ചുറ്റിലും ദൈവികമായ ചുവപ്പ് നിറം..... മുല്ലപ്പൂ പല്ലുകൾ കാട്ടി ഭഗവതി ചിരിക്കുന്നു... ആ ശോഭയിൽ നാട് മുഴുവൻഐശ്വര്യത്താൽ നിറയുന്നു...,
ഉത്സവം കഴിഞ്ഞു... കൊടിയിറങ്ങി.... കച്ചവടക്കാർ പൂരപ്പറമ്പോഴിഞ്ഞു....
കുട്ടികൾ വീണ്ടും അമ്പലപ്പറമ്പിൽ കളി തുടങ്ങി... അമ്പലകുളത്തിൽ കളി പന്ത് എറിഞ്ഞു നീന്തി കളിച്ചു... തലേന്ന് കഴിഞ്ഞ പൂരത്തെ അഭിനയിച്ചു തകർക്കലായിരുന്നു കുട്ടികളുടെ ഇഷ്ട വിനോദം... ഇനിയും എരിഞ്ഞടങ്ങിയിട്ടില്ലാത്ത കനൽ വാരിയും, ചാരത്തിലൂടെ ഓടി കളിച്ചും അവർ ഉല്ലസിച്ചു.. ഇതെല്ലാം കാണാൻ ഭഗവതിക്കും ഇമ്പമായിരുന്നു.... അമ്പലകുളത്തിൽ കുളികഴിഞ്ഞെത്തുന്ന സുന്ദരിമാർക്കിടയിലൂടെ ഭഗവതിയും പൂ ചൂടി നടന്നു.... എല്ലാം ശുഭം.... എങ്ങും നന്മ... പൂർണത....
ആ നാടിന്റെയും തറവാടിന്റെയും ഐശ്വര്യം ഭഗവതിയുടെ മുഖപ്രസാദം എന്ന കാര്യത്തിൽ തർക്കമില്ല...
വർഷങ്ങൾ കടന്നു പോയി.. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി അമ്പല പരിസരം അളന്നെടുത്തു.... ഭഗവതി പെരുവഴിയിലായി... മുല്ലപ്പൂ നൈർമ്മല്യമുള്ള ഭഗവതി കരിയിൽ പുരണ്ടു.... ശോഭ മങ്ങി... ആരും ദേവിയെ തിരിച്ചറിഞ്ഞില്ല.. കുട്ടികൾ കല്ലെറിഞ്ഞു....
പാവം ഭഗവതി... ദീപാരാധനയും, വഴിപാടുകളുമായി കഴിഞ്ഞ ഭഗവതി തെരുവിൽ അലഞ്ഞു നടന്നു...
ഒടുവിൽ ഭഗവതിക്ക് ക്ഷമ കെട്ടു... കോപത്താൽ ജ്വലിച്ചു... നാട്ടിൽ മാറാ വ്യാധികൾ വിതറി... തറവാട്ടിലെ ഇളം തലമുറയ്ക്ക് ശാപമേറ്റ് തുടങ്ങി.... ചിലർക്കു ഭഗവതിയുടെ കോപ ജ്വാലയിൽ മനോനില തെറ്റി തുടങ്ങി... എന്നിട്ടും ഭഗവതിക്ക് കലിയടങ്ങിയില്ല..
ദുശകുനങ്ങൾ കണ്ടു തറവാട്ടു കാരണവർ പ്രശ്നം വെച്ചു... അപ്പോഴതാ ശ്രീകോവിലിൽ ഇരിക്കേണ്ട ഭഗവതി രോഷാകുലയായി അങ്ങിങ്ങു അലഞ്ഞു നടക്കുന്നു... തറവാട് വേരോടെ നിലമ്പതിക്കുമെന്ന് മനസ്സിലായ കാരണവർ എല്ലാരേയും വിളിച്ചു കൂട്ടി.... "ഒരു ശ്രീകോവിൽ പണിയേണം. ഭഗവതിയെ സർവലങ്കാര വിഭൂഷിതയായി പൂജ ചെയ്യേണം.. തെറ്റുകൾക്ക് മാപ്പപേക്ഷിക്കേണം..."
എല്ലാവരും സമ്മതിച്ചു... സ്ഥലമന്വേഷണം തുടങ്ങി.... പറ്റിയ സ്ഥലം കിട്ടുന്നില്ല.. ഓരോന്നിനും ഓരോ മുടക്കം.. എല്ലാവരും തിരച്ചിൽ നിർത്തി.....
ഭഗവതിക്ക് ഇതെല്ലാം കണ്ടു കണ്ണിൽ തീ കത്തി....
ഇവരെയാണോ താനിത്രെയും സ്നേഹിച്ചത്... ഇവർക്കു വേണ്ടിയാണോ മണ്ണിലവതരിച്ചത്... നാട്ടിൽ മാറാവ്യാധികൾ കൂടി കൂടി വന്നു....
ഒടുവിൽ എല്ലാവരും ചേർന്നു തത്കാലം ഒരു പ്രശ്നം കണ്ടു.... ക്ഷേത്രത്തിനു സ്ഥലം ലഭിക്കുന്നത് വരെ തറവാട്ടിൽ എല്ലാ ദിവസവും നാമജപം വെക്കണം... പൂജയും കഴിക്കാം.... ഭഗവതി തത്കാലം അടങ്ങി....
എല്ലാ ദിവസവും പൂജയും നാമജപവും തുടങ്ങി... പക്ഷേ ഓരോ ആസ്വാരസ്യങ്ങൾ കാരണം എന്നും വീട്ടുകാർ തമ്മിൽ വഴക്ക്... പൂവിനും, പൂജാ ദ്രവ്യത്തിനും... എന്തിനു ഉണ്ടാക്കുന്ന പ്രസാദത്തിന്റെ പേരിൽ വരെ അടി... എല്ലാവരുടെയും ശ്രദ്ധ ഭക്തിയിലല്ലായിരുന്നു ... ആർക്ക് ക്ഷേത്ര പരിപാലത്തിന്റെ മേൽനോട്ടം എന്നതിലായി... ഭഗവതി നിസ്സഹായയായി....
ഇതിലൊന്നും പെടാത്ത ഒരു പാവമായിരുന്നു സുമതി... അവൾ എന്നും തറവാട് മുഴുവൻ അടിച്ചു വാരി വൃത്തിയാക്കും.... പൂജാ ദ്രവ്യങ്ങൾ ഒരുക്കും... ആളുകളുടെ പ്രഹസനങ്ങൾ ശ്രദ്ധിക്കാതെ ഭക്തിയോടെ നാമം ജപിക്കും... മറ്റുള്ളവരുടെ വമ്പിച്ച കനമുള്ള നോട്ടുകൾക്കിടയിലും സുമതിയുടെ ഒരു രൂപ തുട്ട് തിളങ്ങാറുണ്ടായിരുന്നു... ഭഗവതി അവളെ ശ്രദ്ധിച്ചു .
ഏഴു സഹോദരന്മാരുടെ ഒറ്റ പെങ്ങളായ സുമതി.... അച്ഛനും അമ്മയും താഴത്തും തലയിലും വെക്കാതെ വളർത്തിയവൾ.... ഗ്രാമീണതയുടെ വസന്തത്തിൽ ജനിച്ചു വളർന്ന അവൾ ഒറ്റപെട്ട നഗരത്തിൽ സ്വാർത്ഥതയുടെ നടുവിൽ ജീവിച്ചു പോവുകയാണ്... ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ഒരു പ്രഹസനത്തിലും പെടാതെ ഒരിത്തിരി നന്മയും മുറുകെ പിടിച്ച്...
സുമതിയായിരുന്നു പ്രായമായ തറവാട്ടമ്മയെ നോക്കുന്നത്... മക്കളെല്ലാവരും ഉപേക്ഷിച്ചു പോയ തൊണ്ണൂറ് കഴിഞ്ഞ ആ വൃദ്ധയെ സുമതി പരിചരിക്കുന്നത് കണ്ണിൽ ആർദ്രത യോടെ യാണ് ഭഗവതി നോക്കി കണ്ടത്..... സ്വന്തം അമ്മയെ തിരിഞ്ഞു നോക്കാത്ത തറവാട്ടുകാർ തനിക്ക് ക്ഷേത്രം പണിയാത്തതിലും, പൂജ കഴിക്കാത്തതിലും ഭഗവതിക്ക് ഒരു അത്ഭുതവും തോന്നിയില്ല....
ഭഗവതിക്ക് അവളൊരു ആശ്വാസമായിരുന്നു.... ഭഗവതി അവളോട് പറഞ്ഞു.. "സുമതി... നമ്മൾ തുല്യ ദുഃഖിദരാണ്... പ്രഹസനങ്ങളിൽ നമ്മുടെ നിഷ്കളങ്കത പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം... നീ ഭക്തിയോടെ സമർപ്പിക്കുന്ന ഒരു നുള്ള് പ്രസാദം മതി എനിക്ക്.. ആ ഒരു തിരി വെളിച്ചം മതി എനിക്ക്.. ഈ ബഹളത്തിലും ഞാൻ കേൾക്കുന്നത് നിന്റെയുള്ളിലെ പ്രാർത്ഥനയാണ്..
സുമതി മന്ദഹസിച്ചു... അവർ പരസ്പരം ഒരിക്കലും ഒറ്റപ്പെടുത്തിയില്ല... ഏറെ കാലം സന്തോഷത്തോടെ തറവാട്ടിൽ കഴിഞ്ഞു....
മനുഷ്യന്റെ സ്വാർത്ഥതയിലും, ആത്മാർത്ഥതയില്ലായ്മയിലും പെട്ടു ഈശ്വരന്മാർ പോലും നിസ്സഹായരാവരുണ്ടാവാം.. മനുഷ്യന് ഊഹിക്കാവുന്നതിലും വലിയ പരിതാപകരമായ അവസ്ഥ അവർക്കുമുണ്ടാവാം... ഒരു കുഞ്ഞു ഹൃദയത്തിലെ ഇത്തിരി നന്മയും തേടി അമൂർത്തമായി അവർ നമുക്ക് ചുറ്റുമുണ്ടാവാം...!!!!
8You, Rajeev Krishnan, Rahul Chandran and 5 others