Skip to main content

കാത്തിരിപ്പിന്റെ ഓണം

onakkurippu39

Entry No :039

Vishnu Prasad [RSGP consulting pvt ltd]

 

ഓണം എല്ലാ മലയാളികളുടെയും അല്ലങ്കിൽ ഓണനാളുകളിൽ കൈരളിയുടെ ഭാഗമായ എല്ലാപേരിലും ഗൃഹാതുരത ഉണർത്തുന്ന ഒന്നാണ് എന്നതിൽ സംശയമേതുമില്ല. അത്തരം ചില ഓർമകളിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകുകയാണ് ...

എന്റെ ഓർമയിലെ ആദ്യ ഓണം തുടങ്ങുന്നത് അമ്മയുടെ ഉറക്കം ഉണർത്തലോടു കൂടിയാണ് . അന്ന് നന്നേ ചെറുപ്പം, ഉറക്കമുടർത്തിയിട്ട് അമ്മ പറഞ്ഞു "മക്കളേ വേഗം കുളിച്ചു റെഡിയാക് നിന്നെ കാണാൻ മാവേലി വരും. പുത്തനുടുപ്പൊക്കെ ഇട്ട് ഒരുങ്ങി സന്തോഷമായി നിൽക്കണം ...!" അതെ, ഓണം എന്നു കേൾക്കുമ്പോൾ മാവേലി ആണല്ലോ എല്ലാരുടെയും മനസിലേക്കു ഓടിയെത്തുന്നത് . ഓലക്കുടയും കുടവയറും കിരീടവും വല്യ കപ്പടാ മീശയും ഉത്തരീയവും ഒക്കെയായി ഉള്ള ചില വൻകിട കച്ചവടക്കാർ പകർന്നു നൽകിയ ചിത്രം. എന്നാൽ അന്ന് എന്റെ മനസിലെ മാവേലിക്ക് ഇതായിരുന്നില്ല ചിത്രം. നരച്ച തലമുടിയും തൂവെള്ള വസ്ത്രവും അണിഞ്ഞ ഒരു അപ്പൂപ്പൻ.... പിന്നീടാണല്ലോ മേല്പറഞ്ഞ മാവേലി രൂപം നമ്മളിൽ പ്രതിഷ്‌ഠിതമായത് .

അന്ന് അമ്മ പറഞ്ഞ ആ അപ്പൂപ്പനെയും കാത്തുള്ള ഇരിപ്പാകും, ഇതിടയ്ക്ക് സദ്യയും കളികളും ഒക്കെ ഉണ്ടാകും, എന്നാലും മനസ് അമ്മ രാവിലെ മനസിലേക്ക് പകർന്നു നൽകിയ ആ അപ്പൂപ്പനെയും കാത്തുള്ള ഇരിപ്പാകും. വൈകിട്ട് മാവേലി വന്നില്ലല്ലോ എന്ന് അമ്മയോട് പരിഭവം പറയുമ്പോ അതിനുള്ള ഉത്തരം തരുന്നത് അച്ഛമ്മ ആയിരിക്കും. "മാവേലി വന്നല്ലോ .... ഉച്ചയ്ക്ക് മഴയുടെ രൂപത്തിൽ. വന്ന് എല്ലാരേയും കണ്ടിട്ട് പോയി....!". അങ്ങനെ അപ്പൂപ്പനിൽ നിന്ന് മഴയുടെ രൂപമായി മാവേലിക്ക് .

അങ്ങനെ ആദ്യ നാളുകളിൽ മാവേലിക്കായി തുടങ്ങിയ കാത്തിരിപ്പ് പിന്നെ മറ്റ് പാലത്തിലേക്കും വഴിമാറി . ചെന്നൈയിൽ നിന്നുള്ള ചേട്ടന്റെയും ചേച്ചിയുടെയും വരവിനായുള്ള കാത്തിരിപ്പ്... അവർ കൊണ്ടുതരുന്ന സമ്മാനങ്ങൾക്കായും അവരോടൊട്ടുള്ള നല്ല നിമിഷങ്ങൾക്കായും ഉള്ള കാത്തിരിപ്പ് ... നല്ല വസ്ത്രങ്ങൾ കിട്ടാനുള്ള കാത്തിരിപ്പ് ... അമ്മ വീട്ടിലേക്കും അപ്പച്ചിയുടെ വീട്ടിലേക്കും പോകാനായുള്ള കാത്തിരിപ്പ് ... ടിവിയിൽ വരുന്ന പുതിയ സിനിമ കാണാനായുള്ള കാത്തിരിപ്പ് അങ്ങനെ അങ്ങനെ ....

അപ്പൊ ചുരുക്കി പറഞ്ഞാൽ ഓണം എന്നുള്ളത് നല്ല നാളെയ്ക്കുള്ള കാത്തിരുപ്പല്ലേ. ഇപ്പൊ നമ്മൾ കടന്നുപോകുന്ന സാഹചര്യം പോലെ . ഈ കോവിട് കാലം കടന്നുപോകാനും പഴയ വിലക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങി പോകാനും ഉള്ള കതിരുപ്പല്ലേ ശരിക്കും ഇക്കൊല്ലത്തെ നമ്മുടെ ഓണം. പ്രതീക്ഷയോടെ കാത്തിരിക്കാം നല്ലൊരു നാളെക്കായി , അടുത്ത ഓണപ്പുലരിക്കായി