Skip to main content
Srishti-2022   >>  Poem - Malayalam   >>  അരങ്ങ്

Saranya T Pillai

QBURST TECHNOLOGIES PVT LTD

അരങ്ങ്

പുലരിപ്പുതപ്പിച്ച

തൂമഞ്ഞിൻ തൂവെള്ള

കതിരോന്റെ ശോഭയിൽ

പൊൻവർണമായി.

പൊന്നിൻ മിഴിച്ചെപ്പിൽ

ആകാശത്തൂവെള്ള

നീലിച്ച വാനപ്പരവതാനി.

കാറെത്തും കോളെത്തും,

പലതുള്ളി മഴവെള്ളം

പെരുമഴ പാഞ്ഞെത്തും,

ഇടയിലായി മഞ്ഞവെയിൽ

മിന്നിക്കും മഴവില്ലിൻ

ശോഭ വേറെ തന്നെ.

നിറയെ ഹരിതാഭ

നിറയുന്ന കണ്ണിൽ

മങ്ങാത്ത കുളിരോർമ

മാഞ്ഞിടാതെ.

കൊഴിയുന്നു പത്രങ്ങൾ,

കൊഴിയുന്നു പൂക്കൾ,

വെയിലേറി ചൂടാറി വിയർപ്പിറ്റി,

തളിർക്കുന്നു പുതുജീവൻ,

വിരിയുന്നു പൂമൊട്ട്,

വിരിയുന്നു വസന്തം,

വീശുന്നു പൂമണം എങ്ങുമെങ്ങും.

ഇലകൾ ചിരിയ്ക്കുന്നു,

കിളികൾ ചിലയ്ക്കുന്നു,

പകൽക്കാഴ്ച പിന്നെയും

നീണ്ടുതന്നെ...

മൂവന്തി ചോക്കുന്നു-

വന്തിയ്ക്കു ചെങ്കനൽ

ചെപ്പിലൊതുങ്ങുന്നു

പകലിന്റെ വേവുകൾ,

വേഷങ്ങൾ, വർണങ്ങൾ.

സന്ധ്യ കനക്കുന്നു,

കരിമ്പടം വീശി വിരിയ്ക്കുന്നു.

അരങ്ങത്തു രാവെത്തി

കൂട്ടിനായി ചന്ദ്രനും

നിലാവും താരകങ്ങളും.

മാറുന്നു വർണങ്ങൾ,

മാറുന്നു നേരങ്ങൾ,

മാറുന്നു വേഷങ്ങൾ,

മാറുന്നു മാറുന്നു

അരങ്ങത്തു

കാഴ്ചകൾ പിന്നെയും.