Skip to main content
Srishti-2022   >>  Short Story - Malayalam   >>  കഥാവശേഷം

Aswathy V S

Infosys Limited

കഥാവശേഷം

ഞാനൊരു കഥ എഴുതാൻ ശ്രമിച്ചു.

എഴുതി പൂർത്തിയാക്കിയ ആ കഥയിലേക്ക് വീണ്ടും

സഞ്ചരിച്ചപ്പോൾ അതിൽ കാമ്പുള്ളതായി തോന്നിയില്ല

ആ കഥ മുഖപുസ്തകത്തിന്റെ താളിൽ ഞാൻ സൂക്ഷിച്ചു വച്ചു.

ലൈക്കും കമന്റും കൊണ്ട് ആ കഥയെ നേരിടുന്നവരെ കണ്ടു.

പുസ്തകമാക്കിക്കൂടേ?എന്ന ഇൻബോക്സ് മെസ്സേജുകൾ എന്നെ തേടിയെത്തി.

അപ്പോഴും ഞാൻ ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു.

ഞാനൊരു നോവലെഴുതി.

കഥാപാത്രങ്ങൾക്ക് വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല.

നോവലിന് പറ്റിയ കഥാതന്തുവോ ഗതിയോ അവതരണമോ ഒന്നുമുണ്ടായിരുന്നില്ല...

എഴുതി കഴിഞ്ഞു വീണ്ടും വായിച്ചപ്പോൾ എനിക്കിതൊക്കെ ബോധ്യപ്പെട്ടതാണ്.

ആ കടലാസിനെ നിർദയം ഞാൻ ഒരൊഴിഞ്ഞ കോണിലേയ്ക്ക് വലിച്ചെറിഞ്ഞു.

ഞാൻ മരിച്ചു കഴിഞ്ഞപ്പോൾ പൊടി പിടിച്ച ആ കടലാസിലെ നോവലിനെ ആരോ ഒരാൾ

ഒരു പുസ്തകപ്രസാധകന് സമ്മാനിച്ചു.

അയാൾ അതൊരു പുസ്തകമാക്കി.. മരിച്ചു പോയ ഒരുവളുടെ ആദ്യത്തെയും അവസാനത്തെയും നോവലെന്ന അടികുറിപ്പോടെ ഇറങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റു പോയി.

മരണം പോലും ആഘോഷമാക്കിമാറ്റിയ പുസ്തക പ്രസാധകർ.

അതിലെ കഥാപാത്രങ്ങളെയും കഥയെയും കുറിച്ച് വലിയ ചർച്ചകൾ ഉണ്ടായി.

ഒരു ചർച്ചയ്ക്കിടയിൽ

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മലയാളത്തിലെ മികച്ച സാഹിത്യകാരിൽ ഒരാൾ ഞാനാകുമെന്ന പ്രസ്താവന കേട്ടു

എന്റെ ആത്മാവും മരിച്ചു.

ഒരു ചിരി കൂടി ബാക്കി വച്ചു.. ഞാൻ അവിടം വിട്ടിറങ്ങി വന്നു.