Skip to main content

ഞാൻ ആദിയിൽ നിന്നും  ഭൂമിതൻ ,ജീവൻറെ ഗർഭം ധരിച്ചു...

ഞാൻ തൊടികളിൽ നിന്നും കനികൾതൻ ,സ്വാദിന്റെ ലോകം പടുത്തു .

ഇരുളിന്റെ മറവിലായ് അന്ധതയ്ക്കു ഉള്ളിലെ ,

അറിവിന്റെ നാളം ചികഞ്ഞു ...

അടിമയെ പോലെ ഞാൻ പകലുകൾ പിന്നിട്ടു,

ഇരവിന്റെ ഉള്ളിൽ പകച്ചിരുന്നു...

നാളുകൾ പിന്നിട്ടു ലോകം വളർന്നു പടവുകൾ താണ്ടി ഞാൻ അറിവ് തേടി ...

വിദ്യ നേടി... കലകൾ നേടി ...വാള് ഉയർത്തി ഞാൻ റാണി ആയി,

തൂലിക തുമ്പിലെ വാക്കുകൾ കൊണ്ടു ഞാൻ,

തീവ്രമാം അധികാരം ഏറ്റെടുത്തു !

എന്നിട്ടും... എവിടെയും... എന്തിനീ ഗർഭപാത്രത്തിലും,

സ്ത്രീ എന്ന പേരിൽ ഞാൻ ചിതയിലേറി !

ഭൂമി പിളർന്നു പോം ജാനകിയായും ,

മാറ് മറയ്ക്കാത്ത തീയ്യതിയായും ,

കാലത്തിൻ പടവുകൾ താണ്ടിയിട്ടും,

പിന്നെയും ഞാൻ വെറും ചിഹ്നമായി !     

 

ഇന്നു ഞാൻ ആരോ അതു അർത്ഥമല്ല !

ഇരവ് എനിക്ക് എന്നും ഒരു പോലെയായി!

കതകിന്റെ മറവിൽ ഒളിച്ച  നൂറ്റാണ്ടിൽ ,

ആരോ ? അതു തന്നെ ഇന്നുമീ ഞാൻ ...                       

 

നാം ഉദിച്ചു ഉയരുന്നു ലോകത്തിനൊപ്പം,

ഭാരതാംബയെ എനിക്ക് എവിടെ നേട്ടം ?

അവൾ വെറും പെണ്ണ് വലിച്ചു കീറാം...

അവളിലെ ചുംബനം പകർത്തെടുക്കാം !!

കാർമുകിൽ തോൽക്കും  മുടിയിഴകൾ,

കടന്നു പിടിച്ചു ! വലിച്ചിഴക്കാം!!                                     

 

എൻ മുലനാമ്പിൽ നിന്നാദ്യം നുണഞ്ഞിട്ടു്,

പിച്ചവെച്ചല്ലോ ഒരു ആൺ ജനിപ്പു ?

പേറ്റു നോവേറ്റൊരു അമ്മതൻ കവിളത്തു ,

ഉമ്മ നൽകും സ്നേഹം അല്ലേ മകൻ ?

 നിമിനേരത്തു എൻറെ ആത്മാവിൻറെ ആശ്വാസവും, തണലും അല്ലേ അവൻ ?

എന്നിട്ടും എങ്ങിനെ നീയാം മനുഷ്യന് രാവിൻറെ മറവിലായ്,  സ്ത്രീ കാമമായി ?    

 

ഓരോ നിമിഷവും പൂഴിക്കു ബാക്കിയായ് ഒഴുകിയെത്തി ,

നിർഭയയെ നിൻ ചുടുനിണം !!!

ചോദ്യവും പേറി ഞാൻ വിഷാദലോകത്തിൽ !

തീക്കനൽ തിന്നു ഞാൻ കാത്തിരുപ്പു!

ആരോടും ഉരിയിടാതെ കൺചുവപ്പിച്ചു ,

മാധ്യമങ്ങൾക്കവിടെ  ഉത്സാഹമായി !

ആരതെൻറെ മാനം കവർന്നെന്നു ചോദിച്ചു ,

ആരാന്റെ കൈയ്യിൽ നിന്നുത്തരം മേടിച്ചു ...

ഇത് ഭാരതം ആർഷസംസ്കാര പണ്ഡിതർ ,

ഊന്നി പറഞ്ഞു എൻ സംസ്കാര ശൂന്യത...     

 

കാവി ഉടുപ്പോ… നീ ലോഹയോകൊന്തയോ ?

മുണ്ടുമാറ്റി കുത്തും ഉന്നതശ്രേഷ്ഠനോ,

ആരും ആരും എന്നെ മാറി തഴുകിടും,

മാറോടു അടക്കി പിടിച്ചിട്ടു ചീന്തിടും...

ദീനമാം എൻ കരങ്ങൾ പിടഞ്ഞിട്ടു,

രോദനം മാത്രം മുഴങ്ങി തിമിർക്കുന്നു !                         

 

പിറവിതൻ നാമ്പു നട്ടീടുവാൻ ദൈവം ,

എൻറെ ഉദരത്തിൻ ശാഖ എടുത്തിട്ടും,

മാസങ്ങളോളം ചുമന്നു ഞാൻ പെറ്റിട്ട ശേഷം ,                         

എന്തേ ഞാൻ അശുദ്ധയായി മാറിയോ ?

 

നിർവൃതിപൂണ്ടു  അകത്തളത്തിൽ  നിൽക്കുന്ന,

ഓരോ പാദസ്വരത്തിനും കേൾക്കുവാൻ,

ഉച്ചത്തിൽ എൻ വിരൽത്തുമ്പു ചലിക്കുന്നു..സോദരീ..

നിൻ ധ്വനി കേൾക്കുവാൻഒത്തൊരുമിക്കുവാൻ,

കൈകോർത്തു മുന്നോട്ടു പോകിടാനായി,                                            

കാത്തിരിപ്പൂ ജ്വലിക്കും കനലുമായി

 

ഞാൻ… കലിയുഗത്തിന്റെ സുറുമ എഴുതിയ,

കാരിരുമ്പിൻ കരുത്തുള്ള തന്വഅംഗി !             

Author
Aparna Asok
Company
vote
0
Category