Skip to main content
Srishti-2022   >>  Short Story - Malayalam   >>  മാലാഖ മത്സ്യങ്ങളുടെ ഒപ്പ്

Shine Shoukkathali

EY Kochi

മാലാഖ മത്സ്യങ്ങളുടെ ഒപ്പ്

"Many men go fishing all of their lives without knowing that it is not fish they are after." - Henry David Thoreau

ആന്റോ ചുമരിൽ തൂങ്ങിക്കിടന്ന കലണ്ടറിലെ ചിത്രത്തിലേക്ക് നോക്കി.

ബഹുവർണ്ണ നിറങ്ങളുള്ള മത്സ്യത്തിന്റെ രൂപം കടലാസ്സിൽ ഒഴുകുന്നു. പരന്ന ശരീരമുള്ള മത്സ്യം. നീളത്തേക്കാൾ കൂടുതൽ പൊക്കം. തിളങ്ങുന്ന വെള്ളി നിറം. കുറുകെ കറുത്ത പട്ടകൾ.

ചെറിയ ഫോണ്ടിൽ താഴെ പേര് കൊടുത്തിരിക്കുന്നു.

ഏയ്ഞ്ചൽ ഫിഷ്.

മാലാഖ മത്സ്യം. ഗബ്രിയേലിന്റെ തോഴൻ. വെള്ളത്തിലെ മാലാഖ.

കൂട്ടുകാരൻ റീജോ തന്ന പൊട്ടിപ്പൊളിഞ്ഞ മൊബൈൽ നോക്കി.

അസ്ഥിവാരം പൊട്ടാതെ നിൽക്കുന്നത് റബ്ബർ ബാൻഡിലാണ്. സ്‌ക്രീനിൻ ടച്ച് കുഷ്ഠരോഗികളുടെ പോലെ അങ്ങിങ്ങായി മരവിച്ചിരിക്കുന്നു. ബ്രൗസറിൽ കൃത്യമായി ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല. ഒരുപാട് പ്രയത്നത്തിന് ശേഷം ഒപ്പിച്ചു.

“എയ്ഞ്ചൽ മത്സ്യം"

വിക്കിപ്പീഡിയയിലെ വിവരണം തെളിഞ്ഞു.

“ഭംഗിയേറിയ ഒരിനം വളർത്തു മത്സ്യമാണ് എയ്ഞ്ചൽ മത്സ്യം. ഇവയുടെ വളർന്നു നിണ്ട പൃഷ്ഠ-ഗുദപത്രങ്ങൾക്ക് മാലാഖയുടെ ചിറകിനോട് സദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് എയ്ഞ്ചൽ മത്സ്യം എന്ന പേരു ലഭിച്ചത്. ഭംഗിയേറിയ ഒരു വളർത്തു മത്സ്യമായ ഇവയെ ഭക്ഷ്യ മത്സ്യമായി ഉപയോഗിക്കാറില്ല.”

മീനുകൾ മഴയായി പെയ്തു. ഉള്ളിൽ കുളിര്.

അവൻ അടുക്കളയിലേക്ക് നടന്നു. അമ്മ എൽസി ചാള നന്നാക്കുന്നു.

"അമ്മച്ചീ. അക്വേറിയം സെറ്റാക്കണം. മാലാഖ മത്സ്യത്തിന് സ്വർഗ്ഗരാജ്യമൊരുക്കാൻ."

അവർ മീൻ നന്നാക്കുന്നതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

"അപ്പൻ ഇതിനൊന്നും പൈസ തരില്ല. നീയാണെങ്കി പണിക്കും പൂവില്ല."

മൂലയിലിരിക്കുന്ന പൊട്ടിയ സ്ഫടിക പാത്രം ശ്രദ്ധയിൽ പെട്ടു. വക്കുകൾ പോയിട്ടുണ്ടെങ്കിലും അത്യാവശ്യം ആഴമുള്ള പാത്രം. വൃത്തിയാക്കിയെടുത്താൽ ഫിഷ് ടാങ്കായി.

"ഇത് മതി."

അവൻ പദ്ധതി വ്യക്തമാക്കി. എൽസി സംസാരത്തി ൽ കാര്യമായ ശ്രദ്ധ കൊടുക്കാതെ മീൻ നന്നാക്കിക്കൊണ്ടിരുന്നു. ചിതമ്പലുകൾ നീക്കിയിട്ടും തൃപ്തി വരാത്ത പോലെ ആകെയുള്ള രണ്ടു മീൻ നന്നാക്കാൻ അവർ കാണിക്കുന്ന ബദ്ധപ്പാട് അവനെ അതിശയിപ്പിച്ചു. കുട്ടിയെ കുളിപ്പിച്ച് കൊല്ലുന്ന പ്രതീതി.

"ന്താ ചാള! എന്നും ഇതന്നെ."

"ശരവണൻ ചേട്ടൻ കച്ചവടം കഴിഞ്ഞു പോവുമ്പോ ഫ്രീയായി തരണതാന്നറിയാലോ."

"ന്നാലും ചേട്ടന് ഇടയ്ക്ക് വേറെ എന്തെങ്കിലും തന്നൂടെ."

അവർ മീൻ വെയ്സ്റ്റ് ഡബ്ബയിൽ ഇട്ടു.

"ഇതെന്താ ചീഞ്ഞതാ?"

"വെറുതെ കിട്ടണ പശൂന്റെ പല്ലെണ്ണണ്ട. പോയി വല്ല പണി നോക്കടാ ചെക്കാ."

വക്കുകൾ പോയ പാത്രം വൃത്തിയാക്കി വെള്ളമൊഴിച്ചതും ഞൊടിയിടയിൽ സമുദ്രലോകം സൃഷ്ടിക്കപ്പെട്ടെങ്കിലും ജീവൻ സൃഷ്ടിക്കാൻ കഴിയാത്ത നൈരാശ്യം അവൻ മറച്ചു വെച്ചില്ല.

മാലാഖ മത്സ്യം വാങ്ങാനുള്ള ബഡ്‌ജറ്റ്‌ തൽക്കാലം ഇല്ല. വെള്ളത്തിൽ നോക്കി ഭാവന വികസിപ്പിക്കേണ്ടി വരും.

വെള്ളത്തിൽ ഊളിയിട്ട് പോകുന്ന നിറക്കൂട്ടുകൾ സ്‌ക്രീനിൽ തെളിഞ്ഞു. വിവിധ വർണ്ണങ്ങളിലുള്ളവ. നീലയും മഞ്ഞയും ദൃശ്യവിരുന്നിന് മാറ്റു കൂട്ടി. മത്സ്യങ്ങൾ കലൈഡോസ്‌കോപ്പിലെ ചീളുകളായി മാറുന്ന പരിണാമ പ്രക്രിയ.

അമ്മയുടെ വിലാപം കേട്ട് ചലച്ചിത്രത്തിന് തിരശ്ശീല.

ശരവണേട്ടൻ പോയത്രേ. ലോറി വന്ന് തട്ടിയതാണ് പോലും.

രണ്ട് ചാള കിട്ടുന്നതും ഇല്ലാതായി. എല്ലാ ദിവസവും എംഎയ്റ്റിയിൽ ഗമയിൽ പോകുന്ന ശരവണേട്ടൻ ഇനി സ്വപ്നം മാത്രം. നാട്ടിലെ പൂച്ചകളും ദുഖിക്കുന്നുണ്ടാവും.

പുറത്തേക്ക് നടന്നു. ലക്ഷ്യം നാട്ടിലെ അറിയപ്പെട്ട പെറ്റ്ഷോപ്പ് തന്നെ.

കയറിച്ചെന്നപ്പോൾ കണ്ട കാഴ്ച്ച. കഴുത്തിൽ ചുകന്ന റിബ്ബൺ ധരിച്ച വെള്ള പഞ്ഞിക്കെട്ട് പോലെ ഒരു സുന്ദരിപ്പൂച്ച. കണ്ടാൽ അറിയാം. നല്ല തറവാടിൽ പിറന്ന കുറുഞ്ഞി.

"ന്താ ആന്റോ. നായകളെ കുളിപ്പിക്കാൻ പിന്നെ കണ്ടില്ല. കൊറച്ച് പണി ഇണ്ടേ."

"നായേം പൂചെം നിക്കട്ടെ. എനിക്ക് ഒരു മീൻ വേണം."

ടാങ്കിലെ സ്വർണ്ണമീനുകൾ റഡാർ സന്ദേശം ലഭിച്ച പോലെ നോക്കി.

"ഗോൾഡ്‌ഫിഷ് മതിയോ? അതാവുമ്പോ ചീപ്പാ. വെറുതെ തരാം."

അവൻ മാലാഖ മത്സ്യത്തെ പറ്റി സൂചിപ്പിച്ചു.

"അതൊന്നും ഇല്ല. ഫൈറ്റർ ഉണ്ട്. ഇത് ചെറിയ കടയല്ലേ."

"അതൊക്കെ വേസ്റ്റാ. ഇവനാ മൊതല്. എയ്ഞ്ചൽ ഫിഷ്."

"വരുത്തേണ്ടി വരും. വെല വരും. വെറുതെ തരാൻ പറ്റില്ല."

"നായേനെ പിന്നെ കുളിപ്പിക്കാം. മൂഡില്ല."

അവൻ വീട്ടിലേക്ക് തിരിച്ചു.

കടലാസ്സിൽ മാലാഖ മത്സ്യത്തെ വരയ്ക്കാൻ തുടങ്ങി. നീളത്തേക്കാൾ കൂടുതൽ പൊക്കമുള്ള മീനിനെ പകർത്താൻ എളുപ്പമായിരുന്നു.

"ടാ ആന്റോ. പണിയൊന്നും കിട്ടീലെ."

അവൻ നിശബ്ദനായി.

"ഇന്ന് ചെല്ലാൻ ഡോക്ടറല്ലേ പറഞ്ഞേ. ജോലിയൊക്കെ പിന്നെ. ആദ്യം ആരോഗ്യം."

സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ മുറിയിൽ അന്ന് പതിവ് പോലെ തിരക്കുണ്ടായിരുന്നു. ഊഴം വന്നപ്പോൾ കയറി.

ഡോക്ടർ പരിശോധനയ്ക്ക് ശേഷം വിശദമായി കാര്യങ്ങൾ വിവരിച്ചു. വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കണം.

"മീനെണ്ണ ഗുളിക മേടിക്കണം. ഇവടെ കോഡ് ലിവർ ഓയിൽ ഗുളിക ഇല്ല."

"പൊറത്തിന്ന് വാങ്ങുമ്പോ കാശ് ആവും ലെ?"

"ഏതാണ്ട് മുന്നൂറ്. ചവച്ച് തിന്നാൻ നോക്കല്ലേ. സംഗതി നല്ല കയ്പ്പാ."

ഡോക്ടറുടെ കയ്യിലെ പേനയിലേക്ക് നോക്കി. മുന്തിയ ഫൗണ്ടൈൻ പേന. ഏതോ മരുന്ന് കമ്പനിയുടെ ലേബലുണ്ട്.

"മീൻ നന്നായി കഴിക്കണം ട്ടോ. കാൽസ്യത്തിന്റെ കുറവുണ്ട്.”

ഫാർമസിയിലെ ചില്ലലമാരയിൽ മീനെണ്ണ ഗുളികയുടെ ബോട്ടിൽ കണ്ടപ്പോൾ അവന് കൗതുകം പൊട്ടി.

സ്വർണ്ണക്കല്ലുകൾ നിറച്ച ബോട്ടിലിനെ അനുസ്മരിപ്പിക്കുന്ന ബോട്ടിൽ. ഗുളികകളിൽ സ്വർണ്ണ മീനുകൾ നീന്തുന്ന പ്രസരിപ്പ്.

എൽസി ബൈബിളിലെ യോനായുടെ പുസ്തകം വായിക്കുകയാണ്.

കടലിൽ പതിച്ച യോനായെ വിഴുങ്ങാൻ യഹോവ കൂറ്റൻ മത്സ്യത്തെ അയച്ചു. മത്സ്യം പ്രവാചകനെ വിഴുങ്ങി. അദ്ദേഹം മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തിൽ കഴിഞ്ഞു. യോനാ ദൈവത്തിനു സ്തുതികീർത്തനം പാടി. ഒടുവിൽ മത്സ്യം യോനായെ വരണ്ട ഭൂമിയിൽ ഛർദ്ദിച്ചു.

"അമ്മേ. യോനാ പ്രവാചകനെ വിഴുങ്ങിയ മത്സ്യം തിമിംഗലം ആയിരിക്കും ലെ."

"ആയിരിക്കും."

"നമ്മളെ ഒക്കെ വിഴുങ്ങാൻ അങ്ങനെ ഒരു മത്സ്യം ഉണ്ടായിരുന്നെങ്കിൽ... മടങ്ങി വരണ വരെ ഇവിടത്തെ കഷ്ടപ്പാട് കാണണ്ടല്ലോ."

അവൻ മീനെണ്ണ ഗുളികയുടെ വില വിവരിച്ചു.

"ശരവണൻ ചേട്ടൻ ഉള്ളപ്പോ... ഇനി പണിക്ക് പോയാലേ മീൻ വെട്ടിവിഴുങ്ങാൻ പറ്റൂ."

"ഞാൻ പഴേ ഹോട്ടലില് ജോലിക്ക് പൂവാ. അവിടെ സീഫുഡുണ്ട്. മീൻ സ്‌പെഷ്യൽസ്."

ഹോട്ടലിൽ ദിവസവും നൂറുക്കണക്കിന് ആളുകൾ കഴിക്കാൻ വരും. നന്നായി പണിയെടുത്താൽ ഇടയ്ക്ക് മുതലാളി ഒരു ഫിഷ് ബർഗർ തരും. അതിൽ സോസ് ഒഴിച്ച് ഓരോന്ന് സ്വപ്നം കണ്ട് കഴിക്കുന്നതിലും സുഖം മറ്റൊന്നിനുമില്ല.

ആന്റോ നേരെ കട ലക്ഷ്യമാക്കി നടന്നു.

"കൊറേ നാളായല്ലോ ആന്റോ."

"സാറേ. സുഖല്ലായിരുന്നു. ഞാൻ അടുക്കളേക്ക് ചെല്ലട്ടെ."

ഉച്ചക്ക് കഴിക്കാൻ മീൻ വേണമെന്ന് ഒപ്പം ജോലി ചെയ്യുന്ന മിഥുനിനോട് ഉണർത്തി.

"മുതലാളി ചൂടാവും. സ്റ്റാഫിന് കൊടുക്കണ ഫ്രീ ഭക്ഷണത്തില് ഇറച്ചീം മീനും പാടില്ലാന്നാ. ചപ്പാത്തീം കുറുമേം മാത്രം."

"അതൊക്കെ മുതലാളി അറിയോ. നീയെടുക്ക്. മീൻ കഴിക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്."

മിഥുൻ ഒരു പാത്രത്തിൽ ഫിഷ് ബർഗർ കൊടുത്തതും അവൻ ഉത്സാഹത്തോടെ വാങ്ങി. അപ്പോഴാണ് മുതലാളിയുടെ വരവ്. അദ്ദേഹത്തിന്റെ നോട്ടം അവനെ തളർത്തി.

"ഇത് നിന്റെ വീടല്ല. തരണത് തിന്നോളണം. ആ ഫിഷ് ബർഗർ കസ്റ്റമറിന് ഉള്ളതാ."

ആന്റോ അടുക്കളയിൽ പോയി പത്രങ്ങൾ കഴുകാൻ തുടങ്ങി.

അല്പം കഴിഞ്ഞ ശേഷം മുതലാളി വിളിച്ചു.

"പുതിയ ഫിഷ് ടാങ്കിലെ മീൻ ചത്തു. എടുത്ത് കള. വല്ല കസ്റ്റമേഴ്‌സും കണ്ടാ അത് മതി."

പുതിയ ഫിഷ് ടാങ്ക് അവനിൽ കൗതുകമുണർത്തി. അതിലെ മത്സ്യത്തെ എവിടെയോ കണ്ട പോലെ.

വിക്കിപ്പീഡിയയിലെ വിവരണം തെളിഞ്ഞു.

“ഭംഗിയേറിയ ഒരിനം വളർത്തു മത്സ്യമാണ് എയ്ഞ്ചൽ മത്സ്യം. ഇവയുടെ വളർന്നു നിണ്ട പൃഷ്ഠ-ഗുദപത്രങ്ങൾക്ക് മാലാഖയുടെ ചിറകിനോട് സദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് എയ്ഞ്ചൽ മത്സ്യം എന്ന പേരു ലഭിച്ചത്. ഭംഗിയേറിയ ഒരു വളർത്തു മത്സ്യമായ ഇവയെ ഭക്ഷ്യ മത്സ്യമായി ഉപയോഗിക്കാറില്ല.”

ഇത് അവൻ തന്നെ.

മാലാഖ മത്സ്യം. ഏയ്ഞ്ചൽ ഫിഷ്.

കൈകൾ വെള്ളത്തിലേക്ക് ഊളിയിട്ടപ്പോൾ അവന്റെ മനസ്സ് മന്ത്രിച്ചു.

ഭംഗിയേറിയ ഒരു വളർത്തു മത്സ്യമായ ഇവയെ ഭക്ഷ്യ മത്സ്യമായി ഉപയോഗിക്കാറില്ല പോലും. വിക്കിപ്പീഡിയക്കാരുടെ ഒരു കാര്യം.

അവൻ ചീനച്ചട്ടി ലക്ഷ്യമാക്കി നടന്നു.