Skip to main content
Srishti-2022   >>  Short Story - Malayalam   >>  നിമിത്തമല്ല - അയാൾ സത്യമാണ്

Krishnamoorthy S (Zafin - Trivandrum)

Zafin Labs

നിമിത്തമല്ല - അയാൾ സത്യമാണ്

എന്നുമുള്ളതുപോലൊരു രാത്രി അല്ലായിരുന്നു അവനന്ന്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിൽ എത്തി നിൽക്കുന്ന തന്റെ ജീവിതത്തിൽ, ഒരുവൻ ഏറ്റവും അധികം സന്തോഷിക്കാൻ ആഗ്രഹിക്കുന്ന നിമിഷം. അതിലുമുപരി ആശ്വാസമായി ഒരു ചെറു സന്തോഷത്തോടെ മയങ്ങേണ്ട ഒരു രാത്രി.

പക്ഷെ, ചിന്തകൾ കളിത്തോഴനായ അവന് അതുകൊണ്ടാണോ അതോ ഉറക്കമില്ലായ്മ ഒരു ശീലമായതു കൊണ്ടാണോ ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. പല ചിന്തകളേയും അവന്റെ ബോധമനസ്സ് മാറി മാറി പരീക്ഷിച്ചു നോക്കി, സ്വന്തം കണ്ണുകളിൽ തളർച്ച അനുഭവപ്പെടുത്താനായി. അവിടെയും അവന് വിജയിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സമയം അതിന്റെ ഇടവേളകൾ ഭേദിച്ച് ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. ഇടയിലെവിടെയോ അവന് ദാഹം തോന്നിത്തുടങ്ങി. അടുത്തുണ്ടായിരുന്ന വെള്ളം ഒരല്പം കുടിച്ച് ദാഹം തീർത്ത ശേഷം വീണ്ടും ഉറക്കത്തിനു വേണ്ടിയുള്ള അവന്റെ ശ്രമങ്ങളിലേക്ക് ഊളിയിട്ടിറങ്ങി. പല ചിന്തകളിൽ കൂടെ കടന്ന് പോകുന്ന അവന്റെ മനസ്സ്, തളരാതെ തളർന്ന മനസ്സും ശരീരവും, ഉറങ്ങാൻ സമ്മതിക്കില്ല എന്ന ദൃഢപ്രതിജ്ഞയുമായി സ്വന്തം കണ്ണുകൾ, തന്റെ ചുറ്റും എന്ത് നടക്കുന്നു എന്നറിയാതെ മരവിച്ച ചെവികൾ, പിന്നെ കൂടെ ഇരുട്ടിന്റെ കൂട്ടും രാത്രിയുടെ ചൂടും.

ഇടയ്ക്ക് എപ്പൊഴോ കൂമന്റെ മൂളലുകൾക്ക് മീതെ കുറച്ചു ദൂരെ നിന്നായി ഒരു മനുഷ്യന്റെ ഉച്ചത്തിലുളള ശബ്ദം. ആ രാത്രിയിൽ ഇത്രയും ഉച്ചത്തിൽ തന്റെ ചെവികളിൽ തുളച്ചു കയറിയ ശബ്ദത്തിൽ അവൻ കാതോർത്തിരുന്നു. അവൻ സമയം നോക്കി. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. എല്ലാവരും ഗാഢനിദ്രയിൽ ആയിക്കഴിഞ്ഞ ഈ അസമയത്ത് ഇതാരാണ്? അയാൾ ആരോടാണ് സംസാരിക്കുന്നത്? ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചു.

ഉച്ചത്തിലും പതിയെയുമുള്ള ആ മനുഷ്യന്റെ ശബ്ദം, എന്തൊക്കെയോ വിളിച്ച് കൂവുന്നതുപോലെ, ഒന്നും മനസ്സിലാകുന്നില്ല. അവൻ തന്റെ ചെവികൾ കൂർപ്പിച്ച് കാതോർത്തിരുന്നു. പരസ്പരബന്ധമൊന്നുമില്ലാതെ എന്തൊക്കെയോ പുലമ്പുന്നതു പോലെ. അതിൽ ശകാരം, പാട്ട്, പിന്നെ മനസ്സിലാക്കാൻ കഴിയാത്ത പലതും ഉള്ളതുപോലെ തോന്നി. ഒടുവിലെപ്പൊഴോ ആ ശബ്ദം പതിയെ ഇല്ലാതെയായി. ഒരു പക്ഷെ ആ മനുഷ്യൻ സംസാരിച്ചു തളർന്ന് ഉറങ്ങിയിട്ടുണ്ടാകാം. പലതും ആലോചിച്ചു കിടന്ന് അവനും എപ്പൊഴോ ഉറങ്ങിപ്പോയി.

പിറ്റേദിവസം പ്രഭാതത്തിൽ ഉണർന്നു. കൂട്ടിന് ആവി പറക്കുന്ന ഒരു ചായയുമായി അവൻ പുറത്തേക്ക് നോക്കി ഉമ്മറപ്പടിയിൽ ഇരുന്നു. അപ്പോഴും മനസ്സിൽ രാത്രിയിലെ ആ മനുഷ്യനെക്കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ആ മനുഷ്യനെ താൻ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ആ നിമിഷം, തന്റെ മുന്നിലുള്ള വഴിയിലൂടെ പോകുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു പോയി. താൻ രാത്രിയിൽ കേട്ട ആ ശബ്ദത്തിനുടമ, ആരോടെന്നില്ലാതെ ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ട് പോകുന്നു. ആ മനുഷ്യനെ കണ്ടാൽ ഒരിക്കലും പറയാൻ കഴിയില്ല മനസ്സ് കൈവിട്ടു പോയ ഒരാളാണെന്ന്. കാരണം, അത് നേരിട്ടു കണ്ടാലെ മനസ്സിലാക്കാൻ കഴിയുള്ളൂ. അല്ലെങ്കിൽ നിങ്ങൾക്ക് സ്വയമേ വായിച്ചെടുക്കാം ആ മനുഷ്യനെ. കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകാം കാണാതെ കണ്ടു മറന്ന അതു പോലൊരു രൂപം.

പല ചിന്തകൾക്കുമുള്ള ഉത്തരം ആ മനുഷ്യനിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞതു പോലെ അവനു തോന്നി...!

എന്തിനാണ് താൻ ഇതൊക്കെ ആലോചിച്ചു കൂട്ടുന്നത് എന്ന് അവനു അറിയില്ല. എന്നിരുന്നാലും മനുഷ്യൻ മനുഷ്യനോട് സംസാരിക്കാൻ ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ അതിൽ നിന്നും അകലം പാലിച്ച് പുറംതിരിഞ്ഞോടുന്ന ഈ കാണുന്ന ചുറ്റുപാടിൽ ആ മനുഷ്യന് ഒരുപാട് പ്രസകതി ഉണ്ട് എന്നൊരു തോന്നൽ.

ആ മനുഷ്യന് സമയമോ സ്ഥലമോ ആളുകളോ ചുറ്റുപാടുകളോ ഒന്നും ഒരു പ്രതിസന്ധിയേ അല്ലായിരുന്നു. തന്റെ മനസ്സിന് പറയണമെന്ന് തോന്നിയ കാര്യങ്ങൾ അയാൾ പ്രകടിപ്പിക്കുകയായിരുന്നു എല്ലാത്തിനും അതീതമായി മനസ്സ് തുറന്ന് ഒരു കൂച്ചുവിലങ്ങുകളുമില്ലാതെ പ്രകൃതി എന്ന സത്യത്തിലേക്ക്. ഒരു പക്ഷെ ആ മനുഷ്യന് താൻ സംസാരിക്കുന്നതിനും ചോദിക്കുന്നതിനും ഉള്ള ഉത്തരങ്ങൾ കിട്ടുന്നുണ്ടാവും തിരിച്ചും, ഇഷ്ടപ്പെടാത്ത കണ്ണുകൾക്ക് കാണാനാകാത്ത വിധം.

പല ദിശയിൽ നിന്നും ചിന്തിക്കുമ്പോൾ കുറേയേറെ ചോദ്യങ്ങളും അതിനുള്ള ഉത്തരവും ആ മനുഷ്യനിൽ ഉണ്ടായിരുന്നു. പലർക്കും പലതും മറിച്ചു ചിന്തിക്കുവാനുള്ള ഒരു നിമിത്തം ആയിരിക്കാം ആ മനുഷ്യൻ....!

പക്ഷെ, ആ മനുഷ്യൻ വെറുമൊരു ഉദാഹരണം മാത്രമല്ല, മറിച്ച് സ്നേഹം എന്തെന്ന് മനസ്സിലാക്കി കൊടുക്കാൻ അവനു മുന്നിൽ എത്തിയ മറ്റൊരു നിമിത്തം.

ലോകം അല്ല നമ്മൾ മനുഷ്യർ തന്നെ ഭ്രാന്തനെന്നു മുദ്രകുത്തിയ ആ മനുഷ്യൻ വിവാഹിതനാണ്. അയാൾക്ക് ഭാര്യയും മക്കളും ഉണ്ട്. പക്ഷെ ഇടയ്ക്കെപ്പൊഴോ മനസ്സിന്റെ താളം ചെറുതായൊന്നു തെറ്റി. എല്ലായിടത്തും സംഭവിക്കുന്നതു പോലെ ഭാര്യയും മക്കളും അവരുടെ സ്ഥലത്തേക്ക് ചേക്കേറി.

പക്ഷെ ആ ഒരു സത്യം അറിഞ്ഞപ്പോൾ അവനു അയാൾ ഒരത്ഭുതമായി തോന്നി. കാരണം അയാൾ തന്റെ ഭാര്യയേയും മക്കളേയും കാണുവാൻ പോകും. അതും നാന്നൂറോളം കിലോമീറ്ററുകൾ തനിച്ചു യാത്ര ചെയ്ത്. പിന്നെയൊരിക്കൽ അവൻ അറിഞ്ഞു, ഈ നിമിഷം ആ മനുഷ്യൻ സ്വന്തം കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു, ഒരു കുഞ്ഞു പുതിയ അതിഥിയും കൂടെ.

ബന്ധങ്ങൾക്കും സ്നേഹത്തിനും പുല്ലുവില കല്പിക്കുന്ന, സ്വയം പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ ഓരോരുത്തർക്കും ഇടയിൽ,

സമൂഹവും കുടുംബവും ഭ്രാന്തനെന്നു മുദ്രകുത്തിയെങ്കിലും,

ലാഭേച്ഛ ഇല്ലാതെ, താൻ തന്റെ പകുതിയായി കണ്ട പ്രേയസിയേയും ജീവനായ മക്കളേയും സ്നേഹിക്കുന്ന...

ഹേ സോദരാ...

താങ്കളാണ് യഥാർത്ഥ മനുഷ്യൻ... ഇപ്പോൾ താങ്കൾ അവനൊരു നിമിത്തമല്ല, സത്യമാണ്!

ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ടവൻ...!

ശിരസ്സു നമിക്കുന്നു, താങ്കളുടെ നിസ്വാർത്ഥമായ സ്നേഹത്തിനു മുന്നിൽ...

സ്വരം തെറ്റിയ താളം ഇമ്പമുള്ള സംഗീതമായി മാറാൻ പ്രാർത്ഥിച്ചു കൊണ്ട്...

ബന്ധങ്ങളുടെ അർത്ഥം ലോകം അറിയട്ടെ എന്ന പ്രത്യാശയോടെ... പ്രതീക്ഷയോടെ...!