Skip to main content
Srishti-2022   >>  Short Story - Malayalam   >>  അവർ കാത്തിരുന്നു , മറ്റുള്ളവർക്ക് വേണ്ടി

Ananthakrishnan

Digital mesh - Kochi

അവർ കാത്തിരുന്നു , മറ്റുള്ളവർക്ക് വേണ്ടി

സദാനേരവും മഞ്ഞ നിറത്തിൽ ഉള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കുന്നിൻ ചെരുവിൽ ഉള്ള ഗ്രാമം ആണ് ഈയം. കുന്നിന്റെ അപ്പുറത്തുള്ള പട്ടണത്തിലെ വീടുകളിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി അലക്കി വൃത്തി ആക്കി നൽകുന്ന ജോലി പരമ്പരാഗതമായി ചെയ്യുന്നവർ ആണ് ആ ഗ്രമത്തിലെ ആളുകൾ.

കാലപ്പഴക്കത്തിന്റെ കറുപ്പ് പുരണ്ട കരിങ്കൽ ഭിത്തികൾക്ക് മുകളിലിരിക്കുന്ന പള്ളിമണിയിൽ കപ്യാർ ആദ്യത്തെ മണിമുഴക്കുന്നതിന് ഒരുപാട് മുൻപ്‌ തന്നെ സെലീന ഉണർന്നിരുന്നു. അന്നേദിവസം എത്തിച്ചുകൊടുക്കുവാനുള്ള കുപ്പായങ്ങൾ തേച്ചു മടക്കുക ആയിരുന്നു അവൾ.

പാരമ്പര്യം ആയി അവൾക്ക് കിട്ടിയ ഭാരിച്ച തേപ്പ്പെട്ടി കൊണ്ട് ഓരോ വസ്ത്രങ്ങൾ അവൾ ശ്രദ്ധയോടെ മടക്കിയെടുത്തു.

ജനാലയിലൂടെ കടന്ന് വന്ന ശീതകാറ്റ് അവളുടെ മുറിയെ ആകെ തണുപ്പിച്ചു. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു കാറ്റ് എന്ന് അവൾ സംശയിച്ചു എങ്കിലും അവളുടെ ജോലിയുടെ അയാസത്തെയും മനസിനെയും ആ കാറ്റ് തണുപ്പിച്ചു.

തേപ്പ്പെട്ടിയുടെ വിടവിലൂടെ കടക്കുന്ന കാറ്റ് കനൽകട്ടകളിൽ നിന്ന് തീപ്പൊരി പറത്തി. തുണിത്തരങ്ങളിൽ തീപ്പൊരികൾ വീഴാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. എടുത്തു മാറ്റിവച്ച തുണിത്തരങ്ങൾക്ക് ഒടുവിൽ നിന്ന് അവൾ പ്രത്യേകമായി മാറ്റിവച്ച അദ്ദേഹത്തിന്റെ ആർമി യൂണിഫോം എടുത്തു.യൂണിഫോമിൽ പ്രത്യേകമായി മുക്കിയ സുഗന്ധം പോയിട്ടില്ല എന്ന് അവൾ ഉറപ്പുവരുത്തി.

യൂണിഫോമിൽ വീണുകിടക്കുന്ന ഓരോ ചുളിവുകളും തേച്ചു നിവർത്തവേ അവൾ അത് കൈമാറിയപ്പോൾ അയാൾ പറഞ്ഞത് ഓർത്തു.

"നോർത്ത് ഫ്രണ്ട് ൽ വാർ തുടങ്ങാൻ പോകുകയാണ് വീണ്ടും , എനിക് പോവേണ്ടി വരും പോകുമ്പോൾ ഇടാൻ ഉള്ളതാണ്, നീ പതിവായി നിറക്കാറുള്ള സുഗന്ധം ഈ യൂണിഫോം ലും ധാരാളം നിറക്കണം , യുദ്ധം കഴിഞ്ഞു ഞാൻ മടങ്ങിവരികയാണെങ്കിൽ അപ്പോളും ആ സുഗന്ധം ഈ യൂണിഫോം ൽ ഉണ്ടാവേണം !, അല്ല ഞാൻ മടങ്ങിവരും ,ചെമ്പക പൂക്കളുടെ സുഗന്ധവും ആയി കാത്തിരിക്കുന്ന നിന്നെ കാണാൻ എനിക്ക് മടങ്ങിവന്നല്ലേ പറ്റു!"

അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കവിളുകളും കഴുത്തും പടിഞ്ഞാറിന്റെ അരുണിമ വീണ് ചുവന്നിരുന്നു.

ഭൂമിയിലെ സ്വർണത്തിന്റെ തരികൾ വലിച്ചെടുക്കുന്ന കൊണ്ടാണ് ചെമ്പകപ്പൂകൾക്ക് ഇത്ര നിറം, മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ പറഞ്ഞിട്ടുണ്ട്.അവൾ മുറ്റത്തെ ചെമ്പകത്തിൽ നിന്നിറുത്ത പൂക്കളും നിത്യമുല്ലയുടെ പൂക്കളും യൂണിഫോം ന്റെ പോക്കറ്റിൽ നിറച്ചു.

തുണിത്തരങ്ങൾ ഓരോന്നും ചുരുങ്ങാതെ അടുക്കിയെടുക്കവേ ആണ് പതിവില്ലാത്ത ഒരു കൂട്ടമണിയടി പള്ളിയിൽനിന്ന് കേട്ടത് , എന്തോ അപായം ഉണ്ടെന്ന് മനസിലാക്കി അവൾ പള്ളിയിലേക്ക് ഓടി, അൾത്താരയിൽ പുരോഹിതൻ വിഷമത്തോടെ നിൽക്കുന്നത് കണ്ട അവൾക്ക് എന്തോ ഗൗരവം ഉള്ള കാര്യം ആണെന്ന് മനസിലായി, പതിയെ അൾത്തര ഗ്രാമത്തിലെ ആളുകളെക്കൊണ്ടു നിറഞ്ഞു.പുരോഹിതൻ സംസാരിച്ചുതുടങ്ങി ,

"പ്രിയരേ നിങ്ങൾക്കറിയാം നിങ്ങളും , നിങ്ങളുടെയും എന്റെയും പുർവികരും മറ്റുള്ളവരുടെ അഴുക്ക് കളയുന്ന ജോലിയാണ് ചെയുന്നത് ,എന്നാൽ നമ്മളിൽ ഇന്ന് ഒരു അഴുക്ക് പറ്റിയിരിക്കയാണ്, നമ്മളിലെ കുറെ കുടുംബങ്ങളിൽ ആരും ക്ഷണിക്കാത്ത ഒരു അഥിതി കയ്യേറുകയാണ്, പ്ലെഗ് ! നമുക്കു ഓടാം ,പക്ഷേ ഇപ്പോൾ നമ്മൾ ഓടുന്ന എല്ലാ ഇടങ്ങളിലും ഇത് പടരും , മറ്റുള്ളവരുടെ അഴുക്ക് കളഞ്ഞു ശീലിച്ച നമുക്കു അത് വയ്യല്ലോ!"

പുരോഹിതൻ മറ്റൊന്നും പറഞ്ഞില്ല എന്നാൽ അവർക്ക് എല്ലാം മനസിലായി. അവർ അവരുടെ വീടുകളിലേക് പോയി, അവർ അവർക്കിടയിലുള്ള സന്തോഷങ്ങളിലും സുഗന്ധങ്ങളിലും അവർ മുഴുകി, അവൾ ഒരിക്കലും തിരിച്ചു കൊടുക്കാൻ കഴിയില്ലാത്ത ആ യൂണിഫോമും ആയി വീട്ടിൽ ഇരുന്നു.

രാജ്യത്തിൽ പ്ലെഗ് പടരുന്നതിനാൽ യുദ്ധം വെടിഞ്ഞു പട്ടാളം ഗ്രാമങ്ങളിലേക്ക് വന്നു, ആ സംഘങ്ങളിൽ ഒന്നിൽ ആയാളും ഉണ്ടായിരുന്നു, കുന്നിന്റെ ഇപ്പുറത്തെ ചെരുവിൽ നിന്ന് അപ്പുറത്തേക്ക് കടത്താതെ പ്ലെഗ് നെ തളച്ച ആ ഗ്രാമത്തിലെ ഓരോ കുടിലുകളിലും അവർ കയറിയിറങ്ങി , മരിച്ചു കാലം കഴിഞ്ഞ മണം നിറഞ്ഞ അവളുടെ കുടിലിലേക്ക് മുക്ക് പൊത്തി കയറിയ അയാൾക്ക് തന്റെ യൂണിഫോം നെഞ്ചോട് ചേർത്ത് കിടക്കുന്ന പഴകിയ മൃതദേഹം തിരിച്ചറിയാൻ ആയില്ല ,എന്നാൽ അവൾ വസ്ത്രങ്ങളിൽ പടർത്താറുള്ള ആ നറുമണം ആ യൂണിഫോം ന് അപ്പോളും ഉണ്ടായിരുന്നു.