Skip to main content
Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

Jishnu.R.Chandran

Xerox Technologies India

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

 

സമൂഹത്തിൻ്റെ നൂതന മാധ്യമം 

 

മനുഷ്യൻ ഉണ്ടായ കാലം മുതൽക്കേ അവൻ മറ്റ് മൃഗങ്ങളെ പോലെ കൂട്ടം കൂടാനും സാമൂഹ്യപരമായി അതിനെ വിനിയോഗിക്കാനും തുടങ്ങിയിരുന്നു. മറ്റുള്ളവരുമായിട്ടുള്ള ഈ സമ്പർക്കവും അതിലൂടെയുള്ള കീഴ്പ്പെടുത്തലുകളും അവനെ ഭക്ഷ്യ ശൃംഖലയുടെ  ഏറ്റവും മുകളിലെത്തിച്ചു. ആക്രമിക്കാനും കീഴടക്കാനുള്ള അവൻ്റെ ആഗ്രഹത്തെയും വൈഭവത്തെയും അവൻ വേണ്ട വിധം ഉപയോഗപ്പെടുത്തി മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാകാൻ മുതൽക്കൂട്ടായത് അവൻ്റെ സാമൂഹ്യ ബോധവും അതിൻ്റെ കൃത്യമായ ഉപയോഗവുമാണ്. ചെറു ഗോത്രങ്ങളായി കുടിയേറിത്തുടങ്ങി വൻ സാമ്രാജ്യങ്ങൾ വരെ മനുഷ്യൻ ഈ സാമൂഹിക വ്യവസ്ഥിതി കൊണ്ട് കെട്ടിപ്പടുത്തു. മനുഷ്യരാശിയുടെ പുരോഗതിയും വികാസവും യാത്രകളും ചേക്കേറുകളും എന്നും സമൂഹം എന്ന പ്രസ്ഥാനത്തിലൂന്നി നിൽക്കുന്നതാണ്. കാലാന്തരത്തിൽ സമൂഹം എന്നത് ദേശങ്ങളുടെയും രാജ്യങ്ങളുടെയും വരമ്പുകൾ കടന്നു പോയി. ഇന്ന് ലോകത്തിൻ്റെ ഏത് കോണിലിരുന്നും ആർക്കും ആരെയും ബന്ധപ്പെടാനും കണ്ട് വിവരങ്ങൾ കൈമാറാനുമുള്ള സൗകര്യം കമ്പ്യൂട്ടറും ഇൻ്റർനെറ്റും മൊബൈലും ചേർന്ന സാങ്കേതിക ലോകം നമ്മളെ പ്രാപ്തരാക്കുന്നു. 

 

പക്ഷെ പണ്ട് ഐൻസ്റ്റീൻ പറഞ്ഞ പോലെ സാങ്കേതികത ഒരിക്കൽ മനുഷ്യത്വത്തെ മനുഷ്യരിൽ നിന്ന് തന്നെ അകറ്റുന്നതിലേക്ക് എത്തിച്ചേരും എന്നത് ഏറെക്കുറെ ഇന്ന് നമ്മൾ കണ്ട് കൊണ്ടുമിരിക്കുന്നു. സമൂഹ മാധ്യമങ്ങൾ ഇന്ന് മനുഷ്യൻ്റെ അടിസ്ഥാന സാമൂഹ്യ താൽപര്യങ്ങളെ മറികടന്ന് പോയിരിക്കുന്നു. കൂട്ട് കൂടാൻ പണ്ട് മൈതാനങ്ങളും ആലിഞ്ചുവടുകളും ഉണ്ടായിരുന്നതിൽ നിന്ന് ഇന്ന് അടച്ചിട്ട മുറിയിലെ ചെറിയ ചതുര സ്ക്രീനുകളിലേക്ക് വഴിമാറിയിരിക്കുന്നു. വ്യാജമായ ആളുകളും പേരുകളും സ്ഥലങ്ങളും വൈകൃതമായ സമൂഹ കൂട്ടായ്മകളും ഇന്ന് ഈ സംവിധാനത്തിൽ ലഭ്യമാണ്.

 ഒരു ദിവസത്തിൻ്റെ നല്ലൊരു ശതമാനം സമയവും നമ്മൾ ചിലവഴിക്കുന്നത് ഈ പല മുഖങ്ങളുള്ള മാധ്യമത്തിലാണ് താനും. അതിനാൽ തന്നെ ഇത് ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കുന്നതും, ആ സ്വാധീനം വളരെ ശക്തവുമായതിനാൽ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യാജമായ ഒരു പുറം മോടിയെ കണ്ണടച്ച് വിശ്വസിക്കാനും തൻ്റെ വിവരങ്ങളെല്ലാം വിശ്വസിച്ച് കൈമാറാനും മിക്കവരും മടിക്കാറില്ല. ഇതിൽ നിന്നുണ്ടാകുന്ന തിക്താനുവങ്ങൾ ഏവർക്കും അറിവുള്ളതാണെങ്കിലും തനിക്ക് അതൊന്നും ഉണ്ടാവില്ലെന്നും താൻ വിശ്വസിക്കുന്നയാൾ തന്നെ ചതിക്കില്ലെന്നും ഭൂരിപക്ഷമാളുകൾ ഉറച്ച് വിശ്വസിക്കുന്നു. ഇന്ന് കാണുന്ന കഷായവും നരബലിയും വിസ തട്ടിപ്പുമൊക്കെ ഈ വിശ്വാസ്യതയുടെ ചൂഷണം മാത്രമാണ്. ഇത് അവനവൻ്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി എന്ന് പറഞ്ഞ് ലാഘവത്തോടെ വിട്ടു കളയുന്നതിന് മുൻപ് നമ്മൾ അറിയാതെ തന്നെ നമ്മുടെ തീരുമാനങ്ങളെ രൂപപ്പെടുത്തുന്ന തരത്തിലും ഈ സാമൂഹ്യ മാധ്യമങ്ങൾ പ്രവർത്തിക്കാറുണ്ട്. ഏതൊരു മനുഷ്യനും വെള്ളം, വസ്ത്രം, വീട് എന്ന അടിസ്ഥാന സൗകര്യങ്ങളോട് ചേർത്ത് വെച്ച് കാണുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മറ്റൊരു പ്രതിഭാസമായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നമ്മളറിയാതെ നമ്മളെ ഒരുപാട് തീരുമാനങ്ങൾ എടുപ്പിക്കുന്നുണ്ട്. ഒരു സിനിമ കാണുന്നതിന് മുൻപ്, ഒരു ഭക്ഷണശാലയിൽ കയറുന്നതിനു മുൻപ്, ഒരു താമസസ്ഥലം തിരഞ്ഞെടുക്കുന്നതിന് മുൻപ്, ഒരു വാണിജ്യോൽപന്നം വാങ്ങുന്നതിന് മുൻപ് ഏതൊരുവനും ഇന്ന് "റിവ്യൂ" ആണ് നോക്കുന്നത്. ആരും അടിച്ചേൽപ്പിക്കാതെ തന്നെ ഇതൊരു ശീലവും അതിലൊരു വിശ്വാസ്യതയും ഏവരും കണ്ടെത്തുന്നു. എത്ര മോശം വസ്തുവിനെക്കുറിച്ചും നല്ലതും തിരിച്ചും ആർക്ക് വേണമെങ്കിലും എഴുതാമെന്നുള്ള സാമാന്യ ബോധത്തിനുമപ്പുറം ആരെന്നറിയാത്ത ഒരുവൻ്റെ വാക്കുകളെ കണ്ണടച്ച് വിശ്വസിച്ച് നാം നമ്മുടെ തീരുമാനങ്ങളെ രൂപപ്പെടുത്തുന്നു. ഒരിക്കലൊരു ഭക്ഷണശാലയിൽ ഇരിക്കുമ്പോൾ രാവിലെ ഞാൻ വായിച്ച ഒരു ചലച്ചിത്രത്തിൻ്റെ അതേ റിവ്യൂ എൻ്റെ മുന്നിലിരുന്ന്  മറ്റ് രണ്ട് പേർ പറയുന്നത് കേട്ടിട്ടുണ്ട്. കൃത്യമായി ആ റിവ്യൂവിലെ വാചകങ്ങൾ. ആ അഭിപ്രായം സ്വയമേ രൂപപെടാതെ അറിഞ്ഞോ അറിയാതെയോ ഉൾമനസിൽ കിടന്ന റിവ്യു പൊങ്ങി വന്നതാണെന്ന് അതിൽ നിന്ന് വളരെ വ്യക്തമാണ്. 

 

മേൽപറഞ്ഞ പോലെ ദുരുപയോഗം ചെയ്യാൻ ഏറ്റവും സാധ്യതയുള്ളതും ഈ അവസരം തന്നെയാണ്.

 

എന്നാൽ അഭിപ്രായങ്ങളോ ആശയങ്ങളോ കാഴ്ചപ്പാടുകളോ അടിച്ചേൽപിക്കാതെ ഉത്തരവാദിത്തപരമായുള്ള സമൂഹ മാധ്യമത്തിൻ്റെ ഉപയോഗം മനുഷ്യൻ്റെ സാമൂഹ്യ വ്യവസ്ഥതിയുടെ ഉന്നമനത്തിന് തന്നെ കാരണമാകും. ചെറിയ ഒരു കൂട്ടായ്മായി സമൂഹം മാറാതെ ലോകമേ തറവാട് എന്ന ബൃഹത്തായ ആശയം ഉൾകൊള്ളാൻ വരെ ഇതുപകരിക്കും. ലോകത്തിൻ്റെ, ആൾക്കാരുടെ തനത് ശൈലികളും ആശയങ്ങളും വൈവിധ്യങ്ങളും അറിയാനും അറിയിക്കാനും ചുരുങ്ങിയ ചിന്താഗതികൾ മാറ്റാനും ഇന്ന് ലഭ്യമായതിൽ ഏറ്റവും വലിയതും ചിലവ് കുറഞ്ഞതും സുലഭവുമായ ഈ വേദിക, രാജ്യങ്ങൾ കടന്നു കയറ്റവും സ്വന്തം താൽപര്യങ്ങളെയും ആശയങ്ങളെയും അടിച്ചേൽപ്പിക്കുന്നതും നിർത്തി അതത് സ്ഥലങ്ങളുടെ വൈവിധ്യങ്ങളെ ഉൾകൊണ്ട പോലെ, വേർതിരിവോടെയും അച്ചടക്കത്തോടെയും ഉപയോഗിക്കാൻ മനുഷ്യൻ ശീലിക്കുമ്പോഴാകും അതിൻ്റെ ഗുണ ഗണങ്ങൾ ഉച്ചസ്ഥായിയിൽ എത്തുന്നത്.