Skip to main content

വനിതാ ഐ ടി ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമസഭാ കമ്മറ്റി ടെക്നോപാർക്കിൽ ചർച്ച സംഘടിപ്പിച്ചു

women safety

സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമത്തിനായുള്ള പ്രത്യേക നിയമസഭാ കമ്മറ്റി, ടെക്നോപാർക്കിൽ വനിതാ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ചു സർക്കാരിന് സമർപ്പിക്കാൻ 2020 ജനുവരി 7ആം തിയ്യതി ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 4 വരെ തെളിവെടുപ്പ് യോഗം ചേർന്നു. നിയമസഭാ കമ്മറ്റി ചെയർമാനായ ആയിഷ പോറ്റി എം എൽ എ യുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.

നിയമസഭാംഗങ്ങളായ ശ്രീമതി വീണജോർജ്, ശ്രീമതി യു പ്രതിഭ, ശ്രീ വി ടി ബൽറാം, ശ്രീ പി അബ്ദുൽ ഹമീദ്, ശ്രീ ഇ കെ വിജയൻ, ഡോ. എൻ ജയരാജ്‌, ടെക്‌നോപാർക് സി ഇ ഒ ശ്രീ ശശി മീതൽ, ബിസിനസ്‌ ഡെവലപ്മെന്റ് മാനേജർ ശ്രീ വസന്ത്, എച്ച് ആർ മാനേജർ ശ്രീ അഭിലാഷ്, പ്രതിധ്വനിയെ പ്രതിനിധീകരിച്ചു ജോയിന്റ് സെക്രട്ടറി പ്രശാന്തി പ്രമോദ്, വൈസ് പ്രസിഡന്റ് സ്മിത പ്രഭാകർ, പ്രസിഡന്റ്‌ റനീഷ് എ ആർ, എക്സിക്യൂട്ടീവ് മെമ്പർ അഖിൽ, സ്ത്രീകളുടെ കൂട്ടായ്മയായ eWit ന്റെ ടെക്‌നോപാർക്കിലെ പ്രതിനിധികൾ, സാമൂഹ്യപ്രവർത്തക കുസുമം ആർ, കഴക്കൂട്ടം എസ് ഐ തുടങ്ങിയവർ പങ്കെടുത്തു.

ഐ ടി ജീവനക്കാരായ സ്ത്രീകൾക്കു വേണ്ടി പ്രതിധ്വനിയുടെ പ്രതിനിധികൾ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ.

1. ടെക്‌നോപാർക്കിൽ നിന്നും ജോലി കഴിഞ്ഞു വൈകുന്നേരങ്ങളിൽ വീട്ടിലേക്കു പോകുന്ന ഐ ടി ജീവനക്കാരായ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി യാത്ര ചെയ്യുന്ന പ്രധാന വഴികളിൽ സ്ട്രീറ്റ് ലൈറ്റ് കത്തുന്നുണ്ടെന്നു ഉറപ്പു വരുത്തുക.

2. പ്രധാന സ്ഥലങ്ങളിൽ വണ്ടി നമ്പറും കൂടി വ്യക്തമാകുന്ന രീതിയിലുള്ള സി സി ടി വി ക്യാമറകൾ സ്ഥാപിക്കുക.

3. വൈകുന്നേരങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കുക, പോലീസിന്റെ സഹായം ലഭിക്കുന്നതിനായുള്ള നമ്പർ എളുപ്പം കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുക.

4. നീണ്ട പ്രസവാവധി കഴിഞ്ഞു വരുന്ന സ്ത്രീകൾക്ക് തിരിച്ചു ജോലി ലഭിക്കുന്നതിന്നാവശ്യമായ സാങ്കേതിക പരിശീലനം കൊടുക്കുന്ന ബാക്ക് ടു വർക്ക് പരിപാടികൾ ആരംഭിക്കുക.

5. നിയമാനുസൃതമുള്ള പ്രസവാവധി എല്ലാ സ്ത്രീ ജീവനക്കാർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

6. പി എഫ്, ഗ്രാറ്റുവിറ്റി എന്നിവ നിയമാനുസൃതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

7. ഏറ്റവും നല്ല സ്ത്രീ സൗഹൃദ എച്ച് ആർ പോളിസികളുള്ള കമ്പനികൾക്ക് ഗവണ്മെന്റിന്റെ അവാർഡ് ഏർപ്പെടുത്തുക.

8. ടെക്‌നോപാർക് ഫേസ് 2 വിലും ഫേസ് 3 യിലും പ്രീ-പെയ്ഡ് ഓട്ടോ കൗണ്ടർ സ്ഥാപിക്കുക.

9. വനിതാ ഹോസ്റ്റലുകളിൽ ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഉണ്ടെന്നു ഉറപ്പ് വരുത്തുക, ഹോസ്റ്റൽ റെന്റ് സ്റ്റാൻഡേർഡൈസ്‌ ചെയ്യുക എന്നിവ ആവശ്യപെട്ടു.

ജീവനക്കാർക്ക് തൊഴിൽ പരമായ ബുദ്ധിമുട്ട് ഉണ്ടാവുകയോ സഹായം ആവശ്യമായി വരികയോ ചെയ്യുകയാണെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപെടണമെന്ന് നിയമസഭാ കമ്മിറ്റി അറിയിച്ചു.
Phone: 155214, 18004255214

ഐ ടി ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും ആദ്യമായാണ് ഒരു ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടാകുന്നത്. അതിനു മുൻകയ്യെടുത്ത സർക്കാരിനും നിയമസഭാ സമിതിക്കും പ്രതിധ്വനി നന്ദി രേഖപെടുത്തുന്നു.