Skip to main content
Srishti-2022   >>  Short Story - Malayalam   >>  കട്ടൻ

:Dileep Perumpidi

TCS

കട്ടൻ

രണ്ടുമാസത്തെ ലീവിന് വരുമ്പോൾ ഇങ്ങനെയൊരു പ്ലാൻ ഇല്ലായിരുന്നു . തികച്ചും യാദർശ്ചികമായാണ് ടൗണിൽ വെച്ച് അനിലിനെ കാണുന്നത്. ചായകുടിച്ച് കഥപറഞ്ഞ് തുടങ്ങിയപ്പോൾ അവനു കോളേജിൽ പോയി ഒന്ന് കാറ്റുകൊള്ളണം. സംഭവം എനിക്കും കളറായി തോന്നി . കോളേജ് വിട്ടിറങ്ങിയിട്ട് ഏതാണ്ട് പതിനഞ്ച് വർഷങ്ങൾ ആകുന്നു . പാസ്ഔട്ട് ആയതിനുശേഷം തുടക്കകാലത്തൊക്കെ വർഷത്തിൽ ഒരിക്കലെങ്കിലും ഒത്തുകൂടലുകൾ നടന്നിരുന്നു . പിന്നീട് എല്ലാവരും അവരവരുടെ വഴിയേ പോയി .

കോളേജിന് വന്ന മാറ്റം അതിശയിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും ആയിരുന്നു . ഒട്ടുമിക്ക കെട്ടിടങ്ങളും പുതുക്കി പണിതിരിക്കുന്നു . പല ഭാഗങ്ങളും തിരിച്ചറിയാൻ പറ്റാത്തവിധം മാറിയിരിക്കുന്നു . "ഇതിപ്പോ ഏത് കോളേജാണെടോ" അനിലിന്റെ വാക്കിലും നൊസ്റ്റു കിട്ടാത്തതിന്റെ വിഷമം പ്രകടമായിരുന്നു . കോളേജുകൾ ചുറ്റിക്കറങ്ങികഴിഞ്ഞ് മെൻസ് ഹോസ്റ്റൽ കണ്ടപ്പോൾ മാത്രമാണ് ഞങ്ങൾക്ക് ആ പഴയ ഫീൽ തിരിച്ചുകിട്ടിയത് . പഴമ കൂടിയെന്നല്ലാതെ കാര്യമായ ഒരു മാറ്റവും ഇല്ലാത്ത ആ കെട്ടിടം ഹോസ്റ്റൽ വീരഗാഥകൾ ഓരോന്നോരോന്നായി മനസ്സിൽ നിറച്ചു . തന്റെ ഒരു ബന്ധുവിന് വേണ്ടി ഹോസ്റ്റൽ ഒന്ന് നോക്കിക്കാണാൻ വന്നതാണെന്ന് ഒരു കള്ളം ഹോസ്റ്റൽ വാർഡനോട് പറഞ്ഞത് എന്തിനാണെന്ന് അറിയില്ല . അല്ലേലും ഹോസ്റ്റൽ വാര്ഡന്മാരെ കാണുമ്പോൾ ഒരിക്കലും സത്യം പറയാൻ തോന്നാറില്ല .

ഗെയിംസ് റൂമും ടീവി റൂമും ഷട്ടിൽ കോർട്ടും സ്ഥിരം വെള്ളമടി വേദിയായ ഇട്ടിയുടെ റൂമും റാഗിംഗിന്റെ പ്രധാന വേദിയായിരുന്ന വാഷ്‌റൂമും അനുബന്ധ സ്ഥലങ്ങളും കണ്ടതോടെ മൊത്തത്തിൽ ഉണ്ടായിരുന്ന വൈബ് അങ്ങ് കത്തിക്കേറി .തിരിച്ചിറങ്ങുമ്പോൾ പണ്ടത്തെ ഗാങ്ങിലെ എല്ലാവരെയും നിരത്തിയങ്ങ് വിളിച്ചു . റഫിക്കും ബേബിയും സ്ഥലത്തില്ല . ഇട്ടി കേട്ടതും ഡബിൾ ഒക്കെ പറഞ്ഞതും ഒരുമിച്ചായിരുന്നു . കോളേജിന് രണ്ടു കിലോമീറ്റർ മാറി പണ്ട് കൂടാറുള്ള ഒരു മൂന്നാംകിട ലോഡ്‌ജുണ്ട് . അവിടെ വിളിച്ച് റൂമും തരപ്പെടുത്തി . ഹോസ്റ്റലിനുപുറത്ത് വൈബ് നിലനിർത്താൻ അതിലും പറ്റിയ ഒരിടമില്ല .

ഞങ്ങൾക്ക് മുൻപേ ഇട്ടി ലോഡ്ജിൽ എത്തിയിരുന്നു . കയ്യിൽ ഉണ്ടായിരുന്ന വലിയ സഞ്ചിയിൽ കുപ്പിയും ടച്ചിങ്‌സും ആവശ്യത്തിനുള്ള ഫുഡും എല്ലാം റെഡിയാണ് . പണ്ടും പരിപാടി സെറ്റ് ചെയാൻ അവനെ കഴിഞ്ഞേ ആളുള്ളു .ഞങ്ങളെ കണ്ടതും അവൻ സഞ്ചി നിലത്തുവെച്ച് കെട്ടിപിടിച്ചു . ഞങ്ങൾ താമസിയാതെ പരിപാടിയിലേക്ക് കടന്നു . ഇട്ടിക്ക് ഒരു മാറ്റാവും ഇല്ല . അതെ വളവളാ സംസാരം . പണ്ടുള്ള വീരസാഹസ കഥകൾ തുടങ്ങി നാട്ടിലുള്ള ഓരോരുത്തരുടെയും ഇപ്പോളത്തെ ജീവിതം വരെ ഉപ്പും മുളകും ചേർത്ത് അവൻ വിശദീകരിച്ചു . അതിനിടയിൽ ഞങ്ങളുടെ ബാച്ചിൽ ഉണ്ടായിരുന്ന വിജീഷ് ആക്‌സിഡന്റിൽ മരിച്ചതും അവൻ പറഞ്ഞു . എനിക്ക് പക്ഷെ അങ്ങനെ ഒരാളെ ഓർമയിൽ വന്നില്ല . രാത്രി പതിനൊന്നോടടുത്ത് അനിൽ യാത്രപറഞ്ഞിറങ്ങി . അവനു പിറ്റേന്ന് ഏതോ ഫാമിലി ഗെറ്റുഗതർ ഉണ്ട് . അടുത്ത ലീവിന് മീറ്റ് ചെയ്യാം എന്ന് വാക്ക് പറഞ്ഞ് അവനെ പറഞ്ഞയച്ചു . ഇട്ടി പൂസായിരിക്കുന്നു .

"ടാ മതി ... ഒന്ന് ഒതുങ്ങടാ..ഇപ്പോളും ഈ ലെവലാണോ ". ഉറങ്ങാനായി കട്ടിലിലേക്ക് കിടന്നുകൊണ്ട് ഞാൻ പറഞ്ഞു . "ആശാന്റെ ശിക്ഷണത്തിൽ കുടി തുടങ്ങിയവരാരും മോശക്കാരാവില്ലല്ലോ " ഇട്ടി കസേരയിൽ തലചാരി ഉറക്കത്തിലേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു .

സംഭവം ശരിയാണ് ഇട്ടിക്ക് ആദ്യ ഗ്ലാസ് ഒഴിച്ചത് ഞാനും ബേബിയും കൂടാണ് . ഹോസ്റ്റലിൽ വന്ന് അധികനാൾ ആയിട്ടില്ലെന്നാണ് ഓര്മ . ഞങ്ങൾ രണ്ടുപേരും ഹോസ്റ്റലിലെ 'ആൽക്കഹോളിക് കൗൺസിലേഴ്‌സ്' എന്നാണ് അറിയപ്പെട്ടിരുന്നത് . കുടിക്കാത്ത പിള്ളേരെ പറഞ്ഞ് കുടിപ്പിക്കുന്നതിൽ ഞാനും ബേബിയും തമ്മിൽ ഒരു സൗഹൃദ മത്സരം തന്നെ ഉണ്ടായിരുന്നു . ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുമ്പോളും ഞാൻ വിജീഷിനെ പറ്റി ആലോചിച്ചു . അങ്ങനെ ഒരു പേര് ഓർമയിൽ നിൽക്കുന്നില്ല . എന്തായാലും പിറ്റേന്ന് അവന്റെ വീട്ടിൽ ഒന്നുപോകാൻ തന്നെ തീരുമാനിച്ചു .

പിറ്റേന്ന് ഇട്ടിയെ വിളിച്ചെഴുന്നേപ്പിച്ച് വിജീഷിനെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കി . ഇട്ടിയുടെ വീടിനടുത്താണ് വിജീഷിന്റെ വീട് . ഒന്നോ രണ്ടോ തവണ തന്റെ കൂടെ ഹോസ്റ്റലിൽ വന്നിട്ടുണ്ടെന്നും ഒരുമിച്ച് കൂടിയിട്ടുണ്ടെന്നും ഇട്ടി തറപ്പിച്ച് പറഞ്ഞു . എന്താണ് എനിക്ക് ഇതൊന്നും ഓര്മ വാരാത്തത് ? എന്റെ ഓർമ്മക്ക് എന്തോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നി . ലീവുകഴിഞ്ഞ് പോകുന്നതിനു മുൻപ് ഒരു ഡോക്ടറെ കാണണം എന്നുറപ്പിച്ചു . വിജീഷ് ഹോസ്റ്റലിൽ താമസിച്ചിരുന്നില്ല എന്നതും സിവിൽ എഞ്ചിനീയറിംഗ് ബാച്ച് ആയിരുന്നു എന്നതും എന്റെ മറവിയെ കുറച്ചെങ്കിലും ന്യായികരിക്കാൻ സഹായിച്ചു . മാത്രമല്ല ആകാലത്ത് ഒരുപാടാളുകൾ ഹോസ്റ്റലിൽ കേറിയിറങ്ങുന്നത് പതിവായിരുന്നു . ചിലരെയൊക്കെ ഓർത്തെടുത്ത് ഞാൻ സ്വയം ആശ്വസിപ്പിച്ചു .

രണ്ടാഴ്‌ച്ച മുൻപ് ഒരപകടത്തിലാണ് വിജീഷ് മരിക്കുന്നത് . മുഖം കാണാനുള്ള ഉൾവിളി എന്നെ അവന്റെ വീട്ടിലേക്ക് നയിച്ചു . ഇട്ടിയുടെ വർണന വീടുകണ്ടുപിടിക്കൽ എളുപ്പമാക്കി . എഴുപതിനോടടുത്ത് പ്രായം തോന്നുന്ന വൃദ്ധൻ വീടിനു പുറത്ത് വരാന്തയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു . വിജേഷിന്റെ സുഹൃത്തെന്ന് പറഞ്ഞപ്പോൾ എന്നെ വിളിച്ച് അകത്തേക്കിരുത്തി . അടുക്കളയുടെ വാതിലുവരെ വന്ന് ഒന്ന് എത്തിനോക്കിയതിന് ശേഷം അവന്റെയമ്മ എന്റെ പകുതി ചിരിക്ക് മറുപിടി തരാതെ തിരിച്ചുപോയി . ഞാൻ വിജേഷിന്റെ ഫോട്ടോക്കായി ആ മുറിയിൽ ചുറ്റും പരതി . ഒരു വലിയ ഫോട്ടോ മാലയിട്ട് തൂക്കിയിരിക്കുന്നു . കട്ട താടിയും മീശയും വെച്ച് മെലിഞ്ഞുണങ്ങിയ ആ മുഖം കണ്ടിട്ടുള്ളതായി എനിക്ക് തോന്നിയില്ല . ഇനിയിപ്പോൾ ഇട്ടിക്ക് തെറ്റിയതാവുമോ ? അതുവരെ അവിടെ തളം കെട്ടിനിന്ന അസഹ്യമായ മൗനം മുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു . "എന്താ ഉണ്ടയാത് ? "

"ആക്‌സിഡന്റാ മോനെ .ഇതിപ്പോ മൂന്നാമത്തെ തവണയാ അവൻ വെള്ളമടിച്ച് വണ്ടിയിടിപ്പിക്കുന്നത് . ആ ഒരുക്കണക്കിന് കുടിച്ച് മരിക്കുന്നതിലും നല്ലത്" അച്ഛൻ പകുതിയിൽ നിർത്തി

സംഭാഷണം മുന്നോട്ട് കൊണ്ടുപോകാൻ ചോദ്യങ്ങൾക്കായി ഞാൻ തിരഞ്ഞു . പക്ഷെ ഒന്നും തന്നെ തെളിഞ്ഞുവരുന്നില്ല . വീണ്ടും പടർന്ന മൗനത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമെന്നോണം സീറ്റിൽ നിന്നും എഴുന്നേറ്റ് മാലയിട്ട ഫോട്ടോയുടെ മുന്നിൽ കുറച്ചുനേരം നോക്കിനിന്നു . പിന്നീട് ചുറ്റുപാടും കണ്ണോടിച്ചു . അടുത്തുള്ള ഷോകേസിൽ ഒരുപാട് മെഡലുകൾ തൂങ്ങിക്കിടക്കുന്നു .

"പ്ലസ് ടു വരെ പഠിപ്പിലും ചിത്രംവരയിലും മിടുക്കനായിരുന്നു . കോളേജിൽ പോയാണ് നശിച്ചത് " ഒരു നെടുവീർപ്പോടെ അച്ഛന്റെ ശബ്ദം പിന്നിൽ നിന്നും എന്നെ തുളച്ച് കേറുന്നതായി തോന്നി . തിരിഞ്ഞു നോക്കാതെ ഞാൻ ആ ഷോകേസിലെ നിരത്തിവെച്ചിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിച്ചു . ചെറുപ്പം മുതലുള്ള വിജേഷിന്റെ പല പ്രായത്തിലെ ചിത്രങ്ങളും അവരുടെ കുടുംബ ചിത്രങ്ങളും ആയിരുന്നു . അതിലൊരു ചിത്രം അത് ഞാൻ മുൻപ് കണ്ടിരിക്കുന്നു . 18 നോടടുത്ത ക്ലീൻ ഷേവ്‌ ചെയ്ത വിജീഷ് അവന്റെ അച്ഛനോടും അമ്മയോടും കൂടെ നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത് . എവിടെയാണ് ഞാൻ മുൻപ് അത് കണ്ടത് ? മറവിയുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു വീണു .

"ഏതാടാ ഈ കുഞ്ഞാട് ?" അതാണ് ഞാൻ അവനെ അന്ന് ആദ്യം ഇട്ടിയുടെ കൂടെ ഹോസ്റ്റലിൽ കാണുമ്പോൾ ചോദിച്ചത് . ഞങ്ങളുടെ വെള്ളമടി സഭയിൽ ഒറ്റപ്പെട്ട് ബുദ്ധിമുട്ടിയിരുന്ന അവന്റെ അടുത്ത് പോയി തോളിൽ കയ്യിട്ട് സംസാരിച്ചതും , അവന്റെ മൊബൈലിൽ ഈ ചിത്രം വാൾപേപ്പറായി കണ്ട് കൂട്ടുകാരെ കാട്ടി പുഛിച്ച് ചിരിച്ചതും എനിക്കോർമയുണ്ട് . എങ്ങനെ മാതാ പിതാക്കളുടെ തണലിൽ നിന്ന് പുറത്തുവരണമെന്നും എങ്ങനെ ഒരു പുരുഷനാകണം എന്നുമൊക്കെ നീണ്ട ക്ലാസ് എടുത്ത് അവന്റെ മുൻപിലേക്ക് ഒരു പെഗ് നീട്ടുമ്പോൾ എനിക്കുറപ്പായിരുന്നു അവൻ അത് കുടിക്കുമെന്ന് . പക്ഷെ അത് ഇവിടെവരെ എത്തുമെന്ന് ...

"മോനെ കട്ടൻ കുടിക്കില്ലേ? " ഓർമകളിൽ നിന്നും രക്ഷിച്ചുകൊണ്ട് അവന്റെയമ്മ എനിക്കുനേരെ കുപ്പിഗ്ലാസ്സിൽ കറുത്ത പാനീയം നീട്ടി .