Skip to main content
souparnika

 

Srishti-2019   >>  Short Story - Malayalam   >>  കനകച്ചിലമ്പ്

കനകച്ചിലമ്പ്

Written By: Chitra Chandran
Company: Infosys

Total Votes: 35

ചെമ്പട്ടു ചേല. അതിലെ ഒറ്റവിരല്‍ തങ്കക്കസവ് തിങ്കള്‍ക്കല പോലെ തിളങ്ങി. കാലില്‍ കനകച്ചിലമ്പ്. വജ്രങ്ങള്‍ മിന്നുന്ന ഒഡ്യാണം. രത്നശോഭയുള്ള കാപ്പും, കുണ്ഡലങ്ങളും, കണ്ഡശ്ശരവും ആ സൂര്യശോഭക്കു മുന്നില്‍ നിഷ്പ്രഭമായി തോന്നി. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ തേജസ്സ്..ഞെട്ടി ഉണരുമ്പോള്‍ അമ്പലത്തില്‍ നിന്ന് ശംഖനാദം മൂന്നാം വട്ടം മുഴങ്ങുകയായിരുന്നു. സമയം മൂന്നര. 'അമ്മേ..മഹാമായേ..' മനസ്സു കൊണ്ട് ദേവിയെ സാഷ്ടാങ്കം വണങ്ങി എഴുന്നേറ്റു. 


അമ്പലത്തില്‍ നിന്ന് മണിയൊച്ച കേള്‍ക്കുന്നു. തിരുമേനി നട തുറക്കുകയാണു. മീനച്ചൂടുള്ള രാത്രിയുടെ അവസാനം തണുപ്പിന്റെ തലോടലുമായി എത്തിയ ബ്രാഹ്മമുഹൂര്‍ത്തം. പതിയെ അമ്പലക്കുളത്തിലേക്ക് നടന്നു.
കുളക്കടവില്‍ ആളനക്കം കേള്‍ക്കാം. നോക്കുമ്പോള്‍ ശ്രീധരന്‍ ആണു.
ശ്രീധരാ..മേളക്കാരൊക്കെ സമയത്തിനു എത്തുവല്ലോ ല്ലേ. ഇന്നലെ രാവിലെയാണു എല്ലാരും വീടെത്തിയെ എന്ന് കുട്ടന്‍ പറയണുണ്ടായി'
'ഹ്മും..അതെ.എന്നാലും ഉച്ച ആവുമ്പഴക്കും എത്തും എല്ലാരും. അവിടെ മുടിയേറ്റ് കേമായിട്ടോ. അച്ഛനെ പോലെ തന്നെ കേമാവണ്ട് മകന്റേം.'
'ഭഗവതീടെ അനുഗ്രഹം.പാരമ്പര്യായി കിട്ട്യ നിയോഗാണു. അത് ഒരു സുകൃതമായി  കൊണ്ട് നടക്കാന്‍ പറ്റണത് ആ ദേവീകടാക്ഷം കൊണ്ട് മാത്രാണു ശ്രീധരാ. കുട്ടനു അതുണ്ട്.'
'ഹ്മും..ഞാന്‍ അമ്പലത്തില്‍ ണ്ടാവും' എന്ന് പറഞ്ഞ് ശ്രീധരന്‍ നടന്നു.

മുങ്ങി നിവര്‍ന്നപ്പോള്‍ തണുപ്പ് മനസ്സിലേക്കും അരിച്ചിറങ്ങിയിരുന്നു.ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..അത് ആലോചിക്കുംതോറും ഉള്ളില്‍ ഒരു പെരുപ്പാണു. സന്ദോഷത്തിന്റെയോ അതോ ആശങ്കയുടെയോ?..അറിയുന്നില്ല. കാലങ്ങളായി തുടര്‍ന്നു പോരുന്ന ആചാരാനുഷ്ഠാനത്തില്‍ ഇന്ന് ഒരു താളു കൂടി ചേരും. ഇന്ന് ഭഗവതിയുടെ മുടിയേറ്റുന്നത് തന്റെ മകള്‍ ദുര്‍ഗ്ഗയാണു.
ഓര്‍മ്മയിലോ, പറഞ്ഞ് കേട്ട പാരമ്പര്യത്തില്‍ എങ്ങുമോ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ചിട്ടയും ശുദ്ധിയും നോക്കി ദേവിയുടെ മുന്നിലെ വിളക്ക് കെടാതെ കാക്കുന്നതില്‍ മാത്രം ഒതുങ്ങി നിന്നു തറവാട്ടിലെ പെണ്‍കുട്ടികള്‍. ദുര്‍ഗ്ഗയിലൂടെ അതിന്ന് മാറുകയാണു.
തുടക്കത്തില്‍ എതിര്‍പ്പുകള്‍ അനവധി ഉണ്ടായിരുന്നു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചത് ചെയ്യുന്നത് തെറ്റല്ല എന്ന ധൈര്യവും, താങ്ങായത് അടിയുറച്ച വിശ്വാസവും. കൂടെ മുറ തെറ്റാത്ത നിഷ്ഠകളോടുള്ള ദുര്‍ഗ്ഗയുടെ അര്‍പ്പണ ബോധവും.
കുളി കഴിഞ്ഞ് പൂജാമുറിയില്‍ എത്തുമ്പോഴേക്കും ദുര്‍ഗ്ഗ വിളക്ക് കൊളുത്തിക്കഴിഞ്ഞിരുന്നു. ഭഗവതിയുടെ മുന്നിലെ പീഠത്തില്‍ കനകച്ചിലമ്പ്. തൊട്ട് തൊഴുതു. ഏഴു തിരിയിട്ടു കത്തുന്ന വിളക്കിന്റെ ശോഭയില്‍ ലളിതാസഹസ്രനാമത്തിന്റെ ശീലുകള്‍ ശ്രീത്വത്തോടെ ഉതിര്‍ന്ന് വീണു.
സിന്ദൂരാരുണ വിഗ്രഹാം..ത്രിനയനാം.മാണിക്യമൗലിസ്ഫുരത്
-താരാനായഖശേഖരാം..സ്മിതമുഖീം..
-----------
പകലിനു നീളം കുറവാണെന്ന് തോന്നി. മണി മൂന്നായെന്ന് അറിഞ്ഞത് ശ്രീധരന്‍ എത്തിയപ്പോഴാണു.
അമ്പലത്തിലേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു. ദുര്‍ഗ്ഗയെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും അവള്‍ എത്തിക്കഴിഞ്ഞിരുന്നു. കെടാവിളക്ക് കൊളുത്തി ഭഗവതിയെ നമസ്കരിച്ച് ഇറങ്ങിയ അവള്‍ കാലില്‍ തൊട്ട് തൊഴുതപ്പോള്‍ നിറഞ്ഞത് ഒരു അച്ഛന്റെ കണ്ണുകള്‍ മാത്രമായിരുന്നില്ല..ഒരു ഗുരുവിന്റെ മനസ്സും കൂടെ ആയിരുന്നു.

കൊട്ടിയറിയിക്കല്‍ രാവിലെ കഴിഞ്ഞിരുന്നു. തിരുമേനി ശ്രീകോവിലില്‍ നിന്ന് കൊടിവിളക്ക് കത്തിച്ച് തന്നത് ദേവിയെ മനസ്സില്‍ ധ്യാനിച്ച് വാങ്ങി വിളക്ക് കൊളുത്തി. കളമെഴുത്ത് തുടങ്ങും മുന്‍പ് ഉള്ള ചടങ്ങ്.

അഞ്ചു വര്‍ണ്ണങ്ങളില്‍ ഭഗവതിയുടെ കളം വിരിഞ്ഞു. കറുപ്പിനു വൈക്കോല്‍ക്കരി. വെളുപ്പും മഞ്ഞയും കിട്ടാന്‍ അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും. ഉണങ്ങിയ വാകയില പൊടിച്ച് പച്ചയും, മഞ്ഞള്‍പ്പൊടിയില്‍ ചുണ്ണാമ്പ് ചേര്‍ത്ത് ചുവപ്പും. വിളക്കുകളുടെ ദീപ്തശോഭയില്‍ കടുംചായത്തില്‍ ഭഗവതിയുടെ രൂപം - എട്ട് കൈകളുള്ള , വാളും ചിലമ്പും ത്രിശൂലവും കപാലവും പിടിച്ച രുദ്ര.

കളത്തിനു ചുറ്റും വിളക്ക് കത്തിച്ച് പൂജിച്ചു. ശേഷം ദേവീസ്തുതിയാണു. കേശാദിപാദവും പാദാദികേശവും വര്‍ണ്ണന കഴിഞ്ഞ് മുഖം ഒഴികെ കളം മായ്ച്ച് ദുര്‍ഗ്ഗ എഴുന്നേറ്റു. കളത്തിലെ വിളക്കില്‍ നിന്ന് കൊടിവിളക്ക് കത്തിച്ച് ചുട്ടികുത്താനായി അണിയറയിലേക്ക് ദുര്‍ഗ്ഗയോടൊപ്പം നടക്കുമ്പോള്‍ മനസ്സിനു എന്തോ വല്ലാത്ത ഒരു കനം.
---------
മുടി അണിഞ്ഞ് അതില്‍ ചെത്തിപ്പൂ ചൂടി, ചുട്ടി കുത്തി ഉടുത്തുകെട്ടുമായി ദുര്‍ഗ്ഗ വന്നു. അരങ്ങ് കേളിക്ക് തുടക്കം കുറിച്ച് കൊണ്ട് നാലു തിരിയിട്ട അരങ്ങുവിളക്ക് കത്തി. വന്ദന ശ്ലോകത്തിനു ശേഷം ശിവ നാരദ സംവാദം കഴിഞ്ഞ് ദേവിയുടെ എഴുന്നള്ളത്ത്. നര്‍മ്മത്തിന്റെ മേമ്പൊടിയുമായി കൂളിയായി ഇറങ്ങിയത് കുട്ടനാണു. ഭഗവതിയുടെ പടപുറപ്പാട് ആയിരുന്നു പിന്നെ. അഹങ്കാരം മൂത്ത് സ്ത്രീയാല്‍ വധിക്കപ്പെടാന്‍ ശാപം കിട്ടിയ ദാരികന്‍ എന്ന അസുരനെ നാലു ദിക്കും കൂടിയ പ്രപഞ്ച്മാകുന്ന ആട്ടക്കളരിയില്‍ ഒടുവില്‍ കാളിയായി രൂപം പൂണ്ട ദേവി വധിച്ചു. അഹങ്കാരത്തിന്റേയും അജ്ഞതയുടേയും പതനം എന്ന പ്രപഞ്ച സത്യം വിളിച്ചോതിക്കൊണ്ട്.
മനസ്സിലും ശരീരത്തിലും ഭഗവതിയെ ആവാഹിച്ചുകൊണ്ട് ദുര്‍ഗ്ഗ ചൊല്ലിയാടുന്നത് നിറകണ്ണുകളോടെ നോക്കി നിന്നു. ഇല്ല..തനിക്ക് തെറ്റിയിട്ടില്ല. ജന്മാന്തരങ്ങളുടെ സുകൃതം  കൊണ്ട് കിട്ടിയ പാരമ്പര്യത്തിന്റെ ഇനിയുള്ള കണ്ണിയാവാന്‍, കുട്ടനെപ്പോലെ ഇനി ദുര്‍ഗ്ഗയും. ഇതില്‍ കൂടുതല്‍ ഇനി എന്താണു വേണ്ടത്? അമ്മേ...മഹാമായേ......

ആട്ടക്കലാശത്തില്‍, മേളത്തിന്റെ മൂര്‍ദ്ധന്യതയില്‍ അപ്പോള്‍ കണ്ടത് തങ്കക്കസവു മിന്നുന്ന ചെമ്പട്ട് ചേല. സര്‍വാലങ്കാര വിഭൂഷിതയായി കാലില്‍ കനകച്ചിലമ്പ് അണിഞ്ഞ് ആയിരം സൂര്യചന്ദ്രന്മാരുടെ ശോഭയോടെ ദേവി. മനസ്സിന്റെ വെറും തോന്നലാണോ എന്ന ചിന്തക്ക് വിരാമമിട്ടുകൊണ്ട് ആ മുഖം ഇന്ന് വ്യക്തമായി കണ്ടു.ആദ്യമായും..അവസാനമായും....
---------
 

മുടി ഉഴിഞ്ഞു കഴിഞ്ഞ് ദക്ഷിണ വാങ്ങി വന്ന ദുര്‍ഗ്ഗ കണ്ടത് കുറുപ്പിന്റെ നിശ്ചല ശരീരമാണു. ആ മുഖത്ത് പക്ഷേ അവാച്യമായ ഒരു ശോഭയുണ്ടായിരുന്നു. ഉപാസനാമൂര്‍ത്തിയുടെ കാല്‍ക്കല്‍ മോക്ഷം കിട്ടിയ ദേഹിയുടെ നിർവൃതി ...  

Comment