Skip to main content
Srishti-2022   >>  Short Story - Malayalam   >>  സ്നേഹപ്പൂ

Praveen Ramachandran

H n R Block

സ്നേഹപ്പൂ

കർക്കിടക മഴ പെയ്തു ഒഴിയുന്നില്ലെങ്കിലും കലശൽ അല്ല.കുട മടക്കി വീടിൻറെ പടി കയറി ചെന്നപ്പോൾ ചേട്ടൻ നേരത്തെ എത്തിയിട്ടുണ്ട്.ഇന്ന് അച്ഛൻറെ ആണ്ടാണ്.മഴ തുള്ളി എടുക്കുന്ന നോക്കി മാനത്തെ കണ്ണുംനട്ട് ഇലകളിൽ ഇറ്റുവീഴുന്ന തുള്ളികൾ നോക്കിയിരുന്നപ്പോൾ കേൾക്കാം എൻറെ മകൻറെ യും ചേട്ടൻറെ മകളുടെയും ഗംഭീര അലമുറകൾ

“ചേച്ചി”

വെള്ളാരം പല്ലുകൾ കാട്ടി അവൻറെ വിളി കേൾക്കുമ്പോൾ അവൻറെ ചേച്ചി വരുന്നു, പിന്നെ നിഷ്കളങ്കത തുളുമ്പുന്ന അവരുടെ ലോകത്തേക്കാണ്. കുറച്ച് സമയമേ കാണൂ ആ ലോകത്തിൻറെ ആയുസ്സ് പക്ഷേ വീണ്ടും വേറൊരു പാരലൽ യൂണിവേഴ്സ് അവർ നെയ്തെടുക്കും.ചിരാതുകൾ മിന്നിമറയുന്ന വേഗത്തിൽ കൂടുവിട്ട് കൂടുമാറുന്ന അവരുടെ കളികൾ കൗതുകത്തോടെ നോക്കി ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു ചേട്ടനും അത് നോക്കി ഇരിക്കുവാണ്.അച്ഛൻ ഇവിടെ ഒണ്ടാരുന്നേൽ അരികിൽ അച്ഛൻറെ നിത്യ ശാന്ത ഭാവത്തിൽ ഇരുന്നേനെ ഇത് നോക്കി . അത് ഓർത്തപ്പോൾ ഒരു മല വെള്ള പാച്ചിൽ ആയിരുന്നു. ഫോട്ടോ ഫ്രെയിംസ് കണക്കെ എൻറെ ഓർമ്മകളും മനസ്സും പിറകോട്ട് ചക്രം വച്ച് കുതിച്ചു. എൻറെ യൗവ്വനം, അവിടുന്ന് ചേട്ടനെയും എൻറെയും ബാല്യം അച്ഛൻറെ പേരിൽ മാത്രം ഇപ്പോഴും ഞങ്ങളെ ഓർക്കുന്ന അച്ഛൻറെ നാട് ഒക്കെയും എൻറെ മുന്നിൽ തിരനോട്ടം കണക്കേ വന്നുപോകുന്നു.

എല്ലാവരും ഒന്നിച്ച് കഴിക്കാനിരുന്നപ്പോൾ നിറവ്. പക്ഷേ എൻറെ മനസ്സ് നൂല് പൊട്ടിച്ച് പറന്നു തുടങ്ങിയിരുന്നു. അച്ഛൻറെ ഓർമ്മകളിൽ ഒരു പടി മുകളിൽ അച്ഛൻ എന്നും മനസ്സിൽ കൊണ്ടുനടന്നിരുന്നു നാടിൻറെ വർണ്ണ ചായങ്ങൾ.ഇടയ്ക്ക് ഞാൻ ഒന്നു പാളിനോക്കി. പറഞ്ഞില്ലേലും എനിക്കറിയാം ചേട്ടനും ചരട് പൊട്ടിച്ച് മനസ്സിനെ മേയാൻ വിട്ടിരിക്കുകയാണ് എന്ന്. ഒരുമിച്ച് വിധിയുടെ കടലിൽ വീണ തായിരുന്നു ഞങ്ങൾ .പക്ഷേ ഞങ്ങൾക്ക് ഒരിക്കലും വാക്കുകൾ വേണ്ടായിരുന്നു മനസ്സ് വായിക്കാൻ. അച്ഛൻ പഠിപ്പിച്ചു പോയ പാഠം..അതും മൗനമായി പഠിപ്പിച്ച പാഠം .പെട്ടെന്ന് ചേച്ചി വിളി വീണ്ടും .കാതങ്ങൾ, ഓർമ്മകൾ പിന്നെ ചായം തേച്ച വർണ കൂടുകൾ താണ്ടി ഒരു കുന്നിൻ ചെരുവിലേക്കു മനസ് നീളുകയാണ് …..

ബസിൽ ഇരിക്കുമ്പോ എനിക്ക് വല്ലാത്ത ആകാംശ ആയിരുന്നു . ഇന്ന് പോയി അരുവിയിൽ കുളിക്കണം .പർവത നിര യുടെ മുകളിൽ ആകാശം തൊട്ടു മേഘം പറക്കുന്നത് കാണണം .ഞാൻ ചേട്ടനോട് പറയുന്നുണ്ട് ആവശ്യങ്ങളെ കുറിച്ച് .കവലയിൽ ബസ് ഇറങ്ങി ,വണ്ടി പോയി കഴിയുമ്പോ പരക്കുന്ന ഒരു നിഗൂഢ സുന്ദര നിശബ്ദദ ഒണ്ടു ,മരങ്ങൾ ഇടതൂർന്നു നിക്കുന്ന ,ചീവീടുകൾ കുറുകുന്ന നിശബ്ദത .റോഡ് കടന്നു വളവു തിരിയുമ്പോ ചെമ്മൺ പാത ആയി .

ചെമ്മൺ വഴി കടന്നു എത്തി നിക്കുന്നത് ഒരു മണ്ണ് കൊണ്ടുള്ള മതിൽ കെട്ടിന് മുന്നിൽ ആണ്.അത് കടന്നാൽ പിന്നെ കണ്ണെത്താ ദൂരം റബര് തോട്ടം .കുന്നിന്റെ ചെരിവാണ് .ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് അച്ഛൻറെ വീട്ടിലേക്ക് പോകുന്നത്.അച്ഛൻ മുന്നേ പോകുന്നു പുറകെ ഞാനും ചേട്ടനും .ഒരു വളവും ഇറക്കവും പിന്നിട്ടപ്പോൾ എതിരെ വരുന്നു രണ്ട് മധ്യവയസ്കർ.അതിലെ തടിയുള്ള ആൾ എന്നെ നിഷ്കളങ്ക സംശയത്തോടെ നോക്കിയപ്പോൾ മറ്റേയാൾ പറഞ്ഞു

“ നമ്മുടെ രവിയുടെ മക്കളാണ് “

നമ്മുടെ രവി… രവിയുടെ മക്കൾ. അതെന്നയായിരുന്നു ഞങ്ങളുടെ അന്നെത്തെയും ഇന്നെത്തെയും എന്നത്തേയൂം വല്യ ഐഡന്റിറ്റി.

കുന്നിൻചെരുവിൽ അടുക്കടുക്കായി മൺകട്ട കൊണ്ടുള്ള വീടുകൾ. ഇലകളുടെ മേലെ കൈ ഓടിച്ചു പൂ നുള്ളി വരമ്പുകൾ ചാടി കടന്നു പച്ചപ്പിലൂടെ അതീവ ഉണർവോടെ നിറഞ്ഞ സന്തോഷത്തോടെ അച്ഛന്റെ വീട്ടിൽ ചെന്ന് എത്തുന്ന ഓർമ്മകൾ.പിന്നീട് തോർത്ത് ഉടുത്തു താഴെ കുത്തനെ ഇറക്കം ഇറങ്ങി ഒരു പോക്കാണ് .താഴ്ത്തെ അരുവിയിലേക്കു …അപ്പോഴേക്കും വിളി വന്നു

" മക്കളെ …”

സ്നേഹപ്പൂ അമ്മുമ്മ ആണ് …അമ്മുമ്മേടെ വീട് ആ ഇറക്കത്തിൽ ആണ് .വളവോടു കൂടിയ ഒരു ഇറക്കത്തിൽ .ഇന്ന് ഈ മേശയിൽ ഇരിക്കുമ്പോ ചൂടിനെ പറ്റിയും വണ്ടികളെ പറ്റിയും പിന്നെ ലോക അവലോകനം ഒക്കെ ചെയ്യുമ്പോ ഞാൻ മറന്നു പോയ സ്നേഹപ്പൂ അമ്മുമ്മ .എന്നെ മൂന്ന് വയസു വരെ നോക്കിയത് അമ്മുമ്മ ആയിരുന്നു .അതിന്റെ സ്നേഹം ആണ് എന്നെ കാണുമ്പോ മക്കളെ എന്ന് വിളിച്ചു കവിളിൽ ഒരു ഉമ്മ .അന്ന് എനിക്ക് അത് ഇത്തിരി കുറച്ചിലും പിന്നെ ലേശം അരോചകവും ഉളവാക്കിയെങ്കിലും ഇന്ന് ഓർക്കുമ്പോ അത്ര ആത്മാർത്ഥ സ്നേഹം, കരുതൽ ഇന്നൊക്കെ കാണാ കണി ആണ് . ആ സ്നേഹത്തിന് വിലമതിക്കാൻ എൻറെ കണക്കിലെ നൈപുണ്യം തികയില്ല.മൗനം മനസ്സിൽ വന്നു നിറയുന്നു .. കുറച്ചു കണ്ണ് നീരും . അവരുടെ മരണം പോലും ആരോ എപ്പോഴാ പറഞ്ഞു അറിയുക ആണ് ചെയ്തത്.വീണ്ടും മൗനം കൂട്ടായി ഉള്ളത് കൊണ്ട് ഒറ്റ പെട്ടില്ല ..

അമ്മൂമ്മയുടെ പിടിയിൽ നിന്നും കുതറിമാറി ഓടി അരുവിയിൽ ചാടുമ്പോ വെള്ളത്തിന്റെ കുളിർമയിൽ മനസ് നിറഞ്ഞു തുടിക്കുമ്പോൾ കൗതുകം കൂടും .ഞാനും ചേട്ടനും അരുവി മുറിച്ചു താണ്ടി നടന്നു .പാറ കെട്ടുകൾ ഉള്ള ഒരു പ്രദേശം ആണ്.അതിലൂടെ നൂഴ്ന്നു കയറി വരമ്പ് താണ്ടി കണ്ടം ചാടി മേലോത്തെ വീടിന്റെ മുന്നിൽ എത്തി.അന്നത്തെ അത്യാവശ്യം വല്യ വീടായിരുന്നു .പുറകു വശത്തു പോയി നിക്കുമ്പോ കാണുന്ന സഹ്യാ പർവത നിരകൾ .തെളി നീര് പോലെ എന്റെ മനസിനെ പാക പെടുത്തി എടുത്ത കാഴ്ചകൾ .എന്നിലെ ഫോട്ടോഗ്രാഫറെ ആദ്യമായി തൊട്ടുണർത്തിയ കാഴ്ചകൾ .പിന്നിൽ നിന്നുള്ള ഓരോ വിളികൾ ,ഓരോ കുറുക്കലുകൾ ,മൺ മറഞ്ഞ എന്റെ സ്വന്തമായ ഓർമ്മകൾ,പച്ച മനുഷ്യർ ഇതൊക്കെയും തന്ന തിരിച്ചറിവ് ഒന്നായിരുന്നു . അച്ഛന്റെ വേരുകൾ ഇവിടെ ആണ് എൻ്റെ യും .

അച്ഛൻ തന്നിട്ട് പോയ പൈതൃകം ... എന്നിലൂടെ ചേട്ടനിലൂടെ..ഞങ്ങളുടെ മക്കളിലൂടെ ..അവരുടെ മക്കളിലൂടെ ഒഴുകി സ്നേഹപ്പൂക്കൾ ആയി പടരാൻ ഉള്ള പൈതൃകം .ഞാൻ ഓർത്തു ഒരിക്കലും എൻറെ അച്ഛൻ നാടിനെ കുറിച്ചുള്ള ഇഷ്ടത്തെ പറ്റിയോ വേരുകളെ പറ്റിയോ വാചാലനായിട്ടില്ല .എന്നിട്ടും ഇന്നത്തെ ദിവസം ഞാൻ ഇതൊക്കെ ഓർക്കാനും തിരിച്ചറിയാനും കാരണം എന്തേലും ഉണ്ടേൽ അത് പൈതൃകം മാത്രം ആണ്.ചേട്ടന്റെ മൗനത്തിൽ നിന്ന് ഞാൻ വായിച്ച എടുത്തതും അത് തെന്നെ ആയിരുന്നു .അച്ഛൻ ഞങ്ങൾക്ക് പകർത്താടിയ വല്യ പാഠം.തന്റ്റെതായ അനുഭവങ്ങളിൽ കൂടി പഠിക്കുക അറിയുക പാക പെടുക .അങ്ങനെ ഒരു നാൾ ഞാൻ നിങ്ങളോടു നിങ്ങള്ക്ക് പകർന്നു തരാൻ നിനച്ചതൊക്കെ കാലം പറയാതെ പറയും .അച്ഛൻ ചേട്ടൻ ഞാൻ ..മൗനത്തിന്റെ നൂലിൽ ഞങ്ങളെ കോർത്തിണക്കിയ കാലം .എനിക്കറിയാം യവനികയുടെ അങ്ങേ തലയ്ക്കൽ അച്ഛൻ ഇപ്പോഴും എന്നെ കൊണ്ട് ചെയ്യിപ്പിക്കാൻ ഒന്നും ഉണ്ടാവില്ല്ല ഒന്നൊഴിച്ചു

"..എടാ നീ കണ്ടെത്തു അങ്ങനെ കണ്ടെത്തുന്നതെ നില നിൽക്കൂ "

തെല്ലു കുറ്റബോധത്തോടെയും അതിലേറെ വിസ്മയത്തോടേയും ഞാൻ ഓർത്തു എത്ര സ്നേഹപ്പൂക്കൾ ആണ് എന്റെ വഴിത്താരയിൽ വന്നു പോയതു ,,അമ്മുമ്മ ..അച്ഛൻ ..പിന്നെ എന്നിലെ ചിന്തയെ ആദ്യമായി ഉണർത്തിയ.. എൻറെ കണ്ണിനെ കാണാൻ പഠിപ്പിച്ച .. എൻറെ അച്ഛന്റെ നാട്ടിലെ കാഴ്ചകൾ..അവയൊക്കെയും എനിക്ക് സ്നേഹപൂക്കൾ ആണ് എന്നോ വറ്റിപ്പോയ അരുവിയും ഒഴുക്ക് നിലയ്ക്കാത്ത എൻറെ മനസ്സും

കാവലായി സ്നേഹ പൂക്കളും ഉള്ളപ്പോൾ എനിക്ക് നിറവാണ് ..എൻറെ ആത്മാവിൽ നിറയുന്ന നിറവ്

“ചേച്ചി”

വീണ്ടും ഞാനും ചേട്ടനും ഒരുമിച്ച നോക്കി. അനന്തരം ഓർമ്മപൂക്കൾ ഞങ്ങളുടെ ഇടയിൽ സ്നേഹ പൂക്കളായി പ്രയാണത്തിനു ഒരുങ്ങി നിൽക്കവേ അച്ഛനെ ഞാൻ കണ്ടു എന്നിൽ