Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Sindhu Ashok Kumar

Envestnet Trivandrum

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

മലയാളികളുടേത് പോലെ അവസരവാദികൾ ആയ മറ്റൊരു സമൂഹം ഉണ്ടോ എന്ന് സംശയമാണ്. എന്തിനും ഏതിനും മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുന്ന താൻ എല്ലാ കാര്യത്തിലും 'പെർഫെക്റ്റ്' ആണെന്നു ചിന്തിക്കുന്ന മലയാളിയോളം പോന്ന ഒരു വിഡ്ഢി വേറെഇല്ല.വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഒക്കെ ഏറെ മുന്നിലാണെങ്കിലും നമ്മുടെ അത്രയും അഹങ്കാരവും അന്ധവിശ്വാസങ്ങളും മറ്റാർക്കും ഇല്ല എന്നു തന്നെ പറയാം. വിദ്യാഭ്യാസവും വിവരവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് നമ്മൾ മലയാളികൾ. അഭ്യസ്തവിദ്യർ പോലും നിസാര കാര്യങ്ങൾക്ക് അയൽവാസിയുടെ 'കൂടോത്രത്തെ' പഴിക്കുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. നരബലിയും മന്ത്രവാദവും ഒന്നും നമ്മളെ അത്ഭുതപ്പെടുത്താത്തതും അതുകൊണ്ട് തന്നെ.അതെല്ലാം സർവ്വസാധാരണം എന്ന രീതിയിൽ ആണ് ഇന്ന് നമ്മുടെ പോക്ക്. പരസ്യമായി ഇതിനെ ഒക്കെ തള്ളി പറയുന്ന മലയാളിക്ക് രഹസ്യമായി ഇതൊക്കെ ആകാം എന്ന ചിന്താഗതി ആണ്.

 

എല്ലാ വിശ്വാസവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അന്ധവിശ്വാസം ആണെന്ന് തന്നെ പറയാം. ആഴത്തിൽ മനസ്സിൽ വേരുറച്ചു പോയ വിശ്വാസങ്ങൾ എല്ലാം തന്നെ അന്ധവിശ്വാസം ആണെന്ന് ചുരുക്കം. നല്ലകാര്യത്തിന് ഇറങ്ങുമ്പോൾ മൂന്ന് പേരായി പോകരുത്, പൂച്ച വട്ടം ചാടിയാൽ അശുഭം, തുമ്മിയാൽ തലയിൽ വെള്ളമൊഴിക്കണം തുടങ്ങി ഒറ്റ നോട്ടത്തിൽ തീർത്തും നിരുപദ്രവകരം എന്ന് തോന്നുന്ന ചിന്തകൾ മുതൽ മനുഷ്യന്റെ ജീവൻ എടുക്കുന്ന തലത്തിലേക്ക് വരെ പടർന്നു പന്തലിച്ചിരിക്കുന്നു ഇന്ന് നമ്മുടെ അന്ധവിശ്വാസങ്ങൾ പലതും. അന്ധവിശ്വാസങ്ങൾക്ക് ഇത്രയും വളക്കൂറുള്ള മണ്ണായിരുന്നോ നമ്മുടേത് എന്നതൊരു അത്ഭുതം തന്നെ. ഓരോ ദിവസവും അവിശ്വസനീയമായ എത്ര എത്ര വാർത്തകൾ ആണ് പുറത്തു വരുന്നത്.

 

ലോകം പുരോഗമിക്കും തോറും ഓരോ ദിവസവും മുന്നോട്ട് പോകേണ്ട നാം കൂടുതൽ കൂടുതൽ പിന്നോട്ടാണ് നടക്കുന്നത് എന്ന് തോന്നി പോകുന്നു. ഈ ഇടയായി ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന ഒരു വാർത്തയുണ്ട്. കാസർഗോഡ് വാഴ കല്യാണം, തൃശൂർ വാഴ കല്യാണം, മഴ പെയ്യാൻ വാഴ കല്യാണം, മംഗല്യ ദോഷം മാറാൻ വാഴ കല്യാണം, ചൊവ്വ ദോഷം മാറാൻ വാഴ കല്യാണം. വാഴയെ കല്യാണം കഴിക്കുന്നതിലൂടെ ലോകത്തിലെ പകുതി പ്രശ്നനങ്ങൾ അവസാനിക്കും എന്ന് തോന്നും. അങ്ങനെ ആയിരുന്നെങ്കിൽ എന്ത് എളുപ്പമായിരുന്നല്ലേ കാര്യങ്ങൾ?

 

അന്ധവിശ്വാസത്തിന്റെ കാര്യം പറയുമ്പോൾ ചൊവ്വ ദോഷം ആണ് നമ്മുടെ മറ്റൊരു 'ഹൈലൈറ്റ്'. നമ്മുടെ എന്ന് പറയുമ്പോ ഇത് എല്ലാ മലയാളികൾക്കും ഇല്ല കേട്ടോ. ഹിന്ദു സമുദായത്തിൽ പെട്ട പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു സ്വയമ്പൻ സാധനം ആണ് ഇത്. ചൊവ്വ ദോഷം കാരണം ജാതക പൊരുത്തം നോക്കി നടന്നു നടന്നു ജീവിതം തുലഞ്ഞു പോയ പെൺകുട്ടികൾ ഒന്നും രണ്ടുമൊന്നുമല്ല. അതുപോലെ പത്തിൽ പത്തു പൊരുത്തം നോക്കി കല്യാണം കഴിപ്പിച്ചിട്ട് മനസ്സിൽ ഒരു പൊരുത്തവും ഇല്ലാതെ ഒരു ദിവസം പോലും മനഃസമാധാനം ഇല്ലാതെ നരകിക്കുന്ന ഏത്ര പേരെ നാം എന്നും കാണുന്നു. എങ്കിലും എത്ര കിട്ടിയാലും പഠിക്കില്ല എന്ന് പറഞ്ഞ പോലാണ് നമ്മുടെ കാര്യം. നമ്മുടെ വിശ്വാസങ്ങൾക്ക് (അല്ല അന്ധവിശ്വാസങ്ങൾക്കു) മേലെ പരുന്തും പറക്കില്ലെന്നു രത്നച്ചുരുക്കം.

 

വിവാഹ ശേഷം ആദ്യത്തെ ഭർത്താവ് മരണപ്പെടും എന്ന ഭയം മൂലമാണ് പാറശ്ശാലയിലെ പെൺകുട്ടി കാമുകന് വിഷം നൽകിയത് എന്ന തരത്തിൽ ചില വാർത്തകൾ കണ്ടിരുന്നു. അതുപോലെ പിശാചാണ് ഉള്ളിൽ ഉള്ളത് എന്ന തോന്നലിൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ പറ്റി ഇടയ്ക്ക് നാം കേട്ടു. ഇതൊന്നും നാം കണ്ടതും കേട്ടതും ഉത്തരേന്ത്യയിൽ അല്ല ഇങ്ങു കേരളത്തിൽ ആണ്, സാക്ഷര കേരളത്തിൽ. ഇങ്ങനത്തെ സംഭവങ്ങളെ പറ്റി ഒക്കെ കേൾക്കുമ്പോൾ ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് സംശയിച്ചിരുന്ന മലയാളികൾക്ക് ഇടയിൽ ആണ് ഇന്ന് ഇതെല്ലം നടക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്തവന്റെ വിവരക്കേടുകളെ കളിയാക്കി ചിരിച്ചിരുന്ന വിവേകിയും വിദ്യാസമ്പന്നനും ആയ മലയാളിക്കിടയിൽ.

 

രോഗശാന്തിക്കും മാനസികവിഭ്രാന്തിക്കും സുവിശേഷത്തേയും മന്ത്രവാദത്തേയും ആശ്രയിക്കുന്ന എത്ര എത്ര സംഭവങ്ങൾ ആണ് എന്നും നമ്മുടെ നാട്ടിൽ നടക്കുന്നത്. മനസ്സിന്റെ താളം തെറ്റിയവനെ അടിച്ചു നിലം പരിഷാക്കി 'ഒഴിഞ്ഞു പോകില്ലേ നീ' എന്ന് ചോദിക്കുന്നവരോട് എന്തു പറയാൻ. ഈ സന്ദർഭത്തിൽ ഒരു സുഹൃത്ത് പണ്ട് പറഞ്ഞ മറ്റൊരു കഥയും ഓർമ്മ വരുകയാണ്. ആർത്തവ ദിനങ്ങളിൽ അവൾക്ക് അടുക്കളയിൽ പ്രവേശനമില്ലായിരുന്നു അത്രേ. അവൾ 'അശുദ്ധ' ആണ് പോലും. രാത്രി സ്വന്തം മുറിയിലേക്ക് കേറി പോകുന്നതും ആ ദിവസങ്ങളിൽ വീടിന് പുറത്തുള്ള കോണിപ്പടി വഴിയായിരുന്നു എന്നും അവൾ പറയുക ഉണ്ടായി. എന്തൊരു ഗതികേടാണ് എന്ന് ഒരു നിമിഷം തോന്നി പോയി. പിന്നീട് അങ്ങ് നേപ്പാളിൽ എവിടെയോ ആണെന്ന് തോന്നുന്നു ഇത് പോലെ ഒരവസരത്തിൽ വീട്ടിലെ തൊഴുത്തിൽ കിടത്തിയ ഒരു പെൺകുട്ടി പാമ്പ് കടിയേറ്റു മരിച്ച വാർത്ത ഓർമ്മ വന്നു. അപ്പോൾ 'ഇതൊക്കെ എന്ത്' എന്നചിന്തയായി. അപ്പോൾ പറഞ്ഞു വരുന്നത് 2022-ൽ ആണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എങ്കിലും 'ആർത്തവവും' ആയി ബന്ധപ്പെട്ട മുൻവിധികൾക്കൊന്നും നമുക്ക് ഇപ്പോഴും ഒരു കുറവുമില്ല എന്നതാണ്. അതുപോലെ ജനിക്കാൻ പോകുന്ന കുഞ്ഞിന് നല്ല ജന്മനക്ഷത്രം കിട്ടാൻ മകളുടെ ചൊവ്വാഴ്ചത്തെ സിസേറിയൻ ഓപ്പറേഷൻ ബുധനാഴ്ചത്തേക്ക് മാറ്റാൻ പറ്റുമോ എന്ന് ചോദിച്ചതിന് ഡോക്ടർ പച്ച തെറി പറഞ്ഞു ഓടിച്ച അയൽക്കാരിയായ ആന്റിയേയും ഈ അവസരത്തിൽ സ്മരിക്കുകയാണ്. അവർക്ക് സ്വന്തം മകളുടെ ജീവനേക്കാൾ വലുത് ജനിക്കാത്ത കുഞ്ഞിന്റെ ജന്മ നക്ഷത്രം ആയിരുന്നു എന്നത് ഇപ്പോഴും ഒരു ഞെട്ടൽ ആണ്. ഇതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മൾ മലയാളികളുടെ അന്ധവിശ്വാസങ്ങളുടെ ഭാഗം തന്നെ.

 

അന്ധവിശ്വാസങ്ങളെ നിയന്ത്രിക്കാൻ വ്യക്തമായ ഒരു നിയമവ്യവസ്ഥിതി ഇന്ന് കേരളത്തിൽ ഇല്ലെന്നത് വാസ്തവം ആണ്. ഇനി എന്ത് നിയമം വന്നാലും മനസ്സിന്റെ ഇത്തരം ജീർണിച്ച ചിന്തകളെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്നത് മറ്റൊരു ചോദ്യവും ആണ്. ലക്ഷ കണക്കിന് നിയമങ്ങൾ ഇപ്പോൾ തന്നെ ഉള്ള നാടാണ് നമ്മുടേത്. ഇതൊന്നും കൊണ്ട് പ്രത്യേകിച്ച് യാതൊരു കാര്യവും ഇല്ല എന്ന് നമുക്ക് തന്നെ അറിയുകയും ചെയ്യാം. അപ്പോൾ സംവിധാനങ്ങൾ ഇല്ലാത്തതല്ല കുഴപ്പം മറിച്ചു നമ്മുടെ ചിന്താഗതി മാറാത്തതാണ്.

 

ഏത് ഡിഗ്രി എടുത്തിട്ടും എത്ര ഉയർന്ന ഉദ്യോഗം നേടിയിട്ടും കാര്യമില്ല. മാനുഷികമായ പരിഗണനകൾക്കപ്പുറം വിശ്വാസത്തിന്റെ വേരുകളെ മുറുകെ പിടിച്ചു മുന്നോട്ടു കുതിക്കുന്നതിന് പകരം നാം പിന്നോട് പോകാൻ മത്സരിക്കുന്നിടത്തോളം ഈ വ്യവസ്ഥിതി ഇങ്ങനെ തന്നെ നിലനിൽക്കും. മുരുകൻ കാട്ടാക്കട എഴുതിയത് പോലെ നമ്മൾ എല്ലാവർക്കും തിമിരം ബാധിച്ചിരിക്കുകയാണ്. നമ്മുടെ ഈ ഭ്രാന്തുകൾ നമ്മൾ തന്നെ മാറ്റണം എന്ന് സാരം. വികലമായ വിശ്വാസങ്ങളെ പൊട്ടിച്ചെറിഞ്ഞു നമ്മൾ മലയാളികൾക്ക് എന്നെങ്കിലും വെളിവ് വീഴും എന്ന് പ്രതീക്ഷിക്കാം