Anjana CS
Infosys
അനാഥ
കണ്ണുനീർത്തുള്ളിയില്ല, വിങ്ങലില്ല
ആർത്തലച്ചുള്ള ഭാവപ്രകടനവുമില്ല
ഉള്ളതൊന്നുമാത്രം സ്തംബ്ദമാമീയൊരു
മരവിപ്പ്!
നെഞ്ചിനുള്ളിൽ, കൈകാലുകളിൽ ,
ഈ ദിശയറിയാ തലച്ചോറിലും..
എരിഞ്ഞൊടുങ്ങുമാ തെക്കേകോണിൽ,
ആറടിമണ്ണിലഗ്നിശുദ്ധി നടത്തീടുന്നു,
മോക്ഷമേകീടുന്നു , മന്ത്രമോതീടുന്നു,
ആ പുകച്ചുരുളുകൾക്കിടയിലെവിടെയോ
ഒരു മർമ്മരം, ഒരു നഗ്നസത്യമെൻ
കാതിലോതീടുന്നു - അനാഥ!
ആ മുലപ്പാൽ മാധുര്യമെൻ നാവിലൂറീടുന്നു
ആ ചന്ദനമണമെന്നെനിലയില്ലാക്കയത്തിലാഴ്ത്തീടുന്നു.
ഇനി ബന്ധങ്ങളില്ല, ബന്ധനങ്ങളില്ല
ആ പൊക്കിൾക്കൊടിബന്ധത്തിനപ്പുറ
മവശേഷിക്കുന്നതീയൊരുപറ്റം കപടാഭിനയമുഖങ്ങൾ
ഇല്ല, ഇനിയവയൊക്കെ വിളക്കിച്ചേർത്താലു
മറ്റുപോകുമോരോ നേർത്ത ചങ്ങലകണ്ണികൾ...!!!