Skip to main content
Srishti-2022   >>  Short Story - Malayalam   >>  മിഥ്യ

Keerthana U R

TCS

മിഥ്യ

\അവൻ തന്റെ പണിപ്പുരയിലാണ്. കാലിന്മേൽ തറച്ച ആണിമുള്ളിന്റെ പ്രാണവേദനയിലും എന്തൊക്കയോ നേടിയെടുക്കാൻ വെമ്പൽകൊള്ളുന്ന അവന്റെ ചേഷ്ടികൾ അൽപനേരം അമ്മ നോക്കിനിന്നു. "നീ എന്താണ് ബാലു ഈ കാട്ടിക്കൂട്ടുന്നത്? നിന്റെ കാലിനിതെന്തുപറ്റി ? " അവൻ തന്റെ സ്പാനർ മാറ്റിവച്ചു കാലിൽ നിന്നും മുള്ള് നീക്കം ചെയ്തു. തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തി എന്ന തോന്നൽ അവന്റെയുള്ളിൽ ഉണ്ടായെങ്കിലും അമ്മയുമായി തർക്കത്തിലേർപെട്ടാൽ ഉണ്ടാകുന്ന സമയ ലാഭത്തെ കുറിച്ചോർത്തു അഭിമാനിച്ചു. വീണ്ടും പണിയിൽ മുഴുകി.

"ജലപാനമില്ലാതെ നീ ഇവിടെത്തന്നെ തമ്പടിച്ചേക്കുവാണോ? എന്താ നിന്റെ ഉദ്ദേശം?" അമ്മ വിടുന്ന ലക്ഷണമില്ലെന്നു കണ്ടിട്ടാവണം അവൻ മറുപടി നൽകി. "എനിക്കിവിടെ അല്പം ജോലിയുണ്ട്! നഷ്ടപ്പെടുത്താൻ എനിക്ക് സമയമില്ല. എത്രയും പെട്ടെന്ന് ഇത് ചെയ്തു തീർക്കണം. അമ്മ പൊയ്ക്കോളൂ." അമ്മ പിന്നയും ചോദ്യശരങ്ങൾ തൊടുത്തുവിട്ടു . പ്രതികരണം ഉണ്ടാകില്ലന്നുറപ്പുവന്നപ്പോൾ അവിടെയുണ്ടായിരുന്ന ചായക്കപ്പും എടുത്ത് അമ്മ അമ്മയുടെ പണിപ്പുരയിലേക്കുപോയി.

അടുത്തിരുന്നു ഫോൺ റിംഗ് ചെയുന്നുണ്ടങ്കിലും അവന്റെ ശ്രദ്ധ തന്റെ നട്ടിലും ബോൾട്ടിലും തന്നെയാണ്. അവിടെയുണ്ടായിരുന്ന ക്ലോക്കിലെ സൂചികൾ പരസ്പരം പന്തയംവച്ച് ഓട്ടം തുടരുന്നതൊന്നും അവന്റെ ശ്രദ്ധയിൽ പെട്ടില്ല.അവർ ഓടികൊണ്ടേയിരുന്നു.

പുറത്ത് ബൈക്കിന്റെ ശബ്ദം. "എടാ ബാലു, നീ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്."ചോദിച്ചത് സുഹൃത്ത് ഹരി ആയിരുന്നു. കൂടെ എൽദോയും ഉണ്ട്."ഒരു മെസ്സേജ് എങ്കിലും നിനക്ക് അയച്ചുകൂടെ." തെല്ലു പരിഭവത്തോടെ ഇത്തവണ ചോദിച്ചത് എൽദോയാണ്. "അല്ല നീ എന്താ ഇവിടെ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. എന്തോ മെഷീൻ പോലെ ഉണ്ടല്ലോ."മൗനം വിഴുങ്ങിയ കുറച്ചു സമയത്തിനുശേഷം ഹരി വീണ്ടും അവന്റെ തോളിൽ കുലുക്കി ചോദിച്ചു "എടാ നീ ഈ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ? നീ ആരോടാണ് ഈ ദേഷ്യം കാണിക്കുന്നത്? നീ ആരെയാണ് ശിക്ഷിക്കുന്നത്? നഷ്ടങ്ങൾ എല്ലാർക്കും ഉണ്ടാകും! വിഷമവും ഉണ്ടാകും. പക്ഷെ അതിനെ മറികടന്ന് മുന്നോട്ട് പോകാതെയിരുന്നാൽ ആർക്കാണ് ഇല്ലാണ്ടാകുന്നത്? അവൾ ഞങ്ങളുടെയും ഫ്രണ്ട് ആയിരുന്നു. ഞങ്ങൾക്കും ദുഃഖമുണ്ട്. പക്ഷേ...."പൊടുന്നനെ നിശ്ചലമായ ബാലുവിന്റെ കരങ്ങൾ കണ്ട് ഹരിക്ക് പിന്നെ ഒന്നും പറയാൻ ആയില്ല.

മൂവരും അമ്മ കൊണ്ടുവന്ന ചായ എടുത്തു. ശൂന്യത ഖണ്ഡിച്ചത് എൽദോ ആയിരുന്നു. "എടാ നിന്നെ ബിനു സാർ തിരക്കി. ഇനിയും വൈകിയാൽ സബ്ജെക്ട് നീ അണ്ടർ ആകുമെന്നുപറഞ്ഞു!" "ഞാൻ സാറിനെ കാണാനിരിക്കുവായിരുന്നു. എനിക്ക് ഈ വർക്ക്‌ പൂർത്തിയാക്കാൻ സാറിന്റെ കുറച്ചു സഹായം വേണം. ടൈം എസ്ടിമേഷൻ എറർ സോൾവ് ചെയ്യണം." "എന്ത് ടൈം എസ്ടിമേഷൻ?" "എന്റെ ഈ ടൈം മെഷീനുവേണ്ടി!"ഇരുവരും മുഖത്തോടുമുഖം നോക്കി."നീ എന്താ ബാലു ഈ പറയുന്നത്, ടൈം മെഷീനോ?" ആശ്ചര്യത്തോടെ ഹരി വീണ്ടും ചോദിച്ചു. "നീ ഈ സിനിമയും സീരിസും കണ്ട് ടൈം മെഷീൻ ഉണ്ടാക്കാൻ ഇറങ്ങി തിരിച്ചിരിക്കുവാണോ? വല്യ ശാസ്ത്രജ്ഞന്മാർ വിചാരിച്ചിട്ട് നടക്കുന്നില്ല! അങ്ങനെ ഒന്ന് ഉണ്ടോന്നുതന്നെ സംശയമാ. ഉണ്ടകിൽ തന്നെ അമേരിക്കക്കാർ കണ്ടു പിടിക്കാതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? നീ ഒന്ന് റിയാലിറ്റിലേക് തിരിച്ചു വാ ബാലു."

ബാലുവിന്റെ ഈ ശ്രമത്തിനുപിന്നിലെ ഉദ്ദേശം അവർക്ക് ഊഹികമായിരുന്നതുകൊണ്ടുതന്നെ 'ഇതെന്തിന് ' എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടായില്ല. ഇരുവരും ബാലുവിനെ പിന്തിരിപ്പിക്കുവാൻ കഴിവതും ശ്രമിച്ചു. ഫലംകാണില്ലെന്നുറപ്പവന്നപ്പോൾ പിന്തിരിഞ്ഞു. ഇറങ്ങാൻ നേരം ഹരി "ബാലൂ, നിന്റെ ഇഷ്ടത്തിനൊന്നും ഞങ്ങൾ എതിരല്ല. നിനക്ക് ശെരിയെന്നു തോന്നുന്നത് നീ ചെയൂ. പക്ഷെ നിന്റെ ജീവിതം നശിച്ചുപോകരുതെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ട്. നാളെ മുതൽ നി കോളേജിൽ വരണം. അത് കഴിഞ്ഞിട്ടുള്ള സമയവും ആവാല്ലോ നിന്റെ പരീക്ഷണം." ബാലു സമ്മതം മൂളി.

തിരികെ ബൈക്കെടുക്കുമ്പോൾ അവർ തന്റെ ഉറ്റ സുഹൃത്തിനെ ഒന്ന് തിരിഞ്ഞുനോക്കി. അവൻ തന്റെ കർത്തവ്യത്തിൽ മുഴുകി നിൽക്കുന്നതും കണ്ട് അവർ ഇറങ്ങി.

ചിലപ്പോൾ ജീവിതം അങ്ങനെയാണ്. നഷ്ടങ്ങൾ നമ്മെ തളർത്തും. അവയെ ജീവിതത്തിൽ നിന്നും മായിച്ചു കളയാനുള്ള ശ്രമമായിരിക്കും പിന്നീടങ്ങോട്ട്. പല കണ്ടുപിടുത്തങ്ങളെയും കുറിച്ച് ചിന്തിക്കും. അതിനായി ശ്രമിക്കും. എന്നിട്ടും ഫലം കണ്ടില്ലെങ്കിൽ.....

മുന്നോട്ടു പോകാനുള്ള ഒരു പ്രതീക്ഷയായി ബാലുവിന് ടൈം മെഷീൻ മാറുമ്പോൾ, പ്രതീക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാകും മറ്റുചിലർ. പല കണ്ടെത്തലുകൾക്കും പിന്നിൽ പ്രതീക്ഷയും വിരഹവുമൊക്കെ ഉണ്ടാകും. വഴിതെറ്റിപ്പോയ മനുഷ്യമനസിനെ മുന്നോട്ട് കുതിക്കാൻ സഹായിക്കുന്ന പ്രതീക്ഷയുടെ ഒരു കെടാവെളിച്ചം മുന്നിൽ ഉള്ളപ്പോൾ ആരും ഇരുട്ടിലാകില്ലന്നുറപ്പിക്കാം.