Skip to main content
Srishti-2022   >>  Short Story - Malayalam   >>  സ്വപ്നായനം

Sreeja Surendranath

Qburst

സ്വപ്നായനം

ഒന്ന് ചുണ്ടു കോട്ടാൻ പോലും ആവുന്നുണ്ടായിരുന്നില്ല. അത്ര ക്ഷീണവും എല്ലുകൾ നുറുങ്ങുന്ന വേദനയും... ഇത്ര നാൾ വീക്ഷിച്ചതും അറിഞ്ഞതും ആയ ജീവിതങ്ങളിൽ ഒന്നും ഇത് പോലെ ഒന്ന് എന്തെ കാണാതെ പോയി എന്ന് ഇതും കൂട്ടി കാക്കതൊള്ളായിരാമത്തെ തവണ ആലോചിച്ചു. ഇപ്പോൾ ജീവിതവും ജീവനും ഒക്കെ തലയോട്ടിയിലെ ഒന്നര ലിറ്റർ തലച്ചോറിൽ മാത്രം ഉള്ളു. ശരീരത്തിലേക്ക് അഥവാ അതിൽ നിന്നും ഒരു തുള്ളി എങ്ങാനും ഒലിച്ചു ഇറങ്ങി പോയാൽ കയ്യിൽ ഇരുന്നു മാറിൽ കടിച്ചു തൂങ്ങുന്ന സത്വം അത് കൂടി വലിച്ചു കുടിക്കും. പ്രസവത്തിന്റെ മധുവിധു കാലം, അഥവാ പത്തു ദിവസം, കഴിഞ്ഞതോടെ മരിച്ചതാണ് കുഞ്ഞു എന്ന് പറയുന്ന ജീവിയോടുള്ള അടങ്ങാത്ത സ്നേഹം. നീര് വറ്റിയ നദിയിലേക്ക് ഉയരത്തിൽ നിന്ന് എടുത്തു ചാടിയ പോലെയായിരുന്നു പ്രസവം. പ്രസവ വേദനയുടെ പാരമ്യത്തിൽ ഓപ്പറേഷൻ ചെയ്തു എടുക്കേണ്ടി വന്നു. ആളുകളുടെ സ്നേഹമായിരുന്നു ആ നദി. പ്രസവമെന്ന കൊടിയ ആഘാതത്തോട് കൂടി ഞാൻ ആ നദിയിലേക്കു പതിക്കുമ്പോൾ സ്നേഹം മുഴുവൻ ദിശ തിരിഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു ആ കുഞ്ഞിലേക്ക്.. വറ്റി വരണ്ടു വിണ്ടു കീറിയ ആ അടിത്തട്ടിലേക്ക് പതിക്കുമ്പോൾ എല്ലുകൾക്കൊപ്പം മനസ്സും നുറുങ്ങിയിരുന്നു..

സ്വപ്‌നങ്ങൾ എന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു. ഏതോ മായാലോകങ്ങളിലേക്ക്.. ചിലപ്പോൾ പൂക്കൾ നിറഞ്ഞ താഴ്വരകൾ.. ചിലപ്പോൾ ആകാശത്തു വർണ്ണചിറകുകൾ വീശി പാറിക്കളിക്കാം. ചിലപ്പോൾ ഭാരമില്ലാതെ അതിവേഗം നീന്താം.. പിന്നെ ചിലപ്പോൾ, ചിലപ്പോൾ മാത്രം ദിവസങ്ങളോളം അലട്ടുന്ന, രാവുകളെ പകൽ പോലെ ഉറക്കം ഇല്ലാത്തതും, പകലുകളെ ഓർമ്മകൾ കൊണ്ട് വേട്ടയാടി രാവ് പോലെ ഇരുട്ടിലാക്കുന്നതും ആയ പേടിസ്വപ്നങ്ങളും...

സ്വപ്നങ്ങളുടെ ചിറകുകളിൽ നിന്ന് അടർത്തി എടുത്ത തൂവൽ ചെത്തി മിനുക്കി കുറെ സ്വപ്നങ്ങളും ദിവാസ്വപ്നങ്ങളും കടലാസിൽ പകർത്തി വെച്ചപ്പോളാണ് ആദ്യമായി അമ്മയായത്, ആ കഥകൾക്ക് ജന്മം നൽകിക്കൊണ്ട്.. കഥകളിൽ സ്വപ്‌നങ്ങൾ മാത്രം അല്ല, ആളുകളുടെ യാഥാർഥ്യവും എഴുതാൻ കഴിയണം. മനസ്സിന്റെ തീർത്ഥാടനങ്ങൾ, ഒഴുക്കിക്കളയുന്ന രക്തത്തിൽ മുടിയിഴകൾ മുക്കി ചായം പിടിപ്പിച്ച ചിത്രങ്ങൾ, കണ്ണീർ എണ്ണയാക്കി ആളിക്കത്തുന്ന നാളങ്ങൾ, എല്ലാം.. എല്ലാം എഴുതി. പലരുടെയും കഥകൾ പല വശങ്ങളിൽ മാറി നിന്ന് നോക്കി കണ്ടു, കണ്ണ് തുറന്നും കണ്ണടച്ചും. എല്ലാം പകർത്തി. മോഹവും മോഹ ഭംഗവും വർണ്ണങ്ങൾ ചാലിച്ച് എഴുതി.. പ്രണയത്തെ അനശ്വരമാക്കി. അതേ പ്രണയത്തെ നിരർത്ഥകവും ആക്കി.. അത് വായിച്ചവർ ചിലർ തങ്ങളുടെ ജീവിതം വായിച്ചു. മറ്റു ചിലർ ഇനിയുള്ള ജീവിതം ജീവിക്കാൻ തയ്യാറെടുത്തു...

ഇന്ന് പൂക്കളില്ല, താഴ്വരകൾ ഇല്ല.. നല്ല സ്വപ്‌നങ്ങൾ, മയക്കത്തിൽ മാത്രം കടന്നു വരുന്ന, സ്നേഹിക്കപ്പെടുന്ന കാലത്തെ ഓർമകളിലേക്ക് ചുരുങ്ങി.. പേടിസ്വപ്നങ്ങൾ ആവട്ടെ, കുഞ്ഞിനേയും അവഗണനയെയും വട്ടമിട്ടു പറന്നുകൊണ്ടിരുന്നു.. ഞെട്ടി ഉണരുന്നത് ഇന്ന് ഒരു പതിവാണ്. ഉറക്കം വിരളവും..

ചിന്തിച്ചു നേരം പോയത് അറിഞ്ഞത് കുഞ്ഞു മോണകൾ ഉറക്കത്തിൽ കടി മുറുക്കിയപ്പോളാണ്.. ശരീരത്തിൽ എവിടെയോ ഒളിഞ്ഞിരുന്ന അൽപ്പ പ്രാണൻ കൂടി ഒരു നേരിയ കരച്ചിലോടു കൂടിയ നെടുവീർപ്പായി പുറത്തേക്കു പോയി. മടിയിൽ കിടന്നു ഉറങ്ങുന്നത് കാണുമ്പോൾ ഇടയ്ക്കു ശരീരത്തിൽ നിന്ന് പറിച്ചെടുത്ത ആ അംശത്തോടു അതിയായ സ്നേഹം തോന്നും ഇതിനൊക്കെ ശേഷവും. തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി. ഒരിക്കലും വളരാതെ നെഞ്ചോടു ചേർന്ന് എന്നും ഇങ്ങനെ ഉറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. അത് കുടിച്ചു വറ്റിച്ച ഉറവകൾ വീണ്ടും നെഞ്ചിൽ നനവ് പടർത്തി.. ഒരിക്കലും മതിവരാത്ത അത്ര കൊതി ആവും ആ മുഖത്ത് നോക്കി ഇരിക്കാൻ.. എന്നാൽ നോക്കി നോക്കി ഇരിക്കേ..... അതിനെ എടുത്തു എറിഞ്ഞാലോ എന്ന് തോന്നും.. കണ്ണുകൾ അടച്ചു സകല സുഖവും അനുഭവിച്ചു, ബാക്കി ഉള്ള ജീവൻ കൂടി വലിച്ചു കുടിക്കുന്ന അതിനെ അങ്ങനെ തന്നെ മാറിൽ അമർത്തി ശ്വാസം മുട്ടിച്ചാലോ എന്നും.. പിച്ചാനും അടിക്കാനും ഒക്കെ തോന്നും.. ജീവിതത്തിലേക്ക് ഇങ്ങനെ ഒരു ജന്മം കടന്നു വന്നിരുന്നില്ലെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കും...

മാതൃത്വം എല്ലാ ദുഷ്ചിന്തകളെയും അകറ്റി നിർത്തി. പിടിച്ചു കെട്ടി എന്ന് പറയുന്നതാവും ശെരി. ചിന്തകളെ തടയാൻ ആവുമായിരുന്നില്ല. ചിന്തകൾ പ്രവൃത്തികൾ ആവാതെ പിടിച്ചു കെട്ടി. ആരോടെങ്കിലും പറഞ്ഞാലോ എന്ന് നൂറു വട്ടം ആയി ചിന്തിക്കുന്നു. പക്ഷെ എന്ത് പറയണം. കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നുന്നു എന്നോ? കൊല്ലാൻ തോന്നുന്നു എന്നോ.. അതും ആരോട്, പുതിയ കളിപ്പാട്ടം കിട്ടിയപ്പോൾ പഴയതു മറന്ന കുട്ടികളുടെ സ്വഭാവം കാണിച്ച, കുഞ്ഞിന് വേണ്ടി ഭാര്യയെ, മകളെ, മരുമകളെ, മറന്ന വീട്ടുകാരോടോ?

കുറ്റബോധം ആണ് എല്ലാറ്റിനും.. കുഞ്ഞിനെ പറ്റി ഇങ്ങനെ ചിന്തിക്കുമ്പോൾ.. വീട്ടിൽ സഹായിക്കാൻ ആവാതെ വരുമ്പോൾ.. ഭർത്താവിന് സ്നേഹം നിരസിക്കുമ്പോൾ.. ഒന്നിനും കൊള്ളാത്തവളായി ഇങ്ങനെ ജീവിക്കുമ്പോൾ.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ, ഒന്ന് കുറ്റപ്പെടുത്തുകയെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് പല വട്ടം ആഗ്രഹിച്ചിട്ടുണ്ട്. ആരും ഒന്നും പറഞ്ഞില്ല. അദൃശ്യ ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്. ഇന്നലെ വരെ ആരായിരുന്നു എന്ന് ചിന്തിച്ചു പോകും വിധം കാര്യങ്ങൾ മാറി മറിഞ്ഞു.

നല്ല ഭക്ഷണം കഴിക്കണം, കുഞ്ഞിന് എന്തെങ്കിലും കിട്ടണ്ടേ.. എഴുന്നേറ്റു ഇരുന്നു തന്നെ രാത്രി പാല് കൊടുക്കണം, കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാലോ.. ഞാൻ ഒക്കെ പ്രസവിച്ചു രണ്ടാഴ്ച കഴിഞ്ഞപ്പോളേ വീട്ടു പണി ഒക്കെ ചെയ്തു തുടങ്ങി.. ഇപ്പോളത്തെ പിള്ളേർക്ക് ഒന്നും സഹിക്കാൻ വയ്യ. ഓപ്പറേഷൻ മതി, അതാവുമ്പോ വേദന ഇല്ലല്ലോ.. വരുന്നവരൊക്കെ കുഞ്ഞിന് സമ്മാനങ്ങൾ ആയി വരും. കുഞ്ഞിനെ എടുത്തു താലോലിക്കും. കുഞ്ഞു എപ്പോൾ ഉറങ്ങും, എപ്പോൾ ഉണരും, എത്ര വട്ടം പാല് കുടിക്കും, ഭാരം എത്ര, കുത്തിവെയ്പ്പ് എന്ന് വേണ്ട ആ ഹൃസ്വമായ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചോ അതൊക്കെ അറിഞ്ഞു വെയ്ക്കും. എന്തിനു.. സ്വന്തം വീട്ടിൽ ഉള്ളവർ വരെ കുഞ്ഞിന്റെ കാര്യസ്ഥ ആയി ആണ് കാണുന്നത്.

നിസ്സഹായത നിസ്സംഗത ആയും ക്ഷീണം ദ്വേഷം ആയും രൂപമാറ്റം സംഭവിക്കുന്നത് ആരെങ്കിലും അറിഞ്ഞുവോ... ഉള്ളിൽ വളരുന്ന കുഞ്ഞിനെ വയറ്റിൽ പത്തു മാസം ഒളിപ്പിച്ചു.. അപ്പോൾ കുറച്ചു വികാരങ്ങൾ പുറത്തു ചാടാതെ നോക്കാൻ ആവില്ലേ.. എന്നാലും ഉള്ളിൽ വലിയ സ്ഫോടനങ്ങളുടെ ഇടയ്ക്കു വെറുപ്പിന്റെ വികൃത ഭാവങ്ങൾ മുഖത്ത് നൃത്തം വെച്ച് കാണണം.. കണ്ണുകൾ കുഞ്ഞിലേക്ക് നട്ടിരുന്നവർ കണ്ടു കാണില്ല. ഉറപ്പ്...

ആരോടെങ്കിലും പറയണം.. ഇതും കഥയാണ്. എഴുതണം.. ആരെങ്കിലും കാണും, ഇതൊക്കെ മറ്റാരുടെയെങ്കിലും വരികളിലൂടെ വായിക്കാൻ കാത്ത്.. അല്ലെങ്കിൽ ഒരു പക്ഷെ ഇത് വായിച്ചു തയ്യാറെടുത്ത്.. കൈയ്യ് അറിയാതെ പേനയെടുത്തു അടുത്തിരുന്ന മരുന്ന് കുറിപ്പിൽ എഴുതാൻ തുടങ്ങി.. മഷി ഒഴുകി.. കണ്ണുകളിൽ നിന്ന്.. എന്നോ മഷി വറ്റിപ്പോയ പേന ഒപ്പം വിതുമ്പി... ഇത് ആരുടേയും കഥ അല്ല.. ഇത്ര ദ്രവിച്ച ജീവിതം മറ്റാർക്കും ഇത് പോലെ ഉണ്ടാവില്ല... മറ്റാർക്കും....

"കുഞ്ഞിന് ഇന്ന് ഒരു മാസം ആവുന്നു".. ഒരു ക്ഷീണിച്ച പുഞ്ചിരി മറുപടി ആയി കൊടുത്തു. പക്ഷെ എന്തിനു അത് അപ്പോൾ പറഞ്ഞു എന്ന് മനസിലായി വന്നപ്പോഴേക്കും അദ്ദേഹത്തിന്റെ കൈ, കൈ കടന്നു തോളിൽ ഇഴഞ്ഞു തുടങ്ങിയിരുന്നു.. നീര് വെച്ച് ചീർത്തിരിക്കുന്ന ശരീരവും, വയറൊഴിഞ്ഞപ്പോൾ അടിവയറ്റിലെ തുന്നിക്കെട്ടിൽ കൊളുത്തി വലിച്ചു തൂങ്ങി കിടക്കുന്ന കറുത്ത വയറും അതിലെ വെളുത്ത വലിഞ്ഞ പാടുകളും, അമ്മിഞ്ഞ പാലിന്റെയും വിയർപ്പിന്റെയും കുഴമ്പിന്റെയും ഗന്ധവും, അടുത്ത് ഉറങ്ങി കിടക്കുന്ന കുഞ്ഞും. അറപ്പു തോന്നി. ഇതൊന്നും മനസ്സിലാവാത്തയാളോട് വെറുപ്പും.. "നിനക്ക് ഇപ്പോൾ കുഞ്ഞിനെ മതി. എന്റെ വികാരങ്ങൾ കാണണ്ട." കതകു പിന്നിൽ കൊട്ടിയടച്ചു അതിലും വലിയ ശബ്ദത്തിൽ കാലൊച്ച അകന്നു അകന്നു പോവുന്നത് കേൾക്കാമായിരുന്നു. ഒരു മരവിപ്പായിരുന്നു. നിനക്ക് കുഞ്ഞിനെ മതി. ഈ ശരീരം ഒരു പക്ഷെ ഒരു വട്ടം കണ്ടാൽ തീരാൻ ഉള്ളതേ ഉണ്ടാവു ഈ പ്രശ്നങ്ങൾ ഒക്കെ. അല്ലെങ്കിൽ ചിലപ്പോൾ അതൊന്നും ഒരു പ്രശനം അല്ലായിരിക്കും.. ആവോ. തിരിച്ചു എന്തേ അങ്ങനെ ചോദിക്കാൻ ആവുന്നില്ല എന്നത് ഒരു ഉത്തരം ഇല്ലാത്ത ചോദ്യം ആയിരുന്നു.

കുഞ്ഞിന്റെ അടുത്ത് അതിന്റെ നെഞ്ചത്ത് കൈ വെച്ച് കിടന്നു. നേരിയ മയക്കത്തിൽ ആരോ വാതിൽ പയ്യെ തുറക്കുന്ന ശബ്ദം. കണ്ണ് തുറക്കുമ്പോൾ പഴയ തറവാട്ടു വീട്ടിൽ ആയിരുന്നു. ഒരു പെറ്റിക്കോട്ട് ആയിരുന്നു വേഷം.. ഏകദേശം ഒൻപതു വയസ്സ് പ്രായം. കുഞ്ഞു അടുത്ത് കിടപ്പുണ്ട്. ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. വാതിലിനു നേരെ നോക്കി. ഓടിനിടയിലൂടെ കടന്നു വന്ന അരണ്ട വെളിച്ചത്തിൽ അമ്മാവനെ കണ്ടു.. പേടി കാരണം അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ആ കൈകൾ ദേഹത്ത് മുഴുവൻ ഇഴഞ്ഞു നടന്നു. പണ്ടത്തെ പോലെ എഴുന്നേറ്റ് ഓടിയാൽ കുഞ്ഞിനെ അയാൾ എന്തെങ്കിലും ചെയ്താലോ.. ദൈവം രക്ഷക്ക് എത്തിയ പോലെ കുഞ്ഞു കരയാൻ തുടങ്ങി.. പെട്ടെന്ന് ഇഴച്ചിൽ നിന്നു. അയാൾ പിൻവാങ്ങി.. വാതിൽ അടഞ്ഞു. "ഹൊ. എന്തൊരു ഉറക്കം ആണ് ഇത്. ആ കൊച്ചു ഇത്രയും നിലവിളിച്ചിട്ടും അറിയുന്നുണ്ടോ ന്നു നോക്കിയേ. എന്ത് പറയാൻ." പിടഞ്ഞു എണീറ്റ് നോക്കുമ്പോൾ കുഞ്ഞിനെ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്ന ഭർത്താവിനെയും ഇതും പറഞ്ഞു മുറിയിലേക്ക് കയറി വന്ന അമ്മായിഅമ്മയെയും ആണ് കണ്ടത്.. മുഖത്ത് നോക്കാൻ ഉള്ള വൈമുഖ്യം കണ്ടപ്പോൾ ആണ് അത് അമ്മാവൻ അല്ലായിരുന്നു എന്ന് മനസ്സിലായത്. മടുപ്പു തോന്നി.. ഭയവും..

ഈ സ്വപ്നം വെറും സ്വപ്നം അല്ല. ഒരിക്കൽ ജീവിച്ചതാണ്.. പിന്നീട് തൊടിയിൽ മാങ്ങ തിരഞ്ഞു നടന്നപ്പോൾ ചുവരിൽ ചേർത്ത് തന്ന ഭീഷണിയിൽ അവിടെ തന്നെ കുഴിയാനകളുടെ കൂട്ടിൽ കുഴിച്ചു മൂടിയ ശബ്ദം പിന്നെ ഉയർന്നില്ല. ഒളിഞ്ഞും തെളിഞ്ഞും പല സ്ഥലത്തും പലരും നടത്തിയ അതിക്രമങ്ങൾക്ക് എതിരെയും ഉയർന്നില്ല. ശരീരത്തിന്റെ കാര്യം വരുമ്പോൾ ആ പഴയ ഭയമുള്ള ഒൻപതു വയസ്സുകാരി തീരുമാനങ്ങൾ എടുത്തു..

അവൾ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല. ദേഹത്ത് കൂടെ കുറച്ചു മുന്നേ ഇഴഞ്ഞ കൈകളിൽ അവൾ കിടന്നു പിടയുകയാണെന്നു തോന്നി. കുഞ്ഞല്ല, പെണ്കുഞ്ഞു.. പെണ്കുഞ്ഞു.. പെട്ടെന്ന് പിടിച്ചു വാങ്ങിയപ്പോൾ അയാളുടെ "കുഞ്ഞിന് എന്തെങ്കിലും പറ്റും, എന്താ ഈ കാണിക്കുന്നെ " എന്ന ശകാരം തലയ്ക്കു മീതെ കൂടെ പോയി. കൂടെ അകന്നു പോയ കാലടി ശബ്ദങ്ങളും...

അവൾ.. 'അത്' അല്ല, അവൾ.. പെണ്കുഞ്ഞു. എന്നെ പോലെ. എന്റെ ചോര.. ഒൻപതു വയസ്സാകുമ്പോൾ.. അല്ലെങ്കിൽ അതിനു മുൻപേ ശബ്ദം അടഞ്ഞു പോവേണ്ടവൾ.. ഏതോ കൈകൾ അനുവാദം ഇല്ലാതെ ദേഹത്ത് ഇഴയേണ്ടവൾ.. ഒരു കൈ കൊണ്ട് മൂടി വെയ്ക്കാൻ പോന്ന വലിപ്പമേ ഉള്ളു ഇപ്പോൾ. ഇടയ്ക്കു എപ്പോഴോ കരച്ചിൽ നിറുത്തി എന്റെ മാറിൽ പരതാൻ തുടങ്ങിയിരുന്നു. പയ്യെ അവളുമായി കട്ടിലിലേക്ക് ചായ്ഞ്ഞു. കണ്ണുകൾ അടച്ചു പാല് കുടിക്കുന്ന അവളെ നോക്കി കിടന്നു എപ്പോഴോ ഉറക്കവും അതിനു പിന്നാലെ സ്വപ്നവും കടന്നു വന്നു. ഇപ്പോൾ ഞങ്ങൾ ആ തറവാട്ടു വീട്ടിൽ തറയിൽ വിരിച്ച പായിൽ ആണ്.. ഒൻപതു വയസ്സുകാരി പാല് കുടിപ്പിച്ചു കുഞ്ഞിനെ ഉറക്കിയിട്ടു പെറ്റിക്കോട്ട് നേരെ ഇട്ടുകൊണ്ടിരിക്കുമ്പോൾ പുറകിൽ അനക്കം കേട്ടു.. ഇത്തവണ അമ്മാവൻ അല്ല, ഭർത്താവായിരുന്നു. ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. പക്ഷെ അനങ്ങാൻ കഴിഞ്ഞില്ല. ഉടുപ്പ് നേരെ ആക്കാൻ കഴിയുന്നില്ല. ശരീരത്തിൽ കൈകൾ ഇഴഞ്ഞു നടന്നു, അവ പതുക്കെ അവിടെ നിന്നും ഇറങ്ങി അവളുടെ ശരീരത്തിലേക്ക്...

മരവിച്ചു പോയിടത്തു നിന്ന് സർവ ശക്തിയും എടുത്തു ചാടി എണീറ്റ് അവളെ പിടിച്ചു. അനക്കം ഇല്ല. ചുറ്റും ഇരുട്ട് മാത്രം.. കിടന്നു കൊണ്ട് പാല് കൊടുക്കുന്നതും അനുബന്ധ പ്രശ്നങ്ങളും ഒക്കെ വായിച്ചത് ഓർത്തെടുക്കാൻ ശ്രമിച്ചു.. അറിയാതെ ഒരു പുഞ്ചിരി വന്നു പോയി.. കുറെ നാളുകൾക്കു ശേഷം എന്തോ നേടിയ പോലെ ഒരു സുഖം അനുഭവപ്പെട്ടുവോ.. ഒരു ശാന്തത.. ഇത് കൊണ്ട് എല്ലാറ്റിനും ഒരു അവസാനം ആവുമോ.. അവളുടെ വായ അടപ്പിക്കാൻ ആരും വരില്ലെങ്കിൽ.. ദേഹത്ത് കൈകൾ ഇഴഞ്ഞു മനസ് മുറിപ്പെടില്ലെങ്കിൽ.. കുറ്റബോധം നീറി കഴിയേണ്ടി വരില്ലെങ്കിൽ.. ഇത് പോലെ കറുത്തു തൂങ്ങിയ വേദനിക്കുന്ന വയറും ആരുടേയും ശ്രദ്ധയോ സ്നേഹമോ കിട്ടാത്ത ഒരു കാലവും ഇല്ലാതെ ഇരിക്കുമെങ്കിൽ... സ്വന്തം പ്രശ്നങ്ങൾക്കും ഒരുപക്ഷെ ഇത് ഒരു പരിഹാരം ആയേക്കും...

അവളുടെ നേരെ തിരിഞ്ഞു ചമ്രം പടഞ്ഞു ഇരുന്നു. രണ്ടു കൈകളുടെയും വിരലുകൾ നീട്ടി അവളെ അളന്നു നോക്കി. പോരാ.. കുറച്ചു കൂടെ നീളം കൂടുതൽ വരും. ഒരു കൈ കൂടെ. അവളെ പയ്യെ എടുത്തു മടിയിൽ വെച്ചു.. കാത്തിരുന്നു.. എത്ര പെട്ടെന്നാണ് പ്രശ്നങ്ങൾ തീരുന്നതു..

രാത്രി ഏറെ കഴിഞ്ഞിരുന്നു.. ഇപ്പോൾ ആ ശരീരം തണുത്തു വിറങ്ങലിച്ചിരിക്കുന്നു.. ആ കുഞ്ഞു ശരീരവുമായി പയ്യെ തൊടിയിലേക്കു നടന്നു.. നാളെയും നേരം വെളുക്കും.. അവൾ മണ്ണിനടിയിൽ ഉറങ്ങുകയാവും.. ഞാൻ,.... സ്വത്വം എന്നേ നഷ്ടമായ ഞാൻ വീണ്ടും ഞാൻ ആവും.. അന്വേഷിച്ചു നടക്കുന്നവർക്ക് പിടി കൊടുക്കാതെ, എന്നിൽ നിന്നും വഴി മാറി ഒഴുകിയ സ്നേഹത്തിന്റെ നദിയിൽ കുത്തൊഴുക്കിൽ സ്വപ്നത്തിൽ എന്നോണം ഭാരമില്ലാതെ അനായാസം നീന്തി തുടിക്കുമായിരിക്കും... അതെവിടെയാണെന്നു എനിക്കറിയാം.. വീടിനടുത്തുള്ള വെറും വെള്ളം ഒഴുകുന്ന പുഴയുണ്ട്. കാട്ടിലേക്ക് കുറച്ചു ദൂരം ഒഴുകി പാറക്കെട്ടുകളുടെ ഇടയിൽ നിന്ന് വെള്ളച്ചാട്ടം. വെള്ളച്ചാട്ടം പാറകളിൽ തട്ടി തെറിച്ചു താഴെ എത്തുമ്പോൾ പിന്നെ ഒഴുകുന്നത് മുഴുവൻ സ്നേഹമാണ്... അത് കൊണ്ടാണല്ലോ പലരും അങ്ങോട്ടേയ്ക്ക് മുൻപും.. എനിക്ക് അറിയാം..