Skip to main content
Srishti-2022   >>  Poem - Malayalam   >>  ആർക്കുവേണ്ടി ??

Lekshmi J Krishnan

QBURST TECHNOLOGIES PVT LTD

ആർക്കുവേണ്ടി ??

 

എന്റെ കൗമാരം ഹോമിച്ചതാർക്കുവേണ്ടി

എന്റെ ജീവിതം ഹോമിച്ചതാർക്കുവേണ്ടി

എന്റെ മാതാവിന്റെ, പിന്നെ പിതാവിന്റെ

മോഹനസ്വപ്നങ്ങൾ തകർത്തതാർക്കു വേണ്ടി

അവരെ ഹോമിച്ചതാർക്കുവേണ്ടി...

 

ആരോ നയിച്ചൊരു ലഹരി തൻ ലോകത്തു

ചെന്നെത്തി ഞാനും അറിയാതെയെപ്പോഴോ..

തകർത്തില്ലേ നിങ്ങളെൻ ചിന്തകൾ ...

മറച്ചില്ലേ നിങ്ങളെൻ ഓർമ്മകൾ ...

 

മാറാല മൂടിയ ട്രോഫികൾ ഷീൽഡുകൾ

ഇന്നെന്നെ നോക്കി ചിരിച്ചിടുമ്പോൾ ...

അനുഗ്രഹവര്ഷം ചൊരിഞ്ഞൊരു നാവുകൾ

ഒരു നൂറു ശാപങ്ങൾ പൊഴിച്ചിടുമ്പോൾ ...

 

ആതുരസേവനമെന്നയെൻ മോഹം

പൊട്ടിയ പട്ടമായ് പറന്നിടുന്നു ..

 

ലഹരിതൻ മാധുര്യം പകർന്നവർ

പകലാട്ടം കഴിഞ്ഞങ്ങു പോയിടുമ്പോൾ ..

നഷ്ടങ്ങളെല്ലാം എനിക്ക് സ്വന്തം

 

ജീവന്റെ പാതിയാം അമ്മയെ കൊല്ലുന്ന

പ്രാണന്റെ പാതിയാം ഇണയെ മറക്കുന്ന

മായികലോകത്തു നിന്നൊരു മോചനം

സാധ്യമോ അനദിവിദൂരഭാവിയിൽ..

Srishti-2022   >>  Poem - Malayalam   >>  അരങ്ങ്

Saranya T Pillai

QBURST TECHNOLOGIES PVT LTD

അരങ്ങ്

പുലരിപ്പുതപ്പിച്ച

തൂമഞ്ഞിൻ തൂവെള്ള

കതിരോന്റെ ശോഭയിൽ

പൊൻവർണമായി.

പൊന്നിൻ മിഴിച്ചെപ്പിൽ

ആകാശത്തൂവെള്ള

നീലിച്ച വാനപ്പരവതാനി.

കാറെത്തും കോളെത്തും,

പലതുള്ളി മഴവെള്ളം

പെരുമഴ പാഞ്ഞെത്തും,

ഇടയിലായി മഞ്ഞവെയിൽ

മിന്നിക്കും മഴവില്ലിൻ

ശോഭ വേറെ തന്നെ.

നിറയെ ഹരിതാഭ

നിറയുന്ന കണ്ണിൽ

മങ്ങാത്ത കുളിരോർമ

മാഞ്ഞിടാതെ.

കൊഴിയുന്നു പത്രങ്ങൾ,

കൊഴിയുന്നു പൂക്കൾ,

വെയിലേറി ചൂടാറി വിയർപ്പിറ്റി,

തളിർക്കുന്നു പുതുജീവൻ,

വിരിയുന്നു പൂമൊട്ട്,

വിരിയുന്നു വസന്തം,

വീശുന്നു പൂമണം എങ്ങുമെങ്ങും.

ഇലകൾ ചിരിയ്ക്കുന്നു,

കിളികൾ ചിലയ്ക്കുന്നു,

പകൽക്കാഴ്ച പിന്നെയും

നീണ്ടുതന്നെ...

മൂവന്തി ചോക്കുന്നു-

വന്തിയ്ക്കു ചെങ്കനൽ

ചെപ്പിലൊതുങ്ങുന്നു

പകലിന്റെ വേവുകൾ,

വേഷങ്ങൾ, വർണങ്ങൾ.

സന്ധ്യ കനക്കുന്നു,

കരിമ്പടം വീശി വിരിയ്ക്കുന്നു.

അരങ്ങത്തു രാവെത്തി

കൂട്ടിനായി ചന്ദ്രനും

നിലാവും താരകങ്ങളും.

മാറുന്നു വർണങ്ങൾ,

മാറുന്നു നേരങ്ങൾ,

മാറുന്നു വേഷങ്ങൾ,

മാറുന്നു മാറുന്നു

അരങ്ങത്തു

കാഴ്ചകൾ പിന്നെയും.

 

 

Srishti-2022   >>  Poem - Malayalam   >>  പെയ്തൊഴിയാതെ...

LEKSHMI J KRISHNAN

QBURST TECHNOLOGIES PVT LTD

പെയ്തൊഴിയാതെ...

മഴയെന്റെ മനസ്സിന്റെ വാതായനങ്ങളിൽ
നിണമണിഞ്ഞൊരോർമ്മയായ്  മുട്ടിടുമ്പോൾ
പകൽവെളിച്ചത്തിന്റെ നേർത്തൊരു കിരണങ്ങൾ
നൂറു മോഹങ്ങളായ്  വിടർന്നിടുന്നൂ ...

എന്തിനെന്നറിയാതെ കാറ്റിന്റെ മർമ്മരം 
എൻ കാതിലെന്തോ മൂളിടുമ്പോൾ
ദൂരെയെവിടെയോ പാണന്റെ തുടികൾ
കേവലം മരുപ്പച്ചയായ് മാറിടുന്നൂ ...

കണ്ണൊന്നു ചിമ്മുമ്പോൾ ഒരു മഴത്തുള്ളിയെൻ
നെഞ്ചിലൊരു മഴവില്ലു വരച്ചിടുന്നൂ
പേടിപ്പെടുത്തുന്ന മിന്നലിൻ വർണ്ണങ്ങളാൽ- 
ഉണർന്നുപോയ് തെല്ലൊരു ഞെട്ടലോടെ...

കാർമേഘം മൂടിയ മനസ്സിലെന്തോ
വെള്ളിവെളിച്ചമായ് ഞാൻ കണ്ട സ്വപ്നം... 
ഒരു മഴക്കാലത്തിൻ സ്‌മൃതിയെത്തിയെന്നെ- 
നീ എന്ന മിഥ്യതൻ  വാതിൽക്കലെത്തിച്ചൂ

ഹേമന്തം പോയിട്ടും വസന്തം വന്നിട്ടും
പെയ്തൊഴിയാത്ത ശ്യാമമേഘങ്ങളേ
ഇടവപ്പാതിക്ക് തോരാതെ പെയ്തിട്ടും
കണ്ണുനീർ വാർക്കുന്നതെന്തേ ....

 

Subscribe to QBURST TECHNOLOGIES PVT LTD