Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Anas Abdul Nazar

Envestnet Trivandrum

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

2022 ഒക്ടോബർ മാസം 21 ആം തീയതി പ്രഭാതം വരെ പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഗ്രാമത്തെപ്പറ്റി അധികമാർക്കും അറിയില്ലായിരുന്നു. എന്നാൽ അന്നത്തെ വാർത്താ മാധ്യമങ്ങളിലൂടെ ആ ഗ്രാമവും  ഒപ്പം കേരളവും കുപ്രസിദ്ധിയുടെ നെറുകയിലെത്തി. അറബിക് മന്ത്രവാദിയുടെ ആഭിചാര ക്രിയയുടെ ബാക്കിപത്രമായി രണ്ട് സ്ത്രീകൾ കൊലചെയ്യപ്പെട്ടത്, സെൻസേഷനുകളിൽ പുതുമ തിരയുന്ന മാധ്യമങ്ങൾക്ക്  ഉത്സവമായി. എന്നാൽ സാക്ഷര കേരളത്തിന്റെ നടുക്കത്തിനും അതിശയത്തിനും അല്പായുസ്സായിരുന്നു. താലി കെട്ടുന്ന ആദ്യ പുരുഷൻ മരണപ്പെടുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിന്റെ തീവ്രതയാൽ അധികം വൈകാതെ തന്നെ തലസ്ഥാന ജില്ലയിലെ പാറശ്ശാല താലൂക്കിൽ ഒരു ചെറുപ്പക്കാരന്റെ ജീവൻ അപഹരിക്കപ്പെട്ടു.

 

ഇനി ഒരു കൊല്ലം പിന്നിലേക്ക് നോക്കാം. നാഷണൽ ക്രൈം ബ്യുറോയുടെ  റിപ്പോർട്ട് പ്രകാരം 2021ൽ ഇന്ത്യയിൽ നടന്ന നരബലികളിൽ രണ്ടെണ്ണം കേരളത്തിലാണ്. അതിലൊരെണ്ണം, മതാധ്യാപികയായ മാതാവ് ആറു വയസ്സുള്ള മകനെ ദൈവ പ്രീതിക്ക് ബലികൊടുത്തതാണ്.

 

അതേ! നമ്മൾ കേരളീയർ പ്രബുദ്ധരാണ്. സാക്ഷരതയിലും രാഷ്ട്രീയ പക്വതയിലുമൊക്കെ കുറെ മുന്നിലാണെന്ന് അഭിമാനം കൊള്ളുന്നവർ. അതിനെ സാധൂകരിക്കുന്നതാണ് ഇന്ത്യയിൽ നടക്കുന്ന പല കണക്കെടുപ്പുകളും. എന്തിനേറെ, ലോകാരോഗ്യ സംഘടന ആരോഗ്യ മേഖലയിൽ  ലക്‌ഷ്യം വെച്ച പലതും നമ്മുടെ സംസ്ഥാനം നേടിയെടുത്തിട്ടുണ്ട്. എന്നാൽ മനസികാരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാ ലക്ഷ്യങ്ങളും തകിടം മറിയുകയാണ്. ആ ബലഹീനതയാണ് അന്ധവിശ്വാസങ്ങളുടെ മൂല കാരണങ്ങളിൽ പ്രധാനം.

 

ചില വിശ്വാസങ്ങളിലൂടെ..

 

കേരളം അന്ധവിശ്വാസങ്ങൾക്ക് പണ്ട് മുതലേ നല്ല വളക്കൂറുള്ള മണ്ണാണ്. കാലങ്ങൾ മാറി സാങ്കേതികതയുടെ കുതിച്ചു ചാട്ടം നടക്കുമ്പോളും ആ വളക്കൂറിനു മാറ്റം സംഭവിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം . ഇന്നും ഏതൊരു മുഖ്യധാരാ പത്രം എടുത്തു പരിശോധിച്ചാലും പരസ്യത്തിനായി അവർ മാറ്റിവെച്ചിരിക്കുന്നതിന്റെ സിംഹ ഭാഗവും കയ്യടക്കിയിരിക്കുന്നത് ധനാകർഷക യന്ത്രങ്ങളുടെയും വ്യാജ സിദ്ധന്മാരുടേയുമൊക്കെ പരസ്യങ്ങളാണ്. 

 

ചൊവ്വാ ദോഷവും ജാതകത്തിലെ പൊരുത്തമില്ലായ്മയുമൊക്കെ യൗവ്വനങ്ങളുടെ വിവാഹ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയാകുന്നത് ഇന്നും തുടരുന്നു. ജീവിത സമ്പാദ്യം ചെലവഴിച്ചു ഒരു വീടുണ്ടാക്കുന്നവന് കന്നിമൂലയും മുട്ടതിരും സൂത്രങ്ങളുമൊക്കെ തടസ്സങ്ങളുണ്ടാക്കുന്നു. ജനിച്ചത് ആൺകുഞ്ഞെങ്കിൽ അവന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുന്ന ഗോത്രീയ ആചാരത്തിനു കേരള മണ്ണിൽ പോലും യാതൊരു മാറ്റവുമില്ല. 

ദിവസങ്ങൾ ഏഴുണ്ടെങ്കിലും ചൊവ്വയോട് എന്തോ പലർക്കും ഒരതൃപ്തിയാണ്. രാഹുകാലം നോക്കിയാലേ ശുഭകാര്യങ്ങൾ തുടങ്ങാനൊക്കൂ. ഒരുകൂട്ടർക്ക് അത് 'നഹ്‌സ്' ആണ്. രാഹുകാലത്തിന്റെ അറബിക് വകഭേദം.

 

13 ന്റെ കുപ്രസിദ്ധി കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. 

 

എണ്ണിയാലൊടുങ്ങാത്ത ഇനിയുമൊരുപാട് അന്ധവിശ്വാസങ്ങൾ നമ്മുടെ പ്രബുദ്ധ കേരളത്തിൽ നിർബാധം തുടരുന്നു. വിദ്യാഭ്യാസമുള്ളവൻ പോലും ഇത്തരം ചിന്തകളുടെ  പിറകെ പോകുന്നതാണ് ഏറ്റവും ഖേദകരം. 

 

മാറ്റങ്ങൾ വരുത്താൻ ശ്രമങ്ങൾ നടത്തേണ്ടവർ പോലും അതിനു  മുതിരാത്തത് അതിലും ഖേദകരം. റോക്കറ്റ് വിക്ഷേപണത്തിന് മുന്നേയുള്ള പൂജയും, നാരങ്ങാ വെപ്പും, സ്കൂൾ ശാസ്ത്ര മേളയിലെ പാലുകാച്ചലുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

 

അന്ധവിശ്വാസങ്ങൾ വളർത്തുന്നതിൽ മതങ്ങളുടെ പങ്ക് 

 

മതം കടന്നു ചെല്ലാത്ത മേഖലകൾ ഇന്നില്ല. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നൽകുന്നുമുണ്ട്. എന്നാൽ വിശ്വാസവും അന്ധ വിശ്വാസവും തമ്മി ലുള്ള അതിർവരമ്പ് പലപ്പോഴും ഇല്ലാതാകുന്നു.. ഏറ്റവും വലിയ അന്ധവിശ്വാസമാണ് ദൈവ/മത വിശ്വാസം എന്ന് പറയാമെങ്കിലും സാധാരണക്കാരന്റെ പ്രശ്ന സങ്കീർണമായ ജീവിതത്തിൽ അവന് മാനസികമായ ആശ്വാസം നല്കാൻ പലപ്പോഴും ദൈവ/മത  വിശ്വാസത്തിന് കഴിയാറുണ്ട്, പ്രത്യേകിച്ചും ദൈവ വിശ്വാസത്തിന്. എല്ലാം ദൈവത്തിലർപ്പിച്ചു അതിലൂടെ  കിട്ടുന്ന ആത്മവിശ്വാസം ജീവിതത്തിലുടനീളം   കൈമുതലായി കൊണ്ട് പോകുന്ന നിരവധി പേരുണ്ട്.  തന്റെ ആരാധനയും വിശ്വാസവുമൊന്നും മറ്റൊരാൾക്കൊരു ബുദ്ധിമുട്ടാകാതെ അവർ ശ്രെദ്ധിക്കാറുമുണ്ട്.  എന്നാൽ ആ വിശ്വാസം അവനവനിലൊതുങ്ങാതിരിക്കുകയും മറ്റു വ്യക്തികൾക്കും സമൂഹത്തിനും ഹാനിയുണ്ടാക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ വിശ്വാസം അന്ധമായി മാറുകയാണ്. തന്റെ വിശ്വാസ പ്രമാണങ്ങൾ ശരിയാണെന്നും അത് മാത്രമാണ് ശരിയെന്നും മറ്റുള്ളവയൊക്കെ തന്റെ നിലനിൽപ്പിന് വിലങ്ങു തടിയാണെന്നുമൊക്കെയുള്ള ബോധത്തിലേക്ക് മത/ദൈവ വിശ്വാസി എത്തിച്ചേരുന്നു.

 

ഇവിടെ ദൈവ വിശ്വാസത്തെക്കാൾ  ഉപരിയായി മത ബോധവും അത് തലച്ചോറിലേക്ക് പലപ്പോളായി നിറച്ചു നൽകിയ സങ്കുചിതത്വവുമാണ്  കൂടുതലായി പ്രവർത്തിക്കുന്നത്.

 

ഒരു പുഴുവിനെ പോലും സൃഷ്ടിക്കാൻ കഴിയാത്ത മനുഷ്യൻ ദൈവങ്ങളുടെ സൃഷ്ടിപ്പിൽ അഗ്രഗണ്യനാണെന്നു ഒരു ചിന്തകൻ പറഞ്ഞതോർക്കുന്നു. എണ്ണിയാലൊടുങ്ങാത്ത മതങ്ങളും അതിന്റെയൊക്കെ തലപ്പത്തു ഓരോരോ പേരിലുള്ള ദൈവങ്ങളുമൊക്കെ ഒരു പക്ഷെ ഓരോ കാലഘട്ടത്തിലും കുറേപേർക്കൊക്കെ സാന്ത്വനം നല്കിയിട്ടുണ്ടാകാം.

 

പ്രകൃതി ശക്തികളോടുള്ള ആരാധന, അവരെ തൃപ്തിപ്പെടുത്താനുള്ള ബലികൾ, ഇതൊക്കെ മിക്കവാറും എല്ലാ സമൂഹത്തിലും ഉണ്ടായിരുന്നതാണ്. എന്നാൽ ശാസ്ത്രം വികസിച്ചപ്പോൾ, ഓരോ പ്രകൃതി പ്രതിഭാസത്തിനും വിശദീകരണം നല്കാൻ ശാസ്ത്രത്തിനായപ്പോൾ  പല വിശ്വാസങ്ങളും അന്ധമായിരുന്നെന്നുള്ള തിരിച്ചറിവ് മനുഷ്യന് കിട്ടിത്തുടങ്ങി. മനുഷ്യാവകാശങ്ങളെ പറ്റിയും മറ്റും കൂടുതൽ ബോധവാന്മാരായപ്പോൾ മനുഷ്യത്വരഹിതമായ പലതും പരിഷ്‌കൃത സമൂഹത്തിനു അന്യമായി തുടങ്ങി. 

 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമൊക്കെ നമ്മുടെ കൊച്ചു കേരളത്തിലും അത്തരം സാമൂഹിക മാറ്റങ്ങളുടെ അലയൊലികളുണ്ടായി. ഗുരുദേവനും, തൈക്കാട് അയ്യയും, അയ്യങ്കാളിയും  ചട്ടമ്പി സ്വാമികളുമൊക്കെ അത്തരം മാറ്റങ്ങളുടെ വക്താക്കളായിരുന്നു. അവർ കാട്ടിത്തന്ന വെളിച്ചത്തിലാണ് വർത്തമാനകാല കേരളം പ്രബുദ്ധതയുടെ മേൽക്കുപ്പായം അണിഞ്ഞത്. പക്ഷേ ആ വെളിച്ചത്തിന്റെ തെളിച്ചം മങ്ങാതെ കൊണ്ടു പോകാൻ നമുക്ക് സാധിക്കുന്നില്ല എന്നത് സങ്കടകരമാണ്.

 

ഭാരതത്തിന്റെ ഭരണഘടനയിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് മൗലിക കടമകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനു നമ്മുടെ  ഭരണ കർത്താക്കൾ വലിയ പ്രാധാന്യം നൽകുന്നില്ല. പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിനുണ്ടെങ്കിലും അന്ധവിശ്വാസ നിർമാർജനത്തിലോ ശാസ്ത്രാവബോധം വളർത്തുന്നതിലോ നമ്മൾ ഒട്ടും മുന്നിലല്ല.

 

സാക്ഷരതയിൽ വളരെ പിന്നിൽ നിൽക്കുന്ന ബീഹാറിൽ, കൂടോത്രം മന്ത്രവാദം എന്നിവയ്ക്കെതിരെ 1999 ലും തുടർന്ന് ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള നിയമനിർമാർജനം നടത്തിയെങ്കിലും നമ്മളിപ്പോലും ദശാബ്ദങ്ങളായി അത്തരമൊരു നിയമത്തെ കുറിച്ചുള്ള ചർച്ചകൾ മാത്രമാണ് നടത്തുന്നത്. കല്ലെറിയുമ്പോൾ  പുഴകളിലുണ്ടാകുന്ന  ഓളങ്ങൾ പോലെ നടുക്കുന്ന സംഭവങ്ങൾക്കു പിന്നാലെ ചർച്ചകളുടെ ചൂട് കൂടും.. പിന്നീടത് അടുത്ത വാർത്തയുണ്ടാകുന്നത് വരെ തണുത്തു മരവിച്ചിരിക്കും.

 

വിദ്യാഭ്യാസത്തിന്റെ പ്രസക്തി

 

എന്ത് കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസത്തിനു അന്ധവിശ്വാസങ്ങളിൽ നിന്നും  രക്ഷ നേടാൻ നമ്മളെ സഹായിക്കാനൊക്കാത്തത് ?

 

ഉത്തരം ലളിതമാണ്.

 

പരിണാമ സിദ്ധാന്തം സ്കൂളിൽ പഠിപ്പിക്കുമെങ്കിലും  കുട്ടികൾ കേട്ട് വളരുന്നത് കൂടുതലും ചെളി കുഴച്ചു മനുഷ്യനെ സൃഷ്‌ടിച്ച കഥയാകും.!

വിമാനം റൈറ്റ്   സഹോദരങ്ങൾ കണ്ടു പിടിക്കും മുന്നേ പുഷ്പക വിമാനം  ഉണ്ടായിരുന്ന കെട്ടുകഥകളിൽ അവൻ അഭിരമിക്കും .

 

പ്രകാശ വേഗം  സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്റർ എന്ന് പഠിച്ചാലും അതിനേക്കാൾ വേഗത്തിൽ പാഞ്ഞു പോയ അസ്ത്രങ്ങളോടാകും അവനു താല്പര്യം..

നാലു പാളികളുള്ള അന്തരീക്ഷത്തെ പഠിച്ചാലും പതിനാല് ലോകവും ഒറ്റ രാത്രി കൊണ്ട് സഞ്ചരിച്ച പ്രവാചകന്മാരുടെ പ്രബോധനങ്ങളോടാകും അവർക്കു താല്പര്യം. 

കോർണിയയും റെറ്റിനയും ഉൾപ്പെടെയുള്ള സങ്കീർണമായ നേത്ര  ഭാഗം വിശദമായി അറിഞ്ഞാലും ഒറ്റ നിമിഷം കൊണ്ട് കുരുടന്റെ കണ്ണിനു തെളിച്ചമേകിയ ഫാന്റസി കഥകളിൽ അവൻ അത്ഭുത പരതന്ത്രരാകും.

മെഡിക്കൽ സയൻസിന് പഠിച്ചവർ പോലും കൃപാസനങ്ങളുടെയും ഊതൽ ചികിത്സയുടേയുമൊക്കെ വലയത്തിൽ നിന്ന് മുക്തരാകുന്നില്ല.

അതെ! ശാസ്ത്രം പഠിക്കുന്നെങ്കിലും ശാസ്ത്രബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ നിലവിലെ വിദ്യാഭ്യാസ രീതിക്കു സാധിക്കുന്നില്ല. 

 

ആത്മവിശ്വാസമാണ് ഏറ്റവും വലിയ  വിശ്വാസം എന്ന് പഠിപ്പിച്ച   സ്വാമി വിവേകാനന്ദന്റെ നാടാണിത് . അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേലെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിന് സാധിക്കണം. അന്ധവിശ്വാസങ്ങളുടെ യുക്തിരാഹിത്യം കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ നമുക്കുണ്ടാകണം. നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകമുള്ളവരായി അവരെ വളർത്തണം. അതിനുള്ള സാഹചര്യം സമൂഹത്തിലുണ്ടാക്കണം. സമൂഹത്തിന് ഗുണകരമായ  തീരുമാനങ്ങളെടുക്കാൻ ഭരണാധികാരികൾക്കും അത് ആർജവത്തോടെ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്കും സാധിക്കണം. വരും തലമുറകളെയെങ്കിലും അന്ധവിശ്വാസങ്ങളുടെ തടവറയിൽ തളച്ചിടാനനുവദിക്കാതിരിക്കാൻ ഓരോ മാതാപിതാക്കളും ശ്രമിക്കണം. വിശ്വാസത്തെ അന്ധ വിശ്വാസത്തിൽ നിന്നും  വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുമ്പോളാണ് പ്രബുദ്ധതയുണ്ടാകുന്നത്.  അപ്പോൾ മാത്രമാണ്  യഥാർത്ഥ പ്രബുദ്ധത അവകാശപ്പെടാൻ നമ്മൾ കേരളീയർക്ക് സാധിക്കുന്നത് .