങ്ങനെ അപ്രതീക്ഷിതമായ സ്ഥലം മാറ്റം ഞങ്ങളെ ഒന്ന് തളർത്തി. ഒട്ടും ആവേശം കോട്ടം തട്ടാതെ കൊച്ചച്ചൻ പറഞ്ഞു "നമുക്ക് കോലായിൽ ഇട്ടാലോ". കോലായിൽ കസേര ഒക്കെ മാറ്റി മണ്ണ് നിറച്ചു പൂക്കളത്തിന്റെ പണി തുടങ്ങി. ചെമ്പരത്തിയുടെ പൂമ്പൊടി മയിലിന്റെ പൂവായി, പച്ചയിൽ നീല നിറമുള്ള ഇല മയിൽ‌പീലി ആയി, ഓണപൂവിന്റെ കായ കണ്ണായി... അങ്ങനെ ഞങ്ങളുടെ മയിൽ വളർന്നു. കുട്ടികളുടെ ഇടയിൽ മാത്രം ഒതുങ്ങിയ മത്സരബുദ്ധി ആയതു കൊണ്ട് ചുറ്റുമുള്ള വീട്ടുകാരും ബാക്കി വന്ന പൂക്കൾ തന്നു. ഇതിന്റെ ഇടയിൽ സൈക്കിളിൽ റോന്തു ചുറ്റി വന്ന ബില്ലകുട്ടൻ ആവേശത്തോടെ തുള്ളി ചാടി. "നമുക്ക് കിട്ടും ഫസ്റ്റ് ". അവന്റെ കുഞ്ഞു സന്തോഷവും ആത്മവിശ്വാസവും കൊണ്ടാവണം ആ മത്സരത്തിൽ 2 പേർക്ക് 1ആം സമ്മാനം കിട്ടിയതിൽ 1 ഞങ്ങൾക്കായിരുന്നു.

ഓണത്തിന് ഇപ്പൊ തറവാട്ടിൽ പോവാൻ പറ്റാറില്ല. എന്നാലും ഇന്നും മനസിന്റെ കോണിൽ സുന്ദരമായ ഓർമ്മകൾ കോർത്തിണക്കി വീണ്ടും വീട്ടുമുറ്റത്തു ഒരുക്കി, അത്തം മുതൽ തിരുവോണം വരെ പൂക്കളങ്ങൾ. തിരുവോണത്തിന് അമ്മയുടെ സ്പെഷ്യൽ സദ്യ...കസിൻസുമായി കുറച്ച് വീഡിയോ കാളുകൾ..കുറെയേറെ സെൽഫികളും....എല്ലാരും കൂടെ തന്നെയുണ്ട് എന്നൊരു ഓർമപ്പെടുത്തലുമായി വീണ്ടും ഒരോണം