Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Sherin Mariam Philip

Envestnet Trivandrum

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

അന്ധതയിൽ നിന്നും വെളിച്ചത്തിലേക്ക്

 

        മനുഷ്യൻ, മനനം ചെയ്യാൻ കഴിവുള്ളവൻ. ശരിയും തെറ്റും വിവേകത്തിന്റെയും ബുദ്ധിയുടെയും ഉറപ്പിൽ തിരിച്ചറിയുന്നവൻ. വിശ്വാസങ്ങൾ ആകട്ടെ സാഹചര്യങ്ങൾ കൊണ്ട് മനസ്സിൽ വേരുറപ്പിച്ച് പോകുന്നവയാകുന്നു. വിശ്വാസം..... മാനവികതയുടെ മൂല്യങ്ങളിൽ തന്നെ ഒന്ന്. ഒരു വ്യക്തിക്ക് സ്വന്തമായി ഉണ്ടാകുന്ന അവനവനിൽ ഉറപ്പിച്ച് നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്.കോൺഫിഡൻസ് അഥവാ സെൽഫ് കോൺഫിഡൻസ്, ആത്മവിശ്വാസം, അതാണല്ലോ ലോകത്തെ തന്നെ മാറ്റിമറിച്ച പല തീരുമാനങ്ങളുടെയും, കണ്ടുപിടുത്തങ്ങളുടെയും തന്നെ നട്ടെല്ല്. അങ്ങനെയാണെങ്കിൽ വിശ്വാസം നല്ലതല്ലേ? "അധികമായാൽ അമൃതും വിഷം" എന്നാണല്ലോ പഴമൊഴി.

 

             അന്ധത ബാഹ്യമായ കാഴ്ചകളിൽ നിന്നുള്ള വിടുതൽ എന്ന് മാത്രമല്ല അർത്ഥം. മറിച്ച് വിവേചന ശക്തിയുടെ മേലുള്ള മൂടുപടവും അന്ധത തന്നെയാണ്. അങ്ങനെയെങ്കിൽ ഒന്നിന്റെ മേലുള്ള ഉറപ്പും അതോടൊപ്പം തന്നെ വിവേചന ശക്തിയെയും നശിപ്പിക്കുന്നതുമായ എന്തിനെയും നമുക്ക് അന്ധവിശ്വാസം എന്ന് നിർവചിക്കാം. എഴുതാനും, വായിക്കാനും, സംസാരിക്കാനും, സംവദിക്കാനും അറിയുക എന്നതാണ് സാക്ഷരതയുടെ അർത്ഥം. 96.2%  സാക്ഷരത നിരക്ക് നേടി ദേശീയ ശരാശരി ആയ 77.7   ശതമാനത്തെക്കാളും  ഉയർന്നു  ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ ഒന്നാമതായി അഭിമാനപുരസരം നിൽക്കുന്ന കേരളത്തിൽ നാണക്കേടിന്റെ വിത്തുകൾ പാകുന്ന ഒന്നായി അന്ധവിശ്വാസങ്ങളുടെ കണക്കെടുപ്പും മാറിയിരിക്കുന്നു. അറിവും വിശ്വാസങ്ങളും തമ്മിലുള്ള ഉറച്ച സംഘടന തന്നെയാണ് ഇത്തരം ഒരു അവസ്ഥ വിശേഷത്തിന്റെ കാരണം.

 

അന്ധവിശ്വാസങ്ങൾ നിത്യ ജീവിതത്തിൽ

 

         ഒറ്റ മൈനയെ കണ്ടാൽ അന്നത്തെ ദിവസം തന്നെ പോകും, കടുക് താഴെ വീണാൽ അന്ന് വഴക്ക് ഉറപ്പാണ്, ഒരു ദിവസം എങ്ങനെ എന്ന് അറിയുന്നത് അന്നത്തെ കണി നോക്കിയാണ്, യാത്ര പോകുമ്പോൾ ഉറപ്പായും ശകുനം നോക്കണം അങ്ങനെ എത്രയെത്ര വിശ്വാസങ്ങളാണ് നമുക്ക് ഉള്ളത്.        അന്ധവിശ്വാസങ്ങളുടെ ദൂഷ്യവശങ്ങൾ ഏറെയും അനുഭവിച്ച് വരുന്നത് സ്ത്രീ സമൂഹം തന്നെയാണ്. ആർത്തവം...... ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട പേര് ആയതും ഇത്തരം അന്ധവിശ്വാസങ്ങളുടെ പരിണിതഫലമാണ്. ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള സ്ത്രീയുടെ കഴിവാണ് ആർത്തവം. പക്ഷേ, അതിനും അശുദ്ധ രക്തത്തിൻറെ പേരാണ്.

 

അടുക്കളയിൽ കയറാൻ പാടില്ല, ഒന്നിലും തൊടാൻ പാടില്ല, മുതലായ പല അന്ധവിശ്വാസങ്ങളും അതുമായി ചേർന്നുനിൽക്കുന്നു. ഇങ്ങനെ എന്തുകൊണ്ട് വന്നു എന്നുള്ള ചോദ്യത്തിന് എൻറെ ചിന്താധാരയിൽ ഒരു ഉത്തരവും കിട്ടി. ആർത്തവ ദിനങ്ങളിൽ പല സ്ത്രീകൾക്കും നല്ല വേദനയും ശരീരക്ഷീണവും ഒക്കെയാണ്  അവർക്ക് ആ സമയം  വിശ്രമം ആവശ്യമുണ്ട്. അവർ വിശ്രമിച്ചോട്ടെ എന്ന് കരുതിയ ഏതെങ്കിലും വ്യക്തിയുടെ നല്ല ചിന്തയുടെ ഉള്ളിൽ അത് അശുദ്ധമാണ് എന്ന വിത്തു  വിതച്ചു അന്ധവിശ്വാസങ്ങൾ ആയി കൊയ്തതാവാം ആർത്തവത്തിന്റെ അശുദ്ധി എന്ന രീതികൾ പോലും.  അനുദിന ജീവിതത്തിലും ചുറ്റുപാടിലും കേട്ടും കണ്ടും വരുന്ന അന്ധവിശ്വാസങ്ങളുടെ ഇരുണ്ട ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞേ മതിയാകൂ. അതിന് അറിവ് മാത്രം പോരാ, മറിച്ച് വിവേചന ശക്തിയെയും ഉത്തേജിപ്പിക്കേണ്ടത് ആയിട്ടുണ്ട്.

 

അന്ധവിശ്വാസങ്ങളും കുറ്റകൃത്യങ്ങളും- കേരളത്തിൽ

 

 അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ച് വരികയാണ്. ആൺകുഞ്ഞ് ജനിക്കുന്നതിന് വേണ്ടി കുടുംബത്തിലെ പെൺകുട്ടിയെ ബലി നൽകിയ നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലെ വാർത്തയ്ക്ക് മേൽ ഇന്ന് അന്ധവിശ്വാസങ്ങളുടെ പിന്നാലെ പാഞ്ഞു കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും ചെയ്യുന്ന സാക്ഷര കേരളത്തിലെ പ്രബുദ്ധ ജനം മേൽക്കോയ്മ നേടിയിരിക്കുന്നു. മന്ത്രവാദവും മറ്റു ചടങ്ങുകളും ഒളിഞ്ഞും തെളിഞ്ഞും പലരും നടത്തുന്നു.  ഭാവി എന്ത്? അല്ലെങ്കിൽ ഭാവികാലം എങ്ങനെ ഭാഗ്യമുള്ളതാക്കണമെന്ന മനുഷ്യസഹജ  ജിജ്ഞാസയിൽ നിന്നാണ് ഇത്തരം പല കുറ്റകൃത്യങ്ങളും ഉടലെടുക്കുന്നത്.

 

ഉദാഹരണങ്ങൾ അനവധിയാണ്.  എങ്കിലും മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചതും സാക്ഷര കേരളത്തിന്റെ നാണക്കേടിന്റെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടെ ചേർക്കപ്പെട്ട സംഭവമായിരുന്നു ഇലന്തൂരിലെ നരബലി. 2  സ്ത്രീകളെ മൃഗീയമായി ബലിക്ക് ഇരയാക്കിയത് ഇത്തരം അന്ധവിശ്വാസങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടി മാത്രമായിരുന്നു. പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസും ഇത്തരം കൂട്ടത്തിൽ പെടുന്നത് തന്നെയാണ്. ജാതകത്തിലെ ആദ്യ ഭർത്താവിന്റെ മരണം സംഭവിക്കാൻ വേണ്ടി ഗ്രീഷ്മ എന്ന വിദ്യാഭ്യാസം ഏറെ നേടിയ പെൺകുട്ടിയുടെ ക്രൂരതയ്ക്ക് മുന്നിൽ നഷ്ടപ്പെട്ടത് ഷാരോൺ എന്ന ചെറുപ്പക്കാരന്റെ ജീവിതമായിരുന്നു.... ഒരു കുടുംബത്തിൻറെ പ്രതീക്ഷയായിരുന്നു.

 

             പണത്തിനോടുള്ള ആർത്തിയും,  സുഖജീവിതത്തിനോടുള്ള ആസക്തിയും മൂലം സ്വന്തം സ്വാർത്ഥത എന്ന ചിന്ത മാത്രം പ്രകാശപൂരിതമാകുമ്പോഴാണ് അറിവിനും വിവേകത്തിനും വിവേചനത്തിനും അപ്പുറം അന്ധവിശ്വാസങ്ങളുടെ വിജയം പൂർണമാകുന്നത്. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഏറെ മുൻപന്തിയിൽ നിൽക്കുമ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളെ മാറോടണക്കി പ്രകടമായ വിശ്വാസ തീക്ഷ്ണത കാണിച്ചിട്ടുള്ള കൂട്ടരും ഇരുട്ടിൻറെ മറവിൽ ഇത്തരം ക്രിയകൾക്ക് ഉത്തേജനം നൽകുന്നവരും ഏറെയാണ്. നഗ്നപൂജയും മറ്റും അരങ്ങു വാഴുന്ന ഈ സമയത്ത് ഇത്തരം അന്ധവിശ്വാസങ്ങളുടെ പിന്നിലുള്ള  വൈകൃത്യങ്ങളെ നാം നിർമാർജനം ചെയ്യേണ്ടതുണ്ട്. മരണശേഷം ഉള്ള ജീവിതവും സ്വർഗ്ഗ-നരക ചിന്തകളും ഒക്കെ പഴമൊഴിയിൽ അവസാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

കണക്കുകളിലൂടെ

 

 2007ലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് സെക്കുലറിസം ഇൻ സൊസൈറ്റി ആൻഡ് കൾച്ചർ സാമ്പിൾ എടുത്ത ജനങ്ങളിൽ 24%  മന്ത്രവാദികൾക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 38%  ദൈവത്തിൻറെ അത്ഭുതങ്ങളിൽ വിശ്വസിക്കുമ്പോൾ, 14%  വാസ്തുവിലും, 14%  ജ്യോതി ശാസ്ത്രത്തിലും വിശ്വസിക്കുന്നു. 2012ലെ കണക്കുകളും വിഭിന്നമല്ല. 2022ലെ   അന്ധവിശ്വാസങ്ങളുടെ  പേരിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം ഇത്തരം കണക്കുകളെ ശരിവെക്കുന്നവയാണ്.  സാക്ഷരത ഏറുമ്പോൾ ഇത്തരം കണക്കുകൾ കുറയേണ്ടതിന്  പകരം കൂടുന്ന പ്രവണതയെ നാം ബൗദ്ധിക തലത്തിൽ വിവേചിക്കേണ്ടത് ആയിട്ടുണ്ട്.

 

ഉപസംഹാരം

 

 വിശ്വാസങ്ങൾ നല്ലത് തന്നെയാണ്. പക്ഷേ എന്തിനും ഒരു പരിധി   നിർണയിക്കേണ്ടതുണ്ട്.  സാക്ഷരത കേവലം പഠനത്തിൻറെ കാര്യത്തിൽ മാത്രം ഒതുങ്ങി പോകാതെ ശരിയും തെറ്റും സ്വയം വിവേചിച്ചറിയേണ്ട ഒരു കോമൺ സെൻസിലേക്ക് മാറേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഏറെ മുന്നിട്ടു നിൽക്കുന്ന കേരളത്തിന് പലപ്പോഴും നാണക്കേടിന്റെ പടുകുഴിയിൽ തല കുമ്പിട്ടിരിക്കേണ്ട അവസ്ഥാവിശേഷം ഇത്തരം അന്ധവിശ്വാസങ്ങളിൽ ഒരു പരിധി വരെ നിക്ഷിപ്തമാണ്.സ്വാർത്ഥ താല്പര്യങ്ങൾക്ക് അപ്പുറമായി അന്യനെ കരുതാനും, സഹായിക്കാനും സർവ്വോപരി ഉപദ്രവിക്കാതിരിക്കാൻ ഉള്ള മനോമണ്ഡലത്തിലേക്ക് നാം മാറേണ്ടതുണ്ട്.  കണക്കിൽ പെടുന്നതും പെടാത്തതും ആയ കേസുകൾക്ക് അപ്പുറമായി അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മാറ്റം ആദ്യം പ്രകടം ആകേണ്ടത് നാം ഓരോരുത്തരുടെയും മനസ്സുകളിൽ ആണ്. അന്ധവിശ്വാസങ്ങളുടെ മാറാലകളിൽ നിന്നും അറിവിൻറെ വെളിച്ചത്തിലേക്കുള്ളതാകണം നാം ഓരോരുത്തരുടെയും ജീവിതം. ഇത്തരം പ്രാകൃത ചിന്തകളെ നാം സമൂഹത്തിൽ നിന്നും തുടച്ചു മാറ്റേണ്ടതുണ്ട്. അന്ധവിശ്വാസങ്ങളുടെ കയ്പ്പുനീരിൽ നിന്ന് സാക്ഷരതയുടെയും നേട്ടങ്ങളുടെയും തെളിനീരിന്റെ രുചി നാം ആസ്വദിക്കേണ്ടതുണ്ട്. അതിനായി ഒറ്റക്കെട്ടായി കൈകൾ ചേർത്ത് നമുക്ക് പരിശ്രമിക്കാം. അന്ധതയിൽ നിന്നും വെളിച്ചത്തിലേക്ക് നമുക്ക് നടന്നു കയറാം....