Skip to main content
Srishti-2019   >>  Short Story - Malayalam   >>  ഞാനും ഒരു # Me Too

ഞാനും ഒരു # Me Too

Written By: BISMITHA B
Company: Accelfrontline

Total Votes: 0
Vote.

"അതെ , ഞാൻ ഒരു ഇരയാണ് ..പീഡിപ്പിക്കപ്പെട്ടവൾ ആണ് ...മുറിവേറ്റതും , നഷ്ടം സംഭവിച്ചതും എനിക്കാണ് ....അത് കൊണ്ട് ...?"


അഭിരാമി ചോദ്യഭാവത്തിൽ തനിക്കു നേരെ ഇരിക്കുന്ന മുഖങ്ങളിലേക്കു നോക്കി ...ആരും ഒന്നും മിണ്ടുന്നില്ല ....എല്ലാവരും തന്നെ  തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ് ...


"എന്തെ ...? ചോദ്യങ്ങളൊന്നും ബാക്കിയില്ലേ ആർക്കും ? ഇങ്ങനെയല്ലായിരുന്നല്ലോ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ വരെ ? എന്റെ ഫേസ്ബുക്കും , വാട്സ്ആപ്പും എന്ന് വേണ്ട എല്ലാ സോഷ്യൽ മീഡിയയുടെ ചുമരുകളിലും  ട്രോള്ളിയും , പുലഭ്യം പറഞ്ഞും നടന്ന നിങ്ങടെയൊക്കെ വായിലിപ്പോൾ നാക്കില്ലേ .....?

അല്ല , അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ....എന്താ നിങ്ങൾക്കൊക്കെ വേണ്ടത് ? നിങ്ങൾക്കു അറിയേണ്ടതൊക്ക ഞാൻ പറഞ്ഞു തരാം , പക്ഷെ ചോദ്യങ്ങളും സംശയങ്ങളും ഇന്ന് കൊണ്ട് തീർത്തോളണം ....ഇന്നത്തേക്ക് ശേഷം  - "അഭിരാമി ....പീഡനത്തിനിരയാക്കപ്പെട്ടവൾ എന്ന നിലയ്ക്ക് കുട്ടിക്ക് എന്താണ് പറയാനുള്ളതെന്നു ചോദിച്ചു ഒരുത്തനെയും എന്റെ മുന്നിൽ കണ്ടു പോകരുത് ..."

 


വീണ്ടും നിശബ്ദയായി അവൾ മുന്നിലിരിക്കുന്നവരെ നോക്കി ....ഇത്തവണ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ചോദ്യം അവൾക്കു നേരെ ഉയർന്നു ...


"ഇത്രയും നാൾ നിശ്ശബ്ദയായിരുന്ന അഭിരാമിക്ക് പെട്ടെന്നെന്തേ വാ തുറക്കാൻ തോന്നി ? ഒരു ഹാഷ് ടാഗ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവോ ? "


അഭിരാമിയുടെ മുഖത്തു പുച്ഛം ...


"അതെ , ഒരു ഹാഷ് ടാഗ് കിട്ടാൻ കാത്തിരിക്കുകയായിരുന്നു .അത് കൊണ്ട് ?"


ചോദ്യകർത്താവിന്റെ വായിൽ നിന്നും പുറത്തേക്കുന്തി വന്ന അടുത്ത ചോദ്യം അഭിരാമി കൈകൾ ഉയർത്തി തടഞ്ഞു ....


"തനിക്കറിയോ ..., എനിക്കെന്താണ് സംഭവിച്ചത് എന്ന് ? ഇരിക്കുന്നവരിൽ ആരെങ്കിലും വന്നു ഒന്ന് അന്വേഷിച്ചോ , നിനക്കെന്തു സഹായമാണ് ഞങ്ങൾ ചെയേണ്ടത് എന്ന് ?ആരും ഒന്നും അന്വേഷിച്ചില്ല , പകരം ഇര എന്ന പേര് നൽകി ആദരിച്ചു ....


ഈശ്വരനും മുകളിൽ ഞാൻ പ്രതിഷ്ഠിച്ച എന്റെ പ്രിയപ്പെട്ട ഗുരുനാഥനിൽ നിന്നും എനിക്കുണ്ടായ ഏറ്റവും മോശമായ അനുഭവം മറ്റാരോടും പറയാൻ കഴിയാതെ വിങ്ങിയ എന്റെ മനസ്സിന്റെ നൊമ്പരങ്ങൾ നിങ്ങൾ ആരെങ്കിലും അറിഞ്ഞിരുന്നോ

ഒന്ന് വാ തുറന്നതിനു  നാട്ടിലാകെ പ്രചരിച്ച   സ്വന്തം മകളുടെ അശ്ളീല  വീഡിയോ കണ്ടു കൂട്ട ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിനെ നിങ്ങൾ ഓർക്കുന്നുണ്ടോ ?അവിടം കൊണ്ട് അവസാനിച്ചോ എന്തെങ്കിലും


കോടതിയിലെ ചോദ്യ വേളകളിൽ ഒരു വേശ്യയായി ഞാൻ മുദ്രകുത്തപെട്ടപ്പോൾ നിങ്ങളൊക്കെ തന്നെ അല്ലെ അത് ആഘോഷമാക്കിയത് ?അന്ന് മുതൽ ഇന്നോളം ഒരു രാത്രിയുടെ വില പറഞ്ഞു എന്നെ തേടിയെത്തുന്ന ആൾക്കാരുടെ എണ്ണം നിങ്ങൾക്കറിയാമോ ?


നാട്ടുകാർക്ക് മുന്നിൽ തല ഉയർത്തിപ്പിടിക്കാൻ കഴിയാതെ , ബന്ധുക്കളുടെ തുണയില്ലാതെ ,ഇരുട്ടിനേക്കാൾ വെളിച്ചത്തിനെ ഭയന്ന് ജീവിച്ച ഒരു പെണ്ണിന്റെ വേദന നിങ്ങൾക്കാർക്കും മനസിലാകില്ല ,അത് മനസ്സിലാക്കണമെങ്കിൽ നിങ്ങളുടെ അമ്മയ്ക്കോ , മക്കൾക്കോ സഹോദരിമാർക്കോ ഇത് പോലൊരു ഗതി വരണം ....."


"ഞങ്ങൾ എന്ത് ചെയ്യണം എന്നാണ് മിസ് .അഭിരാമി പറയുന്നത് ?"


"വാ തുറക്കുന്ന പെണ്ണിനെ ഇരയായല്ല , വേദന അനുഭവിക്കുന്ന ഒരു മനുഷ്യനായി കാണണം , അവളെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതെ കൂടെ നിൽക്കണം ......ഹമ് ...അതൊക്കെ സ്വപ്നങ്ങളിൽ മാത്രം നടക്കുന്ന കാര്യമാ സുഹൃത്തേ ,,,,,,നിങ്ങൾ മീഡിയ എന്നും സെൻസേഷൻസ്ന്റെ പുറകെയാണല്ലോ ......റേറ്റിംഗ് കൂട്ടാൻ നടക്കുന്ന നിങ്ങളോടൊന്നും ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ....


ചോദ്യ ശരങ്ങൾ മതിയായി എങ്കിൽ ഞാൻ പോകുന്നു  . ഞാനും ഒരു #ME TOO ആണ് ...എനിക്കെല്ലാം ഇല്ലാതാക്കിയ ആരാധ്യ പുരുഷൻ  ഇന്നും സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു ....അയാൾ  ജീവിക്കട്ടെ അല്ലെ ,...."

അഭിരാമി പറഞ്ഞു മതിയാക്കി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

അവളുടെ  മുഖത്തേക്ക് തുരു തുരാ ഫ്ലാഷുകൾ മിന്നി മറഞ്ഞു ....                                                 *****************************    


കാറിലിരിക്കുമ്പോൾ അവൾ തീർത്തും സന്തോഷവതിയാണെന്നു സുധിക്ക്   തോന്നി ..


" അഭി ....നീ നല്ല സന്തോഷത്തിലാണല്ലോ ,എന്താ കാര്യം ?"


" അതെ സുധി , വളരെ സന്തോഷമുണ്ട് ...ഒരുപാട് നാളായി മനസ്സിൽ കിടന്ന വിങ്ങലുകളാണ് ഇന്ന് പുറത്തു വന്നത്  , അതിനു കാരണമായത് നീയാണ് ..അച്ഛനും അമ്മയും നഷ്ടപ്പെട്ടു , ആത്മഹത്യാ ശ്രമവും പരാജയപ്പെട്ടു  അഭയാശ്രമത്തിൽ കഴിഞ്ഞ എനിക്ക് നീ തന്ന ആത്മ ബലം ചെറുതൊന്നുമല്ല ......നീ തന്ന ധൈര്യമാണ് ഇന്നും എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നത്...." 


അവളുടെ കൈകളെ തന്റെ കൈക്കുള്ളിലേക്കു ചേർത്തു പിടിച്ചു കൊണ്ട് സുധി ചോദിച്ചു

 " ധൈര്യത്തിന്റെ തണലിൽ ഇനിയുള്ള ജീവിതം കൂടി തനിക്കു ജീവിച്ചു കൂടെ?" 


അഭിരാമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...


."ഇതിനു ഞാൻ എന്ത് മറുപടിയാ പറയുക ....ഒരു പുരുഷന്റെ കൈ പിടിക്കുമ്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ഉള്ള ധൈര്യം ഒരു പെണ്ണിന് നൽകുന്നത് അവളുടെ പരിശുദ്ധിയാണ് .... പരിശുദ്ധി എനിക്കിന്നില്ല സുധി ..ഒരു നിമിഷം കൊണ്ട് തനിച്ചായിപ്പോയ എനിക്ക് ജീവിക്കാനുള്ള ധൈര്യം സുധി തന്നില്ലേ ,അത് മതി എനിക്ക് ...അതിൽ കൂടുതലൊന്നും സ്വീകരിക്കാനും മാത്രം യോഗ്യതയൊന്നും എനിക്കില്ല ...."


സുധി ഒന്ന് പുഞ്ചിരിച്ചു ....


"അഭി , പരിശുദ്ധി ശരീരത്തിനല്ല , മനസ്സിനാണ് വേണ്ടത് ...അത് നിനക്ക് ആവോളമുണ്ട് ...അതെ എനിക്കും വേണ്ടു....."


അഭിരാമി എന്തെങ്കിലും പറയുന്നതിന് മുൻപേ സുധി അവളെ തന്റെ കരവലയത്തിൽ ഒതുക്കി ...


സുധിയുടെ ഉള്ളിലെരിയുന്ന അഗ്നിപർവ്വതത്തിന്റെ ചൂടറിയാതെ , തോളിൽ ചാഞ്ഞു കിടക്കുമ്പോൾ താൻ തനിച്ചല്ലെന്ന തിരിച്ചറിവിൽ അവളുടെ ചുണ്ടിലും അറിയാതെ ഒത്തു പുഞ്ചിരി വിടർന്നു ....                                                 *****************************    


ഇനി വധുവിന്റെ ഒപ്പ്.....


വിറയ്ക്കുന്ന കരങ്ങളോടെ അവൾ പുതിയ ജീവിതത്തിനു ഒപ്പ് വയ്ച്ചു .സുധിയുടെ കയ്യും പിടിച്ചു നടക്കുമ്പോൾ ഒരു വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെടുന്ന പോലെ അവൾക്കു തോന്നി  ...


" നമ്മൾ എങ്ങോട്ടേക്കാ സുധി പോകുന്നത് ?"


" ആഹാ....നല്ല ചോദ്യം , കല്യാണം കഴിഞ്ഞാൽ പെണ്ണിനേയും കൊണ്ട് സാധാരണ എങ്ങോട്ടേക്കാ പോകാറ് എന്ന് പോലും നിനക്കറിയത്തില്ലേ ?"


" സുധിയുടെ അച്ഛനും അമ്മയുമൊക്കെ എന്നെ അംഗീകരിക്കുമോ ? " 


'"അമ്മ അംഗീകരിക്കും , പെങ്ങളും അംഗീകരിക്കും ....അച്ഛൻ എന്തായാലും അംഗീകരിക്കില്ല .."


"അപ്പോൾ നമ്മളെന്തു ചെയ്യും ?"


"ഒന്നും ചെയ്യില്ല , എന്റെ ഭാര്യയായി , എന്റെ വീട്ടിലെ മരുമകളായി , എന്റെ പെങ്ങളുടെ ഏട്ടത്തിയമ്മയായി , എന്റെ കൊച്ചുങ്ങളുടെ അമ്മയായി , അങ്ങനെ അങ്ങനെ വീട്ടിൽ നീ ജീവിക്കും .."


"..കൊഞ്ചാതെ വന്നു വണ്ടിയിൽ കയറെടി പെണ്ണെ.....അമ്മയവിടെ നില വിളക്കും കൊളുത്തി കാത്തു നിൽക്കുവാ ...."


ഒന്നും മനസ്സിലാകാതെ മനസ്സിലൊരായിരം ചോദ്യങ്ങളും , ഒരു കെട്ടു സംഘർഷങ്ങളുമായി അവൾ കാറിലേക്ക് കയറി ....                                                 *****************************    


മുറ്റം നിറയെ മുല്ലച്ചെടികൾ നട്ടു പിടിപ്പിച്ച പരമ്പരാഗത നാലുകെട്ട് രീതിയിൽ നിർമിതമായ ഇരുനില വീടിനു മുന്നിൽ വണ്ടി നിന്നു...


"ഇറങ്ങു അഭി ...ഇനി മുതൽ ഇതാണ് നിന്റെ വീട് ..."


സുധിയുടെ  കരം ഗ്രഹിച്ചു അവൾ തന്റെ വലത്തെ പാദം നിലത്തൂന്നി ...അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ച് പൂമുഖത്തേക്കു നടന്നു .....

കൈയിൽ നിലവിളക്കുമായി നിറ പുഞ്ചിരിയോടെ ഒരമ്മ ...അരികിൽ സുധിയുടെ പെങ്ങൾ ......അതിനും പുറകിലായി നിൽക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു ഭയം തോന്നി .......


അത് മനസ്സിലാക്കിയെന്നോണം സുധി പറഞ്ഞു .."പേടിക്കേണ്ട , അച്ഛനൊന്നും പറയില്ല ....ഞാൻ പരിചയപ്പെടുത്തിത്തരാം ..."


" വിളക്ക് വാങ്ങു മോളെ .....സന്തോഷത്തോടെ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു  കയറിവാ... "   - സുധിയുടെ അമ്മയാണ് ...അവൾ നിലവിളക്കും വാങ്ങി വലതു കാൽ പടിയിലേക്കു വച്ചു....


"സുധി ....ഇവളി വീട്ടിൽ കയറിയാൽ ഞാൻ ഇവിടുന്നു ഇറങ്ങും ...."


അഭിരാമി ഞെട്ടിത്തരിച്ചു ശബ്ദത്തിനുടമയെ നോക്കി ....


യാതൊരു ഭാവഭേദവുമില്ലാതെ സുധി അച്ഛനെ നോക്കി , പിന്നെ അഭിരാമിയോടായ് പറഞ്ഞു


 "അഭി ....ഇതാണ് എന്റെ അച്ഛൻ ...പ്രൊഫെസ്സർ ഗോപിനാഥൻ നായർ ..നീ കേട്ടിട്ടുണ്ടായിരിക്കും , കണ്ടിട്ടുമുണ്ടായിരിക്കും ....നിന്നെയും പഠിപ്പിച്ചിട്ടുണ്ടല്ലോ അല്ലെ ......"


അഭിരാമിയുടെ കണ്ണുകളിൽ നിന്നും കുടുകുടാ കണ്ണീർ ഉതിർന്നു വീണു 

.....അവൾ തളർന്നു താഴെ വീണേക്കുമോ എന്ന് സുധിക്ക് ഭയം തോന്നി ...


സുധിയുടെ 'അമ്മ അവളുടെ ചുമലിൽ  കൈകൾ വച്ചു , " മോള്  ഇതൊന്നും കേൾക്കണ്ടവിളക്ക് കൊണ്ട് പൂജാമുറിയിൽ വയ്ക്കു ...."


അഭിരാമിക്ക് പക്ഷെ ഒരടി പോലും നടക്കാൻ കഴിഞ്ഞില്ല ...


"ഡാ സുധി ....ഇവളെ ഇപ്പോൾ ഇവിടുന്നു ഇറക്കി വിട്ടോളണം , അല്ലെങ്കിൽ അവളെയും കൊണ്ട് നീ ഇവിടുന്നു ഇറങ്ങിക്കോളണം ....അമ്മയും മക്കളും ചേർന്ന് എന്നെ തോൽപ്പിക്കാനുള്ള ശ്രമമാണോ ?- ഗോപിനാഥൻ ദേഷ്യം കൊണ്ട് വിറച്ചു ...


" ഇവിടെ ആർക്കും ആരെയും തോൽപ്പിക്കണ്ടസുധിയും അഭിരാമിയും ഇവിടെ ജീവിക്കും , കൂടെ ഞാനും എന്റെ മോളും കാണും ...ഞങ്ങൾ ആരും  ഇവിടുന്നു ഇറങ്ങില്ല ...ഗോപിയേട്ടന്  അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇറങ്ങിപ്പോകാം ....." 


സുധിയുടെ അമ്മയുടെ ഉറച്ച തീരുമാനം കേട്ട് ശെരിക്കും ഞെട്ടിയത്  അഭിരാമിയായിരുന്നു ......അഭിയുടെ കൈയിൽ നിന്നും നിലവിളക്കു വാങ്ങി സുധി പൂജാമുറിയിൽ കൊണ്ട് വച്ചു ..തിരികെയെത്തി അവളുടെ കൈ പിടിച്ചു അച്ഛന് മുന്നിലായി നിന്നു കൊണ്ട് അവൻ പറഞ്ഞു ......


"ജീവിതത്തിൽ ഞാൻ ഒരു പെണ്ണിനേയും ഇതേ വരെ സ്നേഹിച്ചിട്ടില്ല ,പക്ഷെ  നിമിഷം മുതൽ അഭിരാമി എന്റെ പെണ്ണാണ് . മകന് ഇനിയെന്നും ഒരു പെണ്ണ് മതി ........മരണം വരെയും അതിനു മാറ്റമുണ്ടാകില്ല ......അച്ഛന്റെ തെറ്റ് തിരുത്താനുള്ളതല്ല മകന്റെ ജീവിതം ....ചെയ്തത് തെറ്റാണെന്നു ബോധ്യം വരുന്ന നാളിൽ മാത്രം ഇവളെ മരുമകളായി അംഗീകരിച്ചാൽ മതി ......ഇവൾ ഇവിടെ തന്നെ കാണും ...."


അഭിരാമിയെയും ചേർത്തു പിടിച്ചു സുധി മുറിയിലേക്ക് നടന്നു ...

അമ്മയും പെങ്ങളും തങ്ങളുടെ കാര്യങ്ങളിലേക്ക് വ്യാപൃതരായി ....

ഭൂമി പിളർന്നു താഴേക്കു പോയെങ്കിലെന്നു ആഗ്രഹിച്ചു പരിസരബോധം നഷ്ടപ്പെട്ടവനെപ്പോലെ ഗോപിനാഥൻ നായർ തറയിലേക്കിരുന്നു ....ആശ്വാസത്തിനായി ഒരു കരമെങ്കിലും തന്റെ നേരെ നീണ്ടെങ്കിൽ എന്ന് അയാൾ വെറുതെ വ്യാമോഹിച്ചു ....                                                 *****************************    


"സുധി .....ഞാൻ.....എന്നോട് എങ്ങിനെ  ...."


സുധി അവളുടെ വായ പൊത്തി ...നെറ്റിയിൽ തലോടി ....ഒരച്ഛന്റെ വാത്സല്യത്തോടെ , ഒരു കാമുകന്റെ പ്രണയാതുരമായ ഹൃദയത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ......പിന്നെ അവളുടെ കാതിൽ പതിയെ മൊഴിഞ്ഞു ...


"ഇതാണ് ശരി ......മധുരതരമായ ഏറ്റവും വലിയ ശരി ....

"                                                 *****************************    

ശുഭം