Skip to main content

പ്രതീക്ഷയുടെ ഓണം..

onakkurippu34

Entry No:034

Vidya Vijayan [ Infosys ]

 

ഓണത്തെക്കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ എന്നും ഓടിയെത്തുന്നത് സ്നേഹത്തിന്റെ പ്രതിരൂപങ്ങളായ രണ്ടു മുഖങ്ങളാണ്, അപ്പാപ്പനും അമ്മാമ്മയുo. തിരുവോണനാളിൽ വൈകുന്നേരം അമ്മയുടെ കുടുംബവീട്ടിൽ പോകുന്നതാണ് ആ വർഷത്തിലെ തന്നെ ഏറ്റവും ആഹ്‌ളാദകരമായ നിമിഷം. മക്കളുടെയും കൊച്ചുമക്കളുടെയും വരവും കാത്തു പൂമുഖത്തു തന്നെ ഉണ്ടാവും രണ്ടാളും. ആ വീട്ടിലെ ഒത്തുചേരലും പിന്നീടുള്ള രസകരമായ കളിതമാശകളും ഓണസദ്യവട്ടവും തന്നെയാണ് ഓണമെന്ന ഉത്സവം ഇന്നും വളരെയധികം ഹൃദയത്തോടു ചേർത്ത് നിർത്തുന്നത്.

കൂട്ടുകുടുംബത്തിലായിരുന്നു ബാല്യം, അന്നത്തെ ഓരോ ഓണക്കാലവും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. അയല്പക്കത്തേയും വഴിയോരങ്ങളിലെയും മറ്റും പൂവെന്നു തോന്നിക്കുന്ന എന്തും, ഒപ്പം കാട്ടുചെടികളുടെ ഇലകളുമൊക്കെ ചേർത്ത് അത്യധികം ആവേശത്തിൽ ഒരു പൂക്കളം തീർത്തു കഴിയുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. പിൽക്കാലത്തു നിറങ്ങളുടെ യോജിപ്പും ചിത്രപ്പണികളുടെ സങ്കീർണ്ണതയും പൂക്കളമത്സരത്തിലെ നിയമങ്ങുളുമൊക്കെ നോക്കി കടകളിൽ നിന്ന് വാങ്ങിയ പൂക്കൾ കൊണ്ടുണ്ടാക്കിയ പൂക്കളം നൽകിയ സന്തോഷത്തിലെവിടെയോ കുട്ടിക്കാലത്തെ ആത്മസംതൃപ്തി അല്പം കുറവായിരുന്നു.

ഓണം എന്നും കുട്ടികളുടേതു ആണെന്നു തോന്നാറുള്ളത് ഇതുകൊണ്ടൊക്കെയാവും, അന്നത്തെ നിഷ്കളങ്കമനസ്സിൽ ഓണം എന്നത് ആഘോഷങ്ങളുടെ അസുലഭനിമിഷങ്ങളാണ്. പ്രിയപ്പെട്ടവരെയൊക്കെ കാണാനും കൂട്ടുകൂടി കളിക്കാനും അവരോടൊപ്പം ഒരേ വരിയിൽ ഒന്നിച്ചിരുന്നു ഓണസദ്യ കഴിക്കാനും പായസം കുടിക്കാനുമൊക്കെ കിട്ടുന്ന അവസരമാണ്. ഓണക്കോടി കിട്ടുമെന്ന പ്രതീക്ഷയാണ്, അങ്ങനെ ഒരു ഓണക്കോടി കിട്ടുമ്പോൾ അതുമിട്ടു നടക്കാൻ അഭിമാനമാണ്. വലുതാകേണ്ടിയിരുന്നില്ല, എന്ന് തോന്നിപോകുന്നത് ഈ അപൂർവ്വനിമിഷങ്ങളുടെ ഓർമ്മകൾ ഓരോ ഓണക്കാലത്തും വന്നു മുട്ടിവിളിക്കുമ്പോഴാണ്. എത്ര തന്നെ സാമ്പത്തിക പരാധീനതകളുണ്ടായിരുന്നെങ്കിൽ പോലും ഓണത്തെക്കുറിച്ചുള്ള ഓർമ്മകളിൽ ഇന്നും സന്തോഷം മാത്രം നിറഞ്ഞു നിൽക്കുന്നു. അതുകൊണ്ടൊക്കെ തന്നെയാവണം മലയാളികളുടെ ഈ ഉത്സവം ഓരോ തവണയും അതീവമധുരമായി ആഘോഷിക്കാൻ നമുക്ക് ആവേശം ഉണ്ടാകുന്നത്. ഓരോ ഓണവും സന്തോഷത്തിന്റെ ഒരു പുതിയ അനുഭവമാണ് നാളിതുവരെ നൽകിയിട്ടുള്ളത്.

ജീവിതസാഹചര്യങ്ങൾ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അനിവാര്യമായ മാറ്റങ്ങളാണ് പലതും എന്ന് വിശ്വസിക്കുമ്പോഴും, അടുത്ത തലമുറയ്ക്ക് ഈ സന്തോഷങ്ങളിൽ പലതും നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു. കാടും വയലും, ആരോടും അനുവാദം ചോദിക്കാതെ കിളിർത്തു, ഓണത്തെ വരവേൽക്കുവാൻ പൂത്തുനിന്നിരുന്ന കാട്ടുപൂക്കളുമൊക്കെ തിരികെ കൊണ്ടുവരാൻ നമുക്കാകുമോ! ഞാനും എന്റെ സഹോദരനുമൊക്കെ അനുഭവിച്ച ആ ഓണക്കാലത്തെ ചെറിയ ചെറിയ വലിയ സന്തോഷങ്ങളും, അപ്പാപ്പനും അമ്മാമ്മയുമൊത്തുള്ള ആ പഴയ വീട്ടിലെ ഇണക്കങ്ങക്കും പിണക്കങ്ങളും, മാവും പ്ലാവും പറമ്പിലെ ഓടിക്കളികളും ഞങ്ങളുടെ കുഞ്ഞുങ്ങൾക്കു അതെ അളവിലും വലിപ്പത്തിലും അനുഭവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തിനേറെ, അന്നത്തെ പോലെ വലിയ മരത്തിൽ കയറു കെട്ടി നീട്ടി ആടുന്ന ഒരു തട്ടൂഞ്ഞാൽ പോലും അവർക്കു നല്കാൻ കഴിയാത്തതിൽ വല്ലാത്ത നിസ്സഹായത തോന്നുന്നു. ജീവിതത്തിലെ എത്ര പ്രതികൂലസാഹചര്യങ്ങളിലും ഓണത്തിന്റെ ഓർമ്മകൾ ഏറ്റവും സവിശേഷമാക്കുവാൻ നമ്മുടെ മാതാപിതാക്കൾ എത്ര ശ്രമിച്ചിരുന്നുവെന്നു മനസിലാക്കുന്നതും ഇപ്പോഴാണ്.

ഇന്നത്തെ കുഞ്ഞുങ്ങൾക്കു ഓണം എന്നത് ഇലയിൽ ചോറുവിളമ്പുന്നതും പരിപ്പും പപ്പടവും പായസവും കഴിക്കുന്നതും പട്ടുപാവാട ഇടുന്നതിലുമൊക്കെ മാത്രമായി ഒതുങ്ങുമായിരിക്കും. എന്നിരുന്നാലും ഓർമ്മകളിലൂടെയും വാക്കുകളിലൂടെയും അന്നത്തെ ഓണത്തിന്റെ പ്രത്യേകതയും മഹത്വവും എന്തായിരുന്നുവെന്ന് തിരിച്ചറിയാനും, ഓണമെന്ന നന്മയുടെയും ഒത്തുചേരലിന്റെയും ഉത്സവം ഹൃദയത്തോട് ചേർത്തുവെയ്ക്കാനും അവർക്കു കഴിയട്ടെ എന്ന് പ്രത്യാശിക്കാം!!