Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഉപ്പ്

Abhishek S S

Acsia Technologies

ഉപ്പ്

അലസമായി കിടന്നിരുന്ന കടലിൽ നിന്ന് നല്ലൊരു തിര വന്ന് തട്ടി. കാലൊന്ന് കുളിർന്നു. കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണുകൊണ്ടിരുന്ന മണൽ തരികൾക്കിടയിൽ അയാളുടെ നരച്ച കാഴ്ച്ച കടല് കീറി മുന്നോട്ട് പോയി.

 

"ഇനിയിപ്പോ ഇന്ന് നോക്കീട്ട് കാര്യമില്ല സാറേ... നാളെ രാവിലെ ഇറങ്ങാം..."

 

കോസ്റ്റ് ഗാർഡിന്റെ പറച്ചിലിൽ ആ വയസ്സൻ കാഴ്ച മങ്ങിയില്ല.

 

മണൽ ഭിത്തിക്ക് അപ്പുറം പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ഉള്ളിൽ വാക്കിടോക്കി മുരൾച്ച കണക്കെ എന്തൊക്കെയോ ശബ്ദിച്ചു കൊണ്ടേ ഇരുന്നു.

 

"സാറ് വരണം...ഞങ്ങൾ വീട്ടിൽ കൊണ്ട് ചെന്നാക്കാം.."

 

സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ, വൃദ്ധന്റെ തോള് തന്നോട് ചേർത്ത് പിടിച്ച് ഒരു ശ്രമം നടത്തി നോക്കി.

കാഴ്ചക്ക് നേരെ പട വെട്ടിയെന്നോണം കടൽ കാക്കകൾ തിരകളൊഴിഞ്ഞ ഒരു ഭാഗത്ത് വട്ടമിട്ട് പറന്നു. വൃദ്ധൻ മണൽഭിത്തി വിട്ട് തിരികെ നടക്കാൻ കൂട്ടാക്കിയില്ല. അയാളുടെ കുറച്ചു മുന്നേയെറിഞ്ഞ നോട്ടമൊട്ട് പിന്നോക്കം വന്നതുമില്ല.

സൂര്യൻ താണു.

ആൾക്കാരോട് തീരം വിടാൻ പറഞ്ഞുകൊണ്ട് പോലീസുവണ്ടികൾ റോന്ത് തുടങ്ങി.

വൃദ്ധന്റെ കണ്ണ് തട്ടി ഒരു ഉപ്പുകാറ്റ് റോഡിലേക്കോടി മറഞ്ഞു. കൺപോളകളിലുടക്കിയ ചെറുപൊടിക്കാറ്റിന്റെ മറ നീക്കി അയാൾ കടലിലെ പരപ്പിലേക്ക് ഉറപ്പിച്ചു നോക്കി. അതാ അവിടെ, ഒരു മീൻ, തല പൊക്കി നോക്കി താണു പോയി. വീണ്ടും വന്നു നോക്കി. തന്നെത്തന്നെ നോക്കി എന്നുറപ്പിക്കാൻ അയാൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

തല പൊന്തിച്ചു നോക്കി താണ മീൻ, അടിത്തട്ടിലെ ചെറുപാറകൾക്കിടയിലൂടെ താഴേക്ക് നീന്തി. ആദ്യമായി നീന്തുന്നത് പോലെ. വല്ലാത്തൊരു ഉത്സാഹം അവന്റെ നീന്തലിൽ! അവന്റെ കലങ്ങിയ കണ്ണുകളിൽ നിറഞ്ഞിരുന്ന ഉപ്പ് ചുറ്റിലുമായി പണ്ടേ പരന്നിരുന്ന ഉപ്പിൽ ചേർന്നില്ലാതായിട്ട് മണിക്കൂറുകളായി തുടങ്ങിയിരുന്നു.

 

ഊളിയിട്ട് അടിയിലേക്ക് പോകുന്തോറും അവന്റെ മുഖഭാവം മാറി. അവന്റെ മുഖത്ത് മിനിട്ടുകൾക്ക് മുന്നേ വരെ ഇല്ലാതിരുന്ന മീശ തിരികെ വന്നു. ഉടലിന് ബലം കൂടി. മിനുസമുള്ള തൊലിക്ക് പഴയ ഗോതമ്പ് നിറം കൈ വന്നു. എല്ലാം പഴയത് പോലെ തന്നെ. പക്ഷെ കാലുകൾ ഇല്ല. അടുക്കിക്കെട്ടിയ തഴുതാമ പോലെ ചെവികൾ ആടിക്കൊണ്ടേ ഇരുന്നു. സാധാരണ, വെള്ളം കയറിയാൽ കുറുകുറെ കേൾപ്പിക്കുന്ന ചെവികൾ ശാന്തഭാവത്തിൽ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

അവൻ ഒരിക്കൽ കൂടെ മുകളിലേക്ക് ഊളിയിട്ട് പരപ്പിലെത്തി, മണൽ തിട്ടയിലേക്ക് നോക്കി. അപ്പോഴും വൃദ്ധൻ അവന്റെതായി തിരികെ എത്തിച്ച ഷൂസിൽ മണൽ നിറച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അവൻ കൈകൾ ഉയർത്തി നോക്കി. ഇല്ല, ഇതുവരെ ഉണ്ടായിരുന്ന കൈകൾ കാണുന്നില്ല. പകരം ചെറിയ ചിറകുകൾ പോലെ എന്തോ ഒന്ന്.

രണ്ടുമൂന്ന് വട്ടം കറങ്ങി, അവൻ വീണ്ടും താഴേക്ക് പോയി. മീശ വീണ്ടും കിളിർത്തു. കുടലിന്റെ വളവറിയാൻ കണക്കെ വയറിൽ വരകൾ തെളിഞ്ഞു. പക്ഷെ കാലുകളുടെ സ്ഥാനത്ത് ഇപ്പോഴും വാല് മാത്രം.

ചന്ദ്രൻ തെളിമ അറിയിച്ചു തുടങ്ങി. ഒരു വാട്ടർ സ്പിരിറ്റ് അവന്റെ മുന്നിലൂടെ വേഗത്തിൽ പാഞ്ഞു.

പെട്ടെന്നൊരു കൈവന്ന് തോളത്ത് വീണത് പോലെ തോന്നി.

 

"ഹലോ.. പുതിയ ആളാണല്ലേ?"

 

അവൻ തല കുലുക്കി.

 

"ഹ്മ്മ്.. ഞാൻ അറിഞ്ഞു. കുറച്ചു കൂടെ ടൈം എടുക്കും..."

 

അവൻ സംശയ രൂപേണ അയാളെ നോക്കി.

 

"ഐ ആം ഡേവിഡ്. ഒരു ചെറിയ ഉലകം ചുറ്റും വാലിഭൻ ആയിരുന്നു.”

 

ഒന്ന് നിറുത്തി മുകളിലേക്ക് നോട്ടം എറിഞ്ഞ് അയാൾ തുടർന്നു-

 

“ദേ അവിടെ വന്നപ്പോ പായ്ക്കപ്പലിനും ഒന്ന് ചുറ്റണം എന്ന് തോന്നിക്കാണും. പായ്ക്കപ്പൽ ഒന്ന് ചുറ്റി. വക്ക് പൊട്ടി. ഞാൻ ഇങ്ങ് പൊന്നു. കപ്പലൊന്നും അല്ലാ കേട്ടോ...ഒരു ബോട്ട്..എന്റെ സന്തോഷത്തിന് കപ്പൽ എന്ന് പറയും.. വേറെ പേരുണ്ടായിരുന്നു ഇപ്പൊ മറന്നു..ഇനിയിപ്പോ ഇപ്പൊ ഈ പറഞ്ഞതും മറക്കുമായിരിക്കും ...പ്രോസസ്സ് ഓഫ് അൺലേർണിംഗ് നടന്നോണ്ടിരിക്കുവാ... ശേ, അതിലും നല്ല വാക്ക് അറിയാമായിരുന്നു..നേരത്തെ പറഞ്ഞില്ലേ..മറവി... അത് നാച്ചുറൽ ആയി നടന്നോളും...കുറച്ചു മണിക്കൂറുകൾ ...."

 

അവൻ അയാളെ അതിശയത്തോടെ നോക്കി. അയാളുടെ വാലിന് തന്റേത് കണക്കെ ചാഞ്ചാട്ടമില്ല. ഒരു മിതത്വം മൊത്തത്തിൽ കാണാനുണ്ട്.

 

"മോൻ വാ..."

 

അയാൾ അവനെയും കൂട്ടി നീന്തി മുന്നോട്ട് പോയി. അതിനോടകം അവന്റെ ബലിഷ്ഠമായ കാലിലെ അസ്ഥികൾ പണിപ്പെട്ടെന്ന വണ്ണം വളഞ്ഞു പുളയാൻ തുടങ്ങിയിരുന്നു.

 

"ഈ ഏകകങ്ങൾ ആക്ച്വലി ഒരു പറ്റിക്കലാണ്. പ്ളീസ് ഡോണ്ട് ട്രസ്റ്റ് യൂണിറ്റ്സ്. അതാണ് ഞാൻ നേരത്തെ ‘മണിക്കൂറുകൾ’ എന്ന് മുഴുമിച്ച് പറയാത്തത്. അവിടെ, അതായത് മോൻ നേരത്തെ എത്തിനോക്കിയിടത്താണ് മണിക്കൂറും സെക്കന്റും ഒക്കെ..ഇവിടെ അത് നിമിഷങ്ങളാണ്..സോറി എഗൈൻ യൂണിറ്റ്സ്..മൈ ബാഡ്...അൺലേർണിംഗ് നടക്കുന്നതേ ഉള്ളൂ..ഇറ്റ് വിൽ ടേക് ടൈം...അതിനും വേറെ നല്ല സെന്റെൻസ് ഉണ്ടായിരുന്നു...ഞാൻ മറന്നു...മറവീടെ കാര്യം പറഞ്ഞപ്പോഴാ…”

 

ശ്വാസം വിഴുങ്ങി ഡേവിഡ് തുടർന്നു-

 

“ഞാൻ ഇടക്ക് ഓർമ്മിക്കാൻ വേണ്ടി ചിലതൊക്കെ ഇവിടത്തെ ചില പാറകളിൽ ഒക്കെ കുറിച്ചിട്ടിരുന്നു. അത്യാവശ്യം കുറെ വാക്കുകൾ...പക്ഷെ പാറകൾ എവിടെയാണെന്ന് ഞാൻ മറന്നു പോകും!...അത് വേറെ കാര്യം...ഉദാഹരണത്തിന് എന്റെ പേര്! കഴിഞ്ഞയാഴ്ച വെയിലടിക്കാൻ നേരം ഒരു പൊട്ടിത്തെറി... നാല് പാറ പൊട്ടി.. തവിടു പൊടി...ഒരു സ്‌മോൾ സ്കെയിൽ അഗ്നി പർവതം...കാരണം ഉണ്ട്..എന്നെക്കൂടാതെ ഒരു പത്തായിരം ടീംസ് പാറയുടെ മറ്റേ സൈഡിൽ എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ടായിരുന്നെന്ന്!...ഈ എഴുതിയവനെയൊക്കെ എന്തു ചെയ്യാനെന്നു നോക്കണേ!!..ചിലവന്മാർ നക്ഷത്രം, ജാതകം ഒക്കെ കുറിച്ചിട്ടുണ്ടായിരുന്നെന്ന്..വൻ സംഗതികൾ ആണ് ഇവിടെ..അവിടത്തെ പോലെ അല്ലേയല്ല...ഒൺലി സ്ട്രാറ്റജിക് മൂവ്സ്... ചില സമയത്ത് സർജിക്കലും...മിണ്ടാൻ സമയം കിട്ടൂലാ..നമ്മൾ മനസ്സിൽ കാണുമ്പോ അവര് വെള്ളത്തിൽ കാണും... "

 

ആരാ അവര് എന്നയര്ത്ഥത്തിൽ അവൻ ഒന്ന് നോക്കി.

 

"അതൊക്കെ വഴിയേ മനസിലാകും...ആദ്യം നേരെ ചൊവ്വേ മറക്കാൻ പഠിക്ക്...ങ്ങും.."

 

മരതക നിറത്തിൽ തങ്ങളെ കടന്നുപോയ മത്സ്യത്തെ നോക്കി അവൻ ഒരു നിമിഷം നിന്നു.

 

"ഡേ പയ്യൻ...ആ പരിപാടി ഒക്കെ വെള്ളത്തിനപ്പുറം..ഇവിടെ അതൊന്നും നടക്കൂലാ.. വീ ആർ വെരി സ്‌ട്രിക്‌ട്..."

 

ഒന്ന് ശങ്കിച്ചെന്ന വണ്ണം അയാൾ മാറ്റി പറഞ്ഞു -"ഐ മീൻ ദേ ആർ.."

 

കുറച്ചധികം മുന്നോട്ട് നീങ്ങി താഴത്തേക്ക് പോകും വഴി, കൊട്ടാരം കണക്കെ ഒരു രൂപം. കല്ലിൽ തീർത്തത്. വക്കുകളിൽ പിരിയൻ ശംഖുകൾ പിടിപ്പിച്ചിട്ടുണ്ട്. തൂണുകളിൽ ആഫ്രിക്കൻ വള്ളിച്ചെടികൾ കൊണ്ട് അലങ്കരിച്ചത് പോലെ അവന് തോന്നി.

കാഴ്‌ചകൾ കണ്ട് ഇത്തിരി മുന്നിലായ അവന്റെ വാലിൽ തട്ടിക്കൊണ്ട് അയാൾ അവനു നേരെ തന്റെ പല്ലുകൾക്കിടയിൽ കിടന്നിരുന്ന ഒരു പായൽ വള്ളി കൊടുത്തു.

"കഴിച്ചോ...ഇവിടെ ഇതൊക്കെയേ ഉള്ളൂ.. കുറെ കഴിയുമ്പോ ഡയറ്റ് പ്ലാൻ മാറും.. ഭാഗ്യം ഉണ്ടേൽ.. "

 

അവനത് വലിച്ചു ചവച്ചു.

 

"ചവർപ്പായിരിക്കും എന്നാണ് കരുതിയതെങ്കിൽ തെറ്റി, ഇനിയങ്ങോട്ട് ഇത് മധുരിച്ചു തുടങ്ങും..ആ വളവ് കഴിഞ്ഞു നാല് പാറയും മൂന്ന് നക്ഷത്ര പൊത്തും കടന്നാൽ നീലത്തട്ടാണ്. അതാണ് പുതിയ ആൾക്കാരുടെ സ്ഥലം. ആരേലും ചോദിച്ചാൽ 5 സ്റ്റാർ ആണെന്ന് പറഞ്ഞേക്കണേ. അയ്യോ! പറയാൻ വിട്ടു. ഞാൻ ആണ് മോന്റെ മെന്റർ... സ്റ്റാർ റേറ്റിംഗ് താഴെ പോയാൽ ഡിമാൻഡ് ഇടിയും. നേരത്തെ പറഞ്ഞ ഡയറ്റ് പ്ലാൻ തെറ്റും. എന്ന് വച്ചാൽ, വീണ്ടും പച്ചയും വള്ളിയും ആകും ഫുഡ്.. സൊ എന്റെ ആരോഗ്യം മോന്റെ കൈയിലാണ്..."

 

അതും പറഞ്ഞുകൊണ്ട് ഡേവിഡ് നീന്തി അകലേക്ക് പോയി, അവൻ മുന്നോട്ടും.

 

കിനാവള്ളി ചുറ്റിയ കണക്കെ ഒരിടം. ചില പ്രത്യേകയിനം പൂക്കൾ. അവയ്ക്കുള്ളിൽ ചെറു മൽസ്യങ്ങൾ ഒളിച്ചു കളിക്കുന്നത് പോലെ അവനു തോന്നി. ഒരു നക്ഷത്രയാമ പതിയെ അവന്റെ അരിക് തട്ടി കടന്നു പോയി.

 

നല്ലൊരു കാറ്റ്. ചൂരൽ ചുറ്റ് പോലെ ഇളകിയാടുന്ന ഒരു തുരങ്കത്തിലൂടെ അവൻ കൂടുതൽ വെളിച്ചമുള്ള സ്ഥലത്തേക്ക് എടുത്തെറിയപ്പെട്ടത് പോലെ തോന്നിച്ചു. ഒന്ന് രണ്ടു കരണം മറിഞ്ഞു കൊണ്ട് അവൻ നിലത്ത് വാലൂന്നി നിന്നു. നേരത്തെ ഡേവിഡ് പറഞ്ഞ അയാളുടെ ബോട്ടിലെ കണ്ണാടി തന്റെ മുന്നിൽ മുറിഞ്ഞു കിടപ്പുണ്ട്. തന്റെ മുന്നിലെ പൊട്ടിച്ചിതറിയ തന്റെ പ്രതിബിംബം കണ്ട് അവൻ ഞെട്ടി. ഒരു തിരിച്ചറിവ്. ഒരു തരം മരവിപ്പ് പോലെ. പിന്നെയവൻ കണ്ണാടി കഷ്ണങ്ങളിലേക്ക് നോക്കിയില്ല.

 

വീണ്ടും കാറ്റ് വീശി, കണ്ണാടി വെള്ള മണലിനടിയിൽ പുതഞ്ഞു താണു..

 

എന്തോ ചവച്ചു കൊണ്ട് ഒരാൾ ചുമല് തട്ടി മുന്നോട്ട് നീങ്ങി. വീണ്ടും ഡേവിഡ്.

 

"ഇന്നത്തെ ഫുഡ് കൊള്ളാം... എന്താ മോന്റെ പകപ്പ് മാറിയില്ലേ? പതിയെ മാറും..എത്ര പതിയെ എന്ന് ചോദിക്കരുത്.. എത്രയോ ഒരു പതിയെ...ഞാൻ ഈ യൂണിറ്സ് നെ പറ്റി പറഞ്ഞില്ലേ..അത് ഇവിടെയും ആപ്ലിക്കബിൾ ആണെന്ന് മനസിലാക്കിയാൽ മതി. ഈ മുകളിൽ ഉള്ളവരെ..."

 

"ങേ" അവൻ സംശയ രൂപത്തിൽ നോക്കി.

 

"മണ്ണിൽ ജീവിക്കുന്നവർ..കൺട്രി ഹ്യൂമൻ ബീയിങ്സ്... അവരിപ്പോഴും അവർക്ക് മുകളിലേക്ക് നോക്കിയാ തൊഴുന്നത്...അവരെ കൊണ്ട് താഴേക്ക് നോക്കി തൊഴീക്കാനാ ഇനിയുള്ള കാലം...കാലം മീൻസ് എഗൈൻ ഒരു യൂണിറ്റ്ലെസ്സ് സംഗതി.. ദാറ്റ്സ് ഓൾ മൈ ഡിയർ..."

 

അവന്റെ കണ്ണുകൾ ചെറുതായി അടഞ്ഞത് പോലെ.

 

"ഹേ കമോൺ ബോയ്... യുവർ അപ്പൂപ്പൻ വിൽ ബീ ഓൾറൈറ്.."

 

ഡേവിഡ് അവനെ ചേർത്ത് പിടിച്ചു.

 

"വേണേൽ നീ ഇടക്കിടെ പോയി അപ്പൂപ്പനെ കണ്ടിട്ട് വാ...വല്യ കാര്യം ഒന്നും ഇല്ല! നിനക്ക് കാണാം അത്ര തന്നെ... “- ഡേവിഡ് തെല്ലൊരു ലാഘവത്തോടെ പറഞ്ഞു.

 

അരികിലുണ്ടായിരുന്ന ഒരു ചെടിക്കുളളിൽ നിന്ന് മണൽ തരികൾ പാറി. കുറേയെധികം മീൻ കുഞ്ഞുങ്ങൾ ഒരു നിമിഷാർദ്ധത്തിൽ പുറത്തേക്ക് ചാടി, പല വഴിക്ക് പിരിഞ്ഞു പോയി.

ഇത്തിരി മുന്നോട്ട് നീന്തിയെങ്കിലും തിരികെ അവനരികെ എത്തി അയാൾ തുടർന്നു.

 

“ഡേയ് മോനെ, നീ Chosen ആണ് ...സ്പെഷ്യൽ ആണ്...ഓക്കേ....നീ മാത്രം അല്ല.. നമ്മളെ പോലെ കുറേപ്പേർ.. നേരെത്തെ വന്നവർ...നമ്മുടെ നാട്ടുകാർ പറയണത് പോലെ, കടലിലേക്കിടക്കുന്നത് എല്ലാം കടല് തിരിച്ചു കൊടുക്കൂലാ...ചിലത് കടല് സൂക്ഷിച്ചു വയ്ക്കും...ചിലതേ തിരികെ കൊടുക്കൂ... എനിക്കത് ഇവിടെ വന്നപ്പോ മനസിലായതാ...പോകപ്പോകെ നിനക്കത് കൂടുതൽ മനസിലാകും... ഇവിടെ, അവിടെത്തെ പോലെ തന്നെയാണ്..പക്ഷെ എല്ലാം മായ്ച്ചു കളയുന്നത് വരെ ശരിക്കുള്ള സ്ഥലത്തേക്ക് പോകാൻ പറ്റൂലാന്നെ ഉള്ളൂ.. പിന്നെ ..ഒരു കാര്യത്തിലാണ് സാമ്യം ഉള്ളത്... അതവിടേം അങ്ങനെ ആണല്ലോ...ആളെ കൂട്ടുക..എല്ലാത്തിനും... അതിന് മാത്രം ജാതി-മത വ്യത്യാസം ഇല്ലല്ലോ...ഇവിടെ എന്റെ അറിവിൽ അങ്ങനെ ഒരു തിരിവില്ല...പക്ഷെ അംഗബലം കൂട്ടുക...ആ ടാർജറ്റ് ഉണ്ട്...അഥവാ ഈ വിവരമില്ലാത്ത മനുഷ്യൻമാർ ഏതെങ്കിലും കാലത്ത് യുദ്ധം എന്നെങ്ങാനും പറഞ്ഞു വന്നാ പിടിച്ചു നിക്കാൻ പറ്റണ്ടേ? അതിനാണ്..അല്ലെങ്കിലേ വംശനാശ ഭീഷണിയിലാണ്!"

 

അത് കേട്ട് അവനൊന്നു ചിരിച്ചു.

അതിനോടകം അവർ വളരെ ദൂരം എത്തിയിരുന്നു. അവർ കുറെയേറെ സംസാരിച്ചു. ചിരിച്ചു. അവൻ ഇടക്ക് കരഞ്ഞു.

 

"ഞാൻ എവിടെയാണെന്ന് അപ്പൂപ്പനെ അറിയിക്കാൻ എന്തേലും??"

 

ഡേവിഡ് ഒന്ന് തിരിഞ്ഞു. 90 ഡിഗ്രി ചരിഞ്ഞൊന്ന് നിവർന്ന് നിന്നു.

 

"അങ്ങനെ അറിയിച്ചിട്ട് എന്തെങ്കിലും?

 

"വേണം..അപ്പൂപ്പൻ മാത്രമേ ഉള്ളൂ...എന്നെ നോക്കി ഇരിക്കും..."

 

"എന്താ, പുള്ളിയെ ഇങ്ങോട്ട് കൊണ്ട് വരണോ? അതിനുള്ള ലിസ്റ്റ് ഒക്കെ റെഡി ആകാൻ ടൈം എടുക്കും...നിന്നെപ്പോലെ അല്ലെടെ അങ്ങേര്!!!..ഹീ ഈസ് എ പുണ്യാത്മാവ്...ശേ..അതിനും വേറെ നല്ല വാക്കുണ്ടായിരുന്നു...മറന്നു.. എന്താപ്പോ ചെയ്യാൻ പറ്റുക?"

 

റോന്ത് ചുറ്റിയ ജീപ്പുകൾ പല വഴിക്ക് പിരിഞ്ഞു. ഒന്ന് രണ്ടു പോലീസുകാർ പാറക്കെട്ടിനടുത്ത് മണൽ ഭിത്തി തുടങ്ങുന്ന ഭാഗത്ത് കാവൽ എന്ന വണ്ണം നിന്നു.

 

വൃദ്ധൻ, മണൽ നിറഞ്ഞു തുളുമ്പി നിന്ന ഷൂസ് തല കീഴായി കമഴ്ത്തി. അത് വരെ നിറച്ചു കൊണ്ടിരുന്ന മണൽ തരികൾ നിലത്ത് വീണു. ആ കണ്ണുകൾ സ്ഫടികം പോലെ തോന്നിച്ചു. പോലീസുകാർ അയാളുടെ കൈയ്യിലുണ്ടായിരുന്ന ഒറ്റക്കാൽ ഷൂസിൽ നിന്ന് മണൽ പാടെ കളഞ്ഞശേഷം അതയാളെ തിരികെ ഏൽപ്പിച്ചു.

 

അതുവരെ ശാന്തമായി കിടന്നിരുന്ന ഭാഗത്ത് നിന്ന് ഒരു വൻതിര, മണൽ ഭിത്തി ലക്ഷ്യമാക്കി എത്തിക്കൊണ്ടേ ഇരുന്നു. പതപ്പ് പിൻവാങ്ങിയപ്പോ ആ വഴി ഓടിക്കളിച്ച ഞണ്ടിൻ കൂട്ടങ്ങളുടെ പിന്നിൽ രണ്ടാമത്തെ ഷൂസ് വെള്ളം നനഞ്ഞു കിടന്നു. ആ നനവിന്റെ ഒരറ്റത്തു വൃദ്ധന്റെ ബലം കുറഞ്ഞ കാൽപ്പാടുകൾ കാണാമായിരുന്നു.

അയാൾ മണ്ണിലേക്ക് താണ കാൽ വലിച്ചു പൊക്കി, തിരമാല തന്നിട്ട് പോയ മറ്റേ ഷൂസെടുത്ത് നെഞ്ചോട് ചേർത്തു.

ആ ഷൂസിൽ ഒരു ചെറിയ പായൽ വള്ളി ചുറ്റിക്കിടന്നു. വൃദ്ധൻ പായൽ വള്ളി മാറ്റി, വെള്ളം ഇറ്റ് വീണു കൊണ്ടിരുന്ന ആ ഷൂസ് നെഞ്ചോട് ചേർത്ത് പിൻവാങ്ങുന്ന തിര നോക്കി നിന്നു. കാഴ്ച കീഴ്പ്പോട്ടാക്കി കണ്ണുകൾ ഇറുക്കെ അടച്ചു. അടഞ്ഞ പോളകൾക്കിടയിൽ ചെറു നനവ് ഒരു വര തീർത്തു. പതിയെ കണ്ണുകൾ തുറക്കാൻ തുടങ്ങി.

അകലെയായി തലപൊക്കി നോക്കിയ ഒരു മൽസ്യം, ദൂരെ നിന്നുള്ള ആ നോട്ടം തന്നിലേക്കാണെന്നറിഞ്ഞെന്ന വണ്ണം ജലോപരിതലത്തിൽ നിന്ന് പതിയെ ശരീരം താഴേക്ക് താഴ്ത്തി.

പതിയെ ആണെങ്കിലും, ചിലപ്പോൾ വരിപിടിച്ചെന്നും ചിലപ്പോൾ അല്ലാന്നും തോന്നിച്ച കുറെ കാല്പാടുകളിൽ പതയൂറിയ ഉപ്പുവെള്ളം നിറഞ്ഞു. അടയാളങ്ങൾ വെള്ളത്തിൽ ചേർന്ന് കടലിലേക്ക് തന്നെ തിരികെപ്പോയി.