Skip to main content

അങ്ങു  കിഴക്കു ദിക്കിൽ നിന്ന് സൂര്യരസ്മികൾ ഇരച്ചു കയറുമ്പോഴും ഒരു  ചെറു ലാഘവത്തോടെ ഉറക്കച്ചടവിൻറെ  ആലസ്യം വെടിയാൻ  മടിക്കുന്ന പ്രകൃതി ഒരു  കൊച്ചുകുട്ടിയെ പോലെ ചിണുങ്ങി. എന്നാൽ പ്രിയതമന്റെ വരവറിഞ്ഞ സൂര്യകാന്തിപ്പൂവിന്റെ മുഖം നാണം കൊണ്ട് ചുമന്നു തുടുത്തു. മുഖം തുടുത്തപ്പോൾ വെട്ടിത്തിളങ്ങിയത് പക്ഷെ അതിന്റെ പിന്നിൽ ഒളിച്ചിരുന്ന അവളാണ്. ആരും ഗൗനിക്കാതെ കടന്നു പോകുമ്പോഴും ഉള്ളിൽ അവൾ ചിരിച്ചുകൊണ്ടേ ഇരുന്നു.

"ഇപ്പോൾ ഞാൻ വെറുമൊരു 'പുഴു' മാത്രമാണ് നിങ്ങൾക്ക്.. എന്നാൽ , ഒരിക്കൽ നിങ്ങൾ എന്നിലെ എന്നെ തിരിച്ചറിയും.!" ആത്മഗതത്തിൽ തന്നെ ഉണ്ടായിരുന്നു അവളുടെ പറന്നുയരാൻ കൊതിക്കുന്ന  കിനാവള്ളികൾ.

 

അവൾക്കു ചുറ്റും ലോകം അങ്ങിനെ തിരിഞ്ഞും മറിഞ്ഞും കളിച്ചുകൊണ്ടിരുന്നു. അങ്ങേ ദേശത്തു നിന്ന് പോലും സൂര്യകാന്തിയെ തേടിയെത്തിയവർ പലരും ഇവളെ കണ്ടതോടെ മെല്ലെ ഉൾവലിഞ്ഞു മടങ്ങിപോയപ്പോൾ ചരിത്രത്തിന്റെ ഏടിൽ നിന്ന് ഒരു കറുത്ത തൂവൽ കൂടി ഇളകി വീണു

ഒരുപക്ഷേ അവൾ ഒരു 'കുഞ്ഞു പെൺപുഴു' ആയത് കൊണ്ടാവാം..!

എന്നിട്ടും നിരാശ വെടിയാത്തവർ ചിലർ കൊച്ചു നികൃഷ്ടജീവിയെ തോണ്ടിയെടുത്ത് ദൂരേക്ക് വലിച്ചെറിയപ്പെടുന്നത് ഇന്ന് എന്തുകൊണ്ടോ സർവസാധാരണം. അല്ലെങ്കിലും മുളയിലേ 'നുള്ളി കളയുന്നത്' ഒരു ശീലമാണല്ലോ. ആയതിനാൽ തന്നെ ഇന്ന് അതിനു ഒരു പ്രസക്തി അർഹിക്കപ്പെടുന്നില്ല എന്നവൾ പതിയെ മണത്തറിഞ്ഞു തുടങ്ങി.

അവൾക്കു ചുറ്റും ശാപവാക്കുകൾ ഉതിർത്തു കൊണ്ട് ഭീമൻ മണികൾ മുഴങ്ങിയിട്ടും തെല്ലു നിരാശയോടെ മാനത്തെ അമ്പിളിതാരകങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ ഏന്തി വലിഞ്ഞു ചാടിക്കൊണ്ടേയിരിന്നു.

കാലം അവളെ ചിരിപ്പിച്ചും കരയിപ്പിച്ചും കൂടെ കൊണ്ട് നടന്നു. ഒരു പുഴുവിൽ നിന്ന് ചിത്രശലഭത്തിലേക്കുള്ള അവളുടെ പ്രയാണത്തിന്റെ അന്തർധാര കാലക്രമേണ കുറഞ്ഞുകൊണ്ടേയിരുന്നു. അതെ, അവൾ ഇന്നൊരു ചിത്രശലഭമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഒരു വർണ്ണമനോഹരിയായ ഏഴഴകുള്ള ഒരു കൊച്ചു സുന്ദരി വർണ്ണശലഭം ! ചിത്രശലഭം!

 

അവൾ കൊതിച്ചപോലെ മാനത്തെ അമ്പിളിതാരകങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ ദിനംപ്രതി മുളച്ചുപൊന്തിയ  കുഞ്ഞുചിറകുകൾ വീശിവീശിയടിച്ചു ആഞ്ഞു പറക്കുവാൻ  ശ്രമിക്കുന്നു. പ്രയത്നങ്ങൾ കണ്ടിട്ടും കാണാത്തതുപോലെ നടിച്ച കാലം, അതിന്റെ ആർത്തിക്കണ്ണുകളോടെ അവളെ ഉറ്റുനോക്കുമ്പോൾ ചോർന്നൊലിക്കുന്നത് അവളുടെ പാഴ്ക്കിനാക്കളായിരുന്നു.

തന്റെ കുഞ്ഞു ചിറകുകൾ കഴച്ചിട്ടും തെല്ലു ഭീതിയോടെ ആണെങ്കിലും അവൾ വീണ്ടും പറക്കാൻ കിതച്ചു പൊന്തി. ഭീകര നിമിഷം അവൾക്കേകിയത് അവളുടെ സ്വപ്നങ്ങൾ വേരോടെ പിഴുതെറിഞ്ഞു കൊണ്ടായിരുന്നു..! കിതച്ചു പൊന്തൽ ഒരു അത്ഭുതമായി കണ്ട കാലം, ഒരു 'കാലനായി' മാറിയതും അപ്പോഴായിരുന്നു.!! 

 

അടിവയറ്റിലെ മഞ്ഞുമലകൾക്ക് മുകളിലൂടെ അത്ഭുതം ഊറി ചൂളമടിച്ച്ഓരോ തീഗോളങ്ങളായി ഓടിക്കളിച്ചുകൊണ്ട്അവളുടെ കുഞ്ഞുചിറകുകൾ എന്നെന്നേക്കുമായി ചരിത്രത്തിന്റെ  ഏടിലേക്ക് വീണ്ടുമൊരു കറുത്ത തൂവൽ സമ്മാനിച്ചപ്പോൾ പിടഞ്ഞത് ഒരു മുഴുവൻ ജന്മത്തിന്റെ ആകെത്തുക ആയിരുന്നു..

 

 

കാലം അതിക്രൂരമായി ചരിത്രത്തിനു സമ്മാനിച്ച കറുകറുത്ത തൂവൽ,  "വാനം കാണിക്കാതെ, ഒരു പുസ്തകത്താളിൽ" മാത്രമായി "പാത്തുവെക്കാൻ" അറ്റുകളഞ്ഞപ്പോഴും ഓർത്തിരുന്നില്ല..; അവൾക്ക് വാനോളം ഉയരണമായിരുന്നു എന്ന്..!

 

 

അവൾ ചേതനയറ്റ തൻറെ കുഞ്ഞു ചിറകുകളെ നിറകണ്ണുകളോടെ നോക്കിയിരുന്നപ്പോൾ മനസിലാക്കി, കാലത്തിന്റെ വക്രിച്ച മുഖം ആരും കാണുകയില്ല, ഗൗനിക്കുകയുമില്ല  എന്ന നഗ്നസത്യം.!

അവൾ തളർന്നു വീണുപോയെങ്കിലും, തന്റെ വീണുടഞ്ഞ കിനാക്കളെല്ലാം വാരിക്കൂട്ടി മാറോടു ചേർത്ത് വെച്ചുകൊണ്ട് പാവം പണിപ്പെട്ടു ഏന്തിവലിഞ്ഞു അറ്റുപോയ മുറി ചിറകുകളുടെ സഹായത്തോടെ ചാടിക്കൊണ്ടേയിരുന്നു.

കാലം പരിശ്രമങ്ങൾ, ഒരു തമാശ കണ്ട ലാഘവത്തിൽ തെല്ലു പുച്ഛത്തോടെ നോക്കി അവളെ ഇളിച്ചു കാട്ടി ആസ്വദിച്ചുകൊണ്ടേയിരുന്നു.

ഹാ , കഷ്ടം! ദൈവം അവൾക്ക് ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പുതുച്ചിറകുകൾ നൽകട്ടെ..!!

Author
Meera Radhakrishnan
Author's Email
bimal.varkala@gmail.com
Author's Phone No
55958
Company
vote
0