Skip to main content
Srishti-2022   >>  Poem - Malayalam   >>  അവളടയാളങ്ങൾ

SREESHA T. S

Infosys

അവളടയാളങ്ങൾ

അവളിടങ്ങളിൽ നിന്നും

അവളുടെ അടയാളങ്ങൾ കുഴിച്ചെടുക്കണം.

ചരിത്രഗവേഷകയ്ക്ക് സന്തോഷമായി

ഇഷ്ടവിഷയം; നല്ല മാർക്കും കിട്ടും.

 

എവിടൊക്കെ തിരയണം?

ഊണിലും ഉറക്കത്തിലും ഒരേ ചിന്ത.

അടുക്കളയിൽ കാണാതിരിക്കില്ല.

കറികളിലെ അനുപാതക്കണക്കുകളിൽ,

കണക്കുമാഷിന്റെ പ്രിയശിഷ്യ പുതിയ സമവാക്യം കണ്ടെത്തിയിട്ടുണ്ടാകും.

രസതന്ത്രം ക്ലാസ്സിൽ ടെസ്റ്റ് ട്യൂബുകൾ കാണുമ്പോൾ,

കണ്ണുകൾ വിടർന്നിരുന്നവൾ

അടുക്കളയെ മറ്റൊരു പരീക്ഷണശാലയാക്കിയിട്ടുണ്ടാകുമെന്നുറപ്പാണ്.

പ്രഷർ കുക്കർ, മിക്സി, വാഷിങ് മെഷീൻ തുടങ്ങി

അവളടയാളങ്ങളില്ലാത്തൊരിടം കാണില്ല തീർച്ച.

കുഞ്ഞുങ്ങളുടെ പാട്ടിൽ, കുപ്പായങ്ങളിൽ, പുസ്തകങ്ങളിൽ

അവളിരുന്ന് ചിരിയ്‌ക്കുന്നുണ്ടാവും.

 

പക്ഷെ എവിടെയും കാണുന്നില്ലല്ലോ!

അവളടയാളങ്ങൾ എവിടെയും ഇല്ലെന്നോ?!

ചരിത്രഗവേഷക ക്ഷീണിതയായി.

അവളെ അടയാളപ്പെടുത്താത്ത അവൾ,

ചിന്തിക്കാനേ പറ്റുന്നില്ല.

 

ഒരു ചിത്രത്തിൽ നിന്നും അടുത്ത ചിത്രത്തിലേക്ക് ,

ഒരു നിറത്തിൽ നിന്നും അടുത്ത നിറത്തിലേക്ക് ,

ഒഴുകി നീങ്ങുന്ന അവളെ കാണുന്നവർ പോലും

അറിയാതെ ചിത്രം വരച്ചു പോകും.

വാക്കുകൾക്ക് ഇത്രയും മനോഹാരിതയോ?

അവളെ കേട്ടപ്പോൾ സംശയിച്ചിരുന്നു.

എന്തിനാ പെണ്ണെ നീയിങ്ങനെ

ആർത്തിയോടെ പുസ്തകം വായിക്കുന്നേ?

മറുപടിയായി അവൾ തന്നത് ഒരു നനുത്ത ചിരി മാത്രം.

ചുവന്ന ചൊവ്വയെ അവൾ അഗാധമായി പ്രണയിച്ചിരുന്നുവെന്നു

അറിഞ്ഞത് അവളുടെ കല്യാണത്തിന്റന്ന് മാത്രമാണ്!

 

ഗവേഷണം എവിടെയുമെത്തിയില്ല.

ചരിത്രഗവേഷക ക്ഷീണിതയായി.

അവളെ അടയാളപ്പെടുത്താത്ത അവൾ,

ഓർക്കുമ്പോൾ പേടി തോന്നുന്നു.

 

ഒരു അടയാളമെങ്കിലും ബാക്കി വെക്കാതെ അവൾക്ക്

ഇവിടുന്നു പോകാൻ കഴിയില്ല, എനിയ്ക്കുറപ്പാണ്.

അവസാനമത് കണ്ടെത്തി.

 

വികൃതമായ അക്ഷരങ്ങളിൽ,

എഴുതാൻ മറന്നവളെ പോലെ,

പറയാൻ മറന്നവളെ പോലെ,

വരയ്ക്കാൻ അറിയാത്തവളെ പോലെ,

അവൾ കോറിയിട്ട വാക്കുകളത്രയും

അവളടയാളങ്ങൾ തന്നെ!

 " ശ്വാസം മുട്ടുന്നു

ഒന്നിനും കൊള്ളില്ലത്രേ

ചൊവ്വാദോഷം...പ് ഫ ..."

 

അവശേഷിച്ച അവളടയാളങ്ങളിനി

അവൾക്കേറെ പ്രിയപ്പെട്ട ചുവന്ന ചൊവ്വയിലായിരിക്കുമോ?!!!