Skip to main content
Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

Anas Abdul Nazar

ENVESTNET

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ അടുത്ത സമയത്ത് നടത്തിയ ദേശീയ ആരോഗ്യ സർവ്വേ പ്രകാരം കേരളത്തിലെ 52 ശതമാനം സ്ത്രീകളും പുരുഷന്മാർ ഭാര്യമാരെ തല്ലുന്നതിന് അനുകൂലിക്കുന്നവർ ആണത്രേ. സർവേയിലെ മറ്റൊരു കണ്ടെത്തൽ പ്രകാരം ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളിൽ 59 ശതമാനം പേരും പുറത്തു പറയാൻ തയ്യാറാകാതെ സഹിച്ച് മുന്നോട്ട് പോകുന്നവരാണ്. ഇങ്ങനെ ഭൂരിപക്ഷം സ്ത്രീകളും വിധേയത്വ മനോഭാവത്തിൽ ജീവിക്കുന്ന ഒരു സമൂഹത്തിലാണ് സ്ത്രീധനമെന്ന മനുഷ്യവിരുദ്ധമായ ആചാരത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്നത്.

മനുഷ്യനെ നികൃഷ്ടമായി കണ്ടിരുന്ന ഒരു സമൂഹത്തിന് പുത്തനുണർവ്വും പുതു ജീവനും നൽകി കൊണ്ടാണ് 1861 ൽ എബ്രഹാംലിങ്കൺ അടിമക്കച്ചവടം നിർത്തലാക്കുന്നത്. ആ അടിമക്കച്ചവടത്തോളം നികൃഷ്ടമായ ഒന്നാണ് സ്ത്രീധനസമ്പ്രദായം എന്ന് പറയാതെ വയ്യ. 

സൗമ്യ, മോഫിയ, വിസ്മയ എന്നിങ്ങനെയുള്ള പേരുകൾ കേൾക്കുമ്പോൾ ഞെട്ടുന്നവരും രോഷം പ്രകടിപ്പിക്കുന്നവരുമൊക്കെ തന്നെ തൻറെ മകളുടെ അല്ലെങ്കിൽ മകൻറെ കാര്യം വരുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ സ്ത്രീധനം നൽകാനും വാങ്ങാനും തയ്യാറാക്കുന്നു. സ്ത്രീധനം, നിയമം മൂലം നിരോധിച്ച ഒരു സമൂഹത്തിലാണ് ഇത് നടക്കുന്നത് എന്നുള്ളതാണ് വിരോധാഭാസം.

1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂവരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിൻറെ നിർവചനത്തിൽ ഉൾപ്പെടുന്നില്ല. ഈ ഒരു ഭാഗമാണ് പലപ്പോഴും സ്ത്രീധനമെന്ന ദുരാചാരത്തെ സാധൂകരിക്കാനും ലഘൂകരിക്കാനുമായി മനപൂർവ്വമോ അല്ലാതെയോ ഉപയോഗപ്പെടുത്തുന്നത്.

മനുഷ്യൻറെ അന്തസ്സിന് ചേരാത്ത ഒന്നായിട്ടും എന്തുകൊണ്ടാണ് കേരളം പോലെ പല മേഖലകളിലും ഒന്നാം സ്ഥാനത്തുള്ള ഒരു സംസ്ഥാനത്ത് ഈ ഒരു ദുരാചാരം നിലനിൽക്കുന്നതെന്ന് പരിശോധിക്കാം.

 പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥ 

സ്ത്രീധനം ഉൾപ്പെടെ പൊതുവെയുള്ള പല സ്ത്രീ പ്രശ്നങ്ങളുടെയും  കാരണങ്ങൾ പരിശോധിച്ചാൽ പ്രഥമസ്ഥാനം പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്കാണ് എന്ന് മനസ്സിലാക്കാം. സ്ത്രീകളുടെ അതിർവരമ്പുകളും അവർക്കുവേണ്ടിയുള്ള ചട്ടക്കൂടുകളും ഒക്കെ ഒരുക്കുന്നത് പുരുഷന്മാരോ അവർ മേധാവിത്വം വഹിക്കുന്ന സമൂഹമോ ആണ്. അത്തരമൊരു സമൂഹത്തിൽ എത്രയൊക്കെ സ്ത്രീ സുരക്ഷാ നിയമങ്ങൾ പാസ്സാക്കിയാലും സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കാൻ കഴിയില്ല. മറിച്ച് സ്ത്രീകൾക്ക് സമൂഹത്തിൽ അധികാരം ഉണ്ടാവുകയും ആ അധികാരം ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയും ചെയ്തെങ്കിൽ മാത്രമേ നിയമങ്ങളൊക്കെ കൃത്യമായി നടപ്പിൽ വരുത്താൻ സാധിക്കുകയുള്ളൂ.

പിന്തുടരപ്പെടുന്ന പാരമ്പര്യം

ഇന്നലെകൾ അങ്ങനെയായിരുന്നു അതിനാൽ ഇന്നും അങ്ങനെ ആയിരിക്കണം എന്നു ശഠിക്കുന്ന ഒരു വിഭാഗം മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഭയക്കുന്നവരും മടിക്കുന്നവരും ആണ്. ഇവിടെ പ്രതിസ്ഥാനത്ത് വരുന്നത് വധുവരന്മാരുടെ അച്ഛനമ്മമാരും ബന്ധു ജനങ്ങളുമൊക്കെയാണ്. ഇന്നലെ ചെയ്തോരപരാധം ഇന്നത്തെ ആചാരമായി കാത്തു സൂക്ഷിക്കേണ്ടതിന്റെ ബാദ്ധ്യത തങ്ങൾക്കാണ് എന്ന ചിന്തയാണ് അവരെ ഭരിക്കുന്നത്. 

ഈ ചിന്താഗതിയുള്ള തലമുറ ചെറുപ്പംമുതലേ ആൺകുട്ടികളുടെ മനസ്സിൽ തനിക്ക് കിട്ടാൻ പോകുന്ന സ്ത്രീധനത്തിന്റെ കണക്കുകൾ തിരുകിക്കയറ്റുന്നു. പെൺകുട്ടിയാണെങ്കിൽ അവൾക്ക് നൽകേണ്ടതിൻറെ കണക്കുകൾ കേട്ടു കൊണ്ടായിരിക്കും അവളുടെ ദിനരാത്രങ്ങൾ കടന്നു പോകുന്നത്. ഇവിടെ ആണ് സമ്പത്തും പെണ്ണ് പ്രാരാബ്ദവും ആയി മാറുകയാണ്.

  മാറിവരുന്ന വിവാഹ സംസ്കാരം

വിവാഹം ഇന്ന് വലിയ ബിസിനസ് ആണ്. എണ്ണിയാൽ ഒടുങ്ങാത്ത മാട്രിമോണിയൽ സൈറ്റുകൾ, സിനിമാ ചിത്രീകരണത്തെ വെല്ലുന്ന ഫോട്ടോ/ വീഡിയോ ഷൂട്ടുകൾ ചെയ്തു നൽകുന്ന ഏജൻസികൾ, പലതരം ഡിസൈനുകളിലുള്ള ആഭരണങ്ങൾ വിൽക്കുന്ന ആഭരണ ശാലകൾ, രുചി നോക്കിയാൽ തന്നെ വയറുനിറയുന്ന രീതിയിൽ നിരവധി വിഭവങ്ങൾ വിളമ്പുന്ന കാറ്ററിംഗ് യൂണിറ്റുകൾ അങ്ങനെ പലവിധമായ ബിസിനസുകാരുടെ സമ്മേളനമാണ് ഒരു വിവാഹം.

ഇവിടെ ഉള്ളവൻ ധൂർത്തിലൂടെ വിവാഹം പൊടിപൊടിക്കുമ്പോൾ അങ്ങനെ നടത്താൻ പറ്റാത്തവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു അവകാശത്തിനു വിലങ്ങുതടിയായി മാറുകയാണ് സ്ത്രീധനമുൾപ്പടെയുള്ള വിവാഹ സംബന്ധിയായ ആർഭാടങ്ങൾ. സ്വർണ്ണത്തിൽ പൊതിഞ്ഞ ഉള്ളവൻറെ വീട്ടിലെ മണവാട്ടി കല്യാണ മണ്ഡപത്തിലേക്ക് കാൽ വയ്ക്കുമ്പോൾ, പറഞ്ഞ തുക തികച്ചില്ലാത്തതിൻറെ പേരിൽ ഇല്ലാത്തവന്റെ വീട്ടിലെ കുട്ടികൾക്ക് വിവാഹമേ നിഷിദ്ധമായി മാറുന്നു.

 ഇതിനിടയിലുള്ള ഒരുകൂട്ടർ -മധ്യവർഗം, കടംവാങ്ങിയും വീടും പുരയിടവും വിറ്റോ പണയത്തിലാക്കിയോ ഒക്കെ ആർഭാടമായി കല്യാണം നടത്താൻ നിർബന്ധിതരാകുന്നു. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പ്രശ്നങ്ങൾ ഈ മൂന്നു കൂട്ടർക്കും ഏറെക്കുറെ തുല്യമായി തന്നെ ഭാവിക്കുന്നതായി കാണാം.  

പരസ്യങ്ങളുടെ സ്വാധീനം 

"പെണ്ണായാൽ പൊന്നുവേണം പൊന്നിൻകുടം ആയിടേണം...." മലയാളി സ്ത്രീകളുടെ ആഭരണഭ്രമം കൂട്ടാൻ പരസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

നാഷണൽ സാമ്പിൾ സർവേ ഓഫീസ്(NSSO) സർവ്വേ പ്രകാരം സ്വർണത്തിനായി ഏറ്റവും കൂടുതൽ ചെലവിടുന്ന ഇന്ത്യൻ സംസ്ഥാനം കേരളമാണ്. ഗ്രാമപ്രദേശങ്ങളിലെ കണക്ക് നോക്കിയാൽ തൊട്ടുപിന്നിലുള്ള ഗോവയെക്കാൾ 6 മടങ്ങാണ് സ്വർണ്ണത്തിലുള്ള കേരളത്തിന്റെ പ്രതിശീർഷ ചെലവ്. (Per capita expenditure).

നഗരപ്രദേശങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. രണ്ടാംസ്ഥാനത്തുളള തമിഴ്നാടിനെക്കാൾ നാലു മടങ്ങാണ് കേരളം സ്വർണ്ണത്തിനായി ചെലവാക്കുന്നത്. ഒരു സമ്പാദ്യം എന്ന നിലയിൽ നിന്നും മാറി കല്യാണ വേദിയിലെ അവശ്യ വസ്തുവായി സ്വർണാഭരണങ്ങൾ മാറുമ്പോഴാണ് പിന്തുടർച്ചയായി മറ്റ് പ്രശ്നങ്ങളും ഉടലെടുക്കുന്നത്.

അല്പം കണക്കുകളിലൂടെ

2021 ൽ ഇത് എഴുതുന്നത് വരെ പത്തോളം പേരാണ് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം 18നും 24നും ഇടയിൽ പ്രായമുള്ളവരായിരുന്നു എന്നതാണ് കൂടുതൽ ഖേദകരം. 2016 മുതൽ 2020 വരെയുള്ള സംസ്ഥാന പോലീസ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ നോക്കിയാൽ 63 സ്ത്രീകളാണ് സ്ത്രീധനം മൂലം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുള്ളത്. രേഖപ്പെടുത്താത്ത കണക്കുകൾ അതിലുമേറെ ഉണ്ടാകാം. സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ തുലോം കുറവാണ് എന്നാണ് പോലീസ് ഭാഷ്യം. സ്ത്രീധന പീഡനങ്ങളുടെ കാഠിന്യം ലോകം അറിയുന്നതിന് ഒരു പെൺ ജീവൻ പലപ്പോഴും ഇല്ലാതാകേണ്ടതായി വരുന്നു.

 നിലവിലുള്ള നിയമങ്ങൾ 

1961ലെ സ്ത്രീധന നിരോധന നിയമം നിയമം പ്രകാരം നേരിട്ടോ അല്ലാതെയോ ഭർത്താവോ ഭർതൃവീട്ടുകാരോ സ്ത്രീധനമാവശ്യപ്പെട്ടാൽ ശാരീരിക പീഡനം ഇല്ലെങ്കിൽ കൂടി ആറു മാസം മുതൽ രണ്ടു വർഷം വരെ തടവു ലഭിക്കാം

2005-ലെ പ്രൊട്ടക്ഷൻ ഓഫ് women from domestic violence act പ്രകാരവും പീഡനങ്ങൾ കുറ്റകരമാണ്. പ്രസ്തുത നിയമപ്രകാരം ഒരു സ്ത്രീക്ക് ഡൊമസ്റ്റിക് റിലേഷൻഷിപ്പ് ഉള്ള വീട്ടിൽ നിന്നും യാതൊരു കാരണവശാലും അവരെ ഇറക്കിവിടാൻ ആർക്കും അധികാരം ഇല്ല. മാത്രമല്ല ആ വീട്ടിൽ നിന്നും അവർക്ക് ശല്യമാകുന്നവരെ ഇറക്കിവിടാൻ വരെ നിയമം അനുശാസിക്കുന്നുണ്ട്, പൊതുവേ അങ്ങനെ നടക്കാറില്ലെങ്കിലും . ഐപിസി 498, 304b, 2004ലെ സ്ത്രീധന നിരോധന ചട്ടം ഇങ്ങനെ നിയമത്തിൻറെ സാധ്യതകൾ അനവധിയാണ്.

 പരിഹാര മാർഗങ്ങൾ

അടുത്തിടെ നടന്ന സ്ത്രീധന മരണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അനവധി ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. അതേ പോലെ ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം എന്ന ആശയം, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ തുടങ്ങിയവയൊക്കെ മാറ്റത്തിന് ശുഭസൂചനകളായി തന്നെ കണക്കാക്കണം.

വീടുകളിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ സ്ഥാനം നൽകാൻ രക്ഷകർത്താക്കൾ പ്രതിജ്ഞാബദ്ധരാകണം. സഹിച്ചും ക്ഷമിച്ചും കഴിയാൻ ഉപദേശിക്കുന്നതിന് പകരം പ്രശ്നങ്ങളെ തന്റേടത്തോടെ നേരിടാൻ പെൺകുട്ടികളെ ചെറുപ്പത്തിലേ സജ്ജരാക്കണം. ഇവിടെയാണ് ലിംഗസമത്വത്തിൻറെ ആവശ്യകതയും വരുന്നത്. 

ആണും പെണ്ണും പ്രകൃതിയുടെ രണ്ടു ഭാവങ്ങളാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെ ഒന്ന് മറ്റൊന്നിനേക്കാൾ മുകളിലല്ല എന്നും രണ്ടുകൂട്ടർക്കും അന്തസ്സോടെ ജീവിതം നയിക്കാനുള്ള അവകാശം ഭൂമിയിൽ തുല്യമാണെന്നും എല്ലാവർക്കും ബോധ്യം വരുമ്പോൾ സ്ത്രീധനം ഉൾപ്പെടെയുള്ള ദുരാചാരങ്ങളും അറുതി വരുന്നു.

വിവാഹ സമ്പ്രദായത്തിലും കാലോചിതമായ മാറ്റങ്ങൾ വേണം. വിവാഹശേഷം ആണിൻറെ വീട്ടിലേക്ക് എന്ന രീതിക്ക് പകരം ആണും പെണ്ണുമായി മറ്റൊരു വീട്ടിലേക്ക് മാറിയാൽ ബാഹ്യ ഇടപെടലുകൾ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും.

കാരണവന്മാർ തീരുമാനിച്ച് തൂക്കമൊപ്പിച്ച സ്വർണവും പണവും നൽകി അന്യ വീട്ടിലേക്ക് ആർഭാടപൂർവ്വം ബാധ്യത ഒഴിപ്പിച്ചു വിടുന്ന മനോഭാവങ്ങൾക്കും വിരാമം ഉണ്ടാകണം.

സ്വന്തം കഴിവിൽ പരിപൂർണ്ണ വിശ്വാസമുള്ളവരും സ്വന്തം കാലിൽ നിൽക്കാൻ തന്റേമുള്ളവരുമായി നമ്മുടെ പെൺ തലമുറയെ മാറ്റിയെടുക്കണം. എങ്കിൽ മാത്രമേ വിവാഹത്തിൽ നിന്നും സ്ത്രീധനമെന്ന അപരിഷ്കൃത സമ്പ്രദായത്തെ അറുത്തുമാറ്റാൻ പോകുകയുള്ളൂ അതോടൊപ്പം തന്നെ സഹജീവിയുടെ അന്തസ്സിനെ ചോദ്യം ചെയ്യാത്ത ഒരു ആൺ തലമുറയെയും നമ്മൾ വാർത്ത നടക്കേണ്ടിയിരിക്കുന്നു.