സാക്ഷരതയിലും ഉയർന്ന ജീവിതരീതിയിലും ചിന്താഗതിയിലും എല്ലാം ഒരു പടി മുന്നിലാണ് നാം മലയാളികൾ എന്നാൽ വിശ്വാസം ഉണ്ട് അന്ധവിശ്വാസങ്ങൾ ഇല്ല എന്ന് എത്ര സമർപ്പിച്ചാലും ഉള്ളിൽ ഏതെങ്കിലും ഒരു കാര്യത്തിൽ അന്ധവിശ്വാസങ്ങളെ അറിഞ്ഞുകൊണ്ടല്ലെങ്കിലും തുടർന്നു പോവുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നാം
ചില അന്ധവിശ്വാസങ്ങൾക്ക് യുക്തിക്ക് നിരക്കാത്ത വിശദീകരണങ്ങൾ ഉണ്ട്. എന്നാൽ ചിലതിനെ അതിന്റേതായ ശാസ്ത്രീയ വശങ്ങളും. ചില വിശ്വാസങ്ങൾ മതപരമായും എന്നാൽ ചിലത് മുതുമുത്തശ്ശിമാർ വായ്മൊഴിയായി പകർന്നു പകർന്ന ഈ നൂറ്റാണ്ടിലും എത്തിനിൽക്കുന്നതാണ്.
ബിരുദാനന്തര ബിരുദവും അറിവും ന്യൂജനറേഷനും ആണെങ്കിലും ഏതെങ്കിലും നല്ല കാര്യത്തിന് പുറപ്പെടുമ്പോൾ കുറുകെ കറുത്ത പൂച്ചയ്ക്ക് വരാൻ പാടില്ല അല്ലെങ്കിൽ പിന്നിൽ നിന്നും വിളിച്ചാൽ മതി ഉദ്ദേശിച്ച കാര്യം നടക്കില്ല എന്ന് മനസ്സിൽ അടിവരയിട്ട് സമർത്ഥിക്കുകയും ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ.
തിരികീടുന്ന തേങ്ങയിൽ നിന്ന് തിന്നാൽ കല്യാണത്തിന് പെരുമഴ പെയ്യുമെന്നും പറയുന്ന കാര്യം പെരു നുണയാണെങ്കിലും പല്ലി ചിലച്ചാൽ അത് സത്യമാണെന്നും സമർത്ഥിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം മലയാളികളും.
കടുകുമണി താഴെ വീണാൽ അടി നടക്കും എന്ന് കേട്ട് വളർന്നവരാണ് നാം. അതിനാൽ അടുക്കളയിൽ സ്ത്രീകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ഒന്നാണത്. നമ്മുടെ മുത്തശ്ശിമാരും അമ്മമാരും എല്ലാം തെറ്റാതെ പിന്തുടർന്ന് വന്ന ഈ വിശ്വാസത്തിന്റെ ചിലപ്പോൾ ഒരു വസ്തുത ഉണ്ടായിരിക്കാം. വളരെ ചെറിയ കടുകുമണികൾ അലക്ഷ്യമായി കൈകാര്യം ചെയ്താൽ കടുകുമണികൾ പെറുക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്, ഒരുപക്ഷേ അങ്ങനെ ഉണ്ടാകാതിരിക്കാൻ ഏതോ തലമുറയിൽ ഉണ്ടായ അതിബുദ്ധി ആകാൻ വരുംതലമുറകൾ എല്ലാം പകർന്ന ഈ അന്ധവിശ്വാസം.
ഒറ്റ മൈനയെ കണ്ടാൽ സ്കൂളിൽ അടി കിട്ടുമെന്നും തല കൂട്ടിമുട്ടിയാൽ ഒന്നുകൂടി മുട്ടിയില്ലെങ്കിൽ കൊമ്പു മുളക്കും എന്നും ചിന്തിച്ച് ആകുലതപ്പെട്ടതാണ് നമ്മൾ എല്ലാവരുടെയും ബാല്യം. വെള്ളിയാഴ്ച രാത്രി 12 മണിക്ക് ശേഷം ശക്തി ആർജ്ജിക്കുന്ന യക്ഷികളുടെ നാടാണ് കേരളം. രാത്രികാലങ്ങളിൽ പ്രേതവും യക്ഷിയും വരുന്ന ശബ്ദം ശ്രവിച്ച് പുതപ്പിനുള്ളിൽ ശ്രദ്ധയോടെ കിടന്നവരാകും നമ്മളിൽ ഭൂരിഭാഗവും, എന്നാൽ ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും ഈ സങ്കല്പങ്ങൾക്ക് നമ്മുടെ മനസ്സിൽ നമ്മളോളം പ്രായമുണ്ട്.
മൂന്നു പേര് ചേർന്നു പോയാൽ കാര്യം സാധിക്കില്ലെന്ന് പ്രാസത്തിനായി പറഞ്ഞുവന്ന വിശ്വാസവും നാക്കിൽ കടി കൊണ്ടാൽ അടുത്തിരിക്കുന്നവന്റേന്നു അടി ചോദിച്ചു വാങ്ങുന്ന വിശ്വാസവും നമ്മൾ മലയാളികൾക്ക് മാത്രം സ്വന്തം.
നിസ്സാരവും ഹാസ്യ പൂർണവും ആയതാണ് നമ്മുടെ വിശ്വാസങ്ങളെങ്കിൽ ഒരിക്കലും യുക്തിക്ക് നിരക്കാത്തതും അന്ധമായ വിശ്വാസത്താൽ ജീവൻ വച്ച് കളിക്കുന്ന ഒരുപാട് പേർ നമ്മുടെ രാജ്യത്തുണ്ട്. അന്ധവിശ്വാസങ്ങളിൽ ഭാരതീയർ മുൻനിരയിലാണ്.
രാത്രികാലങ്ങളിൽ നഖം മുറിച്ചാലും സൂചിയിൽ നൂല് കോർത്ത് തുന്നിയാലോ ചൂൽ ഉപയോഗിച്ച് തറ അടിച്ചു വാരിയാലോ ദാരിദ്ര്യം വരുമെന്നാണ് മുത്തശ്ശിമാരുടെ ചൊല്ലു വിശ്വാസം. എന്നാൽ രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കൊണ്ട് നഖം മുറിക്കുമ്പോഴും സൂചി കോർത്ത് തുന്നും പോഴും മുറിവുണ്ടായേക്കാം, അടിച്ചു വാരുമ്പോൾ കണ്ണിൽപ്പെടാതെ വേണ്ട സാധനങ്ങൾ തൂത്തുകളഞ്ഞേക്കാം എന്നതാകാം ഈ ചൊല്ലിനു പിന്നിലുള്ള നല്ല വശം.
വരുന്ന ഫോർവേഡ് മെസ്സേജ് ഇത്രപേരിൽ എത്തിച്ചാൽ ശുഭ കാര്യമെന്നും അല്ലെങ്കിൽ ഇത്ര വർഷം കഷ്ടകാലം ആണെന്ന് കണ്ടാൽ അതെന്താണെന്ന് വായിച്ചു പോലും നോക്കാതെ നമ്മൾ ഫോർവേഡ് ചെയ്യുന്നതിലൂടെ സൃഷ്ടിച്ച അന്ധവിശ്വാസം ഈ ആധുനികകാലത്തിൽ ടെക്നോളജി വഴി പ്രചരിക്കുന്ന ഒരു കച്ചവട തന്ത്രം കൂടിയാണ്. 13 ഒരു നിർഭാഗ്യകരമായ അക്കമായി കണക്കാക്കി വിമാനങ്ങളിൽ സീറ്റ് നമ്പരുകളിൽ നിന്നുപോലും അത് ഒഴിവാക്കി നിർത്തുന്നതിന് പിന്നിലെ ഔചിത്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ചൂളം വിളിച്ചാൽ വരുന്ന പാമ്പും എക്കിൾ എടുത്താൽ ഉണ്ടാകുന്ന ഉയരവും ശുഭകാര്യങ്ങൾക്ക് തടസ്സം നിൽക്കുന്ന ചൊവ്വയും ശനിയും എല്ലാം ഈ ടെക്നോളജി യുഗത്തിൽ ഇന്ന് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളാണ്.
അതുപോലെ ഉള്ളംകൈ ചൊറിഞ്ഞാൽ ധനം വന്നു കയറും എന്നത് കാക്ക വിരുന്ന് വിളിച്ചാൽ അതിഥികൾ വരും എന്നതെല്ലാം പ്രതീക്ഷയിൽ വന്നു നിൽക്കുന്ന അന്ധവിശ്വാസങ്ങളാണ്.
എത്ര നിരീശ്വരവാദി ആണെന്ന് പറഞ്ഞാലും ചില നേരമെങ്കിലും ഉള്ളിൽ വിശ്വാസം മുറുകെ പിടിക്കുന്നവരാണ് മനുഷ്യർ, അതുപോലെ മനുഷ്യൻ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം വിശ്വാസങ്ങളുണ്ട്. വിശ്വാസങ്ങളാൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളും. അന്ധവിശ്വാസങ്ങൾ അതിരുവിടുമ്പോഴാണ് യുക്തിക്ക് നിരക്കാത്ത ക്രൂരമായ കുറ്റകൃത്യങ്ങളായി അത് മാറുന്നത്. ഒറ്റ വ്യക്തിയിലായോ ചിലപ്പോൾ അത് ഒരു സമൂഹത്തിൽ തന്നെ വിപത്തായി വന്ന ഭവിക്കുന്നത്. ഏറെക്കുറെ കടുത്ത അന്ധവിശ്വാസങ്ങൾ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട വരുന്നതാകും. അല്ലാതെ ഒരു തമാശ രൂപേനെ പറഞ്ഞു പോകുന്ന ചില അന്ധവിശ്വാസങ്ങൾ വെറും മനുഷ്യൻ നിർമ്മിതമായിരിക്കും. മതങ്ങളാൽ കെട്ടിവയ്ക്കുന്ന അന്ധവിശ്വാസങ്ങൾ ആയാലും മനുഷ്യർ നെയ്തെടുത്തവ ആയാലും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ആർക്കും ദോഷമില്ലെങ്കിൽ അത് നല്ലതാണ്, ചില അന്ധവിശ്വാസങ്ങൾ പ്രതീക്ഷകളും.