Entry No :033
Priyanka B R[QuEST Global]
ഓണം എന്നും പുതുമ നിറഞ്ഞതായിരുന്നു, ഓരോ ഓണവും എന്തേലുമൊക്കെ ഓർമ്മകൾ നിലനിർത്തും. പണ്ട് എന്നോ ജികെ പഠിക്കുമ്പോള്‍ ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട് , കേരളത്തിനെ ലോകത്തിന്റെ മനസിലേക്കെത്തിച്ച ഒരുപാട് ആഘോഷങ്ങളിണ്ടായിട്ടും എന്ത് കൊണ്ടാണ് ഓണം മാത്രം നമ്മടെ ഔദ്യോഗിക ഉത്സവം ആയതെന്ന്, പിന്നീട് കേട്ടു പണ്ട് ഇരുപത്തെട്ടു ദിവസം നില നിന്നിരുന്ന കൊയ്ത്തുത്സവമാണ് ഓണം എന്ന്, ഒരു മലയാളിയും പട്ടിണി കിടക്കാതെ ദിവസം. ആഹാ ഇതിലും അർഹത മറ്റേത് ആഘോഷത്തിനുണ്ട്.
ഇന്ന് ഒരുപാട് വ്യത്യാസങ്ങൾ അതിൽ നിന്നും നമ്മുടെ നാടിനു ഉണ്ടെങ്കിലും ആ ചോദ്യത്തിന് മറ്റൊരു ഉത്തരം ഇല്ല. കേരളം തന്നെ വൈവിധ്യം നിറഞ്ഞ ഒരു സംസ്ഥാനം ആണ്, തെക്കും വടക്കും, വ്യത്യസ്തങ്ങളായ ആചാരങ്ങളും കലകളും ഭാഷാ ശൈലിയും പുഞ്ചപ്പാടവും മെട്രോ യും കുന്നും മലയും കാട്ടരുവി യും എൻഎച്ചും അങ്ങനെ ഈ ഇട്ടവട്ടത്തെ മുന്ന് കോടി ജനങ്ങളിൽ പറഞ്ഞതീർക്കാൻ പറ്റാത്ത എന്തെല്ലാമോ ഉണ്ട്, എന്നിട്ടും അവർ എല്ലാം ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒറ്റ ഉത്സവമേ ഉള്ളു, അതാണ് ഓണം. ഒരു ജാതിയുടെയോ മതത്തിന്റെയോ പ്രായത്തിന്റെയോ സമ്പന്നതയുടെയോ ഒന്നും മതിലുകൾ മലയാളത്തിന്റെ ഈ പുതുവർഷത്തിന് ഇല്ല.
ഓണവുമായി ബന്ധപ്പെട്ടു ഒരുപാടു ആഘോഷങ്ങൾ ഉണ്ടെങ്കിലും, അതിലേറ്റവും ഇഷ്ടമുള്ളത് എന്താണ് അല്ലേൽ കാത്തിരിക്കുന്നത് എന്തിനാണ് എന്ന ചോദിച്ചാൽ ഓരോരുത്തർക്കും പറയാൻ ഓരോ ഉത്തരങ്ങൾ ആകും . ചിലർക്കു ഊഞ്ഞാൽ , ഓണസദ്യ , അത്തപ്പൂ അങ്ങനെ ഒരുപാട് .
പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഉത്രാടപ്പാച്ചിൽ കാണാൻ ആണ്.കാരണം എന്താച്ചാ, ഉത്രാടത്തിനു ടൗണിലേക് ഒകെ പോയി കഴിഞ്ഞാൽ അടിപൊളിയാണ് . തിരുവോണം ഒരുക്കാൻ അവസാനം നിമിഷം വേണ്ടുന്നതെല്ലാം ആള്‍ക്കാര്‍ ഓടി നടന്ന വാങ്ങുന്നത് കാണാം, അവധിക്കാലം ചുറ്റിയടിക്കാൻ ഇറങ്യോരെ കാണാം , ഓണസമ്മാനങ്ങൾ വാങ്ങാൻ നിൽക്കുന്നോരെ കാണാം. അപ്പോ അവരുടെ ഒക്കെ മുഖത്തു കാണുന്ന ആ സന്തോഷത്തിനു പകരം വെയ്ക്കാൻ ഒന്നുമില്ല എന്നും , ആ സന്തോഷം കാണുന്നതു ആണ്, ജീവിതത്തിൽ ഓരോ തവണയും ഓണത്തിനു കാത്തിരിക്കാൻ കാരണം എന്നും തോന്നും .
വീട്ടിലേക്ക് പുതിയ സാധനങ്ങൾ വാങ്ങുന്നതിന്റെ, പുതിയ ഓണക്കോടി കിട്ടുന്നതിന്റെ, യാത്രകളുടെ , ദൂരെയുള്ള മക്കളെ കാണുന്നതിന്റെ അങ്ങനെ ചെറിയ കുട്യോള് മുതൽ വാർധക്യത്തിന്റെ ലാസ്‌റ്റ് സ്റ്റേജിൽ ഉള്ളോരടെ വരെ സന്തോഷം കാണാം
അങ്ങനെ വെറുമൊരാൾകൂട്ടം അല്ല അത്, എല്ലായിടത്തും ഓണവിശേഷങ്ങൾ, അന്വേഷണങ്ങൾ , വഴിയോര കച്ചവടക്കാര് മുതൽ വല്യ വല്യ കടക്കാരിൽ വരെ ഓണാവരവിന്റെ ബഹളങ്ങൾ ,വാങ്ങുന്നതിലും വില്കുന്നതിലും ഉള്ള സംതൃപ്തി, വിലപേശലുകൾ.
അത്രേം സന്തോഷത്തോടെ മറ്റൊരു ദിവസവും കവലകൾ ഒത്തുകൂടുന്നതായി എനിക്ക് തോന്നീട്ടില്ല .
രണ്ട് വർഷങ്ങൾക് ശേഷം മഴ ചതിക്കാത്ത ഒരു ഓണം മലയാളിയെ തേടി എത്തിയപ്പോ കൊറോണ വില്ലനായി . എങ്കിലും എല്ലാ മലയാളിയും ലോകത്തിന്റെ ഏത് കോണിലും അവനവനെ കൊണ്ട് ആകുന്നപോലെ ഓണമൊരുക്കാനും സന്തോഷിക്കാനും മറന്നില്ല .
കൊറോണ മലയാളിയെ പിടിച്ചു കെട്ടിയിട്ട് അഞ്ച് ആറു മാസം പിന്നിടുമ്പോ, ഇന്നു വീണ്ടും ഒരു ഉത്രാടമാണ് ,ഇന്നലെ വരെ ടൗണിൽ പോകുമ്പോ ഞാനും പറഞ്ഞു , ഇവിടെന്ത് കൊറോണ ദേ നോക്കിയേ ഒരു മാസ്കിന്റെ വ്യത്യാസമേ ഉള്ളു,
പക്ഷെ ഇന്ന് ഞാനിവിടെ നില്‍ക്കുമ്പോ , ഒരുപാട് സങ്കടം തോന്നുന്നുണ്ട് , ആരുടേയും മുഖത്തെ ആ സന്തോഷം എനിക്ക് കാണാൻ കഴയുന്നില്ല , എല്ലാം മാസ്ക് വെച്ച മറച്ചപോലെ, കുഞ്ഞുങ്ങളിൽ പോലും ഒരു പുഞ്ചിരി കാണാൻ കഴിയുന്നില്ല. ലോകത്തിനെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരു രോഗം ശെരിക്കും എന്റെ കണ്ണു നിറച്ചത് ഇന്നാണ്.
ഇന്ന് ഉത്രാടം,നമ്മുടെ തിരുവോണം പക്ഷെ ഒരുപാട് അകലെ ആണ്, ഒരു സമൂഹം ഒരുപോലെ കൊണ്ടാടിയ ഈ സന്തോഷം തല്ലികെടുത്തിയ രോഗം എത്രയും പെട്ടെന്ന് ഈ ലോകത്തെ വിട്ടു പോകട്ടെ എന്നാകാം ഈ പുതുവത്സരത്തിന്റെ പ്രാർത്ഥന , വരും വർഷങ്ങളിൽ വീണ്ടും പുഞ്ചിരി നിറഞ്ഞ മുഖങ്ങൾ ഈ ഉത്രാട ദിനത്തിൽ കാണാൻ കഴിയും എന്ന വിശ്വാസത്തോടെ....