Skip to main content

അനിവാര്യതയുടെ ഓണം !

onakkurippu32

Entry No :032

Vishnulal Sudha[Envestnet]

 

ഗതകാലങ്ങളെ പകുത്തെടുത്തു, ഉരച്ചു തേയ്ച്ചു ക്ലാവ് മാറ്റി, അതിലെ മിനുസമുള്ള പ്രതലത്തെ സ്മരണകളെന്ന പൊയ്മുഖം ചാർത്തി വർണിച്ച്, ഒരു നോവെന്ന വ്യാജേന പല മാനങ്ങൾ നൽകി, പുത്തൻ പ്രതീക്ഷകൾ തുന്നിച്ചേർത്ത്, എഴുതി അവസാനിപ്പിക്കേണ്ട കുറിപ്പല്ല ഇത്. കാരണം ഞാനിവിടെ കുറിച്ചിടുന്നത് പരാജയത്തിന്റെ പ്രകീർത്തനമാണ്. തൊറ്റു പോകുന്നവന്റെ ചരിത്രമാണ്. പണ്ടൊരു വിഖ്യാത ഹിന്ദി സിനിമയിലെ പ്രശസ്തമായ വരികൾ ശരി വെയ്ക്കുന്ന പോലെ ഒരു വലിയ വിജയത്തിന് വേണ്ടി സ്വയം തോൽവികൾ ഏറ്റ് വാങ്ങിയ ഒരു മഹാനായ രാജാവിന്റെ കഥ പകർന്നാടിയ ഒരു പരാജിതനെ കുറിച്ചാണ്.

കേരളത്തിൽ ജാതരായ ബാല്യങ്ങളുടെ ഓണ സ്മരണകൾ, കാലത്തിന്റെ അനിവാര്യത പിന്താങ്ങുന്ന മാറ്റങ്ങൾ ചേർത്ത് ഒരു വിശകലനം നടത്തിയാൽ, ഭൂരിഭാഗവും സമാനാനുഭവങ്ങളായിരിക്കും. പൂത്തുലഞ്ഞ തെറ്റിയും, ആടിതകർത്ത മഴയും, ഓടി തളർന്ന തൊടിയും, മതിവരാതെ കേട്ടു രസിച്ച നാദിർഷാ-ദിലീപ് കൂട്ട് കെട്ടിലെ "ദേ മാവേലി കൊമ്പത്തും" "ഓണത്തിനിടയിലെ പുട്ട് കച്ചവടവും", വരമ്പത്തു കൊട്ടിയാടിയ ബിസ്ക്കറ്റ് കടിയും, വടം വലിയും, കുപ്പിയിൽ വെള്ളം നിറയ്ക്കലും, നിർത്താതെ മുഴങ്ങുന്ന ശബ്ദ കോലാഹലങ്ങളും, തോരണങ്ങളും, തോല് മാടനും, സിനിമാ കോട്ടകയിലെ ആർപ്പ് വിളികളും...

എന്തിനേറെ, ഊഞ്ഞാലിൽ എഴുന്നേറ്റ് നിന്നാടാനുള്ള ഊഴത്തിനായി ചിണുങ്ങി മാറി അകന്ന് നിന്ന് കരഞ്ഞു തകർത്തതും, ഓണാഘോഷ ചീട്ടുകളി സമ്മേളനത്തിനോടുവിലൊരു പുരുഷാരം ഓണ തല്ലാൽ കലാശക്കൊട്ട് ഗംഭീരമാക്കിയതുൾപ്പടെ ഓർമ്മകൾ കുത്തിക്കുറിക്കാൻ എന്നേക്കാൾ അർഹരായ എൺപതുകളിലെയും തോന്നൂറുകളിലെയും തൂലികകൾ ഒരുപാടുണ്ട് ഇന്നിവിടെ. പിള്ളവാതത്തിന്റെ അസ്കിതയിൽ പാതി നനഞ്ഞ കണ്ണുകളുമായി ഞാനിതൊക്കെ കേട്ടു കൊതിക്കുമ്പോൾ മുത്തശ്ശിയോട് ചോദിച്ചിരുന്നത് നീണ്ടു നിവർന്നു നിന്നിരുന്ന ആ മതിൽ കെട്ടുകൾക്ക് വാതിൽ പണിയുന്നതിനെക്കുറിച്ചായിരുന്നു.

അന്ന് പകർന്നു വാങ്ങിയ കഥകളിലെ രാജാവ് തോറ്റു പോയവനായിരുന്നു. മൂന്നടി മണ്ണിന്റെ മാലിന്യത്തിൽ താഴ്ന്നു പോയവൻ. എന്നാൽ ആ പരാജയം അയാൾ സ്വയം സ്വീകരിച്ച കരുത്തുറ്റ നിയോഗമായിരുന്നു. അതിലൂടെ അയാൾ വിജയിച്ചു കയറിയത് ജന്മനസുകളിലെ വീരപരിവേഷത്തിലേക്കാണ്. ചിന്തകൾ മെനെഞ്ഞെടുത്ത മർത്യകുല പൂർണ്ണതയിലേക്കാണ്.

ചില പരാജയങ്ങൾ അങ്ങനെയാണ്. വലിയ വിജയങ്ങൾക്ക് വേണ്ടി നമ്മൾ തിരഞ്ഞെടുക്കേണ്ട മഹത്തായ തീരുമാനങ്ങളായി മാറേണ്ടവയാവും അവ. അന്നെനിക്ക് നഷ്ടമായ ഓണങ്ങൾക്ക് പിന്നീട് പകരം വെച്ചത് ഇന്നത്തെ പടർന്നു പൂവിട്ട ചിന്തകളാണ്. അവയാണ് ഇന്നെന്റെ തൂലികയിൽ മഷി നിറയ്ക്കുന്നത്.

ഈ ഓണവും ചില ചിന്തകളിൽ ഒരു പരാജയമാണ്. അടയ്ച്ചു പൂട്ടി ഇരുട്ടിലായ ഒരോണം. അന്ന് കേട്ടതും കണ്ടതുമൊന്നുമിന്നില്ല. ഇന്നത്തെ അനിവാര്യതയിലേക്ക് വെളിച്ചം ചാലിച്ച കാഴ്ച്ചകളും അന്ന്യം. വരിഞ്ഞു കെട്ടി അകത്തിരിക്കുമ്പോൾ അകന്നു പോയ ശ്വാസത്തിന്റെ പിടച്ചിലുകൾ കേൾക്കാം... ഗന്ധം അറിയാം. എന്നാൽ ഇന്നീ പരാജയം എനിക്കും നൽകുന്നത് ഉരുകിയുറച്ച ആത്മവിശ്വാസമാണ്. കാരണം ഇന്നെനിക്കറിയാം ഞാനൊരു മഹത്തായ വിജയത്തിലേക്കുള്ള പാതയിലാണെന്ന്.