Skip to main content
Srishti-2022   >>  Poem - Malayalam   >>  പരകായ പ്രവേശനം

Vishnulal Sudha

ENVESTNET

പരകായ പ്രവേശനം

ആദ്യ ജനനം ശലഭമായ്

ഭൂമിയിൽ, നിലാവ് ഒഴിഞ്ഞൊരു

കോണിൽ.

നിലയറ്റ്, ചിറകിട്ടടിച്ച്, നിമിഷങ്ങൾ.

ഉയർന്നു പൊങ്ങാൻ തുടിച്ച്,

ഒടുവിൽ കിതച്ച്, ചിറകറ്റ്,

മണ്ണോടലിഞ്ഞ് മൃതിയിലേക്ക്.

 

വീണ്ടും ജനിച്ചു ശ്വാനനായ്

ഭൂമിയിൽ, മാലിന്യം അടിഞ്ഞൊരു

തെരുവിൽ.

ഏറേറ്റ്, ആട്ടേറ്റ്, പന്ത്രണ്ടാണ്ട്.

അമേധ്യവും ചോരയും നുണഞ്ഞ്,

ഒടുവിൽ പുഴുവരിച്ച്, കരിപിടിച്ച്,

ദുർഗന്ധമായ് മൃതിയിലേക്ക്.

 

പിന്നൊരു ജനനം മനുഷ്യനായ്

ഭൂമിയിൽ, കാമം വിരിഞ്ഞൊരു

കുടിലിൽ.

തണലറ്റ്, തമ്മിലടിച്ച്, എഴുപതാണ്ട്.

ആർത്തിയും വിദ്വേഷവും തീണ്ടി,

ഒടുവിൽ അനാഥനായ്, പ്രേതമായ്,

പട്ടടയിലെരിഞ്ഞ് മൃതിയിലേക്ക്.

 

വീണ്ടും വീണ്ടും ജനനം

ഭൂമിയിൽ, നിറങ്ങൾ നിറഞ്ഞൊരാ

ഇടങ്ങളിൽ.

സാരമറ്റ്, സ്ഥിതിയറ്റ്, പതിറ്റാണ്ട്‌.

നാഗമായ് തിമിംഗലമായ് താഴ്ന്ന്, 

ഒടുവിൽ ഇഴഞ്ഞും, തുഴഞ്ഞും,

വീണ്ടും വീണ്ടും മൃതിയിലേക്ക്.

 

ഒടുവിൽ ജനനം മുകുളമായ്

ഭൂമിയിൽ, നനവ് പടർന്നൊരു

മണ്ണിൽ.

വെയിലേറ്റ്, മഴയേറ്റ്, ഒരുപാടാണ്ട്.

വളർന്ന് പടർന്നൊരു മരമായ്,

ചിതലരിച്ച്, ഉടൽ കറുത്ത്, 

ഒരുനാൾ വീണ്ടും മൃതിയിലേക്ക്.