Skip to main content
Srishti-2022   >>  Short Story - Malayalam   >>  അവൾ

Rugma M Nair

EY

അവൾ

കൈയ്യിലിരുന്ന വൈൻ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു, കണ്ണുകൾ പാതി മൂടി, സംഗീതത്തിൽ മുഴുകിയെന്നതു പോലെ ആണ് അവളുടെ നിൽപ്പ്. "സംഗീതമോ ഹെന്ത് പോക്രിത്തരമാണ്!, കുറേ ഇംഗ്ലീഷ് വാക്കുകൾ കൂട്ടി ചേർത്ത് തൊണ്ട കീറി അലറിയാൽ സംഗീതമാവുമോ ! "ദേവ ദേവ കലയാമിതേ ...." മോഹന ടീച്ചറുടെ തെളിഞ്ഞ ശബ്ദം , അതിലും തെളിച്ചത്തിൽ അവളുടെ ചെവിയിൽ മുഴങ്ങി.

പക്ഷേ , ആസ്വദിച്ചെന്നത് പോലെയുള്ള അവളുടെ ഈ നിൽപ്പ്, അതൊരടവാണ് , ജീവിതം മുന്നോട്ടു തള്ളിനീക്കുന്ന തത്രപ്പാടിൽ കളിക്കുന്ന അനേകം അടവുകളിലൊന്ന്.

ഇളം പച്ചനിറത്തിൽ ചെറിയ ചുവന്ന പൂക്കളുള്ള വിലകൂടിയ ജോര്ജറ്റ് സാരിയുടിത്തിരുന്നവൾ. അവളുടെ പേരോ അഡ്രസ്സോ ആ പാർട്ടിക്ക് വന്നതിൽ പലർക്കും അറിയില്ല, അവൾക്ക് തിരിച്ചും. ഇവിടെ അവൾ അറിയപ്പെടുന്നത് ഒരേ ഒരു മേൽവിലാസത്തിലാണ് - ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള പരമോന്നത ബഹുമതി നേടിയ നടൻറ്റെ സഹധർമിണി.

ചായം തേച്ച മുഖങ്ങളേയും അവയുടെ കാപട്യം നിറഞ്ഞ പേക്കുത്തുകളുടെ ഇടയിലൂടെ നടക്കുമ്പോൾ, മനസ്സ് കരയിലിട്ട മീൻപോലെ പിടയ്ക്ക്കണത് അവൾ അറിഞ്ഞു. അവൾക്ക് തീർത്തും അപരിചിതമായ, യോജിക്കാൻ കഴിയാത്ത ഒരിടം, എന്നാലവൾ, ആ പിടപ്പൊക്കെ ഉള്ളിലാക്കി അവിടവുമായ് ഇണങ്ങിചേർന്നു; ഭംഗിയായി അഭിനയിച്ചു, ആർത്തട്ടഹസിച്ചും, മദ്യലഹരിയിൽ കുഴഞ്ഞാടിയും, ആ പാർട്ടിയിൽ ഒരുവളായി.

അഭിനയം, അതയാളേക്കാൾ വഴങ്ങിയിരുന്നത് അവൾക്കായിരുന്നു. അയാൾ ജീവിക്കാൻ അഭിനയിച്ചു അവൾ അഭിനയിച്ചു ജീവിച്ചു.

"നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാവും" ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചാണ് അമ്മായി, അനാഥയായ അവളെ വളർത്തിയത്; അത് കൊണ്ട് തന്നെ ലോകത്തു സംഭവിക്കുന്ന എല്ലാ അനർഥങ്ങളുടേയും ഹേതു താനാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു, കാരണം അമ്മായിക്ക് തെറ്റില്ലല്ലോ.

"ഞാൻ കാരണമല്ല' "ഇത് എൻറ്റെ തെറ്റല്ല" "ഞാനിതർഹിക്കുന്നില്ല" എന്നിങ്ങനെ ഉള്ളിൽ നിന്ന് കത്തി പൊങ്ങുന്ന ആളങ്ങളേ ഊതികെടുത്തി എല്ലാത്തിനോടും, തലകുനിച്ചു വളർന്നപ്പോൾ അവൾ "നല്ല കുട്ടി"യായി അഭിനയിക്കുകയായിരുന്നു. അവളുടെ ഉള്ളിലുള്ള അഹങ്കാരിയും തന്നിഷ്ടക്കാരിയുമായ സത്വത്തെ പിടിച്ചു കെട്ടിയുള്ള അഭിനയം.

പിന്നീടെപ്പോഴോ ആ സത്ത്വം പുറത്തു വരാൻ വെമ്പൽ കൊണ്ടപ്പോൾ അവളത് വേറെ വഴിക്ക് തിരിച്ചു വിട്ടു. സ്ത്രീസ്വാത്രന്ത്യത്തെപ്പറ്റി അഗ്നിയിൽ കുറിച്ച വാക്കുകൾ കൊണ്ട് കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങൾ പറയുമെങ്കിലും , തിരിച്ചു വീട്ടിൽ ചെന്നു കേറുമ്പോൾ ഇതെല്ലാം വളരെ കൗശലത്തിൽ നിരസിക്കപ്പെട്ട വെറും ഒരു പെണ്ണാണ് താൻ എന്ന ഉത്തമബോധ്യത്തിനിടയിലും അവൾ ഫെമിനിസത്തിന്ൻറ്റെ അവസാനവാക്കായ്, പീഡനമനുഭവിക്കുന്നവരുടെ പ്രചോദനമുഖമായി അഭിനയിച്ചു തകർത്തഭിനയിച്ച കോളേജ് ദിനങ്ങൾ.

സ്വന്തം കാലിൽ നിന്ന് സ്വന്തം കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കുന്ന ഒരുവൾ - അതൊരു വെറും കെട്ടുകഥയാണെന്ന് മനസിലാക്കിയ നിമിഷം, വിങ്ങി പൊട്ടിയ കണ്ണുനീര് ഭൂമിക്ക് സമ്മാനിക്കാതേ, ചെറുപുഞ്ചിരിയോടെ, തൻറ്റെ മനസ്സും ശരീരവും ആദ്യമായി സ്വന്തമാക്കിയവനെ വിധിയ്ക്ക്ക് കൊടുത്തു്, അവൻറ്റെ കല്യാണത്തിനു, അതിൽ സന്തോഷിക്കുന്ന അവൻറ്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വേഷം അതിമനോഹരമായി അഭിനയിചുഫലിപ്പിച്ചു. മറ്റൊരുവൻറ്റെ മുന്നിൽ കഴുത്തുനീട്ടി. പിന്നീടിങ്ങോട്ട് നാളിതുവരെ സൗഭാഗ്യവതിയായ ഭാര്യയുടെ വേഷമാണ് അരങ്ങിൽ.

"പൊതുവേ ശാന്തനായ ഭർത്താവ്, ഉപദ്രവിച്ചോ, സാരമില്ല നീ ഇനി മുതൽ ഒരു തഞ്ചത്തിൽ നിന്നാൽ മതി".

"നിൻറ്റെ പിറന്നാൾ വീണ്ടും മറന്നോ ഇതാ ഇപ്പൊ നന്നായേ അവനൊരുപാട് തിരക്കുള്ളതല്ലേ എങ്ങനെ ഓർക്കാനാ "

"ശൊ ഇത്രയും തിരക്കുള്ള ആളായിട്ടും കണ്ടില്ലേ ദോശ ചുടുന്നത്, നിൻറ്റെ ഭാഗ്യം"

"അച്ഛനും അമ്മയും ജോലിത്തിരക്കായി നടന്നാൽ കുട്ടികളേ ആര് നോക്കും! നീ വിചാരിച്ചാലേ നടക്കൂ".

അവളൊന്നിനേയും എതിർത്തില്ല, ത്യാഗസ്വരൂപത്തിൻറ്റെ മൂർത്തിമത്ഭാവമായത് കൊണ്ടല്ല, എതിർക്കാനുള്ള ശക്തി എന്നേ നഷ്ടമായിരിക്കുന്നു.

എന്തിനേറെ, "ആർ യു ഓക്കേ? ആർ യു നോട്ട് എൻജോയിങ്" എന്ന ചോദ്യത്തിൽ തുടങ്ങുന്ന അസുഖകരമായ സംഭാഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കിടപ്പുമുറിയിൽ വരെ അസ്സല്ലായി അഭിനയിച്ച എത്രയെത്ര രാത്രികൾ.

പാർട്ടി കഴിഞ്ഞു എത്തിയപാടെ മുറിയിൽ കേറി കുറ്റിയിട്ട്, വിയര്പ്പിൻറ്റേയും മദ്യത്തിൻറ്റേയും ഗന്ധമുള്ള സാരി വെറുപ്പോടെ ഊരി അലക്ഷ്യമായി എറിഞ്ഞു. അത് ചെന്ന് തട്ടി മേശപ്പുറത്തിരുന്ന മാലാഖയുടെ രൂപം താഴെ വീണുടഞ്ഞു. പൊട്ടിയ കഷ്ണങ്ങൾ പെറുക്കിയെടുക്കുമ്പോ ആരോ ചിരിക്കുന്നത് പോലെ തോന്നി.

മാലാഖയുടെ മുഖത്തിൻറ്റെ പകുതിയോളം അടന്നു പോയിരുന്നു; മറുപകുതിയിൽ പൊതുവേയുള്ള നിസംഗത നീങ്ങി, മാലാഖ തന്നേ ഒരു പുച്ഛഭാവത്തിൽ നോക്കുന്നത് പോലെ അവൾക്ക് തോന്നി.

"അവന്, അഭിനയത്തിനു അവാർഡും അംഗീകാരവും, നിനക്ക് ബി പിയുടെ മരുന്നും മാസം തോറുമുള്ള സൈക്യാർട്ടിസ്റ് വിസിറ്റും!! വിചിത്രം തന്നേ!"

മാലാഖയുടെ ബാക്കിയുള്ള മുഖത്തിനാഞ്ഞൊരേറു കൊ ടുത്തിട്ട് , അർധനഗ്നയായി അവളാ വെറും തറയിലേക്ക് ചാഞ്ഞു വീണു.