Skip to main content
Srishti-2022   >>  Short Story - Malayalam   >>  ചക്കയപ്പം

ചക്കയപ്പം

വീടിനോടു ചേർന്നുള്ള തൊടിയിൽ മുറ്റത്തേക്ക് ചാഞ്ഞ് പടര്‍ന്നു നില്‍ക്കുന്ന പ്ലാവിന്റെ മുകളിൽ കിടക്കുന്ന ഒരു ചക്ക, മുളേന്തോട്ടിയുടെ അറ്റത്ത് അരിവാള്‍ വയ്ച്ച് കെട്ടി, സര്‍ക്കസ് കൂടാരത്തിലെ ട്രിപ്പീസ് കളിക്കാരന്‍റെ ശ്രദ്ധയോടെയും, വലിച്ചുകെട്ടിയ കയറിനു മുകളിലൂടെ നടക്കുന്ന അഭ്യാസിയുടെ മെയ് വഴക്കത്തോടെയും ചക്ക വലിച്ച് താഴെയിട്ട് , വെട്ടിമുറിച്ച് ചകിണി കളഞ്ഞ് അരിഞ്ഞ് നല്ല അരപ്പും ചേർത്ത് പുഴുങ്ങി മീൻ കറിയും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് ഭാര്യയുടെ ചോദ്യം

'' ത്രേസ്യാമ്മാമ്മ വയ്യാതിരിക്കുവേല്ലേ ഒന്നു പോയി കാണത്തില്ലാരുന്നോ കുറേ നാളായില്ലയോ പോയിട്ട് - "

കാര്യം ശരി തന്നെ ജോലി തിരക്കും മറ്റ്‌ തിരക്കുകളുമൊക്കെ കാരണം ത്രേസ്യാമ്മാമ്മയെ കാണാൻ പോയിട്ട് കാലം കുറേ ആയി.

"നാളെ രാവിലത്തെ കുർബാന കൂടിയേച്ച് ഞാൻ അവിടേം കേറിയേച്ച് വന്നോളാം... ഇപ്പൊ സന്ധ്യ ആയില്ലേ."

പള്ളിയിലെ ആദ്യ കുർബാന കഴിഞ്ഞ് പുറത്തിറങ്ങി. " ആ ജോസ് മോനോ?... ഇങ്ങോട്ടൊന്നും കാണാനേ ഇല്ലല്ലോ.... തിരുവന്തോരത്ത്ന്ന് എപ്പ വന്നു - ? " കാണുന്നവർക്കെല്ലാം ചോദിക്കാൻ ഈ ചോദ്യമേ ഉള്ളോ?... മനസിൽ പിറുപിറുത്തെങ്കിലും, എല്ലാവരോടും ചിരിച്ചും കൈപിടിച്ച് കുലുക്കിയും പുറത്തു തട്ടിയും കുശലം പങ്കിട്ടു. ഏറ്റവും ഒടുവിൽ പള്ളിക്കമ്മറ്റി പ്രസിഡന്റ് വറീതിച്ചായന്റെ കയ്യിൽ പുതിയ പരിഷ് ഹാള് പണിയാനുള്ള ഒരു വിഹിതവും നൽകി, പള്ളിക്കു പിന്നിലെ റബ്ബർ തോട്ടത്തിലൂടെ നീളുന്ന നടപ്പുവഴിയിലൂടെ ത്രേസ്യാമ്മാമ്മയുടെ വീട്ടിലേക്ക് നടന്നു.

ഉമ്മറത്തെ അരപ്രൈസിൽ ഒരു മുഷിഞ്ഞ മുണ്ടും ചട്ടയുമിട്ട് ത്രേസ്യാമ്മാമ്മ ഇരിപ്പുണ്ട്. വലിയ ശബ്ദ്ധത്തിൽ അമ്മാമ്മയെ വിളിച്ചാണ് കയറി ചെന്നത്. കാഴ്ച്ചക്ക് കുഴപ്പമില്ലെങ്കിലും ചെവി അൽപ്പം പിന്നിലാണ്. വിശേഷങ്ങൾ പലതും ചോദിച്ചു. പഴയ ഓർമ്മകൾ പങ്കു വയ്ച്ചു. അമ്മാമ്മയുടെ നടുവേദനയുടെയും കാലു വേദനയുടെയും കൈ വേദനയുടെയുമൊക്കെ കാര്യങ്ങൾ പറഞ്ഞു. അപ്പോളേക്കും അമ്മാമ്മയുടെ മരുമകൾ റോസി ഒരു ഗ്ലാസ് ചായയും ഒരു പ്ലേറ്റിൽ നിറയെ മിശ്ചറും ബിസ്കറ്റും ഒക്കെ ആയി വന്നു.

" ജോസ് ചേട്ടായീ ചായ കുടിക്ക് ..... അമ്മക്ക് ആരെ കണ്ടാലും ഇല്ലാത്ത വേദനയില്ല."

"നീ ഒന്നു പോടീ റോസിക്കുട്ടി ..... വേറാരോടുമല്ലല്ലോ എന്റെ ജോസ്മോന്റടുത്തല്ലയോ?...... "

കാൽമുട്ട് തടവിക്കൊണ്ട് അമ്മാമ്മ തുടർന്നു

" ഇന്നലത്തെ ചക്കയപ്പം ഇരിപ്പില്ലയോടീ... അത് രണ്ടെണ്ണം ഇവന് കൊടുക്ക്.... ഇവന് പണ്ട് ചക്കയപ്പം ഭയങ്കര ഇഷ്ടമാരുന്നു."

അത് കേട്ട് അകത്തേക്ക് കയറിപ്പോയ റോസി ഒരു പ്ലേറ്റിൽ നാലഞ്ച് ചക്കയപ്പവും ഇട്ടു വന്ന് ടീപോയിയിലേക്ക് വെച്ചു. ഓർമ്മകൾ എന്തോ തിരയടിച്ചുയരുന്ന പോലെ. ചായ കുടിച്ച് വേറൊന്നും കഴിക്കാതെ യാത്ര പറഞ്ഞിറങ്ങി. റബ്ബർ തോട്ടത്തിലൂടെ തിരികെ നടക്കുമ്പോൾ, കാലചക്രത്തിനു പിന്നിൽ ഒരു അഞ്ച് വയസുകാരൻ കലങ്ങിയ മനസ്സുമായി മുന്നിലോടുന്നുണ്ടായിരുന്നു. അത് ജോസ് മോൻ തന്നെയായിരുന്നു.

മുപ്പത് വർഷങ്ങൾക്കു മുന്നേയുള്ള ഒരു നനുത്ത പ്രഭാതം. ഉമ്മിക്കരി കയ്യിലിട്ട് തിരുമി പല്ല് തേപ്പ് കഴിഞ്ഞ്. ലൂണാറിന്റെ നീലയും വെള്ളയും കലർന്ന ചെരിപ്പിലെ ചെളി ചകിരിയിൽ സോപ്പ് മുക്കി കിണറിന്റെ കരയിലിരുന്ന് തേച്ച് കഴുകുമ്പോളാണ്, വല്ല്യച്ചാച്ചൻ കയ്യിലേക്ക് ഒരു ഇല്ലെന്റ് തന്നിട്ട് ത്രേസ്യാമ്മാമ്മേടെ കയ്യിൽ കൊണ്ടക്കൊടുക്കാൻ പറയുന്നെ. കഴുകിക്കൊണ്ടിരുന്ന ചെരുപ്പ് വീടിന്റെ മൺ തറയോട് ചേർത്ത് കുത്തിച്ചാരി നിർത്തിയിട്ട് " ബൂം... ബൂ ... കീ..... കീ..... '' ഒറ്റ ഓട്ടമാരുന്നു. കളറ് മങ്ങി, ഭിത്തിയിലൊക്കെ പായല് പിടിച്ച് നിൽക്കണ പള്ളി മുറ്റത്തിലൂടെ. തുള്ളി തുളളിയായി റബറിന്റെ പാല് വീണ് ചിരട്ട നിറയാറായ റബ്ബർ തോട്ടത്തിനു നടുവിലൂടെ കീ... കീ ... മുഴക്കി ഓടിയ ഓട്ടം ത്രേസ്യാമ്മാമ്മയുടെ വീടിന്റെ നീളൻ വരാന്തയിലാണ് സഡൻ ബ്രേക്കിട്ട് നിർത്തുന്നത്.

ഉമ്മറത്തെ തിണ്ണയിൽ തന്നെ അമ്മാമ്മയും മക്കളും ഹാജരുണ്ട്. അവർക്കു മുന്നിലായി നറുമണം പരത്തി ഒരു ചെറിയ ചരുവം നിറയെ ഇടനയിലയിൽ പൊതിഞ്ഞ ചക്കയപ്പങ്ങൾ. മുക്കിലേക്ക് തുളഞ്ഞു കയറിയ ചക്കയപ്പത്തിന്റെ മണം ആ അഞ്ചു വയസുകാരന്റെ വായിൽ കപ്പലോടിച്ചു. കയ്യിലിരുന്ന കത്ത് അമ്മാമ്മയ്ക്കു നീട്ടി നൽകി. അവർക്കൊപ്പം നിലത്തിരുന്നു. അമ്മാമ്മ എഴുത്തു വായിച്ചു തീരും വരെ ക്ഷമയോടെ കാത്തിരുന്നു. വായന കഴിഞ്ഞ അമ്മാമ്മ ചായ വെള്ളം മോന്തിക്കുടുക മാത്രമല്ലാതെ ഒന്നും പറഞ്ഞില്ല. വായിലെ വെള്ളം പതിയെ ഇറക്കി, എഴുന്നേറ്റ് അവർക്ക് ചുറ്റും നടന്നു. പോകുവാണെന്നും പറഞ്ഞ് പുറത്തിറങ്ങി - ഒരു ചക്കയപ്പം തനിക്കു നേരെ നീളുമെന്ന് കിനാവ് കണ്ടു. പോകാൻ മനസു വരാതെ വീണ്ടും തിണ്ണയിലേക്ക് ചാടി കയറി. വീണ്ടും പോകുവാണെന്നു പറഞ്ഞു മുറ്റത്ത് കുറച്ച് നേരം നിന്നു, അമ്മാമ്മയുടെ വായിൽ നിന്നും കേൾക്കാൻ കൊതിക്കുന്നതൊന്നും പുറപ്പെട്ടില്ല. വീണ്ടും പോകുവാന്ന് പറഞ്ഞ് പതിയെ തിരിഞ്ഞ് നോക്കി പിന്നിൽ നിന്നൊരു വിളി പ്രതീക്ഷിച്ച് നടന്നു, വിളിച്ചില്ല.

വീട്ടിലെത്തി നേരെ അടുക്കളയിലെ അമ്മയുടെ അടുത്തെത്തി പറഞ്ഞു " എനിക്ക് ചക്കയപ്പം വേണം"

" ഇപ്പൊ എവിടുന്നാ ചക്കയപ്പം "

" അമ്മാമ്മേടവിടെ ഉണ്ടല്ലോ ... എനിക്കൊരണ്ണം പോലും തന്നില്ല. ആരും തരാതെ ഒന്നും എടുക്കരുതെന്നമ്മ പറഞ്ഞേക്കണ കൊണ്ടാ ഞാൻ എടുത്ത് തിന്നാത്തത്"

അമ്മയുടെ മനസ്സൊന്നു പിടഞ്ഞു അമ്മ പലതും പറഞ്ഞു സമാധാനിപ്പിച്ചു.- അഞ്ചു വയസ്സുകാരന്റെ കണ്ണിൽ നിന്നും കവിളിലൂടെ പൊടിഞ്ഞ കണ്ണുനീർ കൈ കൊണ്ട് തുടച്ച് മേശയിൽ വിളമ്പി വയ്ച്ചിരുന്ന ദോശയും ചമ്മന്തിയും മനസില്ലാ മനസോടെ കഴിച്ച് സ്കൂളിലേക്ക് പോയി. വൈകുന്നേരമായപ്പോഴേക്കും അമ്മ എവിടെയൊക്കെയോ പോയി ആരോടൊക്കെയോ ചോദിച്ച് വാങ്ങിയ ഒരു മുറി ചക്കപ്പഴം കൊണ്ട് ഒരു പാത്രം നിറയെ ചക്കയപ്പം ഉണ്ടാക്കി മേശയിൽ വയ്ച്ചു. സ്കൂൾ വിട്ടു വന്ന വഴി ആർത്തിയോടെ തന്നെ രണ്ടെണ്ണം അകത്താക്കി - അമ്മയെ നോക്കി ചിരിച്ചു. അമ്മയുടെ മനസ് നിറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അമ്മ അവനെക്കൊണ്ട് മുറ്റത്തോട് ചേർന്ന് ഒരു ചക്കക്കുരു നടീച്ചു. അത് മുളച്ചു, വളർന്നു, വലിയ മരമായി.

അന്ന്, തിരുവനന്തപുരത്തേക്ക് പോകാനുള്ള സാധനങ്ങൾ എല്ലാം എടുത്ത് വെച് വൈകിട്ട് അത്താഴം കഴിക്കുന്നതിനിടയിൽ ഭാര്യയോടായി പറഞ്ഞു

" നാളെ പോകുന്നതിനുമുന്നെ മുറ്റത്തെ പ്ലാവീന്ന് മൂത്ത ഒരു ചക്കയിട്ട് കാറിനകത്ത് വെക്കണം - കുറച്ച് ഇടന എലേം പറിക്കണം- പഴുത്തു കഴിയുമ്പോ നമുക്ക് കുറച്ച് ചക്കയപ്പം ഉണ്ടാക്കണടീ .... "