Skip to main content

ഗൃഹാതുരതയുണർത്തുന്ന പൊന്നോണക്കാലം

onakkurippu27

Entry No :027

Bismitha. B [Sequoia Applied Technologies]

 

ഉത്രാട പാച്ചിലിൽ മുങ്ങി തപ്പി , തിരുവോണ സദ്യയിൽ വീണു മയങ്ങി ഒരു ഓണക്കാലം കൂടി ....ഗൃഹാതുരതയുടെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച് പിന്നണിയിൽ നിന്നും എത്തിനോക്കുന്നുണ്ട് പഴയ ഓണക്കാലം .

ഓണം ....എല്ലാ കേരളീയന്റേയും ദേശിയ ആഘോഷം .ജാതിമത അതിർവരമ്പുകൾക്കു അതീതമായി മലയാളി എന്ന മാനുഷികത വിളിച്ചോതുന്ന പൂക്കളുടെ ഉത്സവം .നിറങ്ങളുടെ , സുഗന്ധങ്ങളുടെ , നന്മയുടെ , കൂട്ടായ്മയുടെ , സ്നേഹത്തിന്റെ , ഗ്രാമീണതയുടെ ഒത്തുചേരൽ .

കർക്കിടകം പെയ്തൊഴിഞ്ഞ മണ്ണിൽ നിറപറയും , നെൽക്കതിരുമായി പറ നിറഞ്ഞാടിയ ഗ്രാമീണ ഓർമകളുടെ ഓണം സ്വന്തമായി കിട്ടിയ ഒരു പാട്ടുപ്പാവാടക്കാരിയുണ്ടായിരുന്നു . മതവും നിറവും മറന്നു പറമ്പുകളും തൊടികളും കയറിയിറങ്ങി തുമ്പയും , തെച്ചിയും , മന്ദാരവും , മൂക്കുറ്റിയും, അരളിയും , അശോകപ്പൂവും , ഓണപൊട്ടനുമൊക്കെയായി ഒന്നിച്ചു കൂടി പൂക്കളമിട്ടു ഊഞ്ഞാലാടി ആഘോഷിച്ച ഓണക്കാലങ്ങൾ സമൃദ്ധിയുടെ ഓർമ്മകൾ ആയിരുന്നു.

മാവേലിയോടൊപ്പം വീടുകൾ കയറിയിറങ്ങി ഓണപ്പാട്ടുകൾ പാടി , തുമ്പി തുള്ളൽ കണ്ടു , വള്ളം കളിക്ക് കൈകൊട്ടി , തിരുവാതിര കൂടി ,ഓണപ്പാട്ടും പാടി , ഓണക്കളിയും കളിച്ചു നേര്യതു പാവാടയൊക്കെ അഴുക്കും പൊടിയുമാക്കി അലഞ്ഞു തിരിഞ്ഞു വരുന്ന ഞങ്ങൾ പിള്ളേരെയൊന്നും അന്ന് അച്ഛനമ്മമാർ വഴക്കു പറഞ്ഞിരുന്നില്ല , ഓണത്തിന് മാത്രം കിട്ടുന്ന ഞങ്ങളുടെ ചെളിയും കളിയും നിറഞ്ഞ കുട്ടിക്കാലത്തിനെ അവർ കെട്ടിയിടാതെ സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്കു ഒത്തൊരുമയോടെ ചേക്കാറാനുള്ള മനോഹരമായ ഗൃഹാതുരയാക്കി ഹൃദയത്തിലൊളിപ്പിച്ചു തന്നു , ഞങ്ങളുടെ കുട്ടികൾക്കെല്ലാം നഷ്ടമായ നല്ലൊരു ഓണക്കാലത്തിന്റെ മധുരം അയവിറക്കാനുള്ള മനോഹരമായ ഓണക്കാലങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചു .

ഉത്രാട രാത്രി അടുത്ത വീട്ടുകാരെല്ലാം ഒരുമിച്ചു കൂടി പിറ്റേ ദിവസത്തെ സദ്യവട്ടത്തിനുള്ളതൊക്കെ അരിഞ്ഞു പെറുക്കി വലിയ വാഴയിലയിൽ കൂട്ടിയിടും, പിരിഞ്ഞു പോകാൻ നേരം അവരവർക്കു സദ്യയുണ്ടാക്കാൻ ആവശ്യമായ പച്ചക്കറി മാത്രം പാത്രത്തിലാക്കി വീട്ടിലേക്കു പോരും .തിരുവോണ ദിവസം ഉച്ചയ്ക്ക് സദ്യക്ക് മുൻപായി വീണ്ടും ഒരു കൂടിച്ചേരൽ ഉണ്ട് ,എന്തിനാണെന്നോ ...? അവിടില്ലാത്ത കറികൾ ഇവിടെയും ഇവിടെ ഇല്ലാത്തതു അവിടെയും കൊടുത്ത് കറികളൊക്കെ ഒരു പോലെയാക്കി ഇല നിറയ്ക്കാൻ .

പട്ടിണിയും പരിവട്ടവും കൂട്ടുകാർ ആയിരുന്നു എങ്കിലും ചിങ്ങത്തിന് വിരുന്നെത്തുന്ന വീട്ടുകാരനെ ഇല്ലം നിറ വല്ലം നിറ എന്നേറ്റു പാടി സന്തോഷത്തോടെ സമൃദ്ധിയോടെ ഞങ്ങൾ വരവേറ്റിരുന്നു .പുത്തനുടുപ്പും , വിഭവ സമൃദ്ധമായ സദ്യയും , ഉച്ച കളികളും ചേർന്ന് അടുത്ത ഒരു വർഷത്തേയ്ക്ക് പങ്കു വയ്ക്കാനുതകുന്ന മനോഹരമായ ഓർമകളും തന്നിട്ടാകും ഓണം കടന്നു പോകുന്നത് .

ഈ മനോഹരമായ ഓർമ്മകളൊക്കെ അന്യമായ ,തുമ്പയും മുക്കുറ്റിയുമൊന്നും കാണാൻ കഴിയാത്ത പുതിയ തലമുറയിലെ ബാല്യങ്ങളെ ഓർക്കുമ്പോൾ അല്പം നൊമ്പരമുണ്ട് ...ഓണം ഓൺലൈൻ ആയി മാറിക്കൊണ്ടിരിക്കുന്നു , ഞങ്ങളൊക്കെ ഓർമ്മകൾ അയവിറക്കി ഒരു മാവേലി കാലം കാത്തിരിക്കുന്നു .കുളിർകാറ്റിന്റെ കുഞ്ഞിക്കൈകളുടെ തലോടലേറ്റ് വാങ്ങാൻ ഓണപ്പാട്ടും പാടി ഒരു തുമ്പക്കൊടി ഏതെങ്കിലും പറമ്പിൽ പൂക്കുമായിരിക്കും .മുക്കുറ്റിയും , മന്താരവും കുടപിടിച്ചെഴുന്നള്ളി ഓണത്തപ്പനെ വരവേൽക്കുന്ന എന്റെ ഗ്രാമീണ കന്യകേ , ഓർമകൾക്ക് എന്ത് മധുരം ...!

----------------------------------------------------------------------