Skip to main content
Srishti-2022   >>  Poem - Malayalam   >>  യാത്ര

Sithara Sanish

SE-Mentor Solutions

യാത്ര

 

നിഴലുകൾ നൃത്തം ചെയ്യുന്ന നിലാവിൽ അങ്ങകലെ നിന്നും

തഴുകി വീശുന്ന കുളിർക്കാറ്റിൽ

ആരോ പുരട്ടിയ

ചന്ദനത്തൈലത്തിൻ സുഗന്ധം...

 

നടുമുറ്റത്തെ കോലായിൽ

പണ്ടേ ഇരുപ്പുറപ്പിച്ചു

പിത്തളപാത്രത്തിൽ

തെറിച്ചു വീഴുന്ന മഴത്തുള്ളികൾ-തുള്ളിക്കളിക്കുന്ന

താളത്തിൽ ലയിച്ചു,

ഞാനാ മരക്കട്ടിലിൽ കിടക്കവേ...

 

എന്നെ കൊണ്ട് പോകാനുള്ള 

സമയം അടുത്തുവോ

അതിനെ ഓർമ്മപ്പെടുത്തികൊണ്ടു നാഴികമണി അടിച്ചുവോ...

ആയുസ്സിൻ അവസാന നാഡിമുറിക്കുവാൻ

വാളോങ്ങിയെത്തുന്നിതാ കാലൻ ആരാച്ചാരുടെ വേഷത്തിൽ...

 

ചുമരിലെ നാഴികമണിയിലെ

സൂചിയുടെ ചലനവും 

എന്റെ ഹൃദയത്തിന്റെ സ്പന്ദനവും

ഒരേ താള ബോധത്തോടെ

തുടിക്കുമ്പോൾ...

 

ആരോ പാരായണം ചെയ്യുന്ന

മഹത് ഗ്രന്ഥത്തിന്

അർത്ഥപുഷ്ടമായ വരികളുടെ ആഴങ്ങളറിയാൻ ആശിച്ചുവോ...

 

വിട പറയുന്നത് കേൾക്കാൻ കൊതിക്കയാണോ

പലരുമെന്നരികിൽ

പകലിലും പാതിരാവിലും...

 

കിടപ്പുമുറിയുടെ തറയിൽ

കണ്ണീർ വറ്റി കലങ്ങിയ കണ്ണുകളിൽ

ചേതനയറ്റുപോയൊരു മനസ്സുമായി

വിതുമ്പുന്ന അധരങ്ങൾ

പറഞ്ഞുതീർക്കാനാകാത്ത ഗതകാലത്തിൻ നൊമ്പരമൂറും സ്മരണകളിലൂടെ

പാഞ്ഞു പോകുന്നുവോ...

 

സമയമെത്തുമ്പോൾ

എന്നരികിൽ മഞ്ചലുമായി

വന്ന മാലാഖമാർ

എന്നാത്മാവുമേറ്റി 

അനന്ത വിഹായസ്സിലെങ്ങോ

പറന്നുയരുന്നതും കാത്തിരിക്കെ...

 

വടക്കേ മുറ്റത്തെ മാവിന്റെ

കാതലായ ചില്ലകളാരോ വെട്ടി മുറിക്കുന്നുവോ...

 

പറമ്പിന്റെ തെക്കേമൂലയിലാരോ ഒരുക്കുന്ന ചിതയിലേക്കെന്റെ ദേഹമെടുക്കുമ്പോൾ

പൊട്ടിക്കരയുനാരുമില്ലേ...

അന്ത്യകർമ്മങ്ങൾ നിറവേറ്റിയെന്നാത്മാവിനു

ശാന്തി പകരുവാനാരുമില്ലേ...