Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Hridya K T

UST Kochi

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

ഒരുപാട് ചിന്തിച്ചു കാട് കയറിയ വിഷയമാണ് "അന്ധവിശ്വാസങ്ങളും സാക്ഷരതകേരളവും".

 

കഴിഞ്ഞ വര്ഷം ഞങ്ങൾ ആഗ്രഹിച്ചാണ് ഒരു കാർ വാങ്ങിയത്. അതിനാൽ തന്നെ കൃഷ്ണനോടൊപ്പം യേശുവിന്റെ ചിത്രവും ഞാൻ കാറിന്റെ മുന്നിൽ വെച്ചു. കാർ കണ്ടതും കുറ്റവാക്കുകൾ കേട്ട് തുടങ്ങി. " അന്യ ദൈവങ്ങൾ എന്തിനാണ് നമ്മുടെ കാറിൽ?  " എനിക്കന്നു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. പ്രപഞ്ചം മുഴുവൻ നിറയുന്ന ശക്തിയെ സ്വന്തക്കാരനും അന്യനും ആയി ഏതളവുകോൽ ഉപയോഗിച്ചാണ് ഞാൻ മുറിച്ചിടേണ്ടത്? വിവേകാനന്ദ സ്വാമി കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതായി കേട്ടിട്ടുണ്ട്. ഒന്ന് കൂടി അദ്ദേഹം ഇവിടെ സന്ദര്ശിക്കാനെത്തിയാൽ ഇനിയെന്ത് പേര് വിളിക്കും?  ശ്രീ നാരായണ ഗുരുവും മറ്റും ജീവിച്ചു പോയിട്ടും ഒരു പുരോഗതിയും വന്നിട്ടില്ലാത്ത മനുഷ്യ ചിന്താഗതിയെ എന്ത് പറഞ്ഞു വിശേഷിപ്പിക്കും?

 

എന്റെ അകന്ന ഏതോ ബന്ധത്തിലുണ്ടായ,  പേര് പോലും ഞാൻ കേട്ടിട്ടില്ലാത്ത ആരോ മരിച്ചു പോയതിനു,  'പെല' എന്നും പറഞ്ഞു ഞാൻ കയറിയ അമ്പലം ശുദ്ധി കലശം ചെയ്തു .എന്നെ കൊണ്ട് മാപ്പു പറയിക്കുകയും ചെയ്തു. പണ്ട് കൂട്ട് കുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് തറവാട്ടിൽ ഒരു മരണമുണ്ടായാൽ ആരും പുറത്തു പോവാതിരിക്കാൻ ഉണ്ടാക്കിയ ഒരു സമ്പ്രദായ മാണിതെന്നു ഞാൻ ആരോട് പറയും?

അതിനാൽ തന്നെ കോഴിക്കോട്ടൊരാൾ പ്രസവിച്ചാലോ മരിച്ചാലോ കൊച്ചിയിലുള്ള എനിക്ക് 'പെല ഇല്ലെന്നും !

 

പണ്ട് കേട്ട ഒരു കഥ ഓർമ വരുന്നു.. ഒരു സന്യാസി തന്റെ ധ്യാനത്തിൽ അവിടത്തെ പുഴയിലെ വെള്ളം കുടിച്ചാൽ ഭ്രാന്ത് വരുമെന്നും, അത് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകണമെന്നും കാണുന്നു.... അദ്ദേഹം അത് അന്നാട്ടുകാരെ ധരിപ്പിക്കുന്നു... എന്നാൽ ആരും അത് മനസ്സിലാക്കാതെ പുഴയിലെ വെള്ളം കുടിച്ചു ഭ്രാന്തന്മാരാവുന്നു.... ഒടുക്കം എല്ലാവരും ചേർന്നു സന്യാസിക്ക് ഭ്രാന്തണെന്ന് പറയാൻ തുടങ്ങി.. നിവർത്തിയില്ലാതെ സന്യാസിയും പുഴയിലെ വെള്ളം കുടിച്ചു ഭ്രാന്തനായി വന്നു നാട്ടുകാരോടൊപ്പം സുഖമായി ജീവിക്കുന്നു.

പുഴയിലെ വെള്ളം കുടിക്കാം....

"അശുദ്ധി" മാറിക്കിട്ടട്ടെ......

 

കഷ്ടപ്പെട്ടു പഠിച്ചു ജോലി നേടിയ ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു വരുമ്പോൾ എന്തിനാണ് കൊണ്ട് വരുന്ന പെട്ടിയുടെ കനവും സ്വർണത്തിന്റെ അളവും നോക്കുന്നത്?

പണ്ട് ആണിന്റെ ചിറകിനു കീഴെ ജീവിക്കുന്ന പെൺകുട്ടിക്ക് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന സ്വത്തു ഒരു ആത്മവിശ്വാസമായിരിക്കാം.   ഇന്ന് പുരുഷനോടൊപ്പം വിദ്യാഭ്യാസം നേടി,  ജോലിയും നേടിയിയിട്ടും പെൺകുട്ടി എഴുന്നേൽക്കുന്ന സമയവും നോക്കി അയൽക്കാരിരിക്കുന്നതെന്തിനാണ് ?  

 

ഈ അടുത്തിടെയാണ് സ്വന്തം മോൾ കല്ല്യാണം കഴിഞ്ഞു ആദ്യ മാസം തന്നെ ഗർഭിണിയായത്തിനും ,  അതിൽ ഒരാണ്കുഞ്ഞു പിറന്നതിലും അഭിമാനം പൂണ്ടു ഒരു സ്ത്രീ എന്നോട് സംസാരിച്ചത്.ആ കുട്ടിയുടെ പഠിത്തം മുടങ്ങിയത് അവർക്കൊരു വിഷയമേ അല്ലായിരുന്നു. ഐശ്വര്യ റായ് വെറും പെണ്ണും അപ്പുറത്തെ തെങ്ങു കയറ്റക്കാരൻ രാജേട്ടൻ ആണും ആയതു കൊണ്ട് രാജേട്ടനെ മാത്രം അംഗീകരിക്കുന്ന ഇത്തരക്കാർ ഇപ്പോളും ഇവിടുണ്ട്.

 

അയൽക്കാർ നോക്കി നിൽക്കുന്നത് കൊണ്ട് ഇഷ്ടവേട്ട വേഷം മടക്കി കയ്യിൽ പിടിച്ചു ,  ഓഫീസിൽ പോയി അവിടെന്നു മാറ്റി,  തിരിച്ചു ചുരിദാർ തന്നെ ഇട്ടുവരുന്ന എത്രയോ പെൺകുട്ടികളെ എനിക്കറിയാം.അവനവനിണങ്ങുന്ന ഒരു വേഷം ധരിക്കാൻ നമ്മൾ ഇനിയും എത്ര നാൾ കാത്തിരിക്കണം?  

 

ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളിലേക്കു വഴി തെളിയിക്കാവുന്ന എത്രയോ അമൂല്യമായ അറിവുകൾ ഭക്തിയുടെയും,  ആചാരത്തിന്റെയും പേരു പറഞ്ഞു നമ്മൾ പൂട്ടി കെട്ടി വെച്ചിട്ടുണ്ട്. ജാതിയോ,  മതമോ, സ്ത്രീ പുരുഷ വ്യത്യാസമോ ഇല്ലാത്ത ദൈവത്തെ നമ്മൾ എന്ന് അംഗീകരിക്കും?  

 പഴഞ്ചൻ ചിന്താഗതികൾ ഇവിടെ നിലനിൽക്കുന്നത് കൊണ്ടും,  അത് നമ്മുടെ വളർച്ചയെ ബാധിക്കുന്നതും കൊണ്ട് തന്നെയാണ് ആളുകൾ മറ്റു സംസ്ഥാനങ്ങളിലേക്കും,  മറ്റു രാജ്യങ്ങളിലേക്കും മാറി പാർക്കുന്നത് . ഏതു വികസിത രാജ്യങ്ങളിലും ഇന്ത്യൻ തലച്ചോറുകൾ വഹിക്കുന്ന പങ്കു വലുതാണ്. പ്രേത്യേകിച്ചു മലയാളികൾ.

 

മഹത്തായ പൈതൃകം ഉള്ള ഒരിടമാണ് കേരളം .നമ്മുടെ പൂർവികമായ അറിവുകളും, ശാസ്ത്രത്തിന്റെ നൂതനമായ കണ്ടു പിടുത്തങ്ങളും സംയോജിച്ചാൽ ഏതു ഉയരവും നമുക്ക് കയ്യെത്തി പിടിക്കാം. നമ്മുടെ വിവരക്കേടുകളും,  അന്ധവിശ്വാസങ്ങളും അതിനൊരു മറയാവാതിരിക്കട്ടെ ,..