Skip to main content
Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

 

ഏകദേശം തൊണ്ണൂറുകളുടെ അവസാനമാണ് ഞങ്ങളുടെ ക്ലാസ്സിലേക്കു ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു നാട്ടിലേക്ക് ചേക്കേറിയ കുടുംബത്തിലെ  ഒരു കുട്ടി പഠിക്കാൻ എത്തിയത്. ബാല്യത്തിൽ നിന്നും കൗമാരത്തിന്റെ വാതില്പടിക്കൽ നിന്ന ഞങ്ങളുടെ സ്വപ്നങ്ങളിൽപ്പോലും വർണ്ണിക്കാൻ പറ്റാത്ത അദ്‌ഭുതങ്ങൾ ആ കൂട്ടുകാരി ഞങ്ങൾക്ക് വിവരിച്ചു തന്നു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അവൾക്കു ഇംഗ്ളണ്ടിലുള്ള സുഹൃത്തുക്കളോടു സംസാരിക്കാം, സല്ലാപിക്കാം! ഇവിടെ വീട്ടിലിരുന്നു കൊണ്ട് തന്നെ അവൾക്കു ഇംഗ്ലണ്ടിലെ പ്രിയപെട്ടവർക്കു വർണ്ണചിത്രങ്ങളും ആശംസകളും ഞൊടിയിടയിൽ കൈമാറാം! അന്നത്തെ കൗമാരക്കാരിക്ക് ഈ പറഞ്ഞ കാര്യങ്ങൾ സാധിച്ചുകൊടുത്ത മാന്ത്രികദണ്ഡ് എം.എസ്.എൻ മെസ്സഞ്ചർ ആണെന് മനസിലായതു വളരെ വൈകിയാണ്. അപ്പോഴേക്കും കൗമാരം പടിയിറങ്ങി തുടങ്ങിയിരുന്നു. പിന്നീട് കോളേജ് കലാലയവർണങ്ങളിൽ ഓർകുട്ടും യാഹൂ മെസ്സെഞ്ചറും കൂട്ടുകൂടാൻ വന്നു. ആ കാലഘട്ടത്തിന്റെ കൂട്ടുകൂടലും കുശുമ്പും കുന്നായ്മയും കഴിഞ്ഞു യുവത്വത്തിലേക്കു കടന്നപ്പോഴുണ്ടായ ശൂന്യതയിലേക്ക്, വീണ്ടും പഴയ ചങ്ങാതിമാരെ കാണാൻ ഫേസ്ബുക് കൈപിടിച്ചു. ജ്വലിക്കുന്ന യുവത്വത്തെ  പ്രളയക്കാലത്തും മഹാമാരിക്കാലത്തും ഒരുപാട് സഹായഹസ്തങ്ങൾ നീട്ടാൻ സഹായിച്ചതു യൂട്യൂബും വാട്ട്സാപ്പും ആണ്. തൊണ്ണൂറുകളിലെ എന്റെ കൗമാരത്തിൽ വന്നു തുടങ്ങിയ ആ കൂട്ടുകാർ ഇന്ന്  കൗമാരവും യൗവനവും കഴിഞ്ഞു ഗൃഹസ്ഥാശ്രമത്തിന്റെ അങ്കലാപ്പിൽ നില്കുന്നു, സമൂഹ മാധ്യമങ്ങൾ എന്നു നാം ഓമനപ്പേരിട്ടിരിക്കുന്ന അവർ.

 

എന്താണ് സാമൂഹ്യ മാധ്യമങ്ങൾ?

ഏതൊരു ആശയവും അഭിപ്രായവും സന്ദേശവും വാർത്തകളും ഞൊടിയിടയിൽ ആർക്കും ആരോടും അറിയിക്കാൻ സാധിക്കുന്ന മാധ്യമ സാങ്കേതികതയെ ആണ് നാം സമൂഹ മാധ്യമങ്ങൾ അഥവാ സാമൂഹ്യ മാധ്യമങ്ങൾ എന്നു വിളിക്കുന്നത്.  പരമ്പരാഗത മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്നു മാത്രം വാർത്തകൾ ഒരുപാട് പേരിൽ എത്തിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാടുപേർ ഒരുപ്പാട്‌ കാര്യങ്ങൾ ഒരുപാട് പേരിൽ എത്തിക്കുന്നു. ഏതു വ്യക്തിക്കും ഈ മാധ്യമങ്ങളിലെ വാർത്ത സൃഷിടികർത്താവാകാമെന്നു സാരം. ഒരു പരമ്പരാഗത മാധ്യമത്തെക്കാൾ മിന്നൽ വേഗത്തിൽ ആരുടെ വാർത്തസൃഷ്ടി വേണമെങ്കിലും ആരിലും, എത്രപ്പേർക് വേണമെങ്കിലും പ്രായാബേധമന്യേ എത്തിക്കാം. ഇന്ന്, ഇതിലെ പ്രധാനികൾ  വാട്ടസ്ആപ്, യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം മുതലായവയാണ്‌.

 

എന്തുകൊണ്ട് പ്രതിസന്ധി?

ഇരുപത്തിയൊന്നാം  നൂറ്റാണ്ടിൽ ജനിച്ച ഇവ ഇന്ന് പരമോന്നതയിൽ നിൽക്കുമ്പോഴും യുവക്ത്ത്വത്തിന്റെ ചുറുചുറുക്ക് ക്ഷയിച്ചു  തുടങ്ങിയിരിക്കുന്നു; ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കുന്ന ഒരു മനുഷ്യായുസിന്റെ പ്രതിസന്ധികളെല്ലാം അവയ്ക്കുമുണ്ട്. പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാൻ വാട്ടസ്ആപ് സന്ദേശങ്ങൾ സഹായിച്ചപ്പോൾ, മഹാമാരി തച്ചുടയ്ച്ച സാമ്പത്തികം കുറച്ചു പേർക്കെങ്കിലും തിരിച്ചു നൽകിയത് യൂട്യൂബ് വരുമാനങ്ങളാണ്. എന്നിട്ടും എന്തുകൊണ്ട് അവയ്ക്കു പ്രതിസന്ധി എന്ന് ചോദിച്ചാൽ "അധികമായാൽ അമൃതും വിഷം" എന്ന് വിലപിക്കാൻ മാത്രമേ നമുക്കാവു.

 

എന്തെല്ലാം പ്രതിസന്ധികൾ?

 1. സമൂഹമാധ്യമങ്ങളിൽ ആസക്തതരാകുന്ന നാം - "ഹോം" എന്ന ചലച്ചിത്രത്തിൽ വിജയ് ബാബുവിന്റെ ഡോക്ടർ കഥാപാത്രം മൊബൈൽ ഫോണിനെ മനുഷ്യന്റെ സമയത്തെ മോഷ്ടിക്കുന്ന ഒരു കള്ളനായി വിശേഷിപ്പിക്കുന്നുണ്ട്. മൊബൈൽ ഫോൺ എന്ന് പറയുന്നുണ്ടെങ്കിലും അതിലെ യഥാർഥ പ്രതിനായകൻ ആ ഫോണിലെ സമൂഹ മാധ്യമങ്ങൾ തന്നെയാണ്. ഇന്ന് നമ്മുടെ എല്ലാം ഭൂരിഭാഗം സമയവും നമ്മളറിയാതെ കവർന്നെടുക്കുന്ന കള്ളന്മാരാണ് സമൂഹമാധ്യമങ്ങൾ. ചിലരെങ്കിലും, പ്രായഭേദമന്യേ, അതിനു അടിമപ്പെട്ടു നിത്യ കാര്യങ്ങൾ പോലും നിർവഹിക്കാതെ  ജീവിതം ഹോമിക്കുന്നു. കുടുംബങ്ങളിലെ പല സന്തോഷങ്ങളും ചെറിയ സംഭാഷണ സായാഹ്നങ്ങളും ഇന്ന് മണ്മറഞ്ഞു. ഒരേ വീട്ടിലുള്ളവർ പോലും അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്തുന്നത് വാട്ടസ്ആപ് വഴിയായി. തന്മൂലം വീട്ടിലെ ഊഷ്‌മളമായ അന്തരീക്ഷം നഷ്ടപ്പെടുകയും പലർക്കും ആശയവിനിമയ കഴിവുകൾ കുറഞ്ഞു പോകുകയും ചെയുന്നു. എല്ലാവരും ഒത്തൊരുമിച്ചു വാർത്തയും ചലച്ചിത്രങ്ങളും കണ്ടുകൊണ്ടിരുന്ന കുടുംബങ്ങളിൽ ഇന്ന് വീട്ടിലെ ഓരോ മൂലയിൽ ഓരോരുത്തർക്കു ഇഷ്ടപ്പെട്ട എന്തോ ഒറ്റയ്ക്കിരുന്നു സമൂഹ മാധ്യമങ്ങളിൽ കണ്ടു ആസ്വദിക്കുന്നു, പുറംലോകത്തെന്തു നടക്കുന്നു എന്ന്‌ പോലുമറിയാതെ. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആരെങ്കിലും വഴിതെറ്റി പോകുന്നുണ്ടോ എന്നുപോലും ആരും അറിയുന്നില്ല. മക്കൾ കണ്ടാസ്വദിക്കുന്നത് എന്താണെന്നു മാതാപിതാക്കളോ തിരിച്ചുമോ അറിയുന്നില്ല. അത് അന്വേഷിച്ചാൽ കോപത്തോടെയുള്ള വഴക്കുക്കൾ ഇന്നു സാധാരണമാണ്. കുടുംബബന്ധങ്ങളും ഗുരു-ശിഷ്യ ബന്ധങ്ങളും ഇവ കാരണം ശിഥിലമായി എന്ന്‌  എടുത്തു പറയേണ്ടതില്ലല്ലോ.

 

 2. തെറ്റായ വാർത്താ പ്രചാരണങ്ങൾ - 2018  ൽ  ബഹുമാനപെട്ട കേരള ഹൈകോടതി, വാട്ടസ്ആപ് വഴി പ്രചരിച്ച ഒരു വ്യാജ ഹർത്താലിൽ ജനം വിശ്വസിച്ചതിൽ  ഞെട്ടൽ  രേഖപ്പെടുത്തുകയും അത് പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു. വെറും ഒരു മൊബൈൽ ഫോൺ കൊണ്ട് ജന ജീവിതം തന്നെ സ്തംഭിപ്പിക്കാൻ സാധിക്കുന്നു എന്നത് അങ്ങേയറ്റം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്നു കോടതി തന്നെ അഭിപ്രായപ്പെടുകയും ചെയ്‌തു. വിദ്യാസമ്പന്നർ ഇന്ന് ഊറ്റംകൊള്ളുന്ന നാം വെറുമൊരു സന്ദേശം കണ്ടു ഹർത്താൽ ആഘോഷിച്ചത് ലജ്ജാവഹമല്ലാതെ മറ്റെന്താണ്? ഇതുപ്പോലെ ആയിരമായിരം വ്യാജ വാർത്തകളും ആരോഗ്യരംഗത്തെ മിഥ്യാധാരണകളുമാണ് ദിവസവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരുപാടുപേർ പ്രായഭേദമന്യേ ഈ വ്യാജ വാർത്തകൾ പ്രേത്യേകിച്ചും ആരോഗ്യരംഗത്തെ വ്യാജ വാർത്തകളെ വിശ്വസിച്ചു അപകടത്തിലേക്കു വീഴുന്നു.

 

3. വ്യക്തിവിദ്വേഷ പ്രചാരണങ്ങൾ - സമൂഹമാധ്യമങ്ങളെ ഒരു 'മാധ്യമം' ആയി  വിശേഷിപ്പിക്കാൻ പോലും അർഹതയുള്ളവരല്ല എന്നു അഭിപ്രായപ്പെടുന്ന ഒരുപ്പാട്‌ മാധ്യമഗുരുക്കളുണ്ട്. കാരണം, അവയിലൂടെ കൈമാറ്റം ചെയ്യപെടുന്നവ ആരും സാക്ഷ്യപ്പെടുത്തുന്നില്ല. ആർക്കും, ആരെയും, എന്തിനെയും അഭിപ്രായപ്പെടാനും ആരോപിക്കാനും സ്വന്തന്ത്ര്യം ഉള്ള സമൂഹമാധ്യമങ്ങൾ പക്ഷെ അതിന്റെ ദുരുപയോഗം തടയാൻ ഒന്നും ചെയ്യുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം പരമോന്നതമായി കണക്കാക്കപ്പെടുന്ന നമ്മുടെ രാജ്യത്തു ഒരാളുടെ ആശയങ്ങളെ മറ്റൊരാൾക്ക്  അളക്കാൻ അവകാശമില്ലതാനും. എന്നാൽ സ്വന്തന്ത്ര്യത്തിൻറെപ്പേരിൽ വ്യക്തിഹത്യ നടത്തുമ്പോൾ, അത് യാഥാർഥ്യമോ എന്നുപ്പോലും തിരക്കാതെ ഒട്ടേറെപ്പേർ വിശ്വസിക്കുകയും ആരോപിക്കപ്പെട്ട ആളെയും കുടുംബത്തെ മുഴുവുവനുമേ ഒറ്റപ്പെടുത്തുകയും കൂടുതൽ അവഹേളിക്കുകയും ചെയുന്നു. തന്മൂലം ആ വ്യക്തിയും കുടുംബവും കടന്നുപോകുന്ന മാനസികസംഗകർഷങ്ങൾ നിർവ്വചനീയമാണ്. പലപ്പോഴും ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ ആശയത്തെ മാത്രം എതിർക്കുന്നവർ പക്ഷെ ആ വ്യക്തിയെ തന്നെ എതിർക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുമ്പോൾ, അവ ആ വ്യക്തിയെ  മാത്രമല്ല ആ കുടുംബത്തെയും ബാധിക്കുന്നു. മാത്രമല്ല,  "അമ്മയെത്തല്ലിയാലും കാണും രണ്ടു പക്ഷം" എന്നു പറയുന്നത് പോലെ, ഒരു അഭിപ്രായം സമൂഹമാധ്യമങ്ങളിൽ വരുമ്പോ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ ചേരിതിരിഞ്ഞു ചെളിവാരിയെറിയാനും ആരംഭിക്കും. ഇതെല്ലാം കാരണം ഉണ്ടാകുന്ന മാനസികപിരിമുറുക്കം മാത്രമല്ല, വ്യക്തിവിദ്വെഷം കൂടിയാണ് നാം, ഇവയെല്ലാം സമൂഹ മാധ്യമങ്ങൾ വഴി കാണുന്ന അടുത്ത തലമുറക്ക് കൈമാറുന്നത്. ചുറ്റുമിരുന്നു ചർച്ചകളിലോ വാക്വാദങ്ങളിലോ അവസാനിക്കേണ്ടിയിരുന്ന കാര്യം നമ്മുടെ കൈമറിഞ്ഞു അതിരുവിടുന്ന രംഗമാണ് ഇന്നു പല കാര്യങ്ങളിലും നടക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വാക്കുകളുടെ മുറിവും അപമാനവും കാരണം ജീവിതത്തിൽ തന്നെ ഉൾവലിഞ്ഞു ജീവിക്കുന്നവരും, ജീവിതം തന്നെ അവസാനിപ്പിച്ചവരും സമനില തെറ്റിയവരും കുറവല്ല. വെറുമൊരു മാധ്യമത്തിലെ പോരിന്റെ പേരിൽ തമ്മിൽ മുഖംനോക്കാതെ നടന്നു നീങ്ങുന്ന കുടുംബങ്ങളും സൗഹൃദങ്ങളും എത്രയെത്ര.

 

4. അനിയന്ത്രിതമായ ആശയവിനിമയങ്ങൾ - നിഷ്കർഷിത ചട്ടക്കൂടുകളോ നിയമങ്ങളോ ഇല്ലാത്തതു കൊണ്ട്, സമൂഹമാധ്യമങ്ങളിൽ വരുന്ന ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. അവ തീരെ മോശമായതും അശ്ലീലച്ചുവയുള്ളതും അപകടകരങ്ങളായ തെറ്റുകളുമാവാം. എന്നാൽ ഇവ പ്രചരിപ്പിക്കുന്നതു പ്രചരിപ്പിക്കുന്നയാളുടെ വ്യക്തിസ്വാന്തന്ത്ര്യത്തിന്റെ പേരിൽ ആർക്കും തടയാനുമാവില്ല. ആയതിനാൽ അവ നാൾക്കുനാൾ വർധിച്ചു വരുകയും, ഒരുപാടുപേരെ വഴിതെറ്റിക്കുകയും ചെയുന്നു.  പലപ്പോഴും വ്യക്തിഗത വിവരങ്ങൾ പോലും നമ്മുടെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയുന്നു. മാത്രവുമല്ല, ഒരു സമൂഹ മാധ്യമത്തിൽ പങ്കാളിയായ ഒരു മനുഷ്യന്റെ മരണാനന്തരം അവന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ പോലും വ്യക്തമായ നിയന്ത്രണം മിക്ക സമൂഹ മാധ്യമങ്ങളിലുമില്ല. അതിനാൽ മരണമടഞ്ഞ വ്യക്തിയുടെ പല സ്വകാര്യ വിവരങ്ങളും സാമൂഹ്യവിരുദ്ധർ ചൂഷണം ചെയുന്നു.

 

 എന്താണ് പ്രതിവിധി?

1. തിരിച്ചറിയുക - സമൂഹമാധ്യമങ്ങൾ നമ്മുടെ വിനോദത്തിനു മാത്രമുള്ള വെറുമൊരു ഉപകരണം മാത്രമാണെന്നും അതിനും അപ്പുറത്തേക്ക് നമ്മുടെ കുടുംബവും സൗഹൃദങ്ങളും ഗുരുക്കന്മാരും ഉൾപ്പെടുന്ന വിശാലമായ ഒരു ലോകമുണ്ടെനും നാം തിരിച്ചറിയണം. ഈ തിരിച്ചറിവ് കുഞ്ഞുമനസുകളിൽ നാം തന്നെ നിറയ്ക്കണം. കാണ്ണാരം പൊത്തി കളിക്കുന്നതും പുസ്തകങ്ങളെ കൂട്ടുകൂടുന്നതും ചെടികളെ തഴുകുന്നതുമാണ്  ഈ മാധ്യമങ്ങളെക്കാൾ ഭംഗി എന്ന് അവർക്കും നമ്മൾക്ക് തന്നെയും തിരിച്ചറിവുണ്ടാക്കണം. സ്വന്ത ഇഷ്ടങ്ങളുടെ പേരിൽ ആരെയും കൂട്ടാതെ ഒറ്റയ്ക്കിരുന്നു സമൂഹ മാധ്യമങ്ങളിൽ വ്യവഹരിക്കുന്നതിനേക്കാൾ വ്യക്തിതാല്പര്യങ്ങളെ ഹനിക്കാതെ തന്നെ പണ്ടുകാലത്തെ പോലെ എല്ലാവരും  ഒരുമിച്ചിരുന്നു മാധ്യമങ്ങളിൽ വരുന്നവയെ വീക്ഷിക്കാം.

 

2. ജാഗ്രതയുള്ളവരാകാം - പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥാ അന്വേഷിച്ചിട്ടു വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാം. നേരിട്ടു അന്വേഷിച്ചു ബോധ്യപെടുന്നതിൽ ഒരു സങ്കോചവും വിചാരിക്കേണ്ടതില്ല. അത് ഒരു വ്യക്തിയെ കുറിച്ചാകാം, ഒരു വാർത്തയാകാം, ഒരു അറിവാകാം - എന്തുമാകട്ടെ, അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ടവരോട് അന്വേഷിച്ചു ഉറപ്പുവരുത്തുക. "മിന്നുന്നതെല്ലാം പൊന്നല്ല" എന്നു പറയുന്നതുപോലെ, സമൂഹമാധ്യമങ്ങളിൽ നാം കാണുന്ന പലരുടെയും ജീവിതത്തിന്റെ സത്യാവസ്ഥ ചിലപ്പോൾ മറിച്ചായിരിക്കും. അതിനാൽ, മറ്റുള്ളവരുടെ ജീവിതം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ അതിൽ ഒരുപാട് ആകൃഷ്ടരാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. കാരണം, മറ്റുള്ളവരുടെ ജീവിതങ്ങളെ മാത്രം ഉറ്റുനോക്കികൊണ്ടിരിക്കുമ്പോ നാം നമ്മുടെ ജീവിതവുമായി എന്നും താരതമ്യം നടത്തികൊണ്ടിരിക്കുകയും അതുമൂലം എന്നും അസംതൃപ്ത്തരാകുകയും ചെയ്യും. മാത്രമല്ല, ഇതേ സമൂഹ മാധ്യമങ്ങളിൽ നമുക്ക് നേരെ വരുന്ന പല അഭിപ്രായങ്ങളും വിമർശനങ്ങളും അതിന്റെതായ ഗൗരവത്തിൽ എടുക്കാനും നാം ശ്രദ്ധിക്കണം. നമ്മളെയും നമ്മുടെ വ്യക്തിജീവിതത്തെയും കുറിച്ച് പലർക്കും പല അഭിപ്രായങ്ങളുണ്ടെങ്കിലും എല്ലാവരേം തൃപ്തിപ്പെടുത്തി ജീവിക്കാൻ നമുക്കാവില്ല എന്ന സത്യം നാം മറന്നു പോകരുത്.

 

3. അവബോധമുള്ളവരാകാം - അടുത്തിടെ, കോടതി നടപടികൾ നടക്കുന്ന ഒരു കേസിനെ കുറിച്ച് അതിലെ ഭാഗമായ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം രേഖപെടുത്തിയത് കോടതി വിമർശിച്ചു, കാരണം, കോടതി നടപടികൾ അങ്ങേയറ്റം രഹസ്യമായി കാണാക്കപ്പെടണം എന്ന് അഭിപ്രായത്തിലായിരുന്നു കോടതി. അഭിപ്രായസ്വാന്തന്ത്ര്യമുള്ളവരെങ്കിലും രാജ്യസുരക്ഷ, കോടതിക്കാര്യങ്ങൾ, രഹസ്യസ്വഭാവമുള്ള ഭരണകാര്യങ്ങൾ തുടങ്ങിയവയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതിൽ നമുക്കു പരിമിതികൾ ഉണ്ടെന്നു ഓർക്കുക. മാത്രമല്ല, വ്യക്തിവിദ്വേഷ പ്രചാരണങ്ങൾ നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നു എന്ന് പരാതി ലഭിച്ചാൽ അത് ചെയ്യുന്നവരെ ചോദ്യം ചെയ്യാൻ ഇന്ന് കാര്യാലയങ്ങളിലും വിദ്യാലയങ്ങളിലും നാട്ടിലും നിയമങ്ങളുമുണ്ട്. ചുറ്റും നടക്കുന്ന എന്തിനെയും ഏതിനെയും ഈ മാധ്യമങ്ങളിൽ നാം ഒരു വാർത്തയാക്കുമ്പോൾ, അത് ലോകമെമ്പാടും കാണുകയും കേൾക്കുകയും ഒരിക്കലും മായിച്ചു കളയാൻ പറ്റാത്തതുമാണെന്നും നാം എന്നും ഓർക്കണം. "എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ ആവില്ല" എന്നു പറയുന്നതു പോലെ, സാമൂഹ്യ മാധ്യമങ്ങളിൽ ഒരിക്കൽ വന്ന വാക്കുകളോ ആശയങ്ങളോ തിരിച്ചെടുക്കാൻ നമുക്കാവില്ല.

 

4. വേർതിരിച്ചു കാണാം - സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിനെ നിയന്ത്രിക്കാൻ നാട്ടിലെ നിയമങ്ങൾ ശക്തമാക്കികൊണ്ടിരിക്കുന്നതെയുള്ളു. എങ്കിലും വ്യക്തിസ്വാന്തന്ത്ര്യവും അഭിസപ്രായസ്വാന്തന്ത്ര്യവും ഹനിക്കാതിരിക്കേണ്ടതിനു ഒരുപ്പാട്‌ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഭരണസംവിധാനങ്ങൾക്കു ആവില്ല. അതിനാൽ, ഈ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നാം തന്നെ സാമർഥ്യത്തോടെ വേർതിരിച്ചു കാണണം. കുഞ്ഞു തലമുറയെ അതിനു പ്രാപ്തരാക്കുകയുംവേണം. എന്ത് കാര്യത്തിലെ അറിവ് നേടാനും സമൂഹമാധ്യമങ്ങളെക്കാൾ ആദ്യം മുതിർന്നവരോട് ഓടിയെത്തണം എന്നു പ്രായഭേദമന്യേ നാം എല്ലാവരും ഓർക്കണം.

 

സമൂഹമാധ്യമങ്ങൾ ഒരു ലഹരിയായി പടരുമ്പോൾ, നന്മ മരങ്ങൾ മാത്രമായി ശോഭിക്കാൻ നമുക്കാവില്ല. എങ്കിലും, "ഹൌ ഓൾഡ് ആർ യു" എന്ന ചലച്ചിത്രത്തിൽ പറയുന്നതു പോലെ, ജീവിതത്തിൽ മുപ്പതുകളും നാല്പതുകളും അൻപതുകളും അറുപതുകളും ഉണ്ട്. അത് പോലെ, ഇരുപത്തിന്റെ നിറവിൽ നിൽക്കുന്ന സമൂഹ മാധ്യമങ്ങൾ ഇനിയും മുപ്പതുകളും നാല്പതുകളും അൻപതുകളും കടന്നു നമ്മളോട് കൂടെ ഉണ്ടാവുകതന്നെ ചെയ്യും. അതിലെ നന്മകൾ മാത്രം മുറുകെപിടിക്കാൻ നമുക്കു ശ്രദ്ധിക്കാം.